സര്‍ക്കാരിന്റെ ഫയല്‍ പരിഷ്‌കാരം വിജയിക്കട്ടെ…

സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിത്യശാപമാണ് ചുവപ്പുനാടക്കുരുക്ക്. ഒരു മൊട്ടുസൂചി വാങ്ങാനോ, ചെറിയൊരു ആനുകൂല്യം അനുവദിക്കാനോ പോലും പല തട്ടുകളില്‍ അനുമതി തേടി ഫയലുകള്‍ ഒച്ചിഴയുംപോലെ മാസങ്ങള്‍ സഞ്ചരിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. അനിശ്ചിതമായ ഈ കാലതാമസത്തിന് ഒരു ന്യായീകരണവുമില്ല. വിശേഷിച്ച് ഡിജിറ്റല്‍ കാലത്ത്. കാലം മാറിയിട്ടും സാങ്കേതിക വിദ്യകള്‍ മാറിയിട്ടും സമീപനം മാറില്ലെന്ന് ശഠിക്കുന്ന ജീവനക്കാരെ വച്ചുവാഴിക്കേണ്ട കാര്യം സര്‍ക്കാരുകള്‍ക്കോ ജനങ്ങള്‍ക്കോ ഇല്ല. ജനങ്ങളില്‍ നിന്ന് എണ്ണിവാങ്ങുന്ന കരം കൊണ്ടാണ് തങ്ങള്‍ അന്നമുണ്ണുന്നതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരിച്ചറിയേണ്ട കാലം വരേണ്ടതുണ്ട്.

ഒട്ടേറെ പേരുടെ ജീവിതവും കണ്ണീരും പ്രതീക്ഷകളും തുടിക്കുന്നതാണ് ഓരോ ഫയലും. അതില്‍ അടയിരുന്നും കുനുഷ്‌ടുകള്‍ എഴുതിയും തട്ടിക്കളിക്കുന്നത് വിനോദമാക്കിയ ക്‌ളാര്‍ക്ക് മുതല്‍ സെക്രട്ടറിമാര്‍ വരെയുള്ള കുറേ ഉദ്യോഗസ്ഥരാണ് ഏത് സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുവാന്‍ മുന്നില്‍ നില്‍ക്കുന്നത്. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവര്‍ക്കും ഇവര്‍ ദുഷ്‌പേരുണ്ടാക്കുന്നു.

സര്‍വീസ് സംഘടനകളുടെ സംഘബലം കൊണ്ട് ഇത്തരം കഴിവുകെട്ടവരും ദുര്‍ബുദ്ധികളും അലസന്മാരുമായ ജീവനക്കാര്‍ക്കെതിരെ ശക്തമായ ഒരു നടപടിയും സാദ്ധ്യമായിരുന്നില്ല. ഫയല്‍ സമ്പ്രദായം കാര്യമായി പരിഷ്‌കരിക്കാനോ സമയബന്ധിതമാക്കാനോ ഇതുവരെ ഒരു സര്‍ക്കാരും ധൈര്യം കാട്ടിയിട്ടില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അക്കാര്യത്തില്‍ ഭാവാത്മകമായ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയാണ്. തുടക്കം ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ തന്നെയാണ്. അതും നന്നായി. സെക്രട്ടേറിയറ്റിലെ 46 വകുപ്പുകളിലെ ഫയലുകള്‍ ഇനി രണ്ടു തട്ടില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഒരു അസിസ്റ്റന്റിന്റെ മേശപ്പുറത്ത് പിറക്കുന്ന ഫയലുകള്‍ പലതും എട്ടുതട്ടുകള്‍ വരെ സഞ്ചരിച്ചാണ് വിശകലനവും നോട്ടെഴുത്തും മറ്റും കഴിഞ്ഞ് വകുപ്പ് സെക്രട്ടറിയുടെ മുമ്പാകെ എത്തുന്നത്. മന്ത്രിമാര്‍ കാണേണ്ട ഫയലുകള്‍ ഇനി അണ്ടര്‍ സെക്രട്ടറിക്ക് ശേഷം ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷല്‍ സെക്രട്ടറി എന്നിവരില്‍ ആരെങ്കിലും കണ്ടാല്‍ മതിയാകും. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് വിപ്‌ളവകരമായ പരിഷ്‌കാരത്തിന്റെ തുടക്കമാണ്. സര്‍വീസ് സംഘടനകള്‍ ഇത്രത്തോളം ശക്തമായ മറ്റൊരു സംസ്ഥാന സെക്രട്ടേറിയറ്റ് വേറെ ഉണ്ടാകില്ല. ഹാജര്‍ ഉറപ്പാക്കാനുള്ള പഞ്ചിംഗ് സമ്പ്രദായത്തിനെ പോലും ശക്തിയുക്തം എതിര്‍ത്തവരാണ് യൂണിയനുകള്‍. എന്തുകൊണ്ടോ പുതിയ പരിഷ്‌കാരനീക്കങ്ങളോട് അവര്‍ പൊതുവേ മൗനം പാലിക്കുകയാണ്.

ജനങ്ങളെ സേവിക്കുക എന്നതിലുപരി സ്വന്തം സ്വാര്‍ത്ഥമായ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണ് നല്ലൊരുഭാഗം സര്‍ക്കാര്‍ ജീവനക്കാരും. സര്‍ക്കാരിനു കീഴില്‍ ഏറ്റവുധികം ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളില്‍ ഒന്നായ കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അവിടെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ അടുത്തിടെയാണ് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത്.

ഈയൊരു പശ്ചാത്തലത്തില്‍ തന്നെ വേണം കേരളത്തിന്റെ ചീഫ് സെക്രട്ടറി വി.പി.ജോയിയും സംഘവും ഗുജറാത്തിലെ ഭരണമാതൃക പഠിക്കാന്‍ പോയ സംഭവത്തെ വിലയിരുത്തേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആവിഷ്‌കരിച്ച ഡാഷ് ബോര്‍ഡ് സംവിധാനം ഇന്ന് രാജ്യത്ത് തന്നെ മാതൃകയാണ്. മുഖ്യമന്ത്രിക്ക് എല്ലാ വകുപ്പുകളിലെയും കാര്യങ്ങള്‍ ഡാഷ് ബോര്‍ഡിലൂടെ ഫയലുകള്‍ വിളിച്ചുവരുത്താതെ തന്നെ പരിശോധിക്കാനാകും. 2000ലേറെ പദ്ധതികളുടെ ഓരോ ചലനവും നിരീക്ഷിക്കാം. കേരളത്തില്‍ മാസങ്ങളെടുക്കുന്ന ഈ പ്രക്രിയയ്ക്ക് ഗുജറാത്തില്‍ മിനിറ്റുകള്‍ മതിയാകും. ഭരണം പഠിക്കാന്‍ കേരളം ഗുജറാത്തില്‍ പോകേണ്ടതുണ്ടോ എന്നു ചോദിച്ച് പരിഹസിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി മനസിലാക്കണം. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന, ഗുണകരമാകുന്ന കാര്യങ്ങള്‍ എവിടെയാണെങ്കിലും പഠിച്ച് നടപ്പാക്കുകയാണ് വേണ്ടത്. ആ സമീപനത്തെ അപഹസിക്കുന്നവരെ ഗൗനിക്കേണ്ട കാര്യം പോലുമില്ല.
വില്ലേജ് ഓഫീസ് തലങ്ങളില്‍ അഞ്ചുമിനിറ്റില്‍ തീരുമാനമെടുക്കേണ്ട ഫയലുകള്‍ പോലും അഞ്ചുവര്‍ഷമായിട്ടും കെട്ടിക്കിടക്കുന്നുണ്ട്.

ഓരോ ഫയലും ഒരു ജീവിതമാണെന്ന കാര്യം എപ്പോഴും മനസിലുണ്ടാകണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉപദേശം നല്‍കിയാണ് പ്രഥമ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റത്. ജീവനക്കാരില്‍ ഏറിയ പങ്കും അത് കേട്ടഭാവം ഇപ്പോഴും കാണിക്കുന്നില്ല. വിശേഷിച്ച് ജനങ്ങള്‍ ഏറ്റവുമധികം ബന്ധപ്പെടുന്ന വകുപ്പുകളില്‍.

കഴിഞ്ഞ ജനുവരിയില്‍ എറണാകുളം പറവൂര്‍ മാല്യങ്കര കോയിക്കല്‍ വീട്ടില്‍ സജീവന്‍ എന്ന സാധുവായ മത്സ്യത്തൊഴിലാളി ഒരു കഷണം കയറില്‍ ജീവനൊടുക്കിയത്‌റവന്യൂ രേഖയില്‍ നിലമായി കിടന്ന ആകെയുള്ള നാല് സെന്റ് കിടപ്പാടം തരംമാറ്റി പുരയിടമാക്കാന്‍ ഒന്നര വര്‍ഷം വില്ലേജ്, താലൂക്ക്, ആര്‍.ഡി.ഒ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത് ഗതികെട്ടാണ്. ആ നിര്‍ധന കുടുംബത്തിന്റെ പത്ത് ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യത എസ്.എന്‍.ഡി.പി യോഗം ഏറ്റെടുക്കുകയായിരുന്നു. ഇങ്ങിനെ എത്രയോ സജീവന്മാരുടെ മരണത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ നിസംഗത വഴിയൊരുക്കി. ആത്യന്തികമായി ഇതിന് സമാധാനം പറയേണ്ടത് സര്‍ക്കാരുകളുമാണ്. പരാതികള്‍ ഒരുപാട് കേള്‍പ്പിക്കുന്ന റവന്യൂ വകുപ്പില്‍ നിന്ന് നല്‍കേണ്ട വരുമാന, ജാതി, നോണ്‍ക്രീമിലെയര്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനാക്കിയതുള്‍പ്പടെയുള്ള പരിഷ്‌കാരങ്ങള്‍ ജനങ്ങള്‍ക്ക് വളരെ സഹായകരമായിട്ടുണ്ട്. രജിസ്‌ട്രേഷന്‍, റവന്യൂ, ഭൂസര്‍വേ വകുപ്പുകള്‍ സംയോജിപ്പിക്കുന്ന ഡിജിറ്റല്‍ സംവിധാനവും താമസിയാതെ കേരളത്തില്‍ നടപ്പിലാകുമെന്നതും സന്തോഷകരമായ കാര്യമാണ്. സെക്രട്ടേറിയറ്റില്‍ തുടങ്ങിവച്ച പരിഷ്‌കാരങ്ങള്‍ അധികം വൈകാതെ എല്ലാ വകുപ്പുകളിലേക്കും എത്തിക്കണമെന്നാണ് സര്‍ക്കാരിനോട് അപേക്ഷിക്കാനുള്ളത്. സര്‍ക്കാര്‍ ഓഫീസുകളില്‍ വരുന്ന സാധാരണക്കാരനെ അതിഥിയായി പരിഗണിച്ച് ബഹുമാനിക്കുന്ന കാലമാണ് വരേണ്ടത്. അങ്ങിനെ സംഭവിക്കാന്‍ പുതിയ പരിഷ്‌കാരങ്ങള്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം

Author

Scroll to top
Close
Browse Categories