ചന്ദ്രയാൻ: വാനം മുട്ടിയ അഭിമാനം
ആധുനിക ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ വിജയമാണ് ചന്ദ്രയാൻ 3 ദൗത്യം നമുക്ക് സമ്മാനിച്ചത്. 2023 ആഗസ്റ്റ് 23 എന്ന ദിനം ഇനി അവിസ്മരണീയമാണ്. ആറ് പതിറ്റാണ്ട് നീണ്ട രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ പദ്ധതിയിൽ ഈ ദിനം എന്നും സുവർണ രേഖയായി തിളങ്ങി നിൽക്കും. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒ 140 കോടി പൗരന്മാരെ ചന്ദ്രികയെപ്പോലെ കാൽപ്പനികമായ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബഹിരാകാശ ഗവേഷണ മേഖലയിൽ രാജ്യം അവഗണിക്കാനാകാത്ത ശക്തിയാണെന്ന് തെളിയിക്കാൻ കഴിഞ്ഞുവെന്നതാണ് ചന്ദ്രയാന്റെ മഹത്വം.
അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന രാജ്യമായി ഇന്ത്യ. ശാസ്ത്രലോകം ഇന്നേവരെ തൊട്ടിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരുന്നു ചന്ദ്രയാൻ പര്യവേക്ഷണത്തിനെത്തിയതെന്നത് ഇരട്ടി മധുരവും. പ്രൊപ്പൽഷൻ മൊഡ്യൂളും പ്രഗ്യാൻ എന്നു പേരിട്ട റോവർ ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂളും അടങ്ങുന്ന പേടകത്തെ മാത്രമല്ല, നമ്മുടെ ശാസ്ത്രസമൂഹത്തിന്റെ ശേഷിയെ കൂടിയാണ് ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രോപരിതലത്തിൽ എത്തിച്ചത്.
ആസൂത്രണം ചെയ്തതിൽ നിന്ന് അണുവിട മാറാതെ പൂർണ കൃത്യതയോടെ ആ ദൗത്യം ഐ.എസ്.ആർ.ഒ. പൂർത്തീകരിച്ചത് ലോകരാജ്യങ്ങൾ വിസ്മയത്തോടെ കണ്ടുനിന്നു. ദാരിദ്ര്യവും ദുരിതവും ഇന്നും കൊടികുത്തി വാഴുന്ന ഇന്ത്യയെന്ന മഹാരാജ്യത്തിന്, ജനസംഖ്യയിൽ ലോകത്ത് ഒന്നാമതെത്തിയ രാജ്യത്തിന് ഇത് എങ്ങിനെ സാധിക്കുന്നുവെന്ന ചോദ്യങ്ങളായിരുന്നു സ്വാഭാവികമായും ഉയരുന്നത്. പോരായ്മകൾ ഏറെയുണ്ടെങ്കിലും അതിവേഗം വികസനത്തിലേക്ക് കുതിക്കുന്ന രാജ്യമാണ് നമ്മുടേത്. ലോകത്തെ വിസ്മയിപ്പിക്കുന്ന നിരവധി നേട്ടങ്ങൾ ഇതിനിടെ നാം സ്വന്തമാക്കി. ചന്ദ്രയാൻ അതിൽ ഏറ്റവും പുതിയ സംഭവമായെന്ന് മാത്രം. 2008ലാണ് ചന്ദ്രയാൻ ദൗത്യത്തിന് തുടക്കം.
ചന്ദ്രോപരിതലത്തിൽ തണുത്തുറഞ്ഞ ജലസാന്നിദ്ധ്യം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പ്രഗ്യാൻ റോവർ. 14 ദിവസത്തെ പരിശോധനകൾക്കിടെ ശ്രമം വിജയിച്ചാൽ അത് അസൂയാവഹമായ മറ്റൊരു നേട്ടമായി മാറുകയും ചെയ്യും. ശാസ്ത്ര സാങ്കേതിക രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവയ്ക്കും. ബഹിരാകാശ ഗവേഷണ മേഖലയിൽ ഇന്ത്യയ്ക്കും ഐ.എസ്.ആർ.ഒയ്ക്കും ലഭിക്കുന്ന അംഗീകാരവും ചെറുതാവില്ല.
ഡോ. വിക്രം സാരാഭായിയും ഡോ.എ.പി.ജെ.അബ്ദുൾ കലാമും മുതൽ എസ്.സോമനാഥ് വരെ പത്ത് ചെയർമാൻമാരാണ് ആറ് പതിറ്റാണ്ടിലേറെ നീണ്ട ചരിത്രത്തിൽ ഐ.എസ്.ആർ.ഒയെ നയിച്ചത്. ഇവരും സഹപ്രവർത്തകരും താരതമ്യേന കുറഞ്ഞ ശമ്പളം വാങ്ങി ഉൗണും ഉറക്കവും കളഞ്ഞ് നടത്തിയ ശ്രമങ്ങളാണ് രാജ്യത്തിന് ബഹിരാകാശ ഗവേഷണത്തിൽ ഈ നേട്ടങ്ങൾ സമ്മാനിച്ചത്. കേരളത്തിനും മലയാളികൾക്കും ഈ മുന്നേറ്റങ്ങളിൽ വലിയ സ്ഥാനമുണ്ട്. ഐ.എസ്.ആർ.ഒയുടെ പ്രധാനകേന്ദ്രം തുമ്പയിലാണ്. പ്രൊഫ.എം.ജി.കെ.മേനോൻ, ഡോ.ജി.മാധവൻനായർ, ഡോ.കെ.രാധാകൃഷ്ണൻ, എസ്.സോമനാഥ് തുടങ്ങിയ മലയാളികളാണ് ആ സ്ഥാപനത്തെ നയിച്ചത്. 1963ൽ തുമ്പയിൽ നിന്ന് എ.പി.ജെ. അബ്ദുൾ കലാമും സംഘവും തൊടുത്ത ചെറിയ ഒരു റോക്കറ്റിൽ നിന്ന് തുടങ്ങിയ പരീക്ഷണങ്ങളാണ് ഇന്ന് ഇപ്പോൾ ചന്ദ്രയാൻ ദൗത്യത്തിൽ എത്തി നിൽക്കുന്നത്. 1962ൽ രൂപംകൊണ്ട ഐ.എസ്.ആർ.ഒയുടെ ആദ്യരൂപമായ ഇൻകോസ്പാറിൽ നിന്ന് പിറവിയെടുത്തതാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതികൾ. എത്രയോ പ്രതിസന്ധികൾ, വൈതരണികൾ, ഉപരോധങ്ങൾ, പരാജയങ്ങൾ തുടങ്ങിയവ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് നേരിടേണ്ടി വന്നു. കഠിനാദ്ധ്വാനവും ആത്മവിശ്വാസവും ദൃഢനിശ്ചയവും സമർപ്പണവും കൊണ്ടാണ് അവർ അതിനെയൊക്കെ അതിജീവിച്ചത്. വിദേശത്തേക്ക് പോയാൽ ഐ.എസ്.ആർ.ഒ നൽകുന്നതിന്റെ പത്തിരട്ടിയിലേറെ ശമ്പളം ലഭിക്കുമെന്നറിഞ്ഞിട്ടും ആ പ്രലോഭനങ്ങളെല്ലാം അതിജീവിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തെ ലോകത്തിന്റെ മുൻനിരയിൽ എത്തിച്ച നമ്മുടെ ശാസ്ത്രജ്ഞരുടെ രാജ്യ സ്നേഹത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അതിനേക്കാളുപരി ഐ.എസ്.ആർ.ഒയുടെ ശാസ്ത്രജ്ഞരിൽ കേവലം രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് ഐ.ഐ.ടി പോലുള്ള രാജ്യത്തെ പേരുകേട്ട സാങ്കേതിക വിദ്യാലയങ്ങളിൽ നിന്നുള്ളവരെന്നതാണ് മറ്റൊരു കാര്യം. ഇന്ത്യൻ യുവാക്കളുടെ മിടുക്ക് ലോകം ഇനിയും കാണാൻ ഇരിക്കുന്നതേയുള്ളൂവെന്നതാണ് ഇതെല്ലാം നൽകുന്ന സൂചന.
ഉപഗ്രഹ വിക്ഷേപണം ഉൾപ്പടെ പതിനായിരക്കണക്കിന് കോടിയുടെ ബിസിനസ് നടക്കുന്നതാണ് ബഹിരാകാശ ഗവേഷണ രംഗം. ഇന്ത്യയുടേതുപോലെ ചെലവുകുറഞ്ഞ ബഹിരാകാശ പദ്ധതികൾ മറ്റൊരു രാജ്യത്തിനും ഇല്ല. ഒരു ബിഗ് ബഡ്ജറ്റ് ഇംഗ്ളീഷ് സിനിമയുടെ പോലും ചെലവില്ലാതെയാണ് ചന്ദ്രയാൻ 3നെ ഇന്ത്യ ചന്ദ്രനിലെത്തിച്ചത്. കേവലം 615 കോടി രൂപയായിരുന്നു ആകെ ചെലവ്. അതേ സമയം അമേരിക്കയും ഫ്രാൻസും മറ്റും ആയിരവും പതിനായിരവും കോടികൾ മുടക്കിയാണ് ബഹിരാകാശ ദൗത്യങ്ങൾ നിർവഹിക്കുന്നത്. ഉപഗ്രഹ വിക്ഷേപണം ഉൾപ്പടെയുള്ള ബഹിരാകാശ വിപണിയിൽ വെന്നിക്കൊടി പാറിക്കാൻ ഇന്ത്യയ്ക്ക് നിഷ്പ്രയാസം കഴിയുമെന്ന് ഒരിക്കൽ കൂടി സ്ഥാപിക്കാൻ ചന്ദ്രയാന് സാധിച്ചു. ആ വിശ്വാസ്യത നൽകാൻ പോകുന്ന സാമ്പത്തികമായ നേട്ടം ഗണ്യമാണ്. ഇപ്പോൾ തന്നെ നാസയുൾപ്പടെ ഐ.എസ്.ആർ.ഒയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. അവരുടെ ഉപഗ്രഹങ്ങൾ ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്നുമുണ്ട്. വിദേശത്തേത് പോലെ നിരവധി സ്വകാര്യ സംരംഭകരും ബഹിരാകാശ ഗവേണണ പദ്ധതികളുമായി ഇന്ത്യയിൽ മുന്നോട്ടുവരുന്നത് ശുഭോദർക്കമാണ്. 150ൽ പരം സ്റ്റാർട്ടപ്പുകൾ വിവിധ പദ്ധതികളുമായി ഐ.എസ്.ആർ.ഒയെ സമീപിച്ചുകഴിഞ്ഞെന്നാണ് സൂചനകൾ. ഇതെല്ലാം കാണിക്കുന്നത് ഈ മേഖലയിൽ ഇന്ത്യയ്ക്ക് ഒട്ടേറെ സംഭാവനകൾ ചെയ്യാനുണ്ടെന്നാണ്. ചന്ദ്രയാൻ 3 അതിനൊരു മാർഗമാകുമെന്ന് പ്രതീക്ഷിക്കാം.
രാജ്യത്തിന്റെ ആദ്യ സൂര്യദൗത്യമായ ആദിത്യയാനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ആദ്യസംരംഭമായ ഗഗൻയാനും അണിയറയിൽ ഒരുങ്ങുകയാണ്. സെപ്തംബറിലാണ് ആദിത്യയാനും കുതിച്ചുയരുക. ആകാശവും ബഹിരാകാശവും നമ്മുടെ നേട്ടങ്ങൾക്ക് അതിരുകളല്ലെന്ന് തെളിയിക്കാനുള്ള ഈ ദൗത്യങ്ങൾക്ക്, അതിന് പിന്നിൽ പ്രവർത്തിക്കുന്ന അസംഖ്യം നിഷ്കാമകർമ്മികളായ നമ്മുടെ ശാസ്ത്രജ്ഞർക്ക് അവർക്ക് പിന്തുണ നൽകുന്ന ഐ.എസ്.ആർ.ഒയിലെ സാധാരണ ജീവനക്കാർക്ക് ആത്മാർത്ഥമായ വിജയാശംസകൾ.