അതിരുവിടുന്ന പിന്നാക്ക വിരുദ്ധത

സാമുദായിക സംവരണം വർഗീയ വിപത്താണെന്ന് പറയുന്ന പാഠഭാഗം നാല് വർഷം നമ്മുടെ കുട്ടികൾ പഠിച്ചെന്നത് കേരളത്തിലെ പിന്നാക്ക ജനസമൂഹത്തിനെതിരായ ഗുരുതരമായ വെല്ലുവിളിയാണ്. വർഗീയത ഇല്ലാതാക്കാൻ സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും സംസ്ഥാനത്തെ ചില വിദ്യാഭ്യാസ വിചക്ഷണന്മാർ ഈ പാഠപുസ്തകങ്ങളിൽ പറയുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി എസ്.സി.ഇ.ആർ.ടി 2019ൽ തയ്യാറാക്കിയതാണ് പ്ലസ് വൺ ഹ്യുമാനിറ്റീസ് പാഠപുസ്തകം. ഇംഗ്ളീഷ്, മലയാളം മീഡിയം വ്യത്യാസമില്ലാതെ സോഷ്യൽ വർക്ക് ഓപ്ഷനായി എടുത്ത ലക്ഷക്കണക്കിന് കുട്ടികൾ ഈ അസംബന്ധം പഠിച്ചു നാലുവർഷം പരീക്ഷയെഴുതി.

വിവാദമായതിനെ തുടർന്ന് അടുത്ത അദ്ധ്യയന വർഷം മുതൽ തെറ്റ് തിരുത്തുമെന്നും എസ്.സി.ഇ.ആർ.ടിക്ക് നിർദേശം നൽകി കഴിഞ്ഞെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയെങ്കിലും ഈ പ്രശ്നം അതുകൊണ്ട് അവസാനിക്കുന്നതല്ല. നിഷ്കളങ്കമായ വീഴ്ചയായി ഇതിനെ കാണാനാവില്ല. നാളെയും ഇത്തരം വികല വീക്ഷണങ്ങൾ നമ്മുടെ വിദ്യാഭ്യാസ വിദഗ്ദ്ധർ പാഠപുസ്തകങ്ങളിൽ തിരുകിക്കയറ്റും. സംസ്ഥാന, കേന്ദ്ര സർവീസുകളിൽ പിന്നാക്ക വിരുദ്ധ, സംവരണ വിരുദ്ധ സവർണ സംഘങ്ങൾ അതിശക്തമാണെന്ന കാര്യം പണ്ടേ തെളിഞ്ഞിട്ടുള്ളതാണ്. എന്തൊക്കെ ആദർശം പറഞ്ഞാലും ഇക്കൂട്ടർ സംഘടിതമായി തന്നെ പിന്നാക്കദ്രോഹ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. അതിന്റെ ഭാഗമാണ് പട്ടികജാതി, വർഗക്കാർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ഭരണഘടനാദത്തമായ സംവരണത്തെ ഇവർ ഒളിപ്പോരിലൂടെ തകർക്കാൻ പതിറ്റാണ്ടുകളായി നടക്കുന്ന ശ്രമം.ആരു ഭരിച്ചാലും ഭരണത്തിന്റെയും അധികാര കസേരകളുടെയും പിന്നാമ്പുറങ്ങളിൽ ഇവരുടെ സാന്നിദ്ധ്യം ശക്തമാണുതാനും. സാമുദായിക സംവരണം അട്ടിമറിക്കുകയാണ് അവരുടെ ഗൂഢനയം. തലമുറകളായി അധികാരക്കസേരകളിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവരെ ജനാധിപത്യകാലത്തും എങ്ങിനെയും പുറത്തു നിറുത്തുകയാണ് ലക്ഷ്യം.

സംവരണമാണ് എന്നും ഇക്കൂട്ടരുടെ വെറുക്കപ്പെട്ട വിഷയം. പക്ഷേ പട്ടികവിഭാഗക്കാർക്ക് പോലുമില്ലാത്ത തോതിൽ സവർണ സമുദായങ്ങൾക്ക് സാമ്പത്തിക സംവരണം രാജ്യത്ത് ആദ്യമായി കേരളത്തിൽ ലഭ്യമായപ്പോൾ നിലപാട് മാറ്റി. ഇപ്പോൾ ഇതാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമെന്ന് പാടി നടക്കുകയാണിവർ. സാമ്പത്തിക സംവരണത്തിൽ നിന്ന് സവർണരെ ആരെയും ഒഴിവാക്കാതെ നോക്കുന്ന രീതിയിലാണ് അർഹതാ മാനദണ്ഡങ്ങൾ പോലും നിശ്ചയിച്ചിട്ടുള്ളത്. സാമ്പത്തിക സംവരണവാദികൾക്ക് മുന്നിൽ ഇടതുസർക്കാരും ഇടതുമുന്നണിയും കവാത്തു മറന്നുപോയി.

സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തി ദേശീയ ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നൽകുന്ന ദേശീയ ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് വിവാദപാഠഭാഗത്തിൽ പറയുന്നു. വർഗീയ വിപത്ത് നിയന്ത്രിക്കുന്നതിനുള്ള എട്ട് പരിഹാര മാർഗങ്ങളിൽ അഞ്ചാമത്തേതാണ് ഈ ഉപദേശം. സാമൂഹ്യ, സാംസ്കാരിക വികസനത്തിന് സാമുദായിക സംഘടനകൾ ഭീഷണിയാകുമെന്നും ഇതിലുണ്ട്. യഥാർത്ഥത്തിൽ കുട്ടികളെ പഠിപ്പിക്കേണ്ടത് ഇന്ത്യയിലെ പിന്നാക്കവിഭാഗക്കാർ നൂറ്റാണ്ടുകളായി അനുഭവിച്ച ദുരിതങ്ങളെയും വിവേചനങ്ങളെയും കുറിച്ചാണ്. വിദ്യാഭ്യാസവും സർക്കാർ ജോലിയും നിഷേധിക്കപ്പെട്ടതിനെ കുറിച്ചാണ്. സംവരണം എന്തിന് വേണ്ടിവന്നു എന്നത് ഇതെല്ലാം പഠിക്കുമ്പോൾ കുട്ടികൾക്ക് സത്യം മനസിലാകുമെന്ന് ഭയക്കുന്നവരാണ് ഈ ഒളിപ്പോരുകാർ. ഇവരെ തിരിച്ചറിഞ്ഞ് അവരുടെ പൊയ്‌മുഖം വലിച്ചുകീറിയെങ്കിൽ മാത്രമേ ഇത്തരം അന്യായങ്ങൾ അവസാനിക്കൂ. സാമുദായിക സംവരണം ഏർപ്പെടുത്തി മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും കേരളത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അധികാരത്തിലും സർക്കാർ ജോലികളിലും അർഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല. അപ്പോൾ പിന്നെ മറ്റുസംസ്ഥാനങ്ങളിലെ കാര്യം ഉൗഹിക്കാവുന്നതേയുള്ളൂ. പൂജാരിമാരുടെ നിയമനങ്ങളിൽ ജാതിവിവേചനം പാടില്ലെന്ന് സുപ്രീം കോടതി വിധിയുണ്ടായിട്ടു പോലും ജാതിമത ഭേദമില്ലാത്ത ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിൽ മേൽശാന്തിയായി ബ്രാഹ്മണരെ മാത്രമേ നിയമിക്കൂ . ഈ അന്യായത്തിനെതിരെ വീണ്ടും കേസ് പറയേണ്ട അവസ്ഥയിലാണ് ഇന്നും പിന്നാക്കവിഭാഗക്കാർ. സർവ്വകലാശാലകളടക്കം സർക്കാരിന്റെ സ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന സംവരണ അട്ടിമറികളെക്കുറിച്ച് ദിനമെന്നോണം നമ്മൾ കേൾക്കുന്നുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ പട്ടികവിഭാഗ, പിന്നാക്ക വിദ്യാർത്ഥികൾ ജാതിയുടെ പേരിൽ അനുഭവിക്കുന്ന വിവേചനങ്ങളും അടിച്ചമർത്തലുകളും ഒഴിവാക്കലുകളും ആത്മഹത്യകളും ഇന്നും പതിവ് വാർത്തകളാണ്.

സാമൂഹ്യ യാഥാർത്ഥ്യങ്ങളെ കണ്ടില്ലെന്ന് നടിച്ച് സാമുദായിക സംവരണത്തെ അട്ടിമറിക്കാൻ ഗൂഢശ്രമങ്ങൾ നടത്തുന്നവരാണ് പാഠപുസ്തകത്തിലെ ഈ പ്രസ്താവനകൾക്ക് പിന്നിൽ. ഇവ നീക്കം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിനെ മാനിക്കുന്നു. പക്ഷേ അതിന് പിന്നിൽ പ്രവർത്തിച്ചവർ ആരെന്ന് കണ്ടെത്തി തക്കതായ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ സമാന സംഭവങ്ങൾ കൂടുതൽ ശക്തിയോടെ ഇനിയും ആവർത്തിക്കും. വർഷങ്ങൾക്ക് മുമ്പ് സി.ബി.എസ്.ഇ. പാഠപുസ്തകത്തിൽ ശ്രീനാരായണ ഗുരു കേരളത്തിലെ ചെത്തുകാരുടെ നേതാവാണെന്ന പരാമാർശം ഉണ്ടായ കാര്യം മറക്കാവതല്ല. അതിന് പിന്നിലും മലയാളിയായ ‘പണ്ഡിതൻ’ തന്നെയായിരുന്നു. ചെറുപ്പത്തിലേ വിദ്യാർത്ഥികളുടെ മനസിലേക്ക് സാമുദായിക സംവരണ വിരുദ്ധത കുത്തിക്കയറ്റാനാണ് ശ്രമം. സംസ്ഥാനത്തെ ഹയർ സെക്കൻഡറി പാഠപുസ്തകങ്ങൾ ഒരു പരിശോധനയും കൂടാതെയാണ് തയ്യാറാക്കുന്നതെന്ന് കരുതാനും വയ്യ. പലതട്ടുകളിൽ പലരും വായിച്ചും അക്കാഡമിക് കമ്മിറ്റികൾ പാസാക്കിയും വരുന്ന പുസ്തകത്തിൽ ഇങ്ങിനെ തെറ്റായതും പ്രതിഷേധാർഹവുമായ ഒരു പരാമർശം ഉണ്ടാവാൻ പാടില്ലാത്തതാണ്. നിരവധി പേരുടെ അറിഞ്ഞോ അറിയാതെയോ ഉള്ള ആശീർവാദം ഈ തന്ത്രത്തിന് പിന്നിലുണ്ടെന്ന് വ്യക്തം. ഇക്കൂട്ടരെ ഒരു തരത്തിലും വച്ചുപൊറുപ്പിച്ചുകൂടാ. ഭാവിയിൽ ഇത്തരം ആസൂത്രിത അബദ്ധങ്ങൾ ഉണ്ടാകാത്ത രീതിയിൽ നടപടികൾ ഉണ്ടാകണം.

Author

Scroll to top
Close
Browse Categories