തീരാത്തവൈദ്യുതി പ്രതിസന്ധി
ജലസമ്പുഷ്ടമാണ് കേരളം. 44 നദികൾ ഈ കൊച്ചു സംസ്ഥാനത്തുണ്ട്. കാറ്റും സൂര്യവെളിച്ചവും സുലഭം. പ്രകൃതിവാതക സംഭരണ സംവിധാനങ്ങളും ഉണ്ട്. എന്നിട്ടും വൈദ്യുതി ഉത്പാദനത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി പരമദയനീയമാണ്. കേന്ദ്രഗ്രിഡിൽ നിന്ന് വൈദ്യുതി വാങ്ങിയില്ലെങ്കിൽ സംസ്ഥാനം ഇരുട്ടിൽ കഴിയേണ്ടിവരുമെന്നതാണ് സ്ഥിതി. വർഷം 10,000 കോടി രൂപയോളമാണ് നാം വൈദ്യുതി വാങ്ങാൻ ചെലവഴിക്കുന്നത്. ഇന്ത്യയിലെ സമ്പൂർണ ഗാർഹിക വൈദ്യുതീകരണം പൂർത്തിയാക്കിയ സംസ്ഥാനം കൂടിയാണ് കേരളം.
സാദ്ധ്യതകൾ അപാരമായിട്ടും മാറി മാറി വന്ന ഒരു സർക്കാരിനും കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ഇതുവരെ ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഭാവനയും ദീർഘവീക്ഷണവും കാര്യപ്രാപ്തിയുമുള്ള ഭരണാധികാരികൾക്കും ഇവിടെ കുറവില്ലായിരുന്നു. എന്നിട്ടും സംസ്ഥാന സർക്കാരുകൾക്കോ കെ.എസ്.ഇ.ബിയ്ക്കോ അതിന് സാധിക്കാത്തതിന് ഒരു ന്യായീകരണവും ഇല്ല.
അക്ഷരാർത്ഥത്തിൽ വെള്ളാനയാണ് കെ.എസ്.ഇ.ബി. ആരുവിചാരിച്ചാലും തളയ്ക്കാൻ പറ്റാത്ത വെള്ളാന. അഴിമതിയും ധൂർത്തും ആസൂത്രണമില്ലായ്മയും തൊഴിലാളി സംഘടനകളുടെ ധാർഷ്ട്യവും കൊണ്ട് ജനങ്ങളെ ചൂഷണം ചെയ്യുകയാണ് ഈ സർക്കാർ സ്ഥാപനം. രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി നിരക്ക് ഈടാക്കുന്നതും കാർഷിക മേഖലയ്ക്കുൾപ്പടെ ഏറ്റവും കുറച്ച് സൗജന്യങ്ങൾ നൽകുന്നതും കെ.എസ്.ഇ.ബിയാണ്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും അധികം ശമ്പളം നൽകുന്ന സ്ഥാപനം കൂടിയാണിത്. ഒട്ടേറെ നല്ല ജീവനക്കാരും എൻജിനിയർമാരും അവിടെയുണ്ട്. എന്നിട്ടും ഒരു കാര്യവുമില്ല.
കെ.എസ്.ഇ.ബിയുടെ 128 ചെറു ജലവൈദ്യുത പദ്ധതികൾ പത്ത് വർഷത്തിലേറെയായി പണി തീരാതെ ഇഴയുകയാണ്. ഏറ്റവും ഉത്പാദന ചെലവ് കുറവ് ജലവൈദ്യുതിയ്ക്കാണ്. യൂണിറ്റ് ഒരു രൂപയിൽ താഴെ മാത്രമേ വരൂ. ഇപ്പോൾ നാലു മുതൽ 12 രൂപ വരെ യൂണിറ്റിന് നൽകിയാണ് കേരളം പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത്. ജലം ഇവിടെ സുലഭമായിട്ടും അത് ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ലെങ്കിൽ ഇത്രയും നാൾ ഭരിച്ച സർക്കാരുകളെ അല്ലാതെ ആരെയാണ് കുറ്റം പറയേണ്ടത്. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമുകളിലൊന്നായ ഇടുക്കി ഉൾപ്പടെ 59 ഡാമുകൾ കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിൽ വൈദ്യുതോത്പാദനം നടത്തുന്നുണ്ട്. റിസർവോയറുകളുടെ സംഭരണ ശേഷി കുറഞ്ഞിട്ടും അത് പുന:സ്ഥാപിക്കാനുള്ള ഒരു നടപടിയും ഇല്ല. ചെറുകിട ജലവൈദ്യുത പദ്ധതികളുടെ വലിയ സാദ്ധ്യതകൾ പരിഗണിക്കുന്നില്ല. ഡാമുകളിൽ നിന്ന് വൈദ്യുതോത്പാദനം കഴിഞ്ഞ് പുറംതള്ളുന്ന ജലം പുനരുപയോഗിക്കുന്നില്ല. ആധുനിക സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്നില്ല. ശതകോടികൾ മുടക്കി നിർമ്മിച്ച ബ്രഹ്മപുരത്തെയും കോഴിക്കോട്ടെയും ഡീസൽ വൈദ്യുത നിലയങ്ങൾ തുരുമ്പെടുത്ത് നശിക്കാറായിട്ടും അവിടെ ഉന്നത ഉദ്യോഗസ്ഥരെയടക്കം ശമ്പളം കൊടുത്ത് കാഴ്ചക്കാരായി ഇരുത്തിയിരിക്കുകയാണ്. കേരളത്തിലെ പ്രതിവർഷ പ്രസരണ-വിതരണ നഷ്ടം 14.47 ശതമാനമാണ്. ഇത് 10.5 ശതമാനമായി കുറയ്ക്കുകയെന്ന ലക്ഷ്യം സാധ്യമാക്കാൻ ഫലപ്രദമായ ഒരു പ്രവൃത്തിയും നടത്തുന്നില്ല. സൂര്യവെളിച്ചത്തിൽ നിന്നും കാറ്റിൽ നിന്നും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനും വൈദ്യുതി ദുരുപയോഗം കുറയ്ക്കാനും വേണ്ട ഉൗർജിത നടപടികൾ ഒന്നുമില്ല.
ട്രേഡ് യൂണിയൻ നേതാക്കളുടെ ആധിപത്യത്തിന് മുന്നിൽ ഏറാൻമൂളികളായി നിൽക്കുകയാണ് എല്ലാ സർക്കാരുകളും. 15 വർഷത്തിനിടെ കഴിഞ്ഞ ഒരു വർഷം മാത്രമാണ് കെ.എസ്.ഇ.ബി. ലാഭത്തിൽ പ്രവർത്തിച്ചത്. അതു സാദ്ധ്യമാക്കിയ ഐ.എ.എസുകാരനെ കെട്ടുകെട്ടിച്ച യൂണിയനുകളാണ് ആ സ്ഥാപനത്തിലുള്ളത്.
ആവശ്യകതയ്ക്കനുസരിച്ച് വൈദ്യുതിയുടെ ലഭ്യതയും അവ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകേണ്ട കാര്യക്ഷമതയും ഉറപ്പാക്കി ഉപഭോക്താവിന് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുകയാണ് കെ.എസ്.ഇ.ബിയുടെ ചുമതല. ഇക്കാര്യത്തിൽ ഈ സ്ഥാപനം അമ്പേ പരാജയമാണെന്ന് തന്നെ പറയേണ്ടിവരും. ആവശ്യമുള്ളതിന്റെ നാലിലൊന്ന് മാത്രമാണ് ഇവിടെ ഉത്പാദനം. രാജ്യത്തെ ഏറ്റവുമധികം വിതരണ ചെലവും കേരളത്തിലാണ്. ഒരു യൂണിറ്റിന് കേരളത്തിൽ 3-3.5 രൂപ വിതരണ ചെലവു വരുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ ഇത് 1-1.5 രൂപ മാത്രമാണ്. ജീവനക്കാരുടെ ആധിക്യവും ഭീമമായ ശമ്പളവും ദുർചെലവുമാണ് ഇതിന് പ്രധാന കാരണം. ഇപ്പോഴുള്ള ജീവനക്കാരുടെ മൂന്നിൽ രണ്ട് മാത്രമേ കെ.എസ്.ഇ.ബിയ്ക്ക് ആവശ്യമുളളൂവെന്ന് വൈദ്യുത റെഗുലേറ്ററി കമ്മിഷന്റെ ശുപാർശയുമുള്ളതാണ്. വിതരണ ചെലവ് കുറയ്ക്കാനുതകുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച കേന്ദ്രസഹായമുള്ള സ്മാർട്ട് മീറ്റർ പദ്ധതി പോലും യൂണിയനുകളുടെ എതിർപ്പിനെ തുടർന്ന് വേണ്ടെന്നു വച്ചു. ഗ്രാന്റും നഷ്ടമായി. വിതരണവും വരുമാനവും സംബന്ധിച്ച കൃത്യമായ കണക്ക് നിമിഷനേരം കൊണ്ട് ലഭ്യമാകുന്ന ഇത് അട്ടിമറിക്കേണ്ടത് ബോർഡിലെ കൊളളസംഘത്തിന്റെ ആവശ്യമായിരുന്നു.
ഇതിനെല്ലാം പുറമേയാണ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിന് വേണ്ടി ചെലവഴിക്കുന്ന ഭീമമായ തുകയുടെ ബാദ്ധ്യത. കുറഞ്ഞ നിരക്കിൽ 35 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ദിനവും കേന്ദ്രപൂളിൽ നിന്ന് ലഭിക്കുക. നമുക്ക് വേണ്ടത് 70-75 ദശലക്ഷം യൂണിറ്റാണ്. ഇവിടുത്തെ ഉത്പാദനവും കഴിഞ്ഞ് ബാക്കിയുള്ളത് വലിയ വിലയിൽ വാങ്ങണം. കേന്ദ്രത്തിൽ ഇപ്പോൾ വൈദ്യുതി മിച്ചമുണ്ട്. സൂക്ഷ്മമായ ആസൂത്രണത്തോടെ മുൻകൂട്ടി കരാർ ഉണ്ടാക്കിവേണം വൈദ്യുതി വാങ്ങേണ്ടത്. അതിന് പകരം വൈദ്യുതി റഗുലേറ്ററി കമ്മിഷൻറദ്ദാക്കിയ ദീർഘകാല കരാറുകൾ പുന:സ്ഥാപിക്കാനുള്ള തിരക്കിലാണ് കെ.എസ്.ഇ.ബി. കാലാകാലങ്ങളായി വലിയ വിലയ്ക്ക് ആയിരക്കണക്കിന് കോടികളുടെ നഷ്ടത്തിൽ വൈദ്യുതി വാങ്ങാൻ കാണിക്കുന്ന ശുഷ്കാന്തി വൈദ്യുതി ഉത്പാദിപ്പിക്കാൻ കെ.എസ്.ഇ.ബിയ്ക്കില്ല.
വ്യവസായ, കാർഷിക പുരോഗതിക്കും കുറഞ്ഞ നിരക്കിലെ വൈദ്യുതി ലഭ്യത അനിവാര്യമാണ്. മറ്റ് സംസ്ഥാനങ്ങളിൽ കൃഷിക്കും വ്യവസായത്തിനും സൗജന്യമായും സൗജന്യനിരക്കിലുമാണ് വൈദ്യുതി നൽകുന്നതെന്ന കാര്യം മറന്നുപോവുകയാണ്.
കെടുകാര്യസ്ഥതയും അഴിമതിയും മൂലം നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ഇ.ബിയെ നിലനിറുത്താൻ നിരക്ക് കൂട്ടി ജനങ്ങളെ പിഴിഞ്ഞുകയാണ് ഏതു സർക്കാരിന്റെയും മുന്നിലുള്ള കുറുക്കുവഴി. ഈ സൂത്രപ്പണി തുടരുകയാണെങ്കിൽ വലിയ താമസമില്ലാതെ തന്നെ കെ.എസ്.ഇ.ബിയും കെ.എസ്.ആർ.ടി.സിയുടെ വഴിയേ പോകും. ഈ സർക്കാരെങ്കിലും കെ.എസ്.ഇ.ബിയെ കാര്യക്ഷമമാക്കാനും കുറഞ്ഞ നിരക്കിൽ വൈദ്യുതി ജനങ്ങൾക്ക് നൽകാൻ ശക്തമായ നടപടികളെടുക്കാനും ഇനിയെങ്കിലും ശ്രമിക്കണം.