ഇന്ദ്രപ്രസ്ഥത്തിലേക്ക് ദ്രൗപദി മുർമു
രാഷ്ട്രപതി ഭവനിലെ പരമോന്നത പദവിയിൽ ചരിത്രത്തിലാദ്യമായി ഒരു ആദിവാസി, അതും ഒരു വനിത എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ഭാരതജനത. ദ്രൗപദി മുർമുവെന്ന ഈ അസാധാരണയായ രാഷ്ട്രീയ നേതാവ് പിന്നാക്ക സംസ്ഥാനമായ ഒഡിഷയിലെ പിന്നാക്കത്തിലും പിന്നാക്കമായ ഗ്രാമത്തിൽ നിന്ന് ഉദിച്ചുയർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ സൂര്യശോഭ ചൊരിയാനുള്ള പ്രയാണത്തിലാണ്. കേന്ദ്രം ഭരിക്കുന്ന, ബി.ജെ.പി നയിക്കുന്നദേശീയ ജനാധിപത്യ സഖ്യം മുൻപും ഇത്തരം അത്ഭുതങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. എ.പി.ജെ അബ്ദുൾ കലാം എന്ന ഇന്ത്യയുടെ മിസൈൽമാനെ രാഷ്ട്രപതിപദത്തിലെത്തിച്ചത് ബി.ജെ.പിയാണ്. നരേന്ദ്രമോദിയെന്ന പിന്നാക്കക്കാരനെ ഇന്ത്യയുടെ കരുത്തനായ പ്രധാനമന്ത്രിയാക്കി, പിന്നാലെ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ പട്ടികജാതിക്കാരനാക്കി. ഇപ്പോഴിതാ ദ്രൗപദി മുർമുവിനെ രാഷ്ട്രപതി പദവിയിലെത്തുന്ന ആദ്യത്തെ ആദിവാസിയും രണ്ടാമത്തെ വനിതയുമായി അവരോധിക്കാനൊരുങ്ങുന്നു. ഈ ഉന്നതപദവിയിലേക്കുള്ള മത്സരത്തിലേക്ക് പോലും കടന്നെത്താനായി 75 വർഷം കാത്തിരിക്കേണ്ടി വന്നു നമ്മുടെ ആദിമസമൂഹമായ ആദിവാസി ഗോത്രങ്ങൾക്ക്. സവർണവാദികളെന്ന ആരോപണം നേരിടുന്ന ബി.ജെ.പി തന്നെ അതിന് വഴിതെളിക്കുന്നുവെന്നത് മറ്റൊരു വിരോധാഭാസമാകാം.
മഹാഭാരതത്തിലെ ദ്രൗപദിയെ കുട്ടികൾക്ക് പോലും അറിയാം. പക്ഷേ പൊതുരംഗത്ത് ദ്രൗപദിയെന്ന പേര് അപൂർവമാണ്. പേരിലെ പ്രത്യേകത പോലെ തന്നെ ജീവിതത്തിലും ഒട്ടേറെ പ്രത്യേകതയുള്ള വ്യക്തിത്വമാണീ 64കാരി.
ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിലെ പിന്നാക്ക ഗ്രാമമായ ബെദാപോസിയിൽ ബിരേഞ്ചി നാരായൺ ടുഡുവിന്റെ മകളായി 1958 ജൂൺ 20ന് പിറന്ന ദ്രൗപദി സന്താൾ ഗോത്രവിഭാഗക്കാരിയാണ്. ഒഡീഷയിലെ ഏറ്റവും വലിയ ആദിവാസി സമൂഹമാണ് സന്താളുകൾ. ശ്യാംചരൺ മുർമുവിനെ കല്യാണം കഴിച്ച ശേഷമാണ് ദ്രൗപദി മുർമുവായത്.
വ്യക്തിപരമായും ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്തിട്ടുണ്ട് ദ്രൗപദി. ഭർത്താവും ഒരു പതിറ്റാണ്ട് മുമ്പ് മുതിർന്ന രണ്ട് ആൺമക്കളും അകാലത്തിൽ പൊലിഞ്ഞുപോയി. ആരും തളരുന്ന അവസ്ഥയിലും അവർ മനോധൈര്യം കൈവിടാതെ കർമ്മരംഗത്ത് തുടർന്നു. മകൾ ഇതിശ്രീ മുർമുവിനൊപ്പമാണ് ഇപ്പോൾ താമസം.
പഠനത്തിനും പൊതുപ്രവർത്തനത്തിനും ചെറുപ്പത്തിലേ മികവു കാട്ടി. ഭുവനേശ്വറിലെ രമാദേവി കോളേജിലെ പഠനശേഷം റായ്‌രംഗപൂരിലെ ശ്രീ അരബിന്ദോ എജുക്കേഷൻ ആൻഡ് റിസർച്ച് സെന്ററിൽ അദ്ധ്യാപികയായി. ഒഡീഷ സർക്കാർ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായും പ്രവർത്തിച്ചു.
1997ലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. 2000ലും 2004ലും ഒഡീഷ നിയമസഭാംഗം. നവീൻ പട്നായിക്ക് മന്ത്രിസഭയിൽ ഗതാഗത മന്ത്രി. മികച്ച നിയമസഭാ സാമാജികയ്ക്കുള്ള പുരസ്കാര ജേതാവ്. 2015ൽ ജാർഖണ്ഡിലെ വനിതാ ഗവർണറാകുമ്പോൾ ആദിവാസി സമൂഹത്തിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വനിതയുമായി. 2017ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് വേളയിലും ദ്രൗപദിയുടെ പേര് പരിഗണിക്കപ്പെട്ടതാണെങ്കിലും നറുക്ക് വീണത് രാംനാഥ് കോവിന്ദിനാണ്. താഴെ തട്ടുമുതൽ വിപുലമായ രാഷ്ട്രീയവും ഭരണപരവുമായ അനുഭവസമ്പത്തുള്ള നേതാവാണ് ദ്രൗപദി. രാഷ്ട്രപതിയാകാൻ എന്തുകൊണ്ടും യോഗ്യ.
സമൂഹത്തിലെ ഏറ്റവും അടിത്തട്ടിൽ ജീവിക്കുന്നവരാണ് രാജ്യത്തെ ആദിവാസി ജനത. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറ്റവും അവഗണിക്കപ്പെട്ടു കിടക്കുന്നവർ. അവരിൽ നിന്ന് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും പിന്തള്ളി വളർന്നു വന്ന വനിതയാണിത്. അധ:കൃതരുടെയും ദരിദ്രന്റെയും അവഗണിക്കപ്പെട്ടവന്റെയും വിഷമങ്ങളും വേദനകളും അറിഞ്ഞാണ്, അവരുടെ പ്രശ്നങ്ങളെ അനുതാപത്തോടെ കൈകാര്യം ചെയ്താണ് ദ്രൗപദി ഉന്നത പദവികളിൽ എത്തിയത്. ഉത്തരേന്ത്യയിലെ കടുത്ത ജാതിവിവേചനങ്ങളെ അതിജീവിക്കാൻ കഴിഞ്ഞതു തന്നെ അവരുടെ കഴിവാണ്. അത്തരമൊരു സ്ഥാനാർത്ഥിയെ രംഗത്തിറക്കുക വഴി രാഷ്ട്രപതി തിരഞ്ഞെടുപ്പു യുദ്ധത്തിൽ ബി.ജെ.പി നിർണായകമായ നീക്കമാണ് നടത്തിയത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയും പ്രഗത്ഭനാണ്. സുദീർഘമായ രാഷ്ട്രീയ പാരമ്പര്യവും കേന്ദ്രമന്ത്രിസഭാംഗമായ അനുഭവസമ്പത്തും സൽപ്പേരുമുണ്ട്. എങ്കിലും മത്സരം ഒഴിവാക്കി പൊതുവേ സ്വീകാര്യയായ ദ്രൗപദിയെ രാജ്യത്തെ ആദ്യഗോത്രവർഗക്കാരി രാഷ്ട്രപതിയാക്കാൻ പ്രതിപക്ഷം സന്മനസുകാണിക്കേണ്ടിയിരുന്നു. ദുർബലമായ പ്രതിപക്ഷ നിരയ്ക്ക് അതുകൊണ്ട് ശ്രേയസേ ഉണ്ടാകുമായിരുന്നുള്ളൂ.
ദ്രൗപദി രാഷ്ട്രപതി പദത്തിലെത്തിയാൽ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ആദിവാസി പിന്നാക്ക ജനവിഭാഗങ്ങൾക്ക് അത് നൽകുന്ന ആത്മവിശ്വാസവും ധൈര്യവും പ്രചോദനവും സങ്കല്പങ്ങൾക്ക് അപ്പുറമാകും. എല്ലാ സർക്കാരുകളും അവഗണിച്ച വിഭാഗമാണ് കാടിന്റെ മക്കൾ. കേരളം പോലും അതിന് അപവാദമല്ല. ഇക്കാലത്തും മനുഷ്യത്വരഹിതമായാണ് ജനങ്ങളും സർക്കാരുകളും ആദിവാസി സമൂഹത്തോട് രാജ്യമെമ്പാടും പെരുമാറുന്നതും ചൂഷണം ചെയ്യുന്നതും. അട്ടപ്പാടിയിൽ ഒരു പിടി അരിയും മഞ്ഞളും എടുത്തതിന് നാട്ടുകാർ തല്ലിക്കൊന്ന മധുവും വയനാട്ടിലെ അവിവാഹിതരായ അമ്മമാരും ശിശുമരണങ്ങളും ചൂണ്ടിക്കാട്ടുന്നത് ഇതൊക്കെ തന്നെയാണ്. ജീവിത ദുരിതത്തിൽ നിന്ന് അവരെ വിദ്യാഭ്യാസത്തിലേക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും എത്തിക്കാൻ ദ്രൗപദി മുർമുവിനെപ്പോലുള്ള നേതാക്കൾ ഉയർന്നുവരണം. ഇത്തരം മാതൃകകളാണ് രാജ്യത്തിന്റെ അഭിവൃദ്ധിക്കും സാമൂഹികമായ വികസനത്തിനും വഴിയൊരുക്കുക.
സ്വത്വരാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായി കൂടിയാകും വിവിധ കക്ഷികൾ പലതട്ടുകളിലും വനിത, പട്ടികജാതി, പട്ടികവർഗം, പിന്നാക്കം തുടങ്ങിയ പരിഗണനകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. ഒരു രാഷ്ട്രീയ കക്ഷിയും ഇക്കാര്യത്തിൽ വിഭിന്നരല്ല. എന്നിരുന്നാൽ പോലും സ്വന്തം പ്രവർത്തന മണ്ഡലങ്ങളിൽ മാതൃകാപരമായ സേവനങ്ങൾ നൽകിയവരാണ് ഇന്ത്യയിൽ ഉന്നതപദവികളിൽ എത്തിയ ഇവരെല്ലാം തന്നെ. ജൂലായ് 18ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് ദ്രൗപദി മുർമുവിനെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ സർവാധികാരിയായി മാറ്റട്ടെ എന്ന് ആശംസിക്കുന്നു….