മുല്ലപ്പെരിയാര്‍: ജലം കൊണ്ട് മനസുകളെ മുറിവേല്‍പ്പിക്കരുത്

ലോകത്ത് തന്നെ ഏറ്റവും പഴക്കം ചെന്ന സജീവ ഡാമുകളിലൊന്നാണ് മുല്ലപ്പെരിയാര്‍. 125 വര്‍ഷം പിന്നിടുന്ന ഈ ഡാം ഡീകമ്മിഷന്‍ ചെയ്യേണ്ട കാലം കഴിഞ്ഞുവെന്ന കാര്യത്തില്‍ കുറേ തമിഴ്‌നാട്ടുകാരൊഴികെ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല.

മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ വീണ്ടുമൊരു ആശങ്കാതരംഗം കേരളത്തില്‍ ഏതാനും ദിവസങ്ങളായി രൂപം കൊള്ളുന്നുണ്ട്. അതെന്തായാലും സ്വാഭാവികമായി ഉരുത്തിരിയുന്നതല്ലെന്ന് വ്യക്തം.

രണ്ട് സംസ്ഥാനങ്ങളിലെ കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയമാണിത്. ഏതര്‍ത്ഥത്തില്‍ നോക്കിയാലും ജലബോംബ് തന്നെ. ഡാം പൊട്ടിയാലുണ്ടാകുന്ന ദുരന്തത്തേപ്പോലെ തന്നെ അപകടകരമാണ് അപക്വമായ അഭിപ്രായപ്രകടനങ്ങളും അതുയര്‍ത്തുന്ന വൈരാഗ്യവും.

സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കാതെ വിവേകപൂര്‍വം അനുനയ സമീപനത്താല്‍ പുതിയൊരു ഡാം പണിയാനുള്ള ശ്രമം നടത്തുന്നതിന് പകരം വികാരം കത്തിക്കാനുള്ള ഒരു നീക്കവും നല്ലതല്ല. വൈകാരികതയുടെ കാര്യത്തില്‍ തമിഴ് ജനത ആര്‍ക്കും പിന്നിലുമല്ല. ആശയങ്ങള്‍ക്ക് വേണ്ടി ആത്മാഹുതി ചെയ്യാന്‍ വരെ മടിയില്ലാത്തവരാണ് തമിഴര്‍. വികാരത്തേക്കാള്‍ വിവേകത്തിനാണ് ഇവിടെ പ്രധാന്യവും പ്രസക്തിയും.

തമിഴ്‌നാട് അതിര്‍ത്തിയില്‍ പശ്ചിമഘട്ടത്തിലെ ശിവഗിരി മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന നദിയില്‍ അണകെട്ടാനുള്ള പദ്ധതി ബ്രിട്ടീഷുകാരുടേതായിരുന്നു. അങ്ങിനെയാണ് കേരളത്തിന്റെ, അന്നത്തെ തിരുവിതാംകൂറിന്റെ മണ്ണിലൂടൊഴുകുന്ന നദിയില്‍ തമിഴ്‌നാടിന് വേണ്ടി അണയൊരുങ്ങിയത്. 1886 ഒക്ടോബര്‍ 29ന് അന്നത്തെ തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ ബ്രിട്ടീഷുകാരുടെ സമ്മര്‍ദതന്ത്രത്തില്‍ കുടുങ്ങി ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു അണ നിര്‍മ്മാണം.

1895ല്‍ ഡാം കമ്മിഷന്‍ ചെയ്തു. 50-60 വര്‍ഷം ആയുസുള്ള ഡാം 125 വര്‍ഷം പിന്നിട്ടത് സായിപ്പിന്റെ മിടുക്കിന്റെ ബലത്തിലാണ്. യന്ത്രസഹായമൊന്നും ഇല്ലാതെ സുര്‍ക്കിയും ചുണ്ണാമ്പും കൊണ്ട് കല്ലടുക്കി നിര്‍മ്മിച്ച ഭീമന്‍ അണക്കെട്ടാണ് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകള്‍ അവലംബിച്ച് കെട്ടിപ്പൊക്കിയ പാലാരിവട്ടം പാലം രണ്ട് വര്‍ഷം തികയും മുമ്പ് തകര്‍ന്നത് കണ്ട നാം ഭയപ്പെട്ടല്ലേ തീരൂ…..

ജലസമൃദ്ധിയില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് വെള്ളത്തിന്റെ വിലയറിയില്ല. അതേ സമയം ഓരോ തുള്ളി വെള്ളത്തിന്റെയും തണുപ്പറിയുന്നവരാണ് തമിഴര്‍. കര്‍ണാടകയും തമിഴ്‌നാടുമായുണ്ടായ കാവേരി നദീജല തര്‍ക്കം അതിന് ഉദാഹരണമാണ്.

ഊഷരഭൂമിയായിരുന്ന മധുര, രാമനാഥപുരം, ഡിണ്ടിഗല്‍, ശിവഗംഗ, തേനി ജില്ലകളിലായി ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയെ കാര്‍ഷിക സമൃദ്ധിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് മുല്ലപ്പെരിയാറിലെ ജലം കൊണ്ടാണ്. മലതുരന്ന് പൈപ്പിലൂടെ വൈരവനാറിലൂടെ ഒഴുകി വൈഗ നദിയിലെത്തിച്ച ജലമാണ് തമിഴ്‌നാടിനെ കീറിമുറിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലമില്ലാതാകുന്ന കാര്യം തമിഴ്‌നാടിന് ചിന്തിക്കാനാവില്ല. അതേസമയം കേരളത്തിലെ ജനങ്ങളുടെ മനസിലെ തീയുടെ ചൂട് അവര്‍ അറിയുകയും വേണം. അതിന് വിദ്വേഷപ്രകടനങ്ങളല്ല ആവശ്യം. നവമാദ്ധ്യമങ്ങളിലൂടെ അപക്വമായ അഭിപ്രായപ്രകടനങ്ങള്‍ കാര്യങ്ങള്‍ വഷളാക്കുകയേയുള്ളൂ. തമിഴ്‌നാട്ടിലും മുല്ലപ്പെരിയാര്‍ പ്രശ്‌നം രാഷ്ട്രീയ വില്‍പ്പനചരക്കാണെന്ന കാര്യം നാം വിസ്മരിക്കരുത്.

മുല്ലപ്പെരിയാര്‍ ഡാമുണ്ടായ കാലം മുതല്‍ മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ തിരിച്ചടികള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. പാട്ടക്കരാര്‍ തുടങ്ങി അവസാനത്തെ സുപ്രീം കോടതി വിധി വരെ അങ്ങിനെ തന്നെയായിരുന്നു. കൗശലത്തോടെ കേസു നടത്താനും സമ്മര്‍ദ്ദതന്ത്രങ്ങള്‍ പയറ്റാനും ഏതുവഴിയിലൂടെയും വിജയിക്കാനും രാഷ്ട്രീയത്തിനതീതമായി തമിഴര്‍ ഒറ്റക്കെട്ടായി മുന്നില്‍ നിന്നു. നാം മലയാളികള്‍ എന്തൊക്കെ പ്രശ്‌നമുണ്ടാക്കിയാലും പച്ചതൊടില്ലെന്ന് നിശ്ചയമാണ്. ഒരുമയില്ലാതെ, ആസൂത്രണമില്ലാതെ, ഗൃഹപാഠം ചെയ്യാതെ, അവിഹിത നേട്ടങ്ങള്‍ക്ക് വേണ്ടി നമ്മുടെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വിടുപണി ചെയ്തതിന്റെ ഫലമാണ് നാമിന്ന് മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ അനുഭവിക്കുന്നത്.

കേരളത്തിന്റെ നാലിരട്ടി വലുപ്പമുള്ള, രണ്ടിരട്ടി ജനങ്ങളുള്ള തമിഴ്‌നാടിന് വെള്ളമൊഴികെ കേരളത്തില്‍ നിന്ന് ഒന്നും വേണ്ട. ജോലി തേടി തമിഴര്‍ കേരളത്തെ ആശ്രയിച്ചിരുന്ന കാലവും കഴിഞ്ഞു. നമ്മുടെ കാര്യമാണെങ്കില്‍ മറിച്ചാണുതാനും. തമിഴന്റെ അരിയും പച്ചക്കറിയും സാധനസാമഗ്രികളുമില്ലാതെ നമ്മുടെ അടുക്കള പുകയില്ല.

മുല്ലപ്പെരിയാറിന്റെ പേരില്‍ അനാവശ്യമായ ആശങ്കകള്‍ ജനങ്ങളില്‍ വളര്‍ത്താനുള്ള ശ്രമങ്ങളെ തടയുന്നതാണ് നല്ലത്. 2011ല്‍ അന്നത്തെ ജലവിഭവമന്ത്രി പി.ജെ.ജോസഫ് തനിക്ക് മുല്ലപ്പെരിയാര്‍ പൊട്ടുന്ന കാര്യമോര്‍ത്ത് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വിലപിച്ചത് ക്ഷണനേരം കൊണ്ട് കേരളത്തെയാകെ ആശങ്കയിലാക്കി. സമരങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറി. എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകരും വമ്പന്‍ പ്രതിഷേധ പ്രകടനം ഹൈറേഞ്ചില്‍ നടത്തി. മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടുമെന്ന് ഭയന്ന് ഇടുക്കിയിലെ നിരവധി കര്‍ഷകരും വീട്ടുകാരും പൊട്ടവിലയ്ക്ക് കിടപ്പാടവും കൃഷിഭൂമിയും വിറ്റ് നാടുവിട്ടു. പത്തുവര്‍ഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അന്നു സമരത്തിനിറങ്ങിയവര്‍ മണ്ടന്മാരായി. തമിഴ്‌നാട്ടിലും കേരളത്തിനെതിരെ പ്രകടനം നടന്നു. രണ്ട് സംസ്ഥാനങ്ങളിലും ഈ സങ്കീര്‍ണപ്രശ്‌നത്തില്‍ മുതലെടുത്തവരും മുതലെടുക്കാന്‍ കാത്തിരിക്കുന്നവരും നിരവധിയുണ്ട്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് തന്നെയാണ് പ്രശ്‌നത്തിന് ശാശ്വത പരിഹാരം. സമവായത്തിന്റെ വഴിയാണ് അഭികാമ്യവും. അതിന് ഏറ്റവും അനുകൂല സാഹചര്യം ഇപ്പോഴുണ്ട്. തമിഴ്‌നാട്ടിലെ പുതിയ ഡി.എം.കെ സര്‍ക്കാരും കേരള സര്‍ക്കാരും തമ്മിലും മുഖ്യമന്ത്രിമാര്‍ തമ്മിലുമുള്ളത് ഊഷ്മളമായ ബന്ധമാണ്. പരസ്പര വിശ്വാസം വളര്‍ത്തുന്ന സമീപനങ്ങളോടെ, ചര്‍ച്ചകളിലൂടെ എത്രയും വേഗം ഈ പ്രശ്‌നത്തിന് സമാധാനപരവും സന്തോഷകരവുമായ പരിഹാരം രണ്ട് സംസ്ഥാനങ്ങളും ചേര്‍ന്ന് സൃഷ്ടിച്ചെടുക്കാനുള്ള അനുകൂല സമയവും സാഹചര്യവുമാണിപ്പോള്‍. അത് പാഴാക്കരുത്.

Author

Scroll to top
Close
Browse Categories