കൂടൽമാണിക്യത്തിലെ ജാതിഭ്രാന്ത്….

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം തസ്തികയിൽ ചുമതലയേറ്റ ഈഴവസമുദായാംഗമായ ബി.എ. ബാലുവിനെ തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഓഫീസ് അറ്റന്റൻഡായി മാറ്റി നിയമിച്ച നടപടി കേരളത്തെ നൂറ്റാണ്ടുകൾ പിന്നിലേക്ക് നയിക്കുന്നതായിപ്പോയി. ശ്രീരാമന്റെ സഹോദരൻ ഭരതന്റെ പേരിലുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് വിശ്വപ്രസിദ്ധമായ, സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള കൂടൽമാണിക്യം ക്ഷേത്രം. ഇവിടെ ഭഗവാന് ചാർത്താനുള്ള മാലകെട്ടുന്ന കഴകക്കാരനായി ഒരു പിന്നാക്ക സമുദായക്കാരൻ വരുന്നത് ഉൾക്കൊള്ളാൻ കഴിയാത്തവരാണ് ക്ഷേത്രത്തിലെ ആറ് തന്ത്രിമാരുമെന്നത് എന്തൊരു തോൽവിയാണ് ? ഈ ക്ഷേത്രത്തിലെ ജാതിവിവേചനങ്ങളുടെയും ജാത്യാചാരങ്ങളുടെയും പുറത്തുവരുന്ന കഥകൾ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ അപഹസിക്കുന്നതാണ്. അവർണർക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലത്താണ് ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. അന്ന് ഗുരു അത് ചെയ്തില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഈ തന്ത്രിമാരടക്കമുള്ള സവർണർ ഇന്ന് ഹൈന്ദവരായി അവശേഷിക്കുമായിരുന്നോ? സംശയമാണ്. വഴിനടക്കാൻ പോലും അനുവാദമില്ലാതിരുന്ന അവർണർ ഗുരുദേവൻ തുടക്കമിട്ട, പിന്നീട് നിരവധി നവോത്ഥാന നായകരുടെ നേതൃത്വത്തിൽ നടന്ന സമാനതകളില്ലാത്ത പോരാട്ടങ്ങളുടെ ഫലമായാണ് മനുഷ്യരെപ്പോലെ ജീവിക്കാൻ തുടങ്ങിയത്. ഹൈന്ദവരിൽ 80 ശതമാനത്തോളം വരുന്ന പിന്നാക്ക സമുദായങ്ങളെ വീണ്ടും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളാനാണോ ആചാരത്തിന്റെയും കീഴ്‌വഴക്കങ്ങളുടെയും പേരുപറഞ്ഞ് ഒരു കൂട്ടർ ശ്രമിക്കുന്നത്? ഭരണഘടനാ തത്വങ്ങളെയും മൂല്യങ്ങളേയുമല്ലേ ഇവർ തച്ചുതകർക്കുന്നത് ?
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചത് സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിലും നടന്നുവന്ന അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ നിയമനങ്ങൾ അവസാനിപ്പിക്കാനാണ്. പി.എസ്.സിക്ക് സമാനമായ ഘടനയാണ് ഈ ബോർഡിനും. ദേവസ്വം ബോർഡുകൾ നിർദേശിക്കുന്ന യോഗ്യതയ്ക്കനുസരിച്ച് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും നടത്തി നിയമനശുപാർശ നൽകിയാൽ അവരെ നിയമിക്കുക മാത്രമാണ് മാർഗം. അങ്ങനെ കൂടൽമാണിക്യം ദേവസ്വം ബോർഡ് ആവശ്യപ്പെട്ടതിനാൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ശുപാർശ ചെയ്തയാളാണ് ബി.എ.ബാലു. തന്ത്രിമാരുടെ പ്രതിനിധി കൂടി ഉൾപ്പെട്ടതാണ് ദേവസ്വം മാനേജിംഗ് കമ്മിറ്റി. 2023ൽ പരസ്യം ചെയ്ത് അപേക്ഷ ക്ഷണിച്ചപ്പോഴൊന്നും തോന്നാത്ത വികാരം ഈഴവനായ ബാലു ചുമതലയേറ്റപ്പോഴാണ് തന്ത്രിമാർക്ക് ഉണ്ടായത്. ഫെബ്രുവരി 24ന് ബാലു ജോലിക്ക് കയറിയ ശേഷം ആറ് തന്ത്രിമാരും ക്ഷേത്രബഹിഷ്കരണ സമരം നടത്തി. താന്ത്രിക ആചാര്യന്മാരാണ് തന്ത്രിമാർ. ഏതൊരു സാഹചര്യത്തിലും ദേവപൂജ ചെയ്യാൻ ഉത്തരവാദിത്വമുള്ള ഇവർ അതെല്ലാം മറന്ന് ജാതി നിലനിർത്താൻ സമരത്തിനിറങ്ങിയത് അനുചിതമായിപ്പോയി. അതല്ലേ ആചാരലംഘനം? ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നായ പ്രതിഷ്ഠാദിന ചടങ്ങുകളും ബഹിഷ്കരിക്കുമെന്ന് ഭരണസമിതിയെ ഭീഷണിപ്പെടുത്തി. ബാലുവിന്റെ നിയമനത്തെ എതിർത്ത് ദേവസ്വത്തിന് ഇവർ നൽകിയ കത്ത് മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നു. “തന്ത്രിമാരുടെ അറിവോ സമ്മതമോ കൂടാതെ ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ച് കഴകക്കാരനെ നിയമിച്ചതിൽ പ്രതിഷേധമുണ്ട്. കാരായ്മക്കാരായ പാരമ്പര്യാവകാശക്കാരനെ നിയമിക്കണം. ഇല്ലെങ്കിൽ താന്ത്രികചടങ്ങുകൾ നിർവഹിക്കുന്നത് നിരർത്ഥകമാകയാൽ അത് അസാദ്ധ്യമാണ്” തുടങ്ങിയ വാചകങ്ങളാണ് കത്തിലുള്ളത്. ഇവരുടെ ഭീഷണിക്കു മുന്നിൽ സർക്കാർ നിയോഗിച്ച, ഇടതുചിന്താഗതിക്കാർ അടങ്ങുന്ന കൂടൽമാണിക്യം ദേവസ്വം ഭരണസമിതിയും സെക്രട്ടേറിയറ്റിലെ ഉന്നതപദവിയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വന്ന അഡ്‌മിനിസ്‌ട്രേറ്റർ കെ.ഉഷാനന്ദിനിയും സാഷ്ടാംഗം നമസ്കരിച്ചു. വേറെ പണിനോക്കാനും ചടങ്ങുകൾ നിർവഹിച്ചില്ലെങ്കിൽ വേറെ തന്ത്രിമാരെ കൊണ്ടുവരുമെന്നും പറയാനുള്ള ധൈര്യം ഇവർക്ക് ഇല്ലാതെ പോയതാണ് വലിയ പിഴവ്. നിയമിക്കാൻ അധികാരമുണ്ടെങ്കിൽ ഒഴിവാക്കാനും അധികാരമുണ്ടെന്ന് പറയേണ്ടവരാണ് തന്ത്രിമാരുടെ ധാർഷ്ട്യത്തിന് മുന്നിൽ നടുവും വളച്ച് നിന്നത്. അയിത്തവും ക്ഷേത്രപ്രവേശന വിലക്കുമൊക്കെ തന്ത്രിമാരുടെ അനുമതി വാങ്ങിയല്ല അവസാനിപ്പിച്ചതെന്ന വിവേകമെങ്കിലും ഇവർക്ക് ഉണ്ടാകണമായിരുന്നു.
പരമ്പരാഗതമായി അമ്പലവാസികളായ കുടുംബങ്ങളാണ് പുരാതന ക്ഷേത്രങ്ങളിലെ കഴകം ജോലികൾ ചെയ്യുന്നത്. അവരുടെ മുൻതലമുറകൾ ഭക്തിപൂർവം നിർവഹിച്ചിരുന്ന ജോലി ഇക്കാലത്ത് സാമ്പത്തികമായി ഒട്ടും ആകർഷകമല്ല. നാടുവാണവർ ഈ കുടുംബങ്ങൾക്ക് ഏക്കറുകണക്കിന് ഭൂമി ക്ഷേത്രത്തോടുചേർന്ന് ജോലി നിർവഹിക്കുന്ന കാലത്തോളം കൈവശം വയ്ക്കാനും ആദായമെടുക്കാനും വേണ്ടി പതിച്ച് നൽകുകയായിരുന്നു പതിവ്. ജനാധിപത്യം വന്നപ്പോൾ ആ തൊഴിലവകാശം പാരമ്പര്യാവകാശമായി അനുവദിച്ചു. എന്നാൽ പുതിയ തലമുറ അമ്പലവാസികളിൽ ഏറിയ പങ്കും ഇതിന് നിൽക്കാറില്ല. പ്രത്യേകിച്ച് വിദ്യാസമ്പന്നർ. നല്ലൊ രു ശതമാനം കഴകം ജോലി ഉപേക്ഷിച്ചു. തുച്ഛമായ വരുമാനത്തിന് ഇവർ ജോലി നിർവഹിക്കുന്ന ഒട്ടേറെ ദേവസ്വം ക്ഷേത്രങ്ങളുമുണ്ടെന്നത് യാഥാർത്ഥ്യമാണ്. നല്ല വരുമാനമുള്ള കൂടൽമാണിക്യം പോലുള്ള ക്ഷേത്രങ്ങളിൽ മാത്രമാണ് പാരമ്പര്യാവകാശത്തിന് ഡിമാൻഡ്. അവകാശം മറ്റൊരു കുടുംബത്തിന് കൈമാറാനുമാകില്ല. ഈ തസ്തികകൾ ദേവസ്വം ഏറ്റെടുത്താൽ പിന്നെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി മാത്രമേ നിയമനം നൽകാനാവൂ.
കൂടൽമാണിക്യത്തിൽ മാലകെട്ടു കഴകം മൂന്ന് കുടുംബങ്ങളുടേതായിരുന്നു. അത് അവർ ഉപേക്ഷിച്ചുപോയതിനാൽ കഴിഞ്ഞ 40 വർഷമായി ദേവസ്വം നിയോഗിച്ച കാരായ്മക്കാരല്ലാത്ത സവർണരാണ് ചെയ്തുപോന്നത്. പിന്നീട് വർഷത്തിൽ രണ്ടുമാസം മാത്രം അവകാശമുള്ള കുടുംബം വീണ്ടും അവകാശം ഉന്നയിച്ചപ്പോൾ അത് ദേവസ്വം അംഗീകരിച്ചു. ഈ കാരായ്മ നിലനിറുത്തിയാണ് ബാക്കി പത്തു മാസത്തേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി ബാലുവിനെ നിയമിച്ചത്. തന്ത്രിമാർ പറയുന്നത് പോലെ, ബാലുവിന് കാരായ്മ അവകാശമില്ലാത്തതാണ് കുഴപ്പമെങ്കിൽ അതേ കുഴപ്പം നാല് പതിറ്റാണ്ടിലേറെ ജോലി ചെയ്ത രണ്ടു പേർക്കുമുണ്ട്. അന്നൊന്നും തന്ത്രിമാർക്ക് വേദനിക്കാതെപോയത് അവർ സവർണരായിരുന്നത് കൊണ്ടാണെന്ന് മനസിലാക്കാൻ കവിടി നിരത്തേണ്ട, പ്രശ്നവും വയ്ക്കേണ്ട. കാരായ്മയോ പാരമ്പര്യമോ ഒന്നുമല്ല പ്രശ്നം, ജാതിയാണെന്ന് തന്ത്രിമാരുടെ ഈ തലതിരിഞ്ഞ നിലപാടിൽ സുവ്യക്തമാണ്. ഒരു ക്ഷേത്രത്തിൽ ആറ് തന്ത്രിമാർ വേണോയെന്ന് ദേവസ്വം പുനർവിചിന്തനം നടത്തുന്നതും നല്ലതാണ്. ഒറ്റപ്പെട്ടതാണെങ്കിൽ കൂടിയും ഇത്തരം സംഭവങ്ങൾ ഹൈന്ദവ ഐക്യത്തിന് ദോഷകരമാണ്. ജാതിഭേദങ്ങൾ മറന്ന് ഒറ്റക്കെട്ടായി നിന്നെങ്കിൽ മാത്രമേ ഹൈന്ദവ സമൂഹത്തിന് നിലവിലെ വെല്ലുവിളികൾ നേരിടാനാകൂ. കൂടൽമാണിക്യത്തിൽ കണ്ടതുപോലുള്ള അന്തസില്ലാത്ത പ്രവൃത്തികളെ തള്ളിപ്പറയാൻ എല്ലാ ഹൈന്ദവപ്രസ്ഥാനങ്ങളും തയ്യാറാകണം. വ്യാഖ്യാനങ്ങൾ ചമയ്ക്കുന്തോറും ആ മുറിവിന് നീറ്റൽ കൂടുകയേയുള്ളൂ. ഗുരുദേവൻ അരുവിപ്പുറം പ്രതിഷ്ഠ നിർവഹിച്ചതിന്റെ 137-ാം വാർഷിക വേളയിൽ തന്നെ ഈ സംഭവം ചർച്ച ചെയ്യേണ്ടി വന്നതിൽ ഖേദമുണ്ട്.