വേണം വീണ്ടുമൊരു
ക്ഷേത്രപ്രവേശന വിളംബരം
കേരളത്തിൽ അവർണർക്ക് ക്ഷേത്രദർശനം അനുവദിച്ച ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത് 1936ലാണ്. വർഷം 86 കഴിഞ്ഞു. കാലവും ലോകവും മാറി. എന്നിട്ടും ഈ ഡിജിറ്റൽ യുഗത്തിലും ക്ഷേത്രങ്ങളിൽ ആർക്കൊക്കെ കയറാം എന്ന് നാം ചർച്ച ചെയ്യേണ്ടി വരുന്നത് കഷ്ടമാണ്. വിശ്വാസികളായ അഹിന്ദുക്കൾക്ക് എന്തിന് ക്ഷേത്രപ്രവേശനം നിഷേധിക്കണമെന്ന തീർത്തും പ്രസക്തമായ ഒരു ചോദ്യം മദ്രാസ് ഹൈക്കോടതി ഉന്നയിച്ചതാണ് ഇങ്ങിനെ ചിന്തിക്കാൻ കാരണം.
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ പ്രശസ്തമായ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിൽ ജൂലായ് 6ന് നടന്ന കുംഭാഭിഷേക ചടങ്ങിന് ക്രിസ്തുമത വിശ്വാസിയായ ഒരു സംസ്ഥാനമന്ത്രി പങ്കെടുക്കുന്നതിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളിയാണ് അഹിന്ദുക്കൾക്ക് തങ്ങൾക്ക് വിശ്വാസമുള്ള ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന് മദ്രാസ് ഹൈക്കോടതി അസന്നിഗ്ദ്ധമായി വിധി പ്രസ്താവിച്ചത്. ഇത്തരം കഴമ്പില്ലാത്ത ഹർജികളെയും ഡിവിഷൻ ബെഞ്ച് വിമർശിച്ചു.
ഈ ഭൂഗോളത്തിൽ മനുഷ്യൻ ഉണ്ടായ ശേഷമാണ് മതവും ജാതിയുമാെക്കെ പിറന്നത്. ഇന്ത്യയാണെങ്കിൽ ആർക്കും ഏതുമതത്തിലും ഏതു ദൈവത്തിലും എത്ര ദൈവത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാടും. പരമ്പരാഗതമായി തന്നെ മതസഹിഷ്ണുതയുള്ളവരാണ് ഭാരതീയർ. അതുകൊണ്ടാണല്ലോ ജീവരക്ഷാർത്ഥം അഭയം തേടിയെത്തിയ ജൂതരും പാഴ്സികളും സൗരാഷ്ട്രരും അടക്കം അനവധി മതവിഭാഗക്കാരെ ഭാരതം ഇരുകൈകളും നീട്ടി സ്വീകരിച്ചത്. ആക്രമണകാരികളായെത്തിയ വൈദേശിക മതങ്ങളെയും ഉൾക്കൊണ്ടത്.
ഇന്ത്യയിലെ ഹൈന്ദവേതര മതങ്ങളുടെ ആരാധനാലയങ്ങളിൽ ആർക്കും കയറാനാകും. മുസ്ളീം തീർത്ഥാടന കേന്ദ്രങ്ങളായ നാഗൂരിലും അജ്മീറിലും ക്രൈസ്തവരുടെ പുണ്യസ്ഥലമായ വേളാങ്കണ്ണിയിലും മറ്റും ഇത്തരം അപരിഷ്കൃതമായ നിബന്ധനകളില്ല. ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളിലും പ്രവേശന വിലക്കുകളില്ല. ഒട്ടേറെ ക്ഷേത്രങ്ങളിൽ ഭക്തന് ബിംബത്തിൽ നേരിട്ട് അർച്ചന നടത്തുക പോലുമാകാം.
വിശ്വപ്രസിദ്ധമായ പളനി ശ്രീമുരുക ക്ഷേത്രത്തിലും തിരുപ്പതി ശ്രീവെങ്കടേശ്വര ക്ഷേത്രത്തിലും ആരെയും തടയുന്നില്ല. വ്രതശുദ്ധിയോടെ ജനകോടികളെത്തുന്ന ശബരിമല ധർമ്മശാസ്താ ക്ഷേത്രം മാതൃകയായി നിലകൊള്ളുമ്പോൾ കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന തീണ്ടൽപ്പലകകൾ എന്തിന്. ഏകദൈവ വിശ്വാസികളാണ് മുസ്ളീങ്ങളും ക്രിസ്ത്യാനികളും. മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിക്കുന്ന ഹൈന്ദവരുടെ ഏതെങ്കിലും ദൈവത്തോട് ഭക്തി തോന്നിയാൽ ഇവരെ എന്തിന് തടയണം. ആദരവോടെ, വിശ്വാസത്തോടെ ആചാരമര്യാദകളോടെ അവരും ക്ഷേത്രങ്ങളിലെത്തട്ടെ. വിലക്കുകളുടെ കാലത്ത് നിന്ന് പരസ്പര വിശ്വാസത്തിന്റെയും തുറന്ന മനസുകളുടെയും കാലത്തേക്ക് എത്തേണ്ട സമയമാണിത്.
അനാചാരങ്ങൾ തുടച്ചുനീക്കുമ്പോൾ തന്നെ നിലവിലുള്ള ആചാരങ്ങൾ കാലോചിതമായി പരിഷ്കരിക്കുകയും വേണം. അത്തരമൊരു ആചാരമാണ് ചുറ്റമ്പലത്തിന് അകത്ത് കയറണമെങ്കിൽ മേൽവസ്ത്രം ഉൗരണമെന്നത്. പ്രധാനമായും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലാണ് ഇക്കാര്യത്തിൽ ശാഠ്യം. ഷർട്ടും പാന്റ്സും ഈ നാട്ടിൽ അവതരിക്കും മുമ്പുള്ള രീതികളാണിവ. ക്ഷേത്രത്തിനുള്ളിൽ പാന്റ്സ് ആകാം, പക്ഷേ ഷർട്ടൂരണം എന്ന സമ്പ്രദായം ആരാണാവോ ഇവിടെ നടപ്പാക്കിയത്. ഏതോ വിവരദോഷിയുടെ തീരുമാനം അതേപടി പിന്തുടരാൻ സമൂഹത്തിന് ഒരു ബാദ്ധ്യതയുമില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ ചുരിദാർ പാടില്ലെന്ന ചട്ടം മാറ്റിയിട്ട് ഭഗവാൻ കൃഷ്ണനോ ക്ഷേത്രത്തിനോ ജനങ്ങൾക്കോ ഒന്നും സംഭവിച്ചില്ല. ഭക്തപ്രവാഹത്തിന് ശക്തിയേറിയെന്നേയുള്ളൂ. കേരളത്തിൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾ നടത്തുന്ന ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറാം. ആരും തടയില്ല. അതുകൊണ്ട് ഒരു അനർത്ഥവും സംഭവിച്ചിട്ടില്ല. അഭിമാനകരമായ നവോത്ഥാന സ്മരണകൾ സ്പന്ദിക്കുന്ന കേരളത്തിൽ നിന്ന് ഇത്തരം അനാചാരങ്ങളെ പിഴുതെറിയാൻ സർക്കാർ നിയന്ത്രിക്കുന്ന ദേവസ്വം ബോർഡുകൾ മുന്നോട്ടുവരാൻ മടിക്കരുത്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഇന്നും പിന്നാക്ക, അധ:സ്ഥിത വർഗങ്ങൾക്ക് വേണ്ട അംഗീകാരമോ, സ്വാതന്ത്ര്യമോ, സ്വാധീനമോ ലഭിച്ചിട്ടില്ല. പല അനാചാരങ്ങളും തുടരാൻ കാരണവും ഈ പ്രതിഭാസമാണ്. മാടനെയും മറുതയെയും എടുത്തെറിഞ്ഞ് പിന്നാക്കക്കാർക്ക് അനുവദിക്കപ്പെട്ട മദ്യ, മാംസ അർച്ചനകളും പ്രാകൃതപൂജകളും മറ്റും അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങിയ, ജാതിമത ഭേദങ്ങൾക്കെതിരെ ആത്മീയവിപ്ളവം സൃഷ്ടിച്ച ശ്രീനാരായണ ഗുരുദേവന്റെ മണ്ണാണിതെന്ന് സർക്കാരും സമൂഹവും വിസ്മരിക്കരുത്.
57 വർഷമായി ആലപ്പുഴയിലെ പ്രശസ്തമായ കണിച്ചുകുളങ്ങര ക്ഷേത്രം പ്രസിഡന്റു കൂടിയാണ് ഞാൻ. ക്രിസ്ത്യാനിയായ ചാരങ്ങാട്ട് അച്ചോ ജോണെന്നയാൾ ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ ക്ഷേത്രത്തിന്റെ സെക്രട്ടറിയായിരുന്നെന്ന് പറഞ്ഞാൽ ഇന്നും അവിശ്വസനീയമായി തോന്നും. സ്വകാര്യഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രം പൊതുജനങ്ങൾക്ക് വിട്ടുകൊടുപ്പിക്കാൻ മുൻകൈ എടുത്തയാളാണ് അച്ചോ ജോൺ. അതുകൊണ്ട് നാട്ടുകാർ നിർബന്ധിച്ച് അദ്ദേഹത്തെ സെക്രട്ടറി ആക്കുകയായിരുന്നു. ഇന്ന് കേരളത്തിലെ തന്നെ മഹാക്ഷേത്രങ്ങളിലൊന്നായി കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം മാറി. അച്ചോ ജോൺ എട്ട് വർഷത്തോളം സെക്രട്ടറിയായി തുടർന്നു.
പുരോഗമനാശയങ്ങളും പുതിയ പരിഷ്കാരങ്ങളും സൗകര്യങ്ങളും കാലാനുസൃതമായി സ്വാംശീകരിച്ചെങ്കിലേ ഏതൊരു വിശ്വാസവും മനസുകളിലേക്ക് സ്വയമേവ ഒഴുകിച്ചെല്ലൂ. നൂറ്റാണ്ടുകൾ ഇന്ത്യയെ ചവിട്ടി മെതിച്ച വൈദേശിക ശക്തികൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച അവരുടെ മതങ്ങൾക്ക് ഭാരതത്തെ കീഴ്പെടുത്താൻ സാധിക്കാത്തതിന് കാരണവും ഇതു തന്നെയാണ്. ഭക്തിയിലും സ്നേഹത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമാകണം മതം. മതശാസനകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരെ അകറ്റി നിറുത്തണം.
ഈ കാലഘട്ടത്തിൽ മദ്രാസ് ഹൈക്കോടതിയുടെ വിധി നമുക്കും സർക്കാരിനും മാർഗരേഖയായി മാറണം. മതഭേദമെന്യേ വിശ്വാസികൾക്കെല്ലാം ക്ഷേത്രപ്രവേശനത്തിനും ആരാധനയ്ക്കും വഴിപാടു സമർപ്പണത്തിനും അവസരം ഒരുക്കണം. ക്രൈസ്തവനായ ഗാനഗന്ധവൻ കെ.ജെ.യേശുദാസിന്റെ സ്വരമാധുരിയിൽ പിറന്ന ദേവസ്തുതി കേൾക്കാത്ത ക്ഷേത്രങ്ങളില്ലെന്നും അതിൽ അലിയാത്ത ഹൈന്ദവരുമില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും യേശുദാസിന് പ്രിയദേവനായ ഗുരുവായൂരപ്പന്റെ സന്നിധിയിലേക്ക് എത്താനായിട്ടില്ല. ആ കളങ്കമുൾപ്പടെ എന്നെന്നേയ്ക്കുമായി തുടച്ചുനീക്കാനുള്ള അവസരമായി ഹൈക്കോടതി വിധിയെ കാണണം.