ശബരിമലയിൽ മാറ്റം അനിവാര്യം
ഈ മണ്ഡലകാലത്ത് ശബരിമലയിൽ അയ്യപ്പഭക്തർ അനുഭവിച്ച ദുരിതങ്ങൾ മുമ്പ് കേട്ടുകേൾവിയില്ലാത്തതാണ്. അനിയന്ത്രിതമായ തിരക്ക് മൂലം അഞ്ച് ദിവസം കുട്ടികളും വൃദ്ധരും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഭക്തർ അയ്യന്റെ ദർശനത്തിനായി സന്നിധാനത്തും പമ്പയിലും കാനനപാതയിലും പത്തും പന്ത്രണ്ടും മണിക്കൂർ വിശപ്പും ദാഹവും സഹിച്ച് ക്യൂ നിൽക്കേണ്ടിവന്നു. നിലയ്ക്കലും മറ്റ് പ്രധാനപോയിന്റുകളിലും അയ്യപ്പന്മാരുടെ വാഹനങ്ങൾ തടഞ്ഞിടപ്പെട്ടു. മാലയിട്ട്, കറുപ്പുടുത്ത് 41 ദിവസത്തെ കഠിനവ്രതമെടുത്ത് ഇരുമുടിക്കെട്ടും കെട്ടി സംസ്ഥാനത്തിന് പുറത്ത് നിന്നും വിദേശത്തു നിന്നും വരെ എത്തിയ ലക്ഷക്കണക്കിന് ഭക്തരാണ് ഈ ദുരിതത്തിന് ഇരയായത്. കുറെ ഭക്തർ പന്തളം അയ്യപ്പക്ഷേത്രത്തിൽ മാലയൂരി തീർത്ഥാടനം മതിയാക്കി മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ദേശീയതലത്തിൽ ശബരിമല സംഭവം വലിയ വാർത്തയായി. ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തി. പാർലമെന്റിലും വിഷയം ഉന്നയിക്കപ്പെട്ടു. മലയാളികൾക്ക് മാനക്കേടുമായി.
അപ്രതീക്ഷിതമായി ഉണ്ടായ ഭക്തജനപ്രവാഹമാകാം ഇങ്ങിനെ ഒരു ദുരവസ്ഥയിലേക്ക് നയിച്ചത്. അത്തരം ഒരു സ്ഥിതിവിശേഷം മുൻകൂട്ടി കാണാനോ ബദൽ സംവിധാനങ്ങൾ ഒരുക്കാനോ കഴിഞ്ഞില്ലെന്നത് വലിയ വീഴ്ച തന്നെയാണ്. നിയന്ത്രണാതീതമായ തിരക്കുണ്ടായിട്ടും അനിഷ്ടസംഭവങ്ങളോ ജീവാപായമോ ഉണ്ടാകാതെ കാനനവാസൻ കാത്തു. ഭക്തരുടെ ദുരിതത്തിന് പിന്നിൽ സർക്കാർ സംവിധാനങ്ങളുടെയും ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും മറ്റും പിഴവുകളുണ്ടാകാം. അതിനെക്കുറിച്ച് കുറ്റവിചാരണ നടത്തിയത് കൊണ്ട് ഇനി വലിയ കാര്യമൊന്നുമില്ല. ഇതൊരു പാഠമായി കണ്ട് കാര്യക്ഷമമായ നടപടികൾ സർക്കാർ സ്വീകരിക്കുകയാണ് വേണ്ടത്.
ലോകത്തു തന്നെ ഒരു സീസണിൽ ഏറ്റവും അധികം തീർത്ഥാടകരെത്തുന്ന ആരാധനാലയങ്ങളിൽ ഒന്നാണ് ശബരിമല. ശബരിമല ശാസ്താവിന്റെയും വ്രതകാഠിന്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രത്യേകതകൾ മൂലം വർഷാവർഷം തീർത്ഥാടകരുടെ എണ്ണം കൂടി വരികയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും അയ്യപ്പന്മാർ എത്തുന്നുണ്ട്. മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ ഒന്നും തന്നെ ശബരിമലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ക്ഷേത്രം ഭരിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിനാകട്ടെ ഇത്രയും വലിയ തീർത്ഥാടനം കൈകാര്യം ചെയ്യാനുള്ള ശേഷിയുമില്ല, വൈദഗ്ദ്ധ്യവുമില്ല.
കൊടുംകാടിന് നടുവിലെ ശബരിമല സന്നിധാനത്ത് ഭക്തലക്ഷങ്ങളെ സുരക്ഷിതമായി കൈകാര്യം ചെയ്യുക എന്നത് സങ്കീർണമായ കാര്യമാണ്. ഭക്തസമൂഹത്തെ ആദരവോടെ, സ്നേഹത്തോടെ സ്വീകരിച്ച് പുണ്യദർശന സായൂജ്യമേകി യാത്രയാക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്തമാണ്. ശബരിമല ശാസ്താവിന്റെ പ്രതിപുരുഷന്മാരാണ് ഓരോ അയ്യപ്പനും. മണ്ഡലകാലത്ത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഈ ഭക്തർ നൽകുന്ന വിഹിതം പ്രധാനപ്പെട്ടതാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലനിൽപ്പ് തന്നെ അയ്യപ്പന്മാർ ശബരിമലയിലെ ഭണ്ഡാരങ്ങളിൽ സമർപ്പിക്കുന്ന ശതകോടികളാണ്. കെ.എസ്.ആർ.ടി.സിയുടെ ജീവവായുവാണ് മണ്ഡലകാലത്തെ കൂടിയ നിരക്കിലെ സ്പെഷ്യൽ സർവീസിൽ നിന്നുള്ള വരുമാനം. എന്നിട്ടും അയ്യപ്പന്മാർക്ക് മാന്യമായ പരിഗണന കേരളത്തിൽ ലഭിക്കാറില്ലെന്ന് തന്നെ പറയേണ്ടിവരും.
അന്യദേശ അയ്യപ്പന്മാരിൽ സാധാരണക്കാർ മുതൽ കോടീശ്വരന്മാരും ഉന്നത ഉദ്യോഗസ്ഥരും വലിയ വ്യവസായികളും ടെക്കികളും പണ്ഡിതരും ഉണ്ട്. ഇവർ നിലയ്ക്കലെയും പമ്പയിലെയും സന്നിധാനത്തെയും അപര്യാപ്തമായ സൗകര്യങ്ങളും വൃത്തിയില്ലാത്ത ടോയ്‌ലറ്റുകളും താളംതെറ്റിയ ആൾക്കൂട്ട മാനേജ്മെന്റും അശാസ്ത്രീയമായ പാർക്കിംഗ് ഗ്രൗണ്ടുകളും കണ്ട് മൂകരായി മടങ്ങുമ്പോൾ നാം മലയാളികൾ നാണംകെടുന്നു. ഇവരാരും ഫൈവ് സ്റ്റാർ സൗകര്യങ്ങൾ പ്രതീക്ഷിച്ചല്ല ശബരിമലയിലേക്ക് വരുന്നത്. ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമാണ് കഠിനയാത്രയും. എങ്കിലും നമ്മുടെ കഴിവുകേടുകൊണ്ട് അവരുടെ തീർത്ഥയാത്ര നരകയാത്രയാക്കാതിരിക്കാനുള്ള മാന്യതയെങ്കിലും കേരളം കാണിക്കണം.
തിരുവിതാംകൂർ ദേവസ്വം ബോർഡാകട്ടെ കാര്യപ്രാപ്തിയില്ലാത്തവരും അഴിമതിക്കാരുമായ കുറെ ജീവനക്കാരെ തീറ്റിപ്പോറ്റുന്ന സംവിധാനം മാത്രം. ഇത്രയും കുത്തഴിഞ്ഞ, പ്രൊഫഷണലിസം തൊട്ടുതീണ്ടാത്ത ദേവസ്വം ബോർഡിന് ശബരിമല എന്ന മഹാക്ഷേത്രം ഭരിക്കാനുള്ള ത്രാണിയില്ലെന്ന വസ്തുത സർക്കാർ തിരിച്ചറിയണം. മാനേജ്മെന്റ് വൈഭവമോ ഭാവിയിലേക്കുള്ള കാഴ്ചപ്പാടോ ഇല്ലാത്ത ബോർഡ് ഭാരവാഹികളെ കൂടി വിവിധ സർക്കാരുകൾ നിയോഗിക്കുമ്പോൾ കെടുകാര്യസ്ഥത പൂർത്തിയാകുന്നു. ശബരിമലയിൽ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം കൂടിയുള്ളതിനാൽ ഇക്കാര്യം പറഞ്ഞ് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന സമീപനവും ദേവസ്വം ബോർഡ് സ്വീകരിക്കാറുണ്ട്.
ആന്ധ്രയിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിലേതുപോലെയോ അതിലും ഭംഗിയായോ ശബരിമലയിലും ലക്ഷക്കണക്കിന് ഭക്തരെ കൈകാര്യം ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല. അതിനുള്ള ഇച്ഛാശക്തി വേണമെന്നേയുള്ളൂ. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മൂന്നുമാസം അയ്യപ്പന്മാരുടെ വരവും പോക്കും നിയന്ത്രിച്ച് അവർക്ക് ദർശന സായൂജ്യം നൽകാൻ സാധിക്കാത്തതിന് നാം നമ്മെ തന്നെയാണ് കുറ്റം പറയേണ്ടത്.
അഞ്ച് ദേവസ്വം ബോർഡുകളുടെ മൂവായിരത്തിലേറെ ക്ഷേത്രങ്ങൾ ഉൾപ്പടെ പതിനായിരക്കണക്കിന് വലുതും ചെറുതുമായ ക്ഷേത്രങ്ങളുണ്ട് സംസ്ഥാനത്ത്. തീർത്ഥാടകരുടെ സഞ്ചാരപാതകളിലെ കുറേ ക്ഷേത്രങ്ങളിൽ ടോയ്‌ലറ്റ്, പാർക്കിംഗ് സംവിധാനങ്ങളും വിശ്രമസ്ഥലങ്ങളും അന്നദാന സൗകര്യങ്ങളും ഒരുക്കിയാൽ തന്നെ ദൂരയാത്ര ചെയ്തുവരുന്ന അയ്യപ്പന്മാർക്ക് ഏറെ സഹായകരമാകും. അടിയന്തരഘട്ടമുണ്ടായാൽ അയ്യപ്പന്മാരെ പെരുവഴിയിൽ തടഞ്ഞിടാതെ ഈ ഇടത്താവങ്ങളിൽ താമസിപ്പിക്കാം.
അയ്യപ്പസേവാ സംഘം പോലെ അയ്യപ്പന്റെ പേരിൽ നിരവധി ഭക്തസംഘടനകൾ കേരളത്തിലുണ്ട്. ഇവർക്കും നിലവിൽ ക്ഷേത്രങ്ങളും മറ്റ് ഭൂസ്വത്തുക്കളുമുണ്ട്. ഇവയും ഉപയോഗപ്പെടുത്താനാകും. സ്വന്തം ക്ഷേത്രങ്ങളിൽ ഇത്തരം പദ്ധതി ഒരു പതിറ്റാണ്ടുമുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രഖ്യാപിച്ചിട്ട് നടക്കാതെ പോയതാണ്.
സംസ്ഥാന സർക്കാർ മനസുവച്ചാൽ ശബരിമലയ്ക്ക് വേണ്ടി മാത്രം പ്രത്യേക അതോറിറ്റി പോലെയുള്ള സംവിധാനങ്ങൾ രൂപീകരിച്ച് പരിശീലനം ലഭിച്ച ജീവനക്കാരെയും ഓൺലൈൻ ബുക്കിംഗ് തുടങ്ങി ആധുനികമായ സംവിധാനങ്ങളും ഉപയോഗിച്ച് ഏതാനും വർഷങ്ങൾകൊണ്ട് തന്നെ ശബരിമലയെ അക്ഷരാർത്ഥത്തിൽ പൂങ്കാവനമാക്കി മാറ്റാനാകും. കേരളസർക്കാരിന്റെ തന്നെ നേതൃത്വത്തിൽ നൂറു ശതമാനം പ്രൊഫഷണലായി പ്രവർത്തിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും കൊച്ചി മെട്രോ റെയിലും മാതൃകകളായി നമുക്ക് മുന്നിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമായി ശബരിമലയെ മാറ്റാൻ സംസ്ഥാന സർക്കാർ വിചാരിച്ചാൽ നിഷ്‌പ്രയാസം സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.