ഡോ.പല്‌പു:വഴികാട്ടിയ കർമ്മയോഗി

കേരളത്തിലെ പിന്നാക്കജനസമൂഹം എന്നെന്നും കടപ്പെട്ടിരിക്കുന്ന വ്യക്തിത്വമാണ് ഡോ.പി.പല്‌പു. ജന്മം കൊണ്ട ജാതിയുടെ പേരിൽ പാർശ്വവൽക്കരിക്കപ്പെടുകയും, അടിച്ചമർത്തപ്പെടുകയും നിരന്തരമായ വിവേചനങ്ങൾക്കു വിധേയരാക്കപ്പെടുകയും ചെയ്തിരുന്നവരുടെ, പ്രത്യേകിച്ചും ഈഴവ സമുദായത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനു വേണ്ടി നിരന്തരം ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്ത മഹാനായിരുന്നു ഡോ. പല്‌പു. 1863 നവംബർ രണ്ടിനു പല്‌പു ജനിക്കുമ്പോൾ തിരുവിതാംകൂറിലെ അവർണ ജനവിഭാഗം, സർക്കാർ സംവിധാനങ്ങളിൽ നിന്നും സർക്കാർ ജോലികളിൽ നിന്നും വിദ്യാഭ്യാസരംഗത്തു നിന്നും ഭ്രഷ്ടരായിരുന്നു. സമർത്ഥരായ പിന്നാക്കവിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പോയില്ല. സർക്കാർ ജോലികൾ അവർക്ക് അന്യമായിരുന്നു.

സ്വജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും കുശാഗ്രബുദ്ധിയോടെ ഇത്തരം വിവേചനങ്ങൾക്കെതിരെ ഡോ.പല്പു നടത്തിയ പോരാട്ടമാണ് ആധുനിക കേരളത്തിന്റെയും നവോത്ഥാന ചരിത്രത്തിന്റെയും നെടുംതൂണായത്. സ്വയം അനുഭവിക്കേണ്ടി വന്ന വിവേചനങ്ങളും അടിച്ചമർത്തലുകളും പല്പുവിന്റെ യുദ്ധത്തിൽ ബ്രഹ്മാസ്ത്രങ്ങളായി മാറി. സ്വന്തം അറിവു കൊണ്ടും ആത്മബലം കൊണ്ടും ക്ഷമയോടെ, സൂക്ഷ്മതയോടെ അദ്ദേഹം നടത്തിയ തന്ത്രപരമായ ഓരോ നീക്കവും ഏതെങ്കിലും രീതിയിൽ ഫലം കണ്ടുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. തിരുവിതാംകൂർ രാജഭരണത്തിലും ബ്രിട്ടീഷ് സർക്കാർ സംവിധാനങ്ങളിലും പൊതുസമൂഹത്തിലും പല്പുവിന്റെ നിലപാടുകൾ ചാട്ടുളി പോലെ തുളഞ്ഞുകയറി.

1884ൽ വൈദ്യപഠനത്തിനായി തിരുവിതാംകൂർ സർക്കാർ തിരഞ്ഞെടുത്ത പത്ത് പേരിൽ രണ്ടാമനായിട്ടും ഈഴവനായതിന്റെ പേരിൽ അവസരം നിഷേധിക്കപ്പെട്ടപ്പോൾ പല്‌പു അനുഭവിച്ച വേദനയുടെ നീറ്റൽ പുതുതലമുറയ്ക്ക് മനസിലാകില്ല. അക്കാലത്ത് ബി.എ. പാസായിട്ടും സർക്കാർ ജോലി നിഷേധിക്കപ്പെട്ട ജ്യേഷ്ഠൻ പി.വേലായുധനും ഇതേ വേദന അനുഭവിച്ചിട്ടുണ്ട്. പക്ഷേ വേലായുധൻ മദ്രാസിലേക്ക് പോയി മദ്രാസ് സർക്കാരിന്റെ ഉദ്യോഗസ്ഥനായി ഡെപ്യൂട്ടി കളക്ടർ പദവി വരെയെത്തി. ഈ വഴി തന്നെയാണ് പല്‌പുവും തിരഞ്ഞെടുത്തത്. മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് 1889ൽ ഡോക്ടറായി തിരികെയെത്തിയപ്പോഴും ജാതിയുടെ പേരിൽ തന്നെ തിരുവിതാംകൂർ സർക്കാർ ജോലി നിഷേധിച്ചു. മൈസൂർ സർക്കാരാണ് ബാംഗ്ലൂരിൽ 1894ൽ അദ്ദേഹത്തിന് ഉദ്യോഗം നൽകിയത്. അവിടെ പ്ളേഗ് പടർന്നുപിടിച്ചപ്പോൾ പല്‌പു ചെയ്ത സേവനങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. ബ്രിട്ടനിൽ നിന്ന് ഉപരിപഠനം കഴിഞ്ഞെത്തിയ പല്‌പുവിന്റെ മൂല്യം ജാതിയുടെ പേരിൽ മങ്ങുന്നതല്ലെന്ന് മൈസൂർ സർക്കാരിന് അറിയാമായിരുന്നത് കൊണ്ട് അവിടെ നിരവധി ഉന്നതപദവികളിലേക്ക് അദ്ദേഹത്തെ നിയോഗിച്ചു.
തിരക്കേറിയ ഈ ജീവിതത്തിനിടെയും തിരുവിതാംകൂറിലെ അപമാനം അദ്ദേഹം മറന്നില്ല. താനുൾപ്പെടുന്ന സമൂഹത്തിന് മാന്യമായ ജീവിതം നേടിയെടുക്കാനുള്ള ധർമ്മയുദ്ധം പല്‌പു അവിരാമം തുടർന്നു. അവസരസമത്വ നിഷേധം അധികാരകേന്ദ്രങ്ങളിലും സമൂഹത്തിന് മുമ്പിലും എത്തിക്കുവാൻ എണ്ണമറ്റ പ്രവർത്തനങ്ങൾ നടത്തി. അക്ഷരാർത്ഥത്തിൽ ഒറ്റയാൾ പട്ടാളം പോലെയായിരുന്നു പല്‌പു. സർക്കാർ സർവ്വീസിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ മഹാരാജാവിന് 1891ൽ സമർപ്പിച്ച ‘മലയാളി മെമ്മോറിയൽ’ എന്ന നിവേദന സമരത്തിന്റെ ആദ്യപേരുകാരിൽ ഒരാൾ പല‌്പുവായിരുന്നു. പിന്നീട് സാമൂഹ്യനീതി നിഷേധത്തിനെതിരെ പല്‌പുവിന്റെ നേതൃത്വത്തിൽ 1896 സെപ്തംബർ 3ന് സമർപ്പിച്ച 13,176 പേർ ഒപ്പിട്ട ഭീമഹർജിയാണ് ചരിത്രത്തിലിടം നേടിയ ‘ഈഴവ മെമ്മോറിയൽ’. എന്നിട്ടും ഫലമുണ്ടാകാത്തതിനാൽ തിരുവിതാംകൂർ ദിവാനെ നേരിൽ കണ്ടു. സമ്മർദങ്ങളെ തുടർന്ന് 1895ൽ പിന്നാക്ക വിഭാഗ സ്കൂളുകൾക്ക് ഗ്രാന്റ് അനുവദിച്ചു. ഓരോ ജാതിക്കാർക്കും പ്രത്യേകം സ്‌കൂൾ തുറന്നു. വിവേചനം തുടർന്നാൽ കൂട്ടമതം മാറ്റം അതല്ലെങ്കിൽ കൂട്ടത്തോടെ തിരുവിതാംകൂർ വിട്ടു പോകും എന്ന സമ്മർദ്ദതന്ത്രം സർക്കാരിനു തലവേദനയായി.

ഡോ. പല്‌പു ലണ്ടനിൽ ഉപരിപഠനത്തിനു പോയ സമയത്ത് തിരുവിതാംകൂറിലെ ഈഴവരുടെ ദുരവസ്ഥ ബ്രിട്ടീഷ് പാർലമെന്റിൽ വരെ എത്തിക്കാൻ സാധിച്ചു. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിത വഴിയാണ് ആ ദൗത്യം സഫലമാക്കിയത്. 1897 ജൂലായ് 19ന് ഹെർബർട്ട് റോബർട്ട് എന്ന പാർലമെന്റംഗത്തിന്റെ ചോദ്യത്തിന് സെക്രട്ടറി ഒഫ് സ്റ്റേറ്റ് മറുപടി നൽകി. ബ്രിട്ടീഷ് പാർലമെന്റിലെ ഇന്ത്യാക്കാരനായ അംഗമായിരുന്ന ദാദാബായ് നവറോജിയുമായി ആലോചിച്ച് സെക്രട്ടറി ഒഫ് സ്റ്റേറ്റ് ലോർഡ് ജോർജ്ജ് ഹാമിൽട്ടണും 1900ൽ ഇന്ത്യാ വൈസ്രോയി കഴ്‌സൺ പ്രഭുവിനും ഡോ. പല്‌പു പരാതികൾ നൽകി. ഫലപ്രാപ്തി പരിഗണിക്കാതെ ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും സഞ്ചരിക്കാൻ അദ്ദേഹം മടിച്ചില്ല. വിദ്യാസമ്പന്നരുടെ ഇടയിൽ തിരുവിതാംകൂറിലെ ജാതിവിവേചനങ്ങൾക്കെതിരായ വികാരം ഉയർന്നുവരാൻ കാരണം പല്‌പുവിന്റെ ശ്രമമായിരുന്നു. സാമൂഹിക ദുരാചാരങ്ങളെ പരാമർശിച്ച് അദ്ദേഹം ഇംഗ്ളീഷ് ദിനപ്പത്രങ്ങളിൽ നിരവധി ലേഖനങ്ങളെഴുതി. അയിത്തവും തീണ്ടൽ നിയമങ്ങളും ദുരാചാരങ്ങളും അജ്ഞതയും പുലർത്തുന്ന സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിന് ഒരു സംവിധാനവുമില്ലെന്ന സത്യം തിരിച്ചറിഞ്ഞ് അത്തരമൊരു ലക്ഷ്യം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. സംഘടിക്കുവാനും പ്രതികരിക്കുവാനും കഴിയാതെ നിസ്സഹായരായി ജീവിക്കുന്ന മനുഷ്യരെ മുന്നോട്ടുകൊണ്ടുവരിക ഒട്ടും എളുപ്പമായിരുന്നില്ല. എന്നിട്ടും അദ്ദേഹം പിന്തിരിഞ്ഞില്ല.

സ്വാമി വിവേകാനന്ദനുമായി അടുത്തിടപഴകുവാൻ സാധിച്ചതാണ് പല്‌പുവിന്റെ പോരാട്ടങ്ങളിൽ വഴിത്തിരിവായത്. ആത്മീയ ഗുരുവിന്റെ നേതൃത്വത്തിൽ സംഘടന രൂപീകരിച്ചു പ്രവർത്തിക്കുവാനുള്ള സ്വാമി വിവേകാനന്ദന്റെ ഉപദേശം അദ്ദേഹത്തെ ശ്രീനാരായണ ഗുരുദേവനിലേക്കെത്തിച്ചു. ഗുരുദർശനത്തിനു ലോകത്തെ മാറ്റി മറിക്കുവാൻ കഴിയുന്ന ശക്തിയുണ്ടെന്നും ഗുരുവിന്റെ ആത്മീയ ചൈതന്യം ജനങ്ങളിൽ ഭക്തിയും ആരാധനയും സൃഷ്ടിക്കുന്നതായും അദ്ദേഹം മനസ്സിലാക്കി. വിവേചനങ്ങൾക്കെതിരെ സമാധാനപരമായി പൊരുതുന്ന അനുകമ്പയും ദയയും ഉള്ള പല്‌പുവിനെ ഗുരുവിനും ഇഷ്ടപ്പെട്ടു. ഇരുവരും തമ്മിൽ ഗാഢമായ ബന്ധം രൂപംകൊണ്ടു. രണ്ട് സാഗരങ്ങളുടെ സംഗമം പോലെയായി ഈ കൂട്ടുകെട്ട്, ഗുരു കൈപിടിച്ചേൽപ്പിച്ച കുമാരനാശാന്റെ വളർച്ചയിലും അദ്ദേഹം പ്രധാനപങ്കുവഹിച്ചു. 1903ൽ ശ്രീനാരായണധർമ്മപരിപാലന യോഗം ജന്മമെടുത്തു. ശ്രീനാരായണഗുരു സ്ഥിരാദ്ധ്യക്ഷനും ഡോ. പല്‌പു ഉപാദ്ധ്യക്ഷനും, കുമാരനാശാൻ സെക്രട്ടറിയുമായി. സാമുദായിക സമത്വത്തിനായുള്ള സംഘടിതയജ്ഞം കേരളത്തിലാദ്യമായുണ്ടാകുന്നത് എസ്.എൻ.ഡി.പി യോഗത്തിന്റെ വരവോടെയാണ്.

അടിച്ചമർത്തപ്പെട്ട പിന്നാക്കക്കാരുടെ അവകാശങ്ങൾക്കായി നിലകൊളളുകയും സന്ധിയില്ലാ സമരത്തിലുടെ അത് നേടിയെടുക്കുകയും ചെയ്ത പല്‌പു ലക്ഷ്യസാദ്ധ്യത്തിനായി ഏതറ്റം വരെ പോകാനും മടി കാട്ടാത്ത കർമ്മയോഗിയായിരുന്നു. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി, കനൽപാതകൾ പിന്നിട്ട് സാമൂഹികസമത്വ സങ്കല്‍പം ഒരുപരിധിവരെയെങ്കിലും സാദ്ധ്യമാക്കുന്നതിന് സാഹചര്യമൊരുക്കിയതിൽ ഡോ. പല്‌പു വഹിച്ച പങ്ക് അമൂല്യമാണ്. അദ്ദേഹം ലോകത്തോടു വിടപറഞ്ഞ് 75 വർഷം കഴിഞ്ഞിട്ടും പിന്നാക്കവിഭാഗങ്ങൾക്ക് അർഹമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നീതി ലഭ്യമായിട്ടുണ്ടോ എന്ന ചോദ്യം ഇന്നും പ്രസക്തമായി നിലനിൽക്കുന്നു. ഈ ദുരവസ്ഥയ്ക്ക് മാറ്റം വരുത്തിയാലേ ഡോ.പല‌്പുവിന്റെ ലക്ഷ്യം പൂർത്തീകരിക്കപ്പെടൂ. അതിനായി നമുക്ക് ഒരേ മനസോടെ പോരാടാം.
നൂറ്റാണ്ടുകളായി അടിമച്ചമർത്തപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നതിന് വഴിയൊരുക്കിയ ഡോ. പല്‌പു തലമുറകൾ എത്ര കഴിഞ്ഞാലും നമുക്ക് മാർഗദർശിയാണ്. അനേകജന്മങ്ങൾ കൊണ്ട്തീർക്കാനാകുമായിരുന്ന ചെയ്തികളാണ് ഒരു ജീവിതകാലത്ത് അദ്ദേഹം നിർവഹിച്ചത്. പിന്നാക്ക ജനതതിയുടെ അന്തസിന് വേണ്ടി തന്റെ ജന്മം മാറ്റിവച്ച ഡോ.പി.പല്പുവിന്റെ 75-ാം ചരമവാർഷിക ദിനമാണ് ഈ ജനുവരി 25. ആ ദീപ്തസ്മരണകൾക്ക് മുന്നിൽ പ്രണാമം…..

Author

Scroll to top
Close
Browse Categories