അയല്‍പക്കങ്ങളില്‍
അസ്വസ്ഥത
പുകയുന്നു
അയല്‍ രാജ്യങ്ങളിലെ സംഭവവികാസങ്ങള്‍ പലരീതിയില്‍ ഇന്ത്യയെ ബാധിക്കുമെന്നതിന് ചരിത്രം സാക്ഷിയാണ്. മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് വിഭജിക്കപ്പെട്ട പാക്കിസ്ഥാനിലും സാംസ്‌കാരികവും ചരിത്രപരവുമായി ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കുന്ന ശ്രീലങ്കയിലും അടുത്തിടെ രൂപപ്പെട്ട പ്രതിസന്ധികള്‍ എങ്ങിനെ പരിണമിക്കുമെന്ന് ആര്‍ക്കും എളുപ്പം പറയാനാവില്ല.
പാക്കിസ്ഥാനിലെ ഭരണപ്രതിസന്ധിയും നേതൃമാറ്റവും എന്നും ഇന്ത്യയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടേയുള്ളൂ. ഇക്കുറി പാക്കിസ്ഥാന്‍ തെഹരി ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ സാരഥിയായ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അവിശ്വാസത്തിലൂടെ പുറത്താകുമ്പോഴും മറിച്ചൊരു അനുഭവത്തിന് തീരെ സാദ്ധ്യതയില്ല.
ആരു ഭരണമേറിയാലും അവിടെ അധികാരത്തില്‍ തുടരണമെങ്കില്‍ ഇന്ത്യാവിരുദ്ധത അനിവാര്യമായ ഘടകമാണ്. ഭീകര സംഘടനകളുടെ ഈറ്റില്ലവും അഭയകേന്ദ്രവുമായ പാക്കിസ്ഥാന്‍ മറ്റ് രാജ്യങ്ങള്‍ക്കും അത്ര പ്രിയപ്പെട്ടതല്ല. ചൈനയുമായി ചേര്‍ന്ന് നിന്ന് അവര്‍ നമുക്ക് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ തീരാതലവേദനയുമാണ്.
കീറാമുട്ടിയായ കാശ്മീരിന്റെ കാര്യം പാക്കിസ്ഥാന്‍ മുസ്‌ളീം ലീഗ് നേതാവും പുതിയ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷെരീഫും സൂചിപ്പിച്ച് കഴിഞ്ഞു. സൈന്യം വീണ്ടും പാക്കിസ്ഥാന്‍ ഭരണം കൈയാളിയില്ലെന്ന് മാത്രമാണ് ആകെ ഒരു സമാധാനം.
പാക്കിസ്ഥാനെക്കാള്‍ വിഭിന്നവും സങ്കീര്‍ണവുമാണ് നമുക്കെല്ലാം കണ്ടും കേട്ടും അടുപ്പമുള്ള ശ്രീലങ്കയിലെ പ്രതിസന്ധികള്‍.
രാമായണത്തിലെ സമ്പദ് സമൃദ്ധമായ രാവണന്റെ സുവര്‍ണനാട്. ശ്രീരാമനും സീതയും ഹനുമാനും വിഭീഷണനും സേതുബന്ധനവും അങ്ങിനെ കുഞ്ഞുങ്ങള്‍ക്ക് പോലും മനസുകൊണ്ട് അടുത്തറിയാവുന്നയിടമാണ് ലങ്ക.
അവിടുത്തെ പ്രശ്‌നങ്ങളില്‍ നമുക്ക് കൂടുതല്‍ താത്പര്യം തോന്നുക സ്വാഭാവികം.
തമിഴ് നാട്ടിലും കേരളത്തിലും ക്ഷിപ്രവേഗത്തില്‍ ചലനങ്ങളുണ്ടാക്കുന്നതാണ് ശ്രീലങ്കന്‍ സംഭവ വികാസങ്ങള്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍, പശ്ചിമേഷ്യ എണ്ണസമ്പന്നമാകും മുമ്പ് മലയാളികളുടെയും തമിഴരുടെയും ഗള്‍ഫായിരുന്നു അന്നത്തെ സിലോണ്‍ എന്ന ഇന്നത്തെ ശ്രീലങ്ക. തലസ്ഥാനമായ കൊളംബ് നമ്മുടെ പൂര്‍വികര്‍ക്ക് ദുബായ് പോലെയായിരുന്നു . ആയിരക്കണക്കായ മലയാളികള്‍ അന്നത്തെ ബ്രിട്ടീഷ് കോളനികളായിരുന്ന സിലോണിലേക്കും മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കുമെല്ലാം അന്നം തേടി കുടിയേറിയിട്ടുണ്ട്. പ്രകൃതി സുന്ദരമായ ലങ്കയിലെ തേയിലതോട്ടങ്ങളിലേക്കും മറ്റും ജോലിക്കെത്തിയ തമിഴരാണ് വടക്കന്‍ ശ്രീലങ്കയില്‍ ഭൂരിപക്ഷം.
സാമ്പത്തിക പ്രതിസന്ധിയില്‍ മൂക്കറ്റം മുങ്ങി നില്‍ക്കുന്ന ദ്വീപുരാഷ്ട്രത്തില്‍ ഇന്ധനവും അവശ്യവസ്തുക്കളും ലഭിക്കാതെ വിലക്കയറ്റത്തില്‍ വലയുകയാണ് ജനങ്ങള്‍. തമിഴ് വംശജരും ശ്രീലങ്കന്‍ പട്ടാളവും തമ്മില്‍ മൂന്ന് പതിറ്റാണ്ടോളം നീണ്ട രക്തരൂഷിതമായ ആഭ്യന്തര യുദ്ധം കൊന്ന് തള്ളിയത് ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളെയാണ്. അന്ന് ശ്രീലങ്കന്‍ തമിഴരുടെ അഭയാര്‍ത്ഥി പ്രവാഹം തമിഴ് നാട്ടിലേക്കുണ്ടായി. ഭൂരിഭാഗം പേരും മടങ്ങിയെങ്കിലും കുറേപ്പേരെ തമിഴ് നാട്ടിലും കേരളത്തിലും പുനരധിവസിപ്പിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിലേക്ക് നയിച്ചതും ശ്രീലങ്കന്‍ പ്രശ്‌നമാണ്. രക്തവും കണ്ണീരും ചാലിച്ച ആ ഭീകരനാളുകളില്‍ നിന്ന് ലങ്ക ഒരുവിധം കരകയറുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. കേവലം 2.3 കോടി മാത്രം വസിക്കുന്ന അതിലേറെയും പാവപ്പെട്ടവരായ ജനതയുടെ ജീവിതം വീണ്ടും ദുരിതക്കയത്തിലേക്ക് കൂപ്പുകുത്തുകയാണ്.
ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങള്‍ ഒരു രാജ്യത്തെ എങ്ങിനെ അലങ്കോലമാക്കുമെന്നതിന് ലോകത്തെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്ക. രാജപക്‌സെ സര്‍ക്കാര്‍ വരുത്തിവച്ച പിഴവുകള്‍ രാജ്യത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ട് കൊണ്ടുപോയി. വിനോദസഞ്ചാരമാണ് ശ്രീലങ്കയുടെ സാമ്പത്തിക നട്ടെല്ല്. 2019ലെ ക്രിസ്തുദേവന്റെ ഉയിര്‍പ്പ് ദിനത്തില്‍ ഇസ്‌ളാമിക ഭീകരര്‍ കൊളംബോയിലെ മൂന്ന് ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും സൃഷ്ടിച്ച സ്‌ഫോടനപരമ്പരകള്‍ ടൂറിസം വ്യവസായത്തിന് വലിയ തിരിച്ചടിയായി. പാശ്ചാത്യസഞ്ചാരികള്‍ അകന്നു പോയി. പിന്നാലെയെത്തിയ കൊവിഡ് മഹാമാരിയാകട്ടെ ടൂറിസത്തെ നിശേഷം ഇല്ലാതാക്കി.
ചൈനയില്‍ നിന്നുള്‍പ്പടെയുള്ള വിദേശ കടത്തിന്റെ തിരിച്ചടവ് മുടങ്ങിയതും വിദേശനാണ്യ ശേഖരം ഇടിഞ്ഞതും കാര്‍ഷിക മേഖലയിലെ ജൈവ കൃഷി പരീക്ഷണം പാളിയതും തേയില കയറ്റുമതിയിലെ പ്രശ്‌നങ്ങളും അക്ഷരാത്ഥത്തില്‍ ഈ ചെറിയ രാജ്യത്തെ പാപ്പരാക്കുകയായിരുന്നു. വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യം ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കേണ്ടതുമുണ്ട്. ജൈവകൃഷി രാജ്യമാക്കാന്‍ വേണ്ടി വളം, കീടനാശിനി ഇറക്കുമതി നിരോധിച്ചതിനാല്‍ കാര്‍ഷികോത്പാദനം കുത്തനെ കുറഞ്ഞ് ഭക്ഷ്യപ്രതിസന്ധിയും രൂക്ഷമായി. ഇന്ധനത്തിനും ഭക്ഷണത്തിനും തീവിലയാണ് ഇന്ന് ലങ്കയില്‍. 12 മണിക്കൂര്‍ വരെ പവര്‍കട്ടും. രാജ്യമെങ്ങും പ്രതിഷേധക്കടലാണ്. എങ്ങിനെ ഈ പ്രതിസന്ധി മറികടക്കുമെന്ന് അവിടുത്തെ സര്‍ക്കാരിന് ഒരു നിശ്ചയവുമില്ലാത്ത സ്ഥിതി. യുക്രെയിന്‍ യുദ്ധ പശ്ചാത്തലത്തില്‍ സമ്പന്നരായ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം അതിന് പിന്നാലെയാണ്. ഇന്ത്യ അന്നവും ഇന്ധനവുമായി ലങ്കയ്‌ക്കൊപ്പമുണ്ട്. അതെത്ര കാലം തുടരാനാകുമെന്ന് പറയാനാവില്ല. ലങ്കന്‍ ജനത ഇന്ത്യയ്ക്ക് സഹോദരതുല്യരാണ്. പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ നാം കടപ്പെട്ടവരും. ലോകബാങ്കില്‍ നിന്ന് കടത്തിന് മേല്‍ വലിയ കടം വാങ്ങുകയാണ് താത്കാലിക പ്രതിവിധി. അതിനുള്ള ശ്രമങ്ങളിലാണ് ലങ്കന്‍ സര്‍ക്കാര്‍.
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശമേറ്റ മണ്ണാണ് ശ്രീലങ്കയിലേത്. ഗുരുദേവന്‍ സന്ദര്‍ശിച്ച ഏക വിദേശരാജ്യം. 1918ലും 1926ലും ഗുരു ലങ്കയിലെത്തിയിട്ടുണ്ട്.
ശ്രീലങ്കയെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യ ഇനിയും ആവുന്നതെല്ലാം ചെയ്യണം. എത്രയും വേഗം പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ലങ്കന്‍ സര്‍ക്കാരിനും ജനതയ്ക്കും കഴിയട്ടെ.