ആകാശ വിതാനത്തിന്റെ നിഴല്‍

ആകാശത്തിന് നേര്‍ക്ക് ഉയര്‍ന്നു നില്‍ക്കുന്ന മല എനിക്കെന്നും അത്ഭുതമായിരുന്നു. കുട്ടിക്കാലത്ത് ഗ്രാമവാസികള്‍ പറയുന്ന കഥ കേട്ട് ഞാന്‍ പേടിച്ചിട്ടുണ്ട്. കാട് പൂക്കുമ്പോള്‍ മലയില്‍ മലമ്പൂതങ്ങളുടെ പാട്ട് കേള്‍ക്കും. ചില കാലങ്ങളില്‍ അര്‍ദ്ധരാത്രിക്ക് മലമുകളില്‍ തീയാളും. നട്ടുച്ചനേരത്ത് കന്യാപെണ്ണുങ്ങള്‍ മലമുകളിലേക്ക് നോക്കരുതെന്ന് പ്രായം ചെന്നവര്‍ വിലക്കിയിരുന്നു. അപസ്മാര ഭൂതങ്ങള്‍ മയക്കിക്കൊണ്ടു പോകും മലമുകളിലേയ്ക്ക്.

ഗ്രാമവാസികള്‍ക്ക് മലയെ പേടിയായിരുന്നു. ഇതുവരെ ആരും അതിന്റെ മുകളറ്റം കണ്ടിട്ടില്ല. മലകേറാന്‍ പേയവരാരും തിരിച്ചുവന്നിട്ടുമില്ല. മലമ്പൂതങ്ങളെ പ്രസാദിപ്പിക്കാന്‍ ഗ്രാമവാസികള്‍ മകരത്തിലെ പൗര്‍ണമിക്ക് മലയുടെ ചുവട്ടില്‍ പൂജയും വിളക്കും കഴിക്കും. അന്ന് രാത്രി നീളെ കൊട്ടും കുരവയും പാട്ടുമൊക്കെയുണ്ടാകും അവിടെ.

എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നാണ്. ഒരിക്കല്‍ എന്റെ മുത്തശ്ശി പറഞ്ഞു മലവളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന്. മുത്തശ്ശിയുടെ കുട്ടിക്കാലത്ത് മല ഇപ്പോഴത്തേതിനേക്കാള്‍ ചെറുതായിരുന്നു. ഇങ്ങനെയങ്ങ് വളര്‍ന്നാല്‍ എന്നെങ്കിലും അത് ആകാശം മുട്ടും.

മല വളര്‍ന്ന് ഒരു ദിവസം ആകാശം തുളച്ചു കയറുമെന്ന് ഞാന്‍ സങ്കല്പിച്ചു. അക്കാലത്ത് ഞാന്‍ ചൊറി പിടിച്ച് ഏതു നേരവും മാന്തിയും ചൊറിഞ്ഞും നടക്കുന്ന ഒരു പയ്യനായിരുന്നു. ഉറക്കത്തില്‍ പല്ല് കടിക്കുകയും കിടന്ന് മുള്ളുകയും ചെയ്യുന്ന ശീലമുണ്ടായിരുന്നു എനിക്ക്. അതല്ല മുത്തശ്ശിയെ വിഷമിപ്പിച്ചിരുന്നത്. എന്റെ സംശയങ്ങളാണ്. വെയിലിനുള്ളതുപോലെ നിലാവിന് ചൂടില്ലാത്തതെന്തുകൊണ്ടാണ്? എത്ര മലകള്‍ ചേര്‍ത്തു വച്ചാല്‍ ആകാശം മുട്ടും? ഉറങ്ങുമ്പോള്‍ കാണാന്‍ മനുഷ്യന്റെ കണ്ണില്‍ സ്വപ്‌നങ്ങള്‍ കൊണ്ടുവയ്ക്കുന്നതാരാണ്? താഴ്‌വരയില്‍ വെളുപ്പിന് നടക്കാനിറങ്ങുന്ന ദൈവത്തിന്റെ കാല്‍പ്പാടുകള്‍ മുത്തശ്ശി കണ്ടിട്ടുണ്ടോ?
ഈ മണ്ടന്‍ ഗണേശന് അറിയണ്ടാത്തതൊന്നുമില്ലെന്നു പറഞ്ഞ് മുത്തശ്ശി എന്നെ ഉമ്മ വയ്ക്കും.

മലയെക്കുറിച്ചും സംശയങ്ങളുണ്ടായിരുന്നു എനിക്ക്. എങ്ങനെയാണ് ഭൂമിയില്‍ ഈ മല മുളച്ചത്? ഈ മലയുടെ അപ്പുറത്തെന്താണ്? ഒരു സ്വപ്‌നത്തില്‍ എനിക്കു തോന്നി ആ മല നില്‍ക്കുന്നത് എന്റെ ഉള്ളിലാണെന്ന്. സ്വപ്‌നത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്ന് ഞാന്‍ കരഞ്ഞു. മുത്തശ്ശി എന്നെ ചേര്‍ത്തു പിടിച്ച് എന്റെ പേടി മാറ്റി. മലമ്പൂതങ്ങള്‍ക്ക് വിളക്ക് നേര്‍ന്നു. ആ രാത്രി പിന്നീട് ഞാന്‍ ഉറങ്ങിയില്ല. എന്റെ മനസിനകത്ത് ആ മല ഉയര്‍ന്നു നിന്നു.

കുട്ടിക്കാലം കഴിഞ്ഞപ്പോള്‍ മലയെക്കുറിച്ചുള്ള പേടി എനിക്ക് നഷ്ടപ്പെട്ടു ആകാശത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന മല എന്നെ മോഹിപ്പിക്കുവാന്‍ തുടങ്ങി. മലഞ്ചെരിവുകളില്‍ കാടുകള്‍ പൂക്കുന്ന കാലത്ത് കാറ്റില്‍ സൗരഭ്യം ഒഴുകി വരും. അങ്ങനെയുള്ള രാത്രികളില്‍ ഞാന്‍ മലയിലേക്കു നോക്കി ഇരിക്കും. നിലാവത്ത് നിലാവുള്ള രാത്രിയില്‍ മലയ്ക്ക് കൂടുതല്‍ ഭംഗിയുള്ളതായി എനിക്ക് തോന്നി.

ഒരു ദിവസം ഞാന്‍ മുത്തശ്ശിയോട് പറഞ്ഞു: ”എന്നെങ്കിലും ഒരു ദിവസം ഞാന്‍ മലകേറും. അതിന്റെ മുകളറ്റം വരെ”
മുത്തശ്ശി എന്നെ മിഴിച്ചു നോക്കി.
”നിനക്കെന്താ ഇപ്പോ ഇങ്ങനെ തോന്നാന്‍? മലമ്പൂതങ്ങള്‍ മായ കാട്ടി മയക്യോ നിന്നെ? എന്റെ കുഞ്ഞേ, വേണ്ടാ. മല കേറാന്‍ പോയോരാരും തിരിച്ചു വന്നിട്ടില്ല”.

ഞാന്‍ പിന്നെ മുത്തശ്ശിയോട് തര്‍ക്കിക്കാന്‍ പോയില്ല. ദേഷ്യം വന്നാല്‍ മല അതിന്റെ ശത്രുവിന്റെ നേര്‍ക്ക് കല്ലുകളും മരങ്ങളും പറിച്ചെറിയുമെന്ന് വിശ്വസിക്കുന്ന ഒരു പഴയ മനസിനോട് തര്‍ക്കിച്ചിട്ട് എന്താണ് പ്രയോജനം?
ആയിടയ്ക്ക് കാണുകയും പരിചയപ്പെടുകയും ചെയ്ത ഒരാചാര്യനോട് ഞാനെന്റെ ആഗ്രഹം പറഞ്ഞു. മല കേറാന്‍ ചെല്ലുമ്പോള്‍ മല അതിന്റെ കല്ലുകളും മരങ്ങളും പറിച്ചു എന്നെ എറിയുമോ? ഏതെങ്കിലും കടുന്തുക്കിന്റെ വക്കില്‍ നിന്ന് എന്നെ താഴെയുള്ള പാറക്കെട്ടുകളിലേക്ക് ഉന്തി മറിയ്ക്കുമോ? ശൂലവും വാളും കൊടുത്ത് മലമ്പൂതങ്ങളെ അയയ്ക്കുമോ എന്നെ കൊല്ലാന്‍?
ആചാര്യന്‍ എന്നെ മിഴിച്ചു നോക്കി.

”ആരാ പറഞ്ഞത് നിന്നോട് ഇതൊക്കെ? അമ്മൂമ്മക്കഥയിലെ കുട്ടികള്‍ പോലും ഇപ്പോള്‍ ഇതൊന്നും വിശ്വസിക്കുന്നില്ല. ഏത് മലയെക്കുറിച്ചാ കഥകളില്ലാത്തെ?”
പിന്നെ ആചാര്യന്റെ കണ്ണുകള്‍ മലയുടെ നേര്‍ക്കുയര്‍ന്നു. അന്നേരം ആചാര്യന്റെ സ്വരം മാറി.

”എന്നാല്‍ ഞാനൊരു രഹസ്യം പറയാം നിന്നോട്. ആ മലയുടെ മുകളില്‍ ഒരു കോട്ടയുണ്ട്. അവിടെ വിടരുന്ന പൂക്കള്‍ക്ക് ഹൃദയത്തിന്റെ ആകൃതിയാണ്. അത് പറിച്ചെടുക്കാന്‍ കഴിയുന്നവര്‍ക്ക് പിന്നെ ദാരിദ്ര്യദുഃഖങ്ങളും രോഗങ്ങളും ഉണ്ടാവില്ല. അത് ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നവര്‍ക്ക് മനുഷ്യസ്‌നേഹത്തിന്റെ ഉള്‍ചൂട് അനുഭവിക്കാന്‍ കഴിയും”
മുത്തശ്ശിയെപ്പോലെ ആചാര്യന്‍ മറ്റൊരു കഥ പറയുകയാണെന്ന് എനിക്കു തോന്നി.
”കുന്നിന്‍ മുകളില്‍ കോട്ടയുണ്ടെന്നും അവിടെ വിടരുന്ന പൂക്കള്‍ക്ക് ഹൃദയത്തിന്റെ ആകൃതിയാണെന്നുള്ളതും ആരാ പറഞ്ഞത്? മലകേറാന്‍ പോയോരാരും തിരിച്ചു വന്നിട്ടില്ലല്ലോ ഇതുവരെ”
ആചാര്യന് ചിരി വന്നു.

”കുന്നിന്‍ മുകളില്‍ കോട്ടയുണ്ടെന്നും അവിടെ വിടരുന്ന പൂക്കള്‍ക്ക് ഹൃദയത്തിന്റെ ആകൃതിയാണെന്നുള്ളതും ആരാ പറഞ്ഞത്? മലകേറാന്‍ പോയോരാരും തിരിച്ചു വന്നിട്ടില്ലല്ലോ ഇതുവരെ”
ആചാര്യന് ചിരി വന്നു.

”അതിന് ഭൂമിയില്‍ ഈ ഒരു മല മാത്രമല്ല ഉള്ളത്.. നീയെന്താ വിചാരിച്ചത്?
എന്റെ സംശയങ്ങള്‍ അടങ്ങുന്നില്ല.
”അതെങ്ങനെ ലോകത്തിലേക്കു വച്ച് ഏറ്റവും വലിയ മലയല്ലേ ഇത്?”
ആചാര്യന്‍ പൊട്ടിച്ചിരിച്ചു.

”ഭൂമിയില്‍ വേറെയും മലകളുണ്ട്. ഒരു മല മറ്റൊന്നിനെ മറയ്ക്കുന്നതു കൊണ്ട് നീ കാണാത്തതാണ്. അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. ഒരു മല കേറിക്കഴിയുമ്പോള്‍ മറ്റൊന്നു കാണും. അപ്പുറത്ത് ചിലപ്പോള്‍ ആദ്യത്തേതിനേക്കാള്‍ വലുത്”
അപ്പോള്‍ ഞാന്‍ വേറൊരു സംശയവും ചോദിച്ചു.
ഈ മലകളുടെ രഹസ്യം എന്താണ് ഗുരോ?
അങ്ങനെ ചോദിക്ക് എന്ന അര്‍ത്ഥത്തില്‍ ആചാര്യന്‍ തലകുലുക്കി.
”അത് ഉയരങ്ങളുടെയും താഴ്‌വരകളുടെയും യാഥാര്‍ത്ഥ്യമാണ്. മലകള്‍ കീഴടക്കിക്കൊണ്ടല്ലാതെ അതിനു മുകളിലെ കോട്ടയും ഹൃദയത്തിന്റെ ആകൃതിയിലുള്ള പൂക്കളും സ്വന്തമാക്കാന്‍ എങ്ങിനെ കഴിയും”
അത്ഭുതങ്ങളുടെ ചുരുള്‍ അഴിയുന്നതുപോലെ എനിക്കു തോന്നി. എന്നിട്ട് സംശയം പിന്നെയും ബാക്കി.
”താഴെ നിന്ന് കൈയുയര്‍ത്തുമ്പോഴത്തതിനേക്കാള്‍ അടുത്താണോ മലയുടെ മുകളില്‍ നിന്ന് കൈ നീട്ടുമ്പോള്‍ ആകാശം?”
ആചാര്യന്‍ പറഞ്ഞു.
”നീ കൈയ്യുയര്‍ത്തുമ്പോള്‍ നിന്റെ വിരല്‍ത്തുമ്പുകളെ തൊട്ട് നിന്റെ ആകാശമുണ്ട്. നീ ഇതുവരെ ആകാശത്തിനുവേണ്ടി കൈയുയര്‍ത്തിയിട്ടില്ലല്ലേ?”
എന്റെ മൗനത്തിനു നേരെ നിന്ന് മുഖം തിരിച്ച് ആചാര്യന്‍ വായിച്ചുകൊണ്ടിരുന്ന ഗ്രന്ഥത്തിലേക്ക് തിരികെ പോയി.

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഞാന്‍ ചോദിച്ചു.
”ആരും ഇതുവരെ മലമുകളില്‍ കയറിയിട്ടില്ലെന്നു പറയുന്നത് നേരാവുമോ?”
ആചാര്യന്‍ മുഖമുയര്‍ത്തി.
”അതെങ്ങനെ നേരാവും?” മലയും മനുഷ്യനും ഉണ്ടായ കാലം തൊട്ടേ മനുഷ്യന്‍ മലകേറാന്‍ തുടങ്ങിയിട്ടുണ്ട്. യാത്രയ്ക്കിടയില്‍ ചിലരെ മല കുലുക്കിയിട്ടു. ചിലര്‍ വഴി തെറ്റി താഴ്‌വാരങ്ങളില്‍ ചുറ്റിത്തിരിഞ്ഞു. ചിലര്‍ കുറേ ദൂരം കയറിച്ചെന്ന് അവിടത്തെ കായ്കളും പഴങ്ങളും പറിച്ചു തിന്ന് മടങ്ങിപ്പോന്നു. അതിനപ്പുറത്തേക്ക് പോകാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതിനപ്പുറം അസാദ്ധ്യമാണെന്ന് പറഞ്ഞ് പിന്നാലെ ചെന്നവരെ അവര്‍ നിരുത്സാഹപ്പെടുത്തി. യാത്രകളുടെ ചരിത്രത്തില്‍ അങ്ങനെയും കണ്ടിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ആരും ഒരിക്കലും മല കീഴടക്കിയില്ലെന്നല്ല. കൂടുതല്‍ സഹിക്കാന്‍ ശക്തിയും ലക്ഷ്യം നേടാന്‍ ധീരതയുമുള്ളവര്‍ എന്നെങ്കിലും മല കീഴടക്കും. അതോടെ മലയും അതിന്റെ അദൃശ്യതയും ഒരു കടങ്കഥയാകും”
ഈ മലയെ സംബന്ധിച്ച് എന്തൊക്കെ അന്ധവിശ്വാസങ്ങളാണ് തനിക്കുണ്ടായിരുന്നതെന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു.
ഞാന്‍ പറഞ്ഞു.

”ഗുരോ, ഞാന്‍ ഈ മല കേറാന്‍ ഉറച്ചു”
ഗുരു അപ്പോഴും എന്റെ നേരെ നോക്കി മന്ദഹസിച്ചു.
”നീ വിചാരിക്കും പോലെ അത്ര എളുപ്പമല്ലത്. നിനക്ക് തനിയെ മല കീഴടക്കാമെന്നു കരുതുന്നത് വെറുതെയാണ്. മലമുകളിലേക്ക് എളുപ്പ വഴികളില്ല. ദുര്‍ഘടങ്ങളും ഏറെ. നിന്നെപ്പോലെ മല കീഴടക്കാനാഗ്രഹിക്കുന്നവര്‍ വേറെയുമുണ്ട്. അവരുടെ കൂടെപ്പോ”

മല കേറാന്‍ നിശ്ചയിച്ചവരുടെ താഴ്‌വരയിലേക്ക് ഗുരു എന്ന പറഞ്ഞയച്ചു. നിന്ദിതരയുടെയും പീഡിതരുടെയും താഴ്‌വര ഞൊണ്ടികളുടെയും കുരുടന്മാരുടെയും അയിറ്റപ്പിഴകളുടെയും താഴ്‌വര.

അപ്പുറത്തുള്ളവര്‍ ഞങ്ങളെ പുച്ഛിച്ചു. ഇവരാണോ മല കീഴടക്കാന്‍ പോകുന്നത്? ഞൊണ്ടികളും കുരുടന്മാരും അയിറ്റപ്പിഴകളും!
അവരോടു കൂടി മല കേറാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് എന്തുകൊണ്ടോ അതുവരെയില്ലാത്ത ശക്തിയും ആത്മധൈര്യവുമുണ്ടായി. ഞൊണ്ടി അപ്പോള്‍ ചിറക് മുളച്ചവനെപ്പോലെ കാണപ്പെട്ടു. കുരുടന്റെ കണ്ണില്‍ സൂര്യനുദിച്ചു. ഞങ്ങളൊന്നിച്ച് താളമിട്ടു. ഒന്നിച്ചു പാടി. ആകാശത്തിന്റെ നേര്‍ക്ക് മുഷ്ടിയെറിഞ്ഞു. മലമുകളിലെ കോട്ടയും അവിടെ വിടരുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള പൂക്കളും ഞങ്ങളെ ആവേശം കൊള്ളിച്ചു. ചിലയിടങ്ങളില്‍ പണ്ടെന്നോ മല കേറാന്‍ പുറപ്പെട്ടവരുടെ തലയോടുകളും അസ്ഥികളും ചിതറിക്കിടക്കുന്നത് കണ്ടു. ഞങ്ങള്‍ക്കു മുമ്പേ മല കീഴടക്കാന്‍ പോയവരെക്കുറിച്ചുള്ള ഓര്‍മ്മ ഞങ്ങളെ കര്‍മോത്സുകരാക്കി. ഞങ്ങള്‍ മലയെ ഇടിച്ചു. മലയെ തൊഴിച്ചു. മലയുടെ വാരിയെല്ലുകളില്‍ അള്ളിപ്പിടിച്ചു.
മല അപ്പോഴും ഞങ്ങളുടെ കണ്ണുകളെ മൂടി ആകാശത്തില്‍ ഉയര്‍ന്നു നിന്നു.
ഒരിടത്തെത്തിയപ്പോഴാണ് അറിയുന്നത് ഞങ്ങളുടെ കൂട്ടത്തില്‍ മടിയന്മാരും ഭീരുക്കളും സന്ദേഹികളുമുണ്ടെന്ന്. യാത്രയ്ക്കിടയില്‍ തിരിഞ്ഞു നിന്ന് അവര്‍ പറഞ്ഞു.
”മല കീഴടക്കാനുള്ള യാത്ര ഇങ്ങനെയല്ല. ഇങ്ങനെ കുത്തനെ കയറിപ്പോകുന്നതല്ല യാത്രയുടെ തത്ത്വശാസ്ത്രം, നോക്കൂ, ഇപ്പോള്‍ കാലാവസ്ഥ അനുകൂലമല്ല”
മല കയറാനുറച്ചവര്‍ സത്ബ്ധരായി അവരെ നോക്കി നിന്നും. ഈ മടിയന്മാരുടെയും ഭീരുക്കളുടെയും കൂടെയാണ് ഇത്ര ദൂരം യാത്ര ചെയ്തത്!
അവരെ പിന്നില്‍ ഉപേക്ഷിച്ച് ഞങ്ങള്‍ പിന്നെയും യാത്ര തുടര്‍ന്നു.

മലയ്ക്ക് മലയുടെ കരുത്തുണ്ടായിരുന്നു. മല സിംഹമായും കരടിയായും ഞങ്ങളുടെ മേല്‍ ചാടി വീണു, മല മഞ്ഞുകൊണ്ടും മഴ കൊണ്ടും വെയില്‍ കൊണ്ടും ഇരുട്ടുകൊണ്ടും ഞങ്ങളെ നേരിട്ടു.
ദൂരെ നിന്നു വന്ന ഒരു കാറ്റ് ഞങ്ങളോടു പറഞ്ഞു:
”ഇതൊന്നും കണ്ട് പേടിക്കരുത് ഒടുവില്‍ ഈ മല കീഴടങ്ങും”

ഞങ്ങളുടെ നഗ്നപാദങ്ങളില്‍ അക്ഷമ കുതിപ്പായിത്തീര്‍ന്നു. മലമുകളിലേക്കുള്ള യാത്രയില്‍ ഓരോരുത്തരും ഓരോ യോദ്ധാവിന്റെ വീര്യമുള്‍ക്കൊണ്ടു.

ഞങ്ങളുടെ നഗ്നപാദങ്ങളില്‍ അക്ഷമ കുതിപ്പായിത്തീര്‍ന്നു. മലമുകളിലേക്കുള്ള യാത്രയില്‍ ഓരോരുത്തരും ഓരോ യോദ്ധാവിന്റെ വീര്യമുള്‍ക്കൊണ്ടു. മലയുടെ മുട്ടുകള്‍ മടങ്ങുന്നത് ഞങ്ങള്‍ കണ്ടു. മലയുടെ വേരുകള്‍ പറിയുന്നതിന്റെ ഒച്ചയും ഞങ്ങള്‍ കേട്ടു.
നോക്കൂ.. ഞങ്ങളുടെ നഗ്നപാദങ്ങള്‍ക്ക് മല കീഴടങ്ങുകയാണ്.

Author

Scroll to top
Close
Browse Categories