നിഷേധിക്കപ്പെടുന്ന സംവരണം
സാമുദായിക സംവരണം രാജ്യമെമ്പാടും എക്കാലത്തും ഒളിഞ്ഞും തെളിഞ്ഞുമുള്ള എതിർപ്പുകൾ നേരിട്ടാണ് മുന്നോട്ടുപോയിട്ടുള്ളത്. സർക്കാർ സർവ്വീസുകളിലെയും ഭരണതലങ്ങളിലെയും സംവരണ വിരുദ്ധരുടെ കുതന്ത്രങ്ങളെക്കുറിച്ച് നാം എത്രയോ വട്ടം ചർച്ച ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയിൽ പിന്നിൽ നിൽക്കുന്ന പിന്നാക്കക്കാർ തങ്ങളുടെ അവസരങ്ങളെല്ലാം കവർന്നെടുക്കുന്നുവെന്നായിരുന്നു സവർണലോബിക്കാരുടെ ആക്ഷേപം. മുന്നാക്കവിഭാഗങ്ങൾക്ക് സർവ്വാധികാരമുള്ള അധികാരപദവികളിൽ അർഹമായ, മതിയായ പ്രാതിനിധ്യത്തിനു വേണ്ടി ആവിഷ്കരിച്ച ഈ സംവിധാനം ഏതുവിധേനയും അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് തുടക്കം മുതൽക്കേ നടന്നുവന്നത്. ഭരണഘടനാദത്തമായ സാമുദായിക സംവരണം വർഗീയ വിപത്താണെന്ന വികലവീക്ഷണങ്ങളുള്ള പാഠഭാഗം എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ നാലുവർഷം കുട്ടികൾ പഠിച്ചത് പോലും ഇത്തരം തന്ത്രങ്ങളുടെ ഭാഗമായിരുന്നു.
സാമ്പത്തിക സംവരണം എന്ന ഓമനപ്പേരിൽ മുന്നാക്ക സംവരണം നിലവിൽ വന്നപ്പോൾ അർഹതാ മാനദണ്ഡങ്ങൾ ബഹുഭൂരിപക്ഷം മുന്നാക്കക്കാരും ഉൾപ്പെടുന്ന രീതിയിൽ ഉദാരമാക്കി. ഗ്രാമപ്രദേശങ്ങളിൽ രണ്ടര ഏക്കർ ഭൂമിയുള്ള സവർണർ വരെ സംവരണാർഹരായി. എന്നിട്ടും എങ്ങിനെ സാമുദായിക സംവരണം അട്ടിമറിക്കാമെന്ന ഗവേഷണം തുടർന്നുപോവുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ 20 യൂണിറ്റ് സംവരണ പരിപാടി. 20 പേരുടെ യൂണിറ്റുകളിലായി സംവരണ റൊട്ടേഷൻ നടപ്പിലാക്കുമ്പോൾ മെരിറ്റുണ്ടായാലും പട്ടികജാതി, പിന്നാക്കവിഭാഗക്കാരെ പൊതു വിഭാഗത്തിൽ പരിഗണിക്കാതെ സംവരണ ക്വാട്ടയിൽ തള്ളി മെരിറ്റും സംവരണവും അട്ടിമറിക്കുന്നതാണ് ഈ തട്ടിപ്പ്.
മെരിറ്റിൽ നിന്ന് സംവരണ ക്വാട്ടയിലേക്ക് മാറ്റപ്പെടുമ്പോൾ, അതേ വിഭാഗത്തിലെ മറ്റൊരാൾക്ക് അർഹതപ്പെട്ട സംവരണ സീറ്റ് നിഷേധിക്കപ്പെടുന്നു. മെരിറ്റിന്റെ നല്ലൊരു ഭാഗവും മുന്നാക്കക്കാരുടെ പക്കലെത്തുകയും ചെയ്യും. ഒറ്റ നോട്ടത്തിൽ നിഷ്‌കളങ്കമെന്ന് തോന്നാവുന്ന ഈ തരികിട പരിപാടിയിലൂടെ പതിനായിരക്കണക്കിന് പട്ടികജാതി, വർഗ, പിന്നാക്കവിഭാഗക്കാരുടെ അവസരങ്ങളാണ് നഷ്ടമാകുന്നത്.
മദ്ധ്യപ്രദേശിലെ എം.ബി.ബി.എസ് പ്രവേശനക്കേസിൽ മെരിറ്റുള്ള എസ്.സി /എസ്.ടി /ഒ.ബി.സി / ഇ.ഡബ്ളിയു.എസ് വിദ്യാർത്ഥികൾക്ക് പൊതുവിഭാഗത്തിൽ പ്രവേശനം നൽകണമെന്ന സുപ്രീം കോടതി വിധി ഇത്തരം സംവരണ അട്ടിമറികൾ അവസാനിപ്പിക്കാൻ വഴിയൊരുക്കുന്നതാണ്. പൊതുവിഭാഗത്തിന്റെ കട്ട് ഓഫിൽ കൂടുതൽ മാർക്കുള്ള സംവരണ വിഭാഗക്കാരെ സംവരണ ക്വാട്ടയിലാക്കരുതെന്ന് കഴിഞ്ഞ മാസം 20ന് ഇറങ്ങിയ ഉത്തരവിൽ സുപ്രീം കോടതി അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പി.എസ്.സി ഉൾപ്പടെയുള്ള മറ്റ് നിയമനങ്ങളിലും ഇത് ബാധകമാക്കിയാൽ മെരിറ്റിൽ മുന്നിലുള്ള പിന്നാക്കക്കാർക്ക് മെരിറ്റിൽ തന്നെ അവസരം കിട്ടും. ഇവരെ സംവരണ ക്വാട്ടയിലാക്കുന്ന കള്ളക്കളി അവസാനിക്കും.
കേരള പബ്ളിക് സർവ്വീസ് കമ്മിഷൻ 20 യൂണിറ്റ് സംവരണ റൊട്ടേഷൻ പരിപാടിയിലൂടെ ഏറെക്കാലമായി നടത്തിവന്ന ക്രമക്കേട് ഇനിയും അനുവദിക്കരുത്. ഈ രീതിയിൽ യഥാർത്ഥ സംവരണം കിട്ടേണ്ട നിരവധിപേരുടെ ജീവിതസ്വപ്നങ്ങളാണ് നഷ്ടമാകുന്നത്. പുതുതായി നിയമനം നടക്കുന്ന സെലക്ഷനുകളിലെ ആദ്യ യൂണിറ്റിലെ 20 ഒഴിവുകളിൽ മാത്രമാണ് പിന്നാക്ക വിഭാഗക്കാർക്ക് മെരിറ്റ് സീറ്റുകൾ ലഭിക്കുക. അടുത്ത 20 യൂണിറ്റിൽ പിന്നാക്കക്കാരന് മെരിറ്റ് സീറ്റ് ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഭൂരിപക്ഷം പേരും സംവരണ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടിട്ടുണ്ടാകും. നൂറുകണക്കിന് ഒഴിവുകളുള്ള വലിയ റാങ്ക് ലിസ്റ്റുകളിൽ പോലും ഈ കുതന്ത്രം വളരെ ഈസിയായി പ്രയോഗിക്കുന്നുണ്ട്. ഇതിലൂടെ ജനസംഖ്യാ ആനുപാതികമല്ലാതെ, സംവരണത്തിനും അതീതമായി കൂടുതൽ നിയമനങ്ങൾ മുന്നാക്കവിഭാഗങ്ങൾ കൈയടക്കും. ഫലത്തിൽ പുതുതായി നടപ്പാക്കിയ പത്ത് ശതമാനം ഉൾപ്പടെ 60 ശതമാനം ഒഴിവുകളും മുന്നാക്കവിഭാഗക്കാർക്ക് സംവരണം ചെയ്യുന്നത് പോലെയാണ് ഈ തിരിമറി.
ഒരു ഒഴിവ് മാത്രമേയുള്ളെങ്കിൽ നിയമനം മെരിറ്റിലാവണമെന്ന ചട്ടം പ്രയോഗിച്ച് സർവകലാശാലകളിലും ദേവസ്വം ബോർഡുകളിലും ആസൂത്രിതമായ മറ്റൊരു തട്ടിപ്പും നടക്കുന്നുണ്ട്. കൂടുതൽ ഒഴിവുകളുണ്ടെങ്കിലും ഓരോ ഒഴിവുകൾ മാത്രം വിജ്ഞാപനം ചെയ്ത് സംവരണം അട്ടിമറിച്ച് നിയമനം നടത്തുന്നു. പ്രത്യേകിച്ചും ഉയർന്ന തസ്തികകളിൽ. ഒരു തസ്തികയിലെ മൊത്തം ഒഴിവുകളെയും ഒറ്റയൂണിറ്റാക്കി പരിഗണിക്കുന്ന സംവിധാനത്തിലേക്ക് നിയമനരീതി മാറിയാലേ ഈ തട്ടിപ്പിന് പരിഹാരമാകൂ. എന്നാൽ ഒരു റാങ്ക് ലിസ്റ്റ് കാലാവധിക്കുള്ളിൽ പലപ്പോഴായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പി.എസ്.സിയിൽ ഇത് പ്രായോഗികമല്ല. പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഫ്ലോട്ടിംഗ് റിസർവേഷൻ അവലംബിച്ചാൽ ഈ തിരിമറിയും ഒഴിവാക്കാം.
കേന്ദ്രസർവീസിൽ സംവരണം നടപ്പാക്കിയത് 1991ലാണെങ്കിൽ കേരളത്തിൽ 1936 മുതൽക്കേ സംവരണമുണ്ട്. 1991-ല്‍ പിന്നാക്ക സമുദായങ്ങൾക്ക് കേവലം 12.55 ശതമാനം മാത്രമായിരുന്നു കേന്ദ്രസർവ്വീസിൽ പ്രാതിനിധ്യം. ക്ളാസ് വൺ വിഭാഗത്തിൽ 4.69 ശതമാനവും. അന്ന് പിന്നാക്കവിഭാഗങ്ങൾ ജനസംഖ്യയുടെ 52 ശതമാനവും പട്ടികവിഭാഗക്കാർ 22.5 ശതമാനവുമായിരുന്നു. ഇന്നാകട്ടെ ഇത് യഥാക്രമം 60ഉം 25ഉം ശതമാനമായി ഉയർന്നു. 85 ശതമാനം വരുന്ന രണ്ട് വിഭാഗത്തിനും കൂടി ലഭ്യമാകുന്നത് 37 ശതമാനം സംവരണമാണ്. എന്നാൽ കേവലം 15 ശതമാനം വരുന്ന മുന്നോക്ക വിഭാഗക്കാർക്ക് ലഭ്യമാകുന്നതോ 10 ശതമാനം സംവരണവും. കേരളത്തിലെ സവർണ വിഭാഗം സാമൂഹ്യമായി പിന്നാക്കമാണെന്ന് ഒരു പഠനവും നടന്നിട്ടില്ല. സർക്കാർ സർവീസിൽ അവർക്ക് അർഹമായ പങ്കാളിത്തം ഇല്ലെന്ന റിപ്പോർട്ടുമില്ല. അർഹതപ്പെട്ടവർക്ക് മതിയായ പ്രാതിനിധ്യം ഇല്ലെന്ന് കണ്ടെത്തുമ്പോൾ മാത്രം നൽകേണ്ടതാണ് സംവരണം.
തലമുറകളായി, നൂറ്റാണ്ടുകളായി അധികാരത്തിന്റെയും സമൂഹിക നീതിയുടെയും പരിസരങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി വിഭാവനം ചെയ്തതാണ് സംവരണ വ്യവസ്ഥ. 75 വർഷം കഴിഞ്ഞിട്ടും ഇത് ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ കഴിഞ്ഞില്ല. അനാദികാലം സംവരണം നിലനിറുത്തണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം അധികാര കസേരകളിലും ഭരണസംവിധാനത്തിലും ഉറപ്പാക്കിയാൽ ജാതിസംവരണം അപ്രസക്തമാകും. അതിന് ശേഷമായിരുന്നു സാമ്പത്തിക സംവരണം കൊണ്ടുവരേണ്ടത്. സംസ്ഥാനത്ത് പിന്നാക്ക ദളിത് വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇതുവരെ ലഭ്യമായിട്ടില്ല. സംവരണലക്ഷ്യം കൈവരിക്കാൻ സാധിക്കാത്തതിന് ഉത്തരവാദികൾ മാറിമാറി വന്ന സർക്കാരുകളാണ്. ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ ശുപാർശ പ്രകാരം ഏർപ്പെടുത്തിയ സ്പെഷ്യൽ റിക്രൂട്ട്മെന്റിൽ കൂടി ഇത് ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചിട്ടുമില്ല. സർക്കാർ നിയമനങ്ങളിലും പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിലും മെരിറ്റിലുള്ള സംവരണ വിഭാഗങ്ങളെ ജനറൽ ക്വാട്ടയിൽ തന്നെ പരിഗണിക്കണമെന്ന പുതിയ സുപ്രീംകോടതി ഉത്തരവ് ബാധകമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ ഉടനെ ആരംഭിക്കണം. പതിറ്റാണ്ടുകളായി അറിഞ്ഞും അറിയാതെയും തുടർന്ന് വന്ന ഈ തട്ടിപ്പിലൂടെ നഷ്ടമായ അവസരങ്ങൾ സംവരണവിഭാഗക്കാർക്ക് ഇനി ലഭിക്കുക എളുപ്പമല്ല. കനപ്പെട്ടതാണ് അവർക്കുണ്ടായ നഷ്ടം.