പ്രതീക്ഷകളുടെ ഒരു പൂക്കാലം കൂടി

ഒരു തിരുവോണം കൂടി പടിവാതിൽക്കലെത്തി. പൊന്നിൻ ചിങ്ങത്തിനൊപ്പം ഓണക്കോടി അണിയുകയാണ് കൊല്ലവർഷം 1200. അസാധാരണ പ്രതിസന്ധികളിലൂടെ കൊച്ചുകേരളവും വലിയ ഭാരതവും കടന്നുപോകുമ്പോൾ സമത്വ സുന്ദര മാവേലിനാടിന്റെ മഹത്വത്തിന് വസന്തശോഭ. സത്യം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ മൂല്യങ്ങളെ മനുഷ്യത്വപരമായി വ്യാഖ്യാനിച്ച പഴയകാല സങ്കൽപങ്ങളായിരുന്നു മലയാളക്കരയുടെ പൂർണത. അങ്ങനെ, സന്തോഷത്തിന്റെയും ശാന്തിയുടെയും വെൺമേഘക്കീറുപോലെ മറ്റൊരു തിരുവോണം കൂടി.

മനുഷ്യമനസുകളെ മരവിപ്പിച്ച വയനാട് ദുരന്തത്തിന്റെ വേദനിപ്പിക്കുന്ന കാഴ്ചകൾ ഇപ്പോഴും നമ്മുടെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. 500ലേറെ ജീവനുകൾ കുത്തിയൊലിച്ചു കടന്നുപോയ കാഴ്‌ചകൾ ലോകത്തെ നടുക്കി. അപ്രതീക്ഷിത ദുരന്തം ഒരു ഗ്രാമത്തെ അപ്പാടെ നാമാവശേഷമാക്കി. ഉറ്റവർ നഷ്ടമായവരുടെ വേദനയുടെ നീറ്റൽ അക്ഷരങ്ങളാൽ പ്രതിഫലിപ്പിക്കാവുന്നതല്ല. എങ്കിലും മുന്നോട്ടുള്ള യാത്രയിൽ, അതിജീവിതർക്ക് ജീവിച്ചേ പറ്റൂ. കാലം ഉണക്കാത്ത മുറിവുകളില്ല. പടിയിറങ്ങിയവർക്ക് പ്രണാമമേകി ദുരന്തബാധിതരുടെ അതിജീവനത്തി ന് പ്രേരണയാകാൻ ഈ തിരുവോണത്തിന് സാധിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. ഒറ്റ രാത്രിയിൽ ഉറ്റവരെ നഷ്ടമായ കുടുംബങ്ങളുടെ നീറുന്ന വേദനയ്ക്ക് തെല്ല് ശാന്തിപകരാൻ, അവരെ കൈപിടിച്ചുയർത്താൻ ഈ ഓണക്കാലത്ത് കേരളം ഒറ്റക്കെട്ടായിനിൽക്കണം.

അസാധാരണമായ രീതിയിൽ ലോകവും സംഘർഷഭരിതമാണ്. റഷ്യ- ഉക്രൈൻ യുദ്ധവും, പശ്ചിമേഷ്യയിലെ ഇസ്രയേൽ – ഹമാസ് സംഘർഷവും ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും കലാപങ്ങളും യൂറോപ്യൻ രാജ്യങ്ങളിലെ കുടിയേറ്റ, വംശീയ പ്രശ്‌നങ്ങളും മറ്റും ഏതു നിമിഷവും ലോകത്തെ പിടിച്ചുലയ്ക്കാം. അസ്വസ്ഥതകൾ നിറഞ്ഞ അയൽരാജ്യങ്ങൾ എക്കാലത്തും ഭാരതത്തിന് ഭീഷണിയാണ്. പുറത്തെ ശത്രുക്കളെക്കാൾ അകത്തുള്ള ഛിദ്രശക്തികൾ ഉയർത്തുന്ന വെല്ലുവിളികൾ നിസാരമല്ല. ഇതിനിടെയും താരതമ്യേന സമാധാനത്തോടെ മുന്നോട്ടുപോകാൻ നമുക്കു കഴിയുന്നു. ജാതി, മത, ഭാഷാ വൈരുദ്ധ്യങ്ങൾ ഏറെയുണ്ടെങ്കിലും അസാധാരണ ഒത്തൊരുമയാണ് നമ്മുടെ കരുത്ത്. അതിനുള്ള ഏകകാരണം സമ്പന്നമായ സംസ്‌കാരവും പൈതൃകവുമാണ്. ആ സംസ്‌കാരത്തിന്റെ ഭാഗമാണ് മഹാബലിയും തിരുവോണമെന്ന സങ്കല്പവും. ഇവ നിലനിറുത്തേണ്ടത് ഓരോ തലമുറയുടെയും കടമയാണ്.

കള്ളവും ചതിവും പൊളിവചനങ്ങളുമില്ലാത്ത മനുഷ്യരെല്ലാവരും വലിപ്പച്ചെറുപ്പമില്ലാത്ത, ഉള്ളവനും ഇല്ലാത്തവനും ഇല്ലാത്ത, ഏവരും ഒരേ പോലെ ജീവിക്കുന്ന നാടെന്ന സമത്വസുന്ദരമായ സോഷ്യലിസ്റ്റ് സങ്കല്പം ലോകത്ത് ആദ്യമായി നൂറ്റാണ്ടുകൾക്ക് മുമ്പേ രൂപം കൊണ്ടത് മഹാബലിയുടെ പേരിൽ ഈ മലയാള മണ്ണിലായിരിക്കും. പക്ഷേ ആ സങ്കല്പം പ്രവൃത്തിപഥത്തിലെത്തിക്കാൻ തക്ക വിശാലമനസും വീക്ഷണവും കർമ്മശേഷിയുമുള്ള ധീരരായ ഒരു ഭരണാധികാരികളെയും നൂറ്റാണ്ടുകളായി നമുക്ക് ലഭിച്ചിട്ടില്ല. സ്വാതന്ത്ര്യാനന്തരവും അങ്ങിനെ ഉണ്ടായില്ല. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുമ്പോഴും ഇന്ത്യയിലെ കോടിക്കണക്കിന് കുടുംബങ്ങൾ തലചായ്ക്കാൻ കൂര പോലുമില്ലാതെ ജീവിക്കുന്നത്. പൊതുഇടങ്ങളിൽ വിസർജനം ഒഴിവാക്കാൻ വേണ്ടി ദരിദ്രകുടുംബങ്ങൾക്ക് കക്കൂസ് പണിതു കൊടുക്കുന്ന പദ്ധതി ആവിഷ്കരിക്കേണ്ട അവസ്ഥയിൽ രാജ്യത്തിന് എത്തേണ്ടിവന്നത്.

മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ മെച്ചമെന്നല്ലാതെ വലിയ മേന്മകളൊന്നും ദാരിദ്ര്യനിർമ്മാർജനത്തിൽ കേരളത്തിനും കൈവരിക്കാനായിട്ടില്ല. വിദ്യാഭ്യാസപരമായും ആരോഗ്യപരമായും മുന്നിലെത്താൻ കഴിഞ്ഞെങ്കിലും സാമൂഹിക പുരോഗതിയിൽ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. പാവപ്പെട്ടവനും പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിൽ നല്ലൊരു ഭാഗവും ഇന്നും കിടപ്പാടവും വേണ്ടത്ര വിദ്യാഭ്യാസവും തൊഴിലും ലഭിക്കാതെ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ തന്നെയാണ്. ഒരു നാടിന്റെ സാമൂഹിക ഉന്നതി വിലയിരുത്താൻ അവിടുത്തെ ആദിമജനവിഭാഗത്തിന്റെ സ്ഥിതി പരിശോധിച്ചാൽ മതിയെന്ന തത്വം നോക്കിയാൽ അറിയാം കേരളത്തിലെ ദുരവസ്ഥ. ഇന്നും ഏറ്റവും ദുർബല ജനവിഭാഗമായ ആദിവാസികൾ ചൂഷണത്തിന്റെ ഇരകളാണ്. അവരുടെ പേരിൽ ചെലവഴിച്ച ശതകോടികളുടെ ഫണ്ടുകൾ കൊള്ളയടിക്കപ്പെട്ടു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹികമായും പൊതുസമൂഹത്തിന് വെളിയിലാണ് അവരുടെ സ്ഥാനം. പട്ടികജാതി, പിന്നാക്കവിഭാഗക്കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്നും തൊഴിലുറപ്പിലും ഹരിതകർമ്മസേനയിലും തദ്ദേശസ്ഥാപനങ്ങളിലെ കണ്ടിജെന്റ് ജീവനക്കാരിലും വലിയൊരു വിഭാഗം പട്ടികജാതി, പിന്നാക്ക വിഭാഗക്കാരാണ്. ലക്ഷം വീടു കോളനികളുടെ പേരുമാറ്റിയതുകൊണ്ട് അവിടുത്തെ സാമൂഹിക സാഹചര്യം മാറില്ല.

കേന്ദ്രത്തിലായാലും കേരളത്തിലായാലും മാറിമാറി വന്ന സർക്കാരുകൾക്കൊന്നും തന്നെ ദാരിദ്ര്യനിർമ്മാർജനത്തിലും സാമൂഹിക, സാമ്പത്തിക സമത്വത്തിനും വേണ്ടി കാര്യമായ സംഭാവനകൾ ചെയ്യാനായിട്ടില്ലെന്ന യാഥാർത്ഥ്യം അംഗീകരിക്കാതെ വയ്യ. സമത്വസുന്ദര നാടായില്ലെങ്കിലും സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസവും ആരോഗ്യപരവുമായി അന്തസോടെ ജീവിക്കുന്ന ജനങ്ങളുടെ നാടായി, ദാരിദ്ര്യമുക്തമായി കേരളത്തെയും ഭാരതത്തെയും മാറ്റാനുള്ള ദൗത്യം ഇനിയെങ്കിലും കൈവരിക്കാൻ സർക്കാരുകൾക്കാകട്ടെ. അതിന് പിന്തുണ നൽകാൻ ഓരോ വ്യക്തിയും സംഘടനകളും സ്ഥാപനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്.

കയറിക്കിടക്കാൻ സ്വന്തമായൊരു വീടും വരുമാനമാർഗവുമാണ് പാവപ്പെട്ടവന്റെ സ്വപ്നം. അത് സാക്ഷാത്കരിക്കുകയാണ് മാവേലിരാജ്യത്തിലേക്കുള്ള, സ്ഥിതി സമത്വത്തിലേക്കുള്ള ആദ്യപടി. ഒരാൾ പോലും നാട്ടിൽ വീടില്ലാത്തവരായി ഉണ്ടാകരുതെന്ന പ്രതിജ്ഞയെടുക്കാൻ സർക്കാരുകൾ തയ്യാറാവണം. അതിന് സമയബന്ധിതമായി പദ്ധതികൾ തയ്യാറാക്കി ലക്ഷ്യത്തിലെത്തണം. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ കുതിക്കുന്ന രാജ്യത്ത് വീടും വരുമാനവും വിദ്യാഭ്യാസവും എല്ലാവർക്കും ലഭിക്കേണ്ടതുണ്ട്. ഇല്ലാത്തവർ കൂടുകയും ഉള്ളവർ വളരുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഒരു രാജ്യത്തിനും നന്നല്ല. ജാതി, മത ഭേദവും വർഗീയ, തീവ്രവാദ ശക്തികളും ഇല്ലാത്ത, ഭേദചിന്തകളില്ലാത്ത സ്നേഹവും സൗഹാർദ്ദവും വളരുന്ന, ലോകനന്മയ്ക്കായി മനുഷ്യന്റെ ചിന്തകളും ഭാവനകളും ഉദിക്കുന്ന നാളുകളാകട്ടെ വരാനിരിക്കുന്നത്.

മഹാബലിയുടെ ലോകം പോലെ സമത്വസുന്ദരവും ശാന്തസുന്ദരവുമായ ലോകസൃഷ്‌ടിക്കായി നമുക്കേവർക്കും ഒത്തുചേർന്ന് ശ്രമിക്കാം. ഈ ഓണക്കാലം മലയാളികൾക്ക് മാത്രമല്ല, എല്ലാ മനുഷ്യർക്കും നന്മയും സന്തോഷവും ഐശ്വര്യവുമേകട്ടെ…. ഏവർക്കും സ്നേഹനിർഭരമായ തിരുവോണ ആശംസകൾ.

Author

Scroll to top
Close
Browse Categories