റംകട്ടൻ

ടിവിയിലെ സന്ധ്യാനേരത്തെ സീരിയല്‍ പ്രാര്‍ത്ഥനയ്ക്കിടയില്‍നിന്നും ഒന്ന് മൂത്രമൊഴിക്കാന്‍ പുറത്തേയ്ക്കിറങ്ങിയപ്പോഴാണ് തെക്കേലെ സരോജിനിഅമ്മൂമ്മയുടെ വീട്ടില്‍ തീയുടെയും പുകയുടെയും പെരുംവിളയാട്ടം കണ്ട് സുകു ഞെട്ടിയത് .എട്ട് മണിയായിട്ടുണ്ടാകും അപ്പോള്‍. അങ്ങേലെ വീട് കത്തുന്നേന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അവിടേയ്ക്ക് പാഞ്ഞു. അടുക്കളമുറി നിന്ന് കത്തുകയാണ്. അയല്‍പ്പക്കകാര്‍ പോലും സംഭവമറിഞ്ഞിട്ടുണ്ടായിരുന്നില്ല. സീരിയലിലെ അമ്മായിയമ്മപ്പോരില്‍ നീന്തിരസിക്കുകയായിരുന്ന തൊട്ടപ്പുറത്തെ രാജേഷിനെ കതകില്‍ തട്ടി വിളിച്ചുകൊണ്ട് വന്നപ്പോഴേക്കും ചെറിയൊരു ആള്‍ക്കൂട്ടം അവിടെ ആയിക്കഴിഞ്ഞിരുന്നു.

”സരോജിനിയമ്മയും ബാബുവണ്ണനുമെവിടെ” കൂടിയവര്‍ പരസ്പരം ചോദിച്ചു. വിസ്താരം കുറഞ്ഞ മൂന്ന് മുറി വീടാണത്, അടുക്കള കൂടാതെ രണ്ടെണ്ണമുള്ളതില്‍ ഒന്ന് ഇരിപ്പിനും ഭക്ഷണം കഴിക്കുന്നതിനും, മൂന്നാമത്തതിലാണ് സരോജിനി അമ്മൂമ്മയും ബുദ്ധിവൈകല്യമുള്ള മകന്‍ ബാബുവും കിടന്നുറങ്ങാറുളളത്.
”അവര്‍ അറിഞ്ഞിട്ടുണ്ടാകില്ല”.

സുകുവും രാജേഷും മുന്‍വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി. പുകമണവും ചൂടുമൊന്നുമറിയാതെ നല്ലയുറക്കത്തിലായിരുന്ന അവരെ എഴുന്നേല്‍പ്പിച്ച് പുറത്തേയ്ക്ക് കൊണ്ടുവന്നു. തൊണ്ണൂറ്റഞ്ച് വയസിന്റെ ഭാരം സരോജിനിയമ്മയെ പണ്ട് ഇംഗ്‌ളീഷക്ഷരം എല്‍ നിവര്‍ത്തിവച്ചത് പോലെയാക്കിയിട്ടുണ്ടായിരുന്നു.

”അയ്യോ എന്റെ വീട് കത്തുന്നേ, ആ ചങ്കരന്‍ മെമ്പറ് കത്തിച്ചതാ”. സരോജിനിയമ്മയുടെ നിലവിളിപ്പറച്ചിലിന് ചെവികൊടുക്കാതെ കത്തിപ്പടരുന്ന അടുക്കള ഭാഗത്തേക്ക് നാട്ടുകാര്‍ ഓടി. വാതിലിനെ കിക്ക് ചെയ്ത് തെറിപ്പിച്ച് തീ പുറത്തേക്ക് ആളി. ഇതിനിടയില്‍ ഇലക്ട്രീഷ്യന്‍ സനല്‍ സ്റ്റേവയറില്‍ നിന്നുള്ള ഫ്യൂസ് ഊരിമാറ്റിയിരുന്നു. ഗ്യാസ് കണക്ഷന്‍ ഉണ്ടാകാഞ്ഞത് അത്രയും ഭാഗ്യം. ആരോ വിളിച്ച് പറഞ്ഞറിഞ്ഞ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ നിന്നുമോടിയെത്തിയ പഞ്ചായത്ത് മെമ്പര്‍ ശങ്കരപ്പിള്ള രാജേഷിന്റെ വീട്ടിലെ മോട്ടോറും ഹോസുമുപയോഗിച്ച് വെള്ളം ചീറ്റിക്കാന്‍ തുടങ്ങി.
പ്രായാധിക്യത്തിന്റെ ബാലാരിഷ്ടതയില്‍ പറമ്പാകെ ഇഴഞ്ഞ് നടന്ന് സരോജിനിയമ്മ പെറുക്കിയെടുത്ത് കെട്ടുകളാക്കി അടുക്കിവെച്ചിരുന്ന ചുള്ളിക്കമ്പുകളായിരുന്നു അടുക്കളയെ നിര്‍ത്തിപ്പൊരിച്ചത്. ഹോസ് അടുത്തുള്ളവരെ ഏല്പിച്ചിട്ട് ശങ്കരപ്പിള്ള പഞ്ചായത്ത് സെക്രട്ടറിയേയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു ”ചങ്കരാ നീയെന്തിനാടാ എന്റെ വീട് കത്തിച്ചത് നീ കൊണം പിടിക്കത്തില്ലെടാ” സരോജിനിയമ്മ പ്രാകി…

”പ്രാന്ത് പുലമ്പാതെ മിണ്ടാതിരി തള്ളേ, ആദ്യം തീ കെടുത്തട്ടെ” ബക്കറ്റുമെടുത്ത് ശങ്കരപ്പിള്ള രാജേഷിന്റെ വീട്ടിലെ കിണറിനടുത്തേക്കോടി. പട്ടാളസേവനത്തിന്റെ ചൂട് ഇപ്പോഴുമയാളുടെ മസിലുകളെ പെരുപ്പിക്കുകയായിരുന്നു. കിണറ്റിലെ വെളളം ബക്കറ്റുകളില്‍ കയറിയെത്തി തീയെ കുളിപ്പിച്ച് കിടത്തി. തീയണഞ്ഞപ്പോള്‍ പുകയൂതി വിടുന്ന സിമന്റ് പൂശാത്ത ചുവരിലെ വെട്ടുകല്ലും എരിഞ്ഞടങ്ങിയ പുളളിക്കമ്പുകളുടെ അസ്ഥിയും അവിടെ അവശേഷിച്ചു.

ഒരു പത്ത്മിനിട്ട് നടത്ത ദൂരത്തില്‍ താമസിച്ചിരുന്ന സരോജിനിയമ്മയുടെ മകള്‍ സുജാതയും ഭര്‍ത്താവ് വേണുവും അപ്പോഴേയ്ക്കും ഓടിയെത്തിയിരുന്നു. ഫയര്‍ഫോഴ്‌സിന്റെ ആവശ്യകത ഇനി വേണ്ടാത്തതിനാല്‍ അവരെ വിളിച്ച് മടക്കിയശേഷം കൂനിക്കൂടിയിരുന്ന സരോജിനിയമ്മയ്ക്ക് നേരെ ശങ്കരപ്പിള്ള തിരിഞ്ഞു ”ദേ തള്ളേ ഈ വീട് പഞ്ചായത്തിനെ കൊണ്ട് പണിയിച്ചതാരാ? കറണ്ടും വാട്ടര്‍കണക്ഷനും ഒപ്പിച്ചുതന്നതാരാ?”

”പ്രാന്ത് പുലമ്പാതെ മിണ്ടാതിരി തള്ളേ, ആദ്യം തീ കെടുത്തട്ടെ” ബക്കറ്റുമെടുത്ത് ശങ്കരപ്പിള്ള രാജേഷിന്റെ വീട്ടിലെ കിണറിനടുത്തേക്കോടി.

”എന്നിട്ടും എന്തിനാ ചങ്കരാ നീ തീപ്പെട്ടിക്കൊള്ളി എറിഞ്ഞത് ?”
”തള്ളയ്ക്ക് ബോധമില്ല. നാളെ മുതല്‍ ഇനി ഇവര്‍ക്ക് നഷ്ടപരിഹാരമൊപ്പിച്ചെടുക്കാന്‍ ഞാന്‍ തന്നെ ശ്രമിക്കണം. എണീറ്റ് നിക്കാന്‍ പോലുമാകാത്ത ഇവര്‍ക്കോ താടിയും മുടിയും വടിക്കാതെ കോലം കെട്ട് നടക്കുന്ന ബാബുവിനോ പിന്നെ ഈ സുജാതയ്‌ക്കോ അതിനൊക്കെ പറ്റുമോ?” ശങ്കരപ്പിള്ള എല്ലാരോടുമായിപ്പറഞ്ഞു.
”പാതാമ്പുറത്തൂന്ന് തീ പടര്‍ന്നതാകും. തള്ളയ്‌ക്കെവിടാ ഓര്‍മ്മ” ആളുകള്‍ പരസ്പരം മുറുമുറുത്തു.
”ഇനിയിപ്പോല്‍ ഇവിടെ കിടക്കാന്‍ പറ്റില്ലല്ലോ. സുജാതേ നീ ഇവരേയും കൂട്ടി നിന്റെ വീട്ടിലേക്ക് പൊക്കോ”
”ഹെന്റെ മെമ്പറേ, അവിടെ എവിടാ സ്ഥലം? ഇവിടെ കിടന്നോളും, അടുക്കള മാത്രമല്ലേ കത്തിയുള്ളൂ” സുജാത പറഞ്ഞു.
”നീ കൊള്ളാമല്ലോടീ” അല്പം മുമ്പ് കത്തിപ്പടര്‍ന്ന തീ ശങ്കരപ്പിള്ളയുടെ കണ്ണുകള്‍ കടമെടുത്തു.
”നിങ്ങള് വാ അമ്മേ, വീട് ശരിയാക്കുംവരെ എന്റെ വീട്ടില്‍ കിടക്കാം” ശങ്കരപ്പിള്ള അവരെ ക്ഷണിച്ചു.

സൈന്യത്തില്‍ നിന്നും മടങ്ങി നാട്ടിലെത്തിയ ശങ്കരപ്പിള്ള ജ്യോതിശാസ്ത്രപഠനവും കുടുംബക്ഷേത്രത്തില്‍ പൂജയും ആരാധനയും ചെയ്യുന്നതിനിടയിലാണ് നാട്ടുകാര്‍ അദ്ദേഹത്തെ പഞ്ചായത്ത് മെമ്പറാക്കി പ്രതിഷ്ഠിച്ചത്. പൊതുസേവനത്തിന്റെ അക്ഷരമാല പോലുമറിയാത്തതിനാല്‍ ഗ്രന്ഥശാലകളില്‍ പതുങ്ങിയിരുന്നിരുന്ന പഞ്ചായത്ത് മാനുവലും ജനസേവന പുസ്തകങ്ങളും തോണ്ടിയെടുത്ത് നിമയവശങ്ങള്‍ പടിക്കാനും സര്‍ക്കാര്‍ ഉത്തരവുകളുടെ അടിത്തറ മാന്തിയെടുക്കാനും കുറെ മാസങ്ങള്‍ ശങ്കരപ്പിള്ള മെമ്പര്‍ക്ക് വേണ്ടി വന്നു. നാടിന്റെ വികസനം കരിഞ്ഞുണങ്ങിയെന്ന് പ്രതിപക്ഷാരോപണത്തിന് മറുപടിയായി കാടുമൂടിക്കിടന്ന് പാമ്പുകള്‍ ഇഴഞ്ഞ് നടന്ന് സമ്മേളനം നടത്തിയിരുന്ന റോഡുകളില്‍ ടാറിംഗും ഇലക്ട്രിക് പോസ്റ്റുകളില്‍ വെട്ടം പൂശുകയും പെയ്തു. അതുകൊണ്ടാകണം അതുവരെ ആരും നേടിയിട്ടില്ലാത്ത ഭൂരിപക്ഷത്തില്‍ രണ്ടാംതവണയും ശങ്കരപ്പിള്ള പഞ്ചായത്ത് മെമ്പറായത്. ജനതയുടെ മനസ്സറിഞ്ഞവനാണ് ശങ്കരപ്പിള്ള മെമ്പര്‍, എങ്കിലും ന്യായം നോക്കാതെ പുള്ളി ഒരു കാര്യവും നാട്ടുകാര്‍ക്ക് സാധിച്ചുകൊടുക്കാറുണ്ടായിരുന്നില്ല. ശരിയും നിയമപരമായ കാര്യങ്ങളില്‍ മാത്രം ഇടപെട്ടത് കൊണ്ട് കാര്യസാദ്ധ്യമുണ്ടാകാത്തവര്‍ക്ക് പോലും അങ്ങേരോട് പരിഭവം തോന്നിയിരുന്നുമില്ല.

തരിശ് നിലത്തില്‍ മണ്ണിട്ട് നികത്താന്‍ വീറോടെ, ഒരുതരം വെല്ലുവിളിയോടെ തുനിഞ്ഞവനാണ് എതിര്‍പാര്‍ട്ടിക്കാരനായ ഗംഗാധരന്‍.
അയാള്‍ ഏര്‍പ്പാടാക്കിയ നാല് ടിപ്പര്‍ ലോറികല്‍ അന്നേ ദിവസം പോലീസ് സ്റ്റേഷനിലേക്ക് പോയി ഭജനമിരുന്നു.

ഗംഗാധരന്റെ വാശി മെമ്പറെ കൊല്ലണമെന്നു തന്നെയായിരുന്നു. അതിനായി ക്വട്ടേഷന്‍ ഗുണ്ടകളെ വിളിക്കാന്‍ ഫോണെടുത്തു നേരത്ത് തന്നെയാണ് ശങ്കരപ്പിള്ള ഗംഗാധരന്റെ സിറ്റൗട്ടില്‍ കടന്നുകയറി ഇരുന്നത്.
അകത്തെ മുറിയില്‍ നിന്നും ഗംഗാധരന്‍ മുഖത്ത് കനംവെപ്പിച്ച്, കണ്ണ് ചുവപ്പിച്ച് ഇറങ്ങി വന്നു. മെമ്പറുടെ നേരെ ഒരു അനിഷ്ട അഭിനയമുഖം കൊടുത്തു.

”എന്തിന്റെ കേടാ ങ്ങക്ക് മെമ്പറേ, പഞ്ചായത്ത് അംഗം എന്ന അധികാരഭാവമാണോ, വെറും തരിശായിക്കിടന്ന നിലം മണ്ണിട്ട് നിരപ്പാക്കി, കുറെ തെങ്ങിന്‍തൈകൾനടാനായിരുന്നു. ഒക്കെ നശിപ്പിച്ചില്ലേ”
ഗംഗാധരന്റെ വായില്‍ നിന്നും വാക്കുകള്‍ കല്ലുകള്‍ വാരി എറിയുംപോലെ പുറപ്പെട്ടു. പിന്നീടയാള്‍ പല്ല് കടിച്ച് ദേഷ്യമമര്‍ത്തി, കണ്ണുകളില്‍ ഗൗരവം പാകി, മുഖമസിലുകളുടെ വ്യായാമം നടത്തി.
ശങ്കരപ്പിള്ള ചുമ്മാ തിരിച്ചൊരു പുഞ്ചിരി കൊടുത്തു.
”എന്റെ ഗംഗാധരാ, തനിക്കാ ഭൂമി കൃഷിയോഗ്യമാക്കണം, അതല്ലേ വേണ്ടത്”
”ങും അത്ര തന്നെ. അതിന് ങ്ങള്‍ അല്ലേ തടപ്പലക”
”ചൂടാവല്ലേ ഗംഗാധരാ, പഞ്ചായത്തും നാടും മൊത്തം നിങ്ങള്‍ക്കൊപ്പമാ, ഞാനും കൂടി കൂടെ കൂടാം”

അടുത്ത ദിവസം രാവിലെ ഒമ്പത് മണിയ്ക്ക് വെട്ടുകിളികളുടെ ശബ്ദം മ്യൂസിക്‌പ്ലെയറാക്കി നാവുകളുമായി നൂറോളം പെണ്ണുങ്ങള്‍ തൂമ്പയും കത്തിയും കുട്ടയുമൊക്കെയായി ഗംഗാധരന്റെ നിലത്തില്‍ വന്നിറങ്ങി.
നാട്ടിലെ എല്ലാ വീടുകളുടെയും ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ നിര്‍ത്താതെ വിളമ്പിക്കൊണ്ട് നിലമാകെ കിളച്ച് വൃത്തിയാക്കി.

പത്തുമുതല്‍ പന്ത്രണ്ടര മണി വരെയുള്ള നേരം ഉറക്കത്തിന്റെയും കൊതിനുണ പറഞ്ഞ് രസിക്കലിന്റെയും വിശ്രമവേളയായിരുന്നു.
കൂട്ടത്തിലുള്ളോരെക്കുറിച്ച് അടുത്തുള്ളോരോട് രഹസ്യം പറഞ്ഞ് ശബ്ദം താഴ്ത്തി കുണുകുണെ ചിരിച്ചു.

ഒരുങ്ങി തുടുപ്പാര്‍ന്ന പാടം കമിതാവ് ഉപേക്ഷിച്ച് പോയോ എന്ന ആകുലത പുലര്‍ത്തുന്ന കാമുകിയെപ്പോലെ മൂന്നുമണിനേരം വരെ വ്രീളാവിവശയായി കിടന്നു. ശങ്കരപ്പിള്ള മെമ്പര്‍ എത്തിച്ച മോട്ടോര്‍ അടുത്തുള്ള കുളത്തില്‍ നിന്നും വെള്ളത്തെ പാടത്തെത്തിച്ച് പതം വരുത്തി.
തുടര്‍ന്ന് ഒരു ഭാഗം കണ്ടം തിരിച്ച് അതില്‍ വിത്തുകൾപാകി. വെട്ടുകിളികള്‍ ആ ദിവസത്തെ തൊഴില്‍ ഉറപ്പാക്കി.
പാടത്തിന്റെ മാറിയ സൗന്ദര്യം കണ്ട ഗംഗാധരന് മെമ്പറോടും വെട്ടുകിളികളോടും പാടത്തോടും അനുരാഗം തോന്നി.
തൊഴിലുറപ്പ് ജോലികളിലൂടെ തരിശ് നിലങ്ങളിലും ഒഴിഞ്ഞ് കിടന്നിരുന്ന പറമ്പുകളിലും കൃഷിയുടെ പൂക്കള്‍ നൂറ് ദിവസം കൊണ്ട് ശങ്കരപ്പിള്ള മെമ്പര്‍ വിരിയിച്ചെടുത്തു. ഇതിനിടയിലാണ് മെമ്പറില്‍ ഒരു പുതിയ പ്രാന്ത് പെട്ടെന്ന് പൊട്ടിമുളച്ചത്. കവലയിലെ ബാബുവിന്റെ ചായക്കടയില്‍ നിന്നുമാണ് ആ ചുഴലി രൂപപ്പെട്ടത്.

മദ്യപാനകലയെക്കുറിച്ച് അവിടെയുണ്ടായിരുന്നവര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലേക്കാണ് ഒരു കാലിക്കട്ടന്‍ കുടിക്കാനായി മെമ്പറെത്തിയത്.

പുറത്തെ ഷെഡ്ഡിന്റെ വരാന്തയിലുണ്ടായിരുന്ന തൂമ്പയും ചവറുകോരിയും കത്താളും അയാളുടെ ചുമലിലേറി വര്‍ഗ്ഗീസിന്റെ പറമ്പിലെത്തി.

തട്ട്പണി ജോലിക്കാര്‍ രാവിലെ കട്ടന്‍ചായ ഒഴിവാക്കി കട്ടൻ റം കുടിച്ചാണ് ജോലിക്ക് പോകുന്നതെന്നും ചായയ്ക്ക് പകരം ഓരോ ഗ്ലാസ് റം കൊടുക്കുന്നതാണ് നല്ലതെന്നും അതാണ് പുതിയ കാലപ്രകൃതമനുസരിച്ചുള്ള രീതിയെന്നും അവര്‍ പറയുന്നുണ്ടായിരുന്നു. ഈ തിളച്ച് മറിഞ്ഞ അഭിപ്രായം കേട്ടപ്പോള്‍ ശങ്കരപ്പിള്ളയുടെ ചിന്തകളില്‍ ചില വടംവലികള്‍ നടന്നു. അന്നുവരെ തനിക്ക് കിട്ടിയിരുന്ന ക്വാട്ടാ വിഹിത മദ്യം മറ്റുള്ളവര്‍ക്ക് വില്‍ക്കാറായിരുന്നു പതിവ്. കട്ടന്‍ കുടിക്കാതെ മടങ്ങിയെത്തി വീട്ടിലെ ഇരുമ്പലമാര തുറന്ന് അതില്‍ പതുങ്ങിയിരുന്ന റംകുപ്പിയെ ലാളനയോടെടുത്ത് ചായ കണക്കെ സേവിച്ചു. അരമണിക്കൂര്‍ ഇടവേളകളില്‍ ഇതേ ചായ കുടി ആവര്‍ത്തിച്ചു. രാത്രി രണ്ട് മണിവരെ അങ്ങനെപോയി. അപ്പോഴാണ്, കൃഷി ചെയ്യാതൊഴിഞ്ഞ്, കരിയിലമെത്തയ്ക്ക് മേല്‍ കാട് പടര്‍ന്ന് മൗനസന്യാസിയെപ്പോല്‍ തപസ്സ് ചെയ്യുന്ന വര്‍ഗ്ഗീസിന്റെ മുപ്പത് സെന്റ് പുരയിടത്തെക്കുറിച്ച് ശങ്കരപ്പിള്ളയ്ക്ക് ഓര്‍മ്മ വന്നത്.

പുറത്തെ ഷെഡ്ഡിന്റെ വരാന്തയിലുണ്ടായിരുന്ന തൂമ്പയും ചവറുകോരിയും കത്താളും അയാളുടെ ചുമലിലേറി വര്‍ഗ്ഗീസിന്റെ പറമ്പിലെത്തി. വാസ്തുവിന്റെ ദൈവമേ കാത്തോളണേയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ശങ്കരപ്പിള്ള കാട് വെട്ടിത്തെളിക്കാന്‍ തുടങ്ങി.

ആരുടെയും ശല്യമില്ലാതെ അവിടെ സുഖിച്ചു പാര്‍ത്ത പാമ്പുകള്‍ക്കു പോലും അയാളുടെ ധൈര്യത്തില്‍ പകപ്പ് തോന്നി അടുത്ത പറമ്പിലേയ്ക്ക് വേഗത്തില്‍ ഇഴഞ്ഞ് കയറി. രാവിലെ നാലുമണിയ്ക്കുള്ള പുത്തന്‍ തലമുറയുടെ നടപ്പ് വ്യായാമമുറ പഞ്ചായത്ത് വാസികളില്‍ പലരും ശീലമാക്കിയിരുന്നു. പപ്പും പൂടയും കൊഴിഞ്ഞ് ഡ്രസ്സ് ചെയ്ത കോഴിയെപ്പോലെ വര്‍ഗ്ഗീസിന്റെ പറമ്പ് മാറുന്നത് കണ്ടവർ കണ്ണ് മിഴിച്ചു. രാവും പകലും ഇടയ്ക്കിടെ റംകട്ടന്‍ചായ മാത്രം കുടിച്ചുകൊണ്ട് ആ പറമ്പില്‍ ശങ്കരപ്പിള്ള നിറഞ്ഞാടുകയായിരുന്നു. കാടുകളുടെ തിമിരമൊഴിഞ്ഞ്് ആകാശപ്പരവതാനിയിലേക്ക് കണ്ണ് തുറന്ന വര്‍ഗീസേട്ടന്റെ പറമ്പിലും അടുത്ത ദിവസം തൊഴിലുറപ്പ് വെട്ടുകിളികള്‍ നിര്‍ത്താതെ ചിലച്ചു.
”സ്‌നേഹത്തോടെ ഭാര്യ വിളമ്പി തന്ന ഭക്ഷണത്തില്‍ ഒരു നീണ്ട തലമുടി വിരലില്‍ ചുറ്റിയാല്‍ എന്താകും പ്രതികരണം?”
”പേ പിടിച്ച ഒരു തെരുവ് നായ കുരച്ചുകൊണ്ട് അടുത്തേയ്ക്ക് വന്നാല്‍ എന്താകും ചെയ്യുക?”
നഷ്ടപ്പെട്ട പഴ്‌സ് തിരികെ കിട്ടുമ്പോള്‍, ഏറെ പ്രേമിച്ച പെണ്ണ് മറ്റൊരുവനോടൊപ്പം പോകുമ്പോള്‍, പിന്നെ മടങ്ങി വന്ന് പ്രണയപ്പനിനീര്‍മാല അണിയിക്കുമ്പോള്‍ ഒക്കെ എന്താകും ചിന്ത?”
ഓരോ അവസരങ്ങളും വികാരങ്ങളുടെ ഗര്‍ഭംപേറലും പെറ്റീടലുമൊക്കെ തന്നെയാണെന്ന് ശങ്കരപ്പിള്ള ഉത്തരവും കണ്ടെത്തി.
റംകട്ടന്‍ നല്‍കിയ വെളിപാടില്‍ നിന്ന്പാതിരാവില്‍ മഴക്കുഴി തോണ്ടനായ് വര്‍ഗീസിന്റെ പറമ്പിലെത്തിയ മെമ്പര്‍ ചില അനക്കങ്ങളും ശബ്ദങ്ങളും കേട്ട് പകച്ചു.
ഇരുട്ടില്‍ തറയില്‍ ചേര്‍ന്നമര്‍ന്ന് ചലനാത്മക അവസ്ഥയിലായിരുന്നു അവ. സ്വതവെ പട്ടാളക്കാരനാണെങ്കിലും ശങ്കരപ്പിള്ളയുടെ ഉള്ളില്‍ ഭയത്തിന്റെ വിറയല്‍ പടര്‍ന്നു. കാട് മൂടിക്കിടന്നപ്പോള്‍ അവിടെ താമസമാക്കിയ ഏതേലും മൃഗങ്ങളായിരിക്കുമോ?
എങ്ങനെയും അതിനെ അകറ്റണം. ഇടതുകൈ കുന്താലിയില്‍ മുറുകെപ്പിടിച്ച് വലതുകൈയില്‍ ഒരു കല്ലെടുത്ത് അല്പം ആന്തലോടെ ശങ്കരപ്പിള്ള ആ രൂപത്തെ എറിഞ്ഞു.

അയ്യോ എന്ന നിലവിളിയോടെ തറയില്‍ കിടന്നിരുന്ന രൂപം ചാടിയെഴുന്നേറ്റ് ഇരട്ടകളായി. ഓടിക്കോ എന്ന് പറഞ്ഞ് കൊണ്ട് വിരിച്ചിട്ട തുണി വാരിയെടുത്തുകൊണ്ട് പറമ്പിന്റെ ഇരുവശങ്ങളിലേയ്ക്ക് അവര്‍ ഓടിയകന്നു.
പിലിപ്പോസാണ് .കേട്ട ശബ്ദത്തില്‍ നിന്നും ശങ്കരപ്പിള്ള ആളെ തിരിച്ചറിഞ്ഞു.
”ഇവന്‍ ഇങ്ങനേ ആകുകയുള്ളല്ലോ” ശങ്കരപ്പിള്ള പിറുപിറുത്തു.
വര്‍ഗീസിന്റെ അപ്പന്‍ അന്ത്രയോസ് വീട്ടുജോലിക്കായി വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊണ്ടുവന്ന ലാലാമ്മയുടെ മകനാണ് പീലിപ്പോസ്.
വര്‍ഗീസും ഫിലിപ്പോസും ഒരേപായയില്‍ കിടന്ന് ഒരുമിച്ച് വളര്‍ന്നു. ഇരുപത് കഴിഞ്ഞപ്പോള്‍ വര്‍ഗീസ് അമേരിക്കയിലേയ്ക്ക് പറന്നു. അന്ത്രയോസിന്റെ അനുജന്‍കോരയുടെ കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലിയില്‍ പ്രവേശിച്ചു. ആപ്പിള്‍ പോലെ തുടുത്ത ഒരു പെണ്ണിനെയും കെട്ടി അമേരിക്കന്‍ പൗരനായി. മാര്‍ഗരറ്റിന്റെ മരണശേഷം അന്ത്രയോസിനെ നോക്കാന്‍ സേവ്യര്‍ മാത്രേ ഉണ്ടായിരുന്നുള്ളൂ. എല്ലാ ഞായറാഴ്ചകളിലും വിശേഷദിവസങ്ങളിലും അന്ത്രയോസിനെ പള്ളികുര്‍ബാനയില്‍ പങ്കെടുപ്പിക്കാന്‍ സേവ്യര്‍ വിശേഷാല്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
വര്‍ഗീസും മാര്‍ഗരറ്റിന്റെ മരണവും അകം നിറഞ്ഞ് വേദന കൊടുക്കുമ്പോഴൊക്കെയും സേവ്യറുടെ പുഞ്ചിരിയില്‍ അന്ത്രയോസ് ജീവിത്തെ വരുതിയിലാക്കി.

പെട്ടെന്നൊരുനാള്‍ അന്ത്രയോസ് അപ്രത്യക്ഷനാകുന്നു. അന്വേഷിച്ച് വന്നവരോടെല്ലാം വര്‍ഗീസ് വന്ന് അവന്റെ അപ്പനെ അമേരിക്കയ്ക്ക് കൊണ്ട്‌പോയി എന്ന് സേവ്യര്‍ പറഞ്ഞ് കൊണ്ടേയിരുന്നു.

പെട്ടെന്നൊരുനാള്‍ അന്ത്രയോസ് അപ്രത്യക്ഷനാകുന്നു. അന്വേഷിച്ച് വന്നവരോടെല്ലാം വര്‍ഗീസ് വന്ന് അവന്റെ അപ്പനെ അമേരിക്കയ്ക്ക് കൊണ്ട്‌പോയി എന്ന് സേവ്യര്‍ പറഞ്ഞ് കൊണ്ടേയിരുന്നു. അന്ത്രയോസേട്ടനെ സ്വന്തം അപ്പനെക്കാൾ സ്‌നേഹിച്ചവനാണ് സേവ്യര്‍ എന്ന് മാനാപ്പള്ളി പഞ്ചായത്ത് മൊത്തം അഭിപ്രായപ്പെട്ടു.. വര്‍ഗീസിന്റെ പുരയിടത്തിന്റെ ഒത്ത നടുക്ക് തന്നെ വലിയ ഒരു മഴക്കുഴി എടുക്കുവാന്‍ ശങ്കരപ്പിള്ള തീരുമാനിച്ചു. ഭൂമിയെ തുരന്ന് ശസ്ത്രക്രീയ ചെയ്യുന്നവനാണ് ശരിയായ കര്‍ഷകന്‍. അരയില്‍ നിന്നും ഹെഡ്‌ടോര്‍ച്ച് എടുത്ത് നെറ്റിയ്ക്ക് മുകളില്‍ ഉറപ്പിച്ചു. കുപ്പിയില്‍ നിന്നും അല്പം റംകട്ടന്‍ എടുത്ത് മോന്തി. കൈലി തറ്റുടുത്തു… ഷര്‍ട്ട് ഊരി പറങ്കിമാവിന്റെ ചോട്ടിലേയ്‌ക്കെറിഞ്ഞു. ഹെഡ്‌ടോര്‍ച്ച് ഓണ്‍ ചെയ്തു. കുന്താലിയും മണ്‍കോരികയും കുട്ടയും പിക്കാസും അയാള്‍ക്കൊപ്പം അക്ഷീണരായി മഴക്കുഴി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടു. മണ്ണ് വെട്ടിക്കോരുന്നതിനിടയില്‍ അയാളുടെ കാലില്‍ ആരോ വന്ന് ഒന്ന് തോണ്ടി. ശങ്കരപ്പിള്ള ടോര്‍ച്ച് അതിലേയ്ക്ക് തിരിച്ചു. മണ്ണിന്റെ അതേ നിറമുള്ള എല്ലിന്കൂട്. ആറടി താഴ്ച്ചയില്‍ നിന്നും മുന്നിലെത്തിയ തലയോട്ടി ചേര്‍ന്ന അസ്ഥികൂടം അയാളെ നോക്കി പുഞ്ചിരിച്ചു.
ബാക്കി ഉണ്ടായിരുന്ന റംകട്ടന്‍ ഒറ്റ വലിപ്പിന് ശങ്കരപ്പിള്ള അകത്താക്കി. ഞാന്‍ പട്ടാളക്കാരനാണ്, പേടിക്കില്ല എന്നു പറഞ്ഞു കൊണ്ട് അയാള്‍ എല്ലിന്‍കൂടിനെ മഴക്കുഴിയുടെ അതിരില്‍ ചാരി വച്ചു.
”ടോ ഇത് ഞാനാ ശങ്കരപ്പിള്ളേ, അന്ത്രയോസ്”
”ങേ.. ശങ്കരപ്പിള്ള കണ്ണ്മിഴിച്ചു. നിങ്ങള് അമേരിക്കയിലല്ലേ”
”എന്റെ അമേരിക്ക ഈ കുഴിയാണ്”
”ഒന്ന് തെളിച്ച് പറ” ശങ്കരപ്പിള്ള അസ്വസ്ഥനായി.
”ഓഹ് എന്ത് പറയാന്‍, സേവ്യര്‍ ആയിരുന്നു എല്ലായിടത്തും എന്നെ കൊണ്ടുപോയത്, ഒടുവില്‍ ഇവിടെയും കൊണ്ടുവന്നു” വര്‍ഗീസിന്റെ എല്ലിന്‍ മുഖം പറഞ്ഞു.
ശങ്കരപ്പിള്ള കാത് കൂര്‍പ്പിച്ചു.
”അമേരിക്കയിലുള്ള വര്‍ഗീസിന് എന്തിനാ ഇവിടുത്തെ സ്വത്തും മുതലുമൊക്കെ. കാലശേഷം എന്റെ സ്വത്ത് ഞാന്‍ സേവ്യറിന് എഴുതിവെച്ചു. അതിന്റെ മൂന്നാംനാള്‍ രാത്രിയുറക്കത്തില്‍ തലയിണ എന്നെ ശ്വാസംമുട്ടിച്ച് കൊന്നു. സേവ്യര്‍ ആയിരുന്നു തലയിണയ്ക്ക് പ്രേരണ കൊടുത്തത്. മൂടിക്കിടന്ന എന്റെ പറമ്പില്‍ ആറടി താഴ്ചയില്‍ മണ്ണിന്റെ ബൈബിളും വായിച്ച് അന്ന് മുതല്‍ കിടക്കുവാ”
അന്ത്രയോസ് തലയോട്ടി വിടര്‍ത്തി ചിരിച്ചുകാട്ടി
”അന്ത്രയോസേ, നാളെ ഒരു പരാതി പോലീസ് സ്റ്റേഷനില്‍ ഞാന്‍ കൊടുക്കും. സേവ്യറുടെ നെറികേട് നാട്ടാരറിയട്ടെ” ശങ്കരപ്പിള്ള പറഞ്ഞു.
അതൊന്നും വേണ്ട, ഞാനൊക്കെ തീര്‍ന്നു. അവരൊക്കെ നന്നായി ജീവിക്കട്ടെ. ചത്ത ഞങ്ങളെ ആരും പ്രാകാണ്ടിരുന്നാല്‍ മതി. എന്നെ ഇതില്‍ത്തന്നെ വേഗം മൂടിക്കോ. ബൈബിള് വായിക്കാന്‍ നേരമായി”

അന്ത്രയോസിന്റെ എല്ലിന്‍കൂട് മഴക്കുഴിയില്‍ നീണ്ട് നിവര്‍ന്നു കിടന്നു. ശങ്കരപ്പിള്ള അതിന് മീതേയ്ക്ക് മണ്ണ് കോരിയിട്ട് മൂടി. അതിനു ശേഷം അന്ത്രയോസിന്റെ ആത്മാവിന് വേണ്ടി അന്ത്യകുര്‍ബാന ചൊല്ലി പ്രാര്‍ത്ഥിച്ചു.
ശങ്കരപ്പിള്ളയുടെ ജീവിതത്തിന് വീണ്ടുമൊരു മറിഞ്ഞുവീഴലുണ്ടായത് അന്ന് മുതലാണ്. അയാള്‍ ആകെ അസ്വസ്ഥനായി മാറി. കട്ടന്റം കുടിക്കാന്‍ പോലും മറന്നു. അന്ത്രയോസേട്ടനോട് എപ്പോഴുമയാള്‍ സംസാരിച്ചുകൊണ്ടേയിരുന്നു. വാര്‍ദ്ധക്യ പെന്‍ഷന് സാക്ഷ്യപ്പെടുത്തലിനായി വന്ന പൊന്നമ്മയുടെ അപേക്ഷാ കടലാസിന്റെ അടിയില്‍ അന്ത്രയോസേട്ടന്റെ മരണത്തെക്കുറിച്ച് അടിയന്തിര അന്വേഷണമുണ്ടാകണമെന്ന് കുറിപ്പ് എഴുതി ഒപ്പിട്ട് കൊടുത്തു. അദൃശ്യരായ എസ്.ഐ.യോടും സി.ഐ.യോടും കേസിനെക്കുറിച്ച് സംസാരിക്കുന്നത് കണ്ട് ഭാര്യ ഗീതയും മക്കളും ശബ്ദമൊതുക്കി കരഞ്ഞു. മാനസിക പിന്തുണാകേന്ദ്രത്തിലെ നാലുമാസവാസം കഴിഞ്ഞെത്തിയ മെമ്പര്‍ പിന്നെയും തൊഴിലുറപ്പ് പണി നാട്ടില്‍ പരത്തി.

സരോജിനി അമ്മുമ്മയുടെ വീട് പഴയതിനെക്കാള്‍ മെച്ചമാക്കി പഞ്ചായത്തിനെ കൊണ്ട് പണിയിപ്പിച്ചു നല്‍കി.
മൂന്നാം തവണ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ജനസേവനത്തില്‍ സ്വയമറിയാതെ ശങ്കരപ്പിള്ള കൈവിട്ട് പോകുമെന്നറിയാവുന്നത് കൊണ്ടാണ് ഗീതയും മക്കളും എതിര്‍പ്രചാരണം നടത്തിയത്. എന്നിട്ടും തൊഴിലുറപ്പ് പെണ്ണുങ്ങള്‍ ശങ്കരപ്പിള്ളയ്ക്ക് വേണ്ടി സര്‍വതും മറന്ന് പ്രവര്‍ത്തിച്ചതിനാല്‍ മികച്ച ഭൂരിപക്ഷത്തില്‍ വാര്‍ഡ് അങ്ങേര്‍ക്കൊപ്പമായി. ഇത്തവണ പുതിയ മെമ്പര്‍ തൊഴിലുറപ്പിന് വലിയ പ്രാധാന്യം കൊടുത്തില്ല. സ്‌കൂള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് ശങ്കരപ്പിള്ള നോട്ടം വെച്ചത്. തൊഴിലുറപ്പ് പെണ്ണുങ്ങള്‍ മുറുമുറുത്ത് തുടങ്ങി.
പത്ത് ദിവസത്തെ പണി പോലും കിട്ടിയില്ല എന്ന പരാതി പെണ്ണുങ്ങളില്‍ അലയടിച്ചു.

മൂന്നാം തവണ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ജനസേവനത്തില്‍ സ്വയമറിയാതെ ശങ്കരപ്പിള്ള കൈവിട്ട് പോകുമെന്നറിയാവുന്നത് കൊണ്ടാണ് ഗീതയും മക്കളും എതിര്‍പ്രചാരണം നടത്തിയത്.

”മെമ്പറേ റോഡിനിരുവശവും പിന്നേം കാടായി. കൃഷിയിടങ്ങള്‍ ശരിയാക്കേണ്ടായോ. തൊഴിലുറപ്പില്‍ ചേര്‍ത്ത് പ്രോജക്ട് വെക്ക്” പെണ്ണുങ്ങള്‍ അപേക്ഷ അറിയിച്ചു.
”ഓ, ഒക്കെ പിന്നെയാകാം”
”മെമ്പറേ ഞങ്ങളാ നിങ്ങളെ ജയിപ്പിച്ചത്. ഞങ്ങള്‍ക്ക് വേണ്ടി നില്‍ക്ക്”
”അങ്ങനെ തന്നെയാണല്ലോ. ആദ്യ പ്രോ ജക്ട് ഇത്തവണ വിദ്യാഭ്യാസമാണ്. അത് കഴിയട്ടെ” പെണ്ണിന്റെ കണ്ണീര്‍ വീണാല്‍ കുലം മുടിയും മെമ്പറേ എന്ന് പറഞ്ഞു കൊണ്ട് പരാതിപ്പെണ്ണുങ്ങള്‍ മടങ്ങിപ്പോയി.
സുജാത ചാവേറായത് അങ്ങനെയാണ്. തൊഴിലുറപ്പ് പെണ്ണുങ്ങള്‍ക്ക് മൊത്തം അഭിമാനമായി അവള്‍ ആകാശം മുട്ടെ വളര്‍ന്നു.
മകന്റെ ഓണ്‍ലൈന്‍ പഠനപ്രശ്‌നം പറയാനായി സുജാത ശങ്കരപ്പിള്ളയെ വീട്ടിലേയ്ക്ക് വിളിച്ചു. മെമ്പര്‍ വരുന്നത് കണ്ട് ഒരു കള്ളച്ചിരിയോടെ സുജാതയുടെ ഭര്‍ത്താവ് വേണു പിന്നാമ്പുറവാതിലിലൂടെ ഇറങ്ങിപ്പോയി.
നാട്ടുകാരുടെ പാവം സാദാ ശങ്കരപ്പിള്ള സുജാതയോട് മകന്റെ പഠനകാര്യങ്ങള്‍ തിരക്കുകയായിരുന്നു. സുജാത അവളുടെ മാക്‌സിയുടെ മുന്‍ഭാഗം വലിച്ചു കീറി.
”എന്താ സുജാതേ ഈ കാട്ടുന്നത്” ഏറെ പകച്ച മെമ്പര്‍ കസേരയില്‍ നിന്നും ചാടിയെഴുന്നേറ്റു.

ശത്രുസൈനികരോ അസ്ഥികൂടമായി വന്ന അന്ത്രയോസേട്ടനോ ശങ്കരപ്പിള്ളയ്ക്ക് വലിയ പ്രശ്‌നങ്ങളേ ആയിരുന്നില്ല.
ചാവേറാക്രമണ രീതിയാണ് സുജാതയ്ക്ക് എന്ന് ശങ്കരപ്പിള്ള തിരിച്ചറിയാന്‍ വൈകിപ്പോയിരുന്നു.
”തൊഴിലുറപ്പ് പണിയാ ഞങ്ങളുടെ ജീവിതം അതുണ്ടാകുന്നില്ലേല്‍ എന്തും ചെയ്യും. ചാവേറുകളാകും” ശബ്ദം താഴ്ത്തി മെമ്പറോട് ഇത്രയും പറഞ്ഞിട്ട് സുജാത നിലവിളിക്കാന്‍ തുടങ്ങി.
അയല്‍പക്കക്കാരും തൊഴിലുറപ്പ് പെണ്ണുങ്ങളും ഓടിക്കൂടുന്നു. അവരുടെ മുന്നില്‍ സുജാതയും മെമ്പറും.
”നമ്മുടെ പണികളഞ്ഞ് പള്ളയ്ക്കടിക്കാന്‍ വരുന്നോര്‍ക്കൊക്കെ ഇതേവിധം നമ്മളും പണി കൊടുക്കും” തൊഴിലുറപ്പ് പെണ്ണുങ്ങള്‍ വെല്ലുവിളി ഉയര്‍ത്തി.
ഭാവിയിലേക്ക് ശങ്കരപ്പിള്ള അപ്പോള്‍ തുറിച്ചു നോക്കി. പോലീസ് സ്റ്റേഷന്‍, കേസ്, കോടതി, പഞ്ചായത്തംഗസ്ഥാനം രാജിവെക്കല്‍… ”അന്ത്രയോസേട്ടാ നിങ്ങളുടെ കുഴിയിലേക്ക് ഞാനും കൂടി ഇറങ്ങി വന്നോട്ടേ” ശങ്കരപ്പിള്ള ഉള്ളില്‍ അന്ത്രയോസിനോട് അപേക്ഷ ചൊല്ലിക്കൊണ്ടേയിരുന്നു

Author

Scroll to top
Close
Browse Categories