സ്ഥിതി സമത്വത്തിനായി ഇനിയും 25 വർഷം കൂടി

ഇന്ത്യ എന്നും ലോകത്തിന് അത്ഭുതങ്ങൾ സമ്മാനിച്ച രാജ്യമാണ്. കഴിഞ്ഞ ആഗസ്റ്റ് 15ന് ഈ അത്ഭുതരാജ്യത്തിന് 75 വയസു തികഞ്ഞു. ഇത്രത്തോളം വൈജാത്യങ്ങൾ നിറഞ്ഞ ഭൂപ്രദേശവും ഭാഷയും കലയും സംസ്കാരവും ഉൾക്കൊള്ളുന്ന ജനസമൂഹം ഈ ഭൂഗോളത്തിൽ എങ്ങുമില്ല. ഒരേ ഭാഷയും മതവും സംസ്കാരവും വേഷവും പേറുന്ന രാജ്യങ്ങൾ എത്രയോ എണ്ണം ആഭ്യന്തര കലഹവും മറ്റ് പ്രശ്നങ്ങളും മൂലം പരസ്പരം കൊന്നും കൊല്ലിച്ചും ഛിന്നഭിന്നമാകുന്നതും നശിക്കുന്നതും നാം കണ്ടിട്ടുണ്ട്. എല്ലാ സാദ്ധ്യതകളും ഭീഷണിയായി നിലനിന്നിട്ടും ഇന്ത്യയ്ക്ക് ആ ഒരു ദുർഗതി ഉണ്ടായില്ല. സ്വാതന്ത്ര്യം നേടിയ വേളയിൽ ബ്രിട്ടീഷുകാരും മറ്റ് വിദേശികളും കരുതിയത് ഈ രാജ്യം താമസംവിനാ തല്ലിപ്പിരിയുമെന്നായിരുന്നു. ആ ചിന്തകളെയെല്ലാം തൂത്തെറിഞ്ഞ്, സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി കരുത്തോടെ തല ഉയർത്തി ഇന്നും നിലകൊള്ളുന്നത് യഥാർത്ഥത്തിൽ ലോകാത്ഭുതം തന്നെയാണ്. 140 കോടി ജനങ്ങളുടെ അഭിമാനവും.

75 വർഷം കൊണ്ട് സ്വതന്ത്ര ഇന്ത്യ കൈവരിച്ച അസൂയാവഹമായ നേട്ടങ്ങൾ അനവധിയുണ്ട്. പക്ഷേ അതു മതിയായിരുന്നോ എന്ന ചോദ്യം പ്രസക്തമായി തോന്നുന്ന കാരണങ്ങളും അനവധിയാണ്. സിംഗപ്പൂർ പോലെ കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം മാത്രമുള്ള രാജ്യങ്ങൾ ലോകത്തെ സാമ്പത്തിക ശക്തിയാകുമ്പോൾ ഇന്ത്യയിൽ ദാരിദ്ര്യത്തിൽ ജീവിക്കുന്ന, ഒരു നേരത്തേ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന, വിദ്യാഭ്യാസം ലഭിക്കാത്ത, ചികിത്സ ലഭിക്കാത്ത, സാമൂഹ്യനീതി അന്യമായ കോടിക്കണക്കിന് ജനങ്ങളുണ്ട്. ഭൂവിസ്‌തൃതിയിലും ജനസംഖ്യയിലും വിഭവശേഷിയിലും സാങ്കേതിക മികവിലും സൈനിക ശക്തിയിലും മുന്നിൽ നിൽക്കുന്ന ഒരു രാജ്യത്തിന് ഹിതകരമല്ലാത്ത അവസ്ഥയാണിത്. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ്അ ധിനിവേശത്തെ തുരത്താനായി പതിനായിരക്കണക്കിന് പേർഅനുഷ്ഠിച്ച ജീവത്യാഗത്തെയും സഹനത്തെയും മാനിക്കേണ്ടവരാണ് നാമെല്ലാവരും. സ്വരാജ് എന്ന സ്വപ്നത്തിനായി ജീവനും ജീവിതവും സമർപ്പിച്ചവരോട് നീതി ചെയ്യണമെങ്കിൽ ഇന്ത്യയിലെ ഓരോ പൗരനും അന്തസോടെ ജീവിക്കാൻ കഴിയണം.

കഴിഞ്ഞ 75 വർഷക്കാലത്തെ കാര്യങ്ങളിലേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കിയാൽ രാജ്യത്തെ എല്ലാവർക്കും സാമൂഹ്യനീതിയും സ്ഥിതിസമത്വവും കിട്ടിയിട്ടില്ലെന്ന് വ്യക്തമാകും. ഉള്ളവൻ കൂടുതൽ ഉള്ളവനായി വളരുകയും ഇല്ലാത്തവൻ ഇല്ലാത്തവനായി നിലനിൽക്കുകയും ചെയ്യുകയായിരുന്നു ഇത്രയും കാലവും. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇന്നും, 75 കൊല്ലത്തിന് ശേഷവും നിലനിൽക്കുന്നുവെന്ന യാഥാർത്ഥ്യവും നാം മനസിലാക്കണം. രാജ്യത്തെ ആദിവാസി ജനതയുടെ ജീവിതം ഇന്നും പരമദയനീയമാണ്. സംവരണം കൊണ്ടുവന്നിട്ടും പിന്നാക്ക, പട്ടിക വിഭാഗക്കാർക്ക് മുഖ്യധാരയിലേക്ക് ചെന്നെത്താൻ കഴിഞ്ഞിട്ടില്ല. അതിന്റെ പടിവാതിൽക്കൽ പോലും എത്തിയിട്ടില്ല. പട്ടികവർഗത്തിൽ നിന്ന് ഒരാൾ രാജ്യത്തെ പരമോന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്ത് എത്താൻ 75 വർഷം വേണ്ടിവന്നു എന്ന് വരുമ്പോൾ തന്നെ അത് സുവ്യക്തമാണ്. അർഹമായ ആനുകൂല്യങ്ങളിൽ നിന്നും അവസരങ്ങളിൽ നിന്നും ഈ കാലഘട്ടത്തിലും അവർ ആട്ടിയോടിക്കപ്പെടുന്നുണ്ട്.

കേരളത്തിൽ ആണെങ്കിൽ വോട്ടുബാങ്കിന്റെ ബലത്തിൽ ന്യൂനപക്ഷ വിഭാഗക്കാർ പൊതുവിഭവങ്ങളുടെ സിംഹഭാഗവും കൊണ്ടുപോകുന്നു. പിന്നാക്കവിഭാഗക്കാർക്ക് വേണ്ടി പറയാനോ പ്രവർത്തിക്കാനോ ആരും മുന്നോട്ടുവരുന്നുമില്ല. രാജ്യത്തെവിടെയും അടിച്ചമർത്തപ്പെട്ട അധ:സ്ഥിത, പിന്നാക്ക വിഭാഗക്കാർക്ക് ഇന്നും നീതി അകലെയാണ്. അവർക്ക് രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി അശേഷം ലഭിച്ചിട്ടില്ല. ഈ കുറവുകളെല്ലാം മനസിലാക്കി, പരിഹരിക്കാനുള്ള ആത്മാർത്ഥവും ഫലപ്രദവുമായ നീക്കമാണുണ്ടാകേണ്ടത്.

രാജ്യം മുഴുവൻ ആനന്ദാഘോഷത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം കൊണ്ടാടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കുറി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിന് വലിയ പ്രസക്തിയുണ്ട്. അടുത്ത 25 വർഷം കൊണ്ട്, സ്വാതന്ത്ര്യത്തിന്റെ ശതവാർഷികത്തിന് മുന്നേ സമത്വസുന്ദരമായ ഭാരതമെന്ന സ്വപ്നത്തിനായി പഞ്ചപ്രാണെന്ന ചിന്ത പ്രധാനമന്ത്രി മുന്നോട്ടുവച്ചത് ശുഭകരമായ കാര്യമാണ്. ഇന്ത്യയെ വികസിത രാജ്യമാക്കുക, അടിമത്ത ചങ്ങലകളുടെ ഉന്മൂലനം, പൈതൃകത്തിൽ അഭിമാനം, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കൽ, പൗരന്മാരുടെ കടമകളിൽ ബോധവാന്മാരാകൽ എന്നീ അഞ്ചു കാര്യങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞത്. സൂക്ഷ്മമായി നോക്കിയാൽ ദീർഘവീക്ഷണത്തോടെ അദ്ദേഹം വിഭാവനം ചെയ്തതാണ് പഞ്ചപ്രാൺ. അടിമത്ത ചങ്ങലകളുടെ ഉന്മൂലനം എന്ന രണ്ടാമത്തെ കാര്യത്തിനുള്ളിൽ ഒട്ടേറെ ഘടകങ്ങളുണ്ട്. 75 വർഷം കഴിഞ്ഞിട്ടും ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കവിഭാഗക്കാർ ഇന്നും ആ ചങ്ങലയിൽ നിന്ന് മുക്തരായിട്ടില്ലെന്ന് കൂടി ഈ പ്രസ്താവനയെ വ്യാഖ്യാനിക്കാം. വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യസുരക്ഷാ പദ്ധതികളിലൂടെയും വേണം ഇവരെ ചങ്ങലകളിൽ നിന്ന് മോചിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത്. അതിനുള്ള ആത്മാർത്ഥമായ ശ്രമം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടത്തിയാൽ 75 വർഷത്തെ നഷ്ടം നികത്താൻ 25 വർഷം തന്നെ അധികമാണ്. കാൽ നൂറ്റാണ്ട് ചെറിയൊരു കാലഘട്ടമല്ല. അടുത്ത തലമുറയെ ജാതിഭേദങ്ങളിൽ നിന്ന്, വിവേചനങ്ങളിൽ നിന്ന്, ദാരിദ്ര്യത്തിൽ നിന്ന് തുടങ്ങി എല്ലാവിധ ചങ്ങലക്കെട്ടുകളിൽ നിന്നും മോചിപ്പിച്ച് ശക്തമായ ഭാരതത്തിന്റെ അതിശക്തരായ പൗരന്മാരാക്കി വളർത്താനുള്ള സമയമാണിത്. അതിനുള്ള പ്രയത്നവും ആർജവവും പ്രധാനമന്ത്രിയും കേന്ദ്രവും സംസ്ഥാനങ്ങളും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ കാണിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ ലക്ഷ്യങ്ങൾ നേടാനുള്ള നിശ്ചയദാർഢ്യം തുടർസർക്കാരുകളും ഏറ്റെടുത്തെങ്കിലേ ഈ പ്രഖ്യാപനം ഫലപ്രാപ്തിയിലെത്തൂ.

മാവേലിനാട് പോലെ എല്ലാവരും ഒന്നുപോലെ വാഴുന്ന, ചൂഷണങ്ങൾ അന്യമായ, വിവേചനങ്ങളിൽ നിന്ന് മുക്തമായ, ഏവരെയും ഒന്നായി കാണുവാൻ സാധിക്കുന്ന അവസ്ഥാവിശേഷം രാജ്യത്തുണ്ടാകാൻ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വഴിയൊരുക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

Author

Scroll to top
Close
Browse Categories