കാവ്യനീതി
ഉച്ചിയില്‍കത്തുന്ന വെയിലിന്റെതിളക്കത്തില്‍ നിന്ന്ഇളംതിണ്ണയിലേക്കു കയറുമ്പോള്‍ സത്യജിത്തിന്റെകണ്ണിലാകെഇരുട്ടുമാത്രമായിരുന്നു. പുറത്തെ വെയിലിന് അത്ര ശക്തിയാണ്. ഒരല്പ നേരം കണ്ണടച്ചു നിന്നാലേ മുന്നിലുളള വസ്തുക്കളെ കാണാനാവൂ..അതുവരെ കണ്ണുകള്‍ക്കു മുമ്പില്‍ ഒരു ദൃശ്യവുമില്ല, നിറവുമില്ല, ഇരുണ്ട ശൂന്യത മാത്രം! ഒരു നിമിഷം ശൂന്യതയെ ഒഴിവാക്കി സിറ്റൗട്ടിലേക്കു കടന്നപ്പോള്‍ പ്രകാശത്തിന്റെ തിരിനാളങ്ങള്‍ ഒന്നൊന്നായി തെളിഞ്ഞുതുടങ്ങി. പോക്കറ്റില്‍ നിന്ന് പുരയുടെ താക്കോല്‍തപ്പിയെടുത്ത് വാതില്‍തുറന്നു. കമല ഇല്ലാതായതില്‍ പിന്നെ വാതില്‍ പൂട്ടിതാക്കോലെടുത്തേ പുറത്തേക്കിറങ്ങാനാവൂ. ഭക്ഷണക്രമമെല്ലാം തന്നെ ഗോപാലകൃഷ്ണന്റെ ഊട്ടുപുര ഏറ്റെടുത്തിരിക്കുകയാണല്ലോ. ചായ അനത്തിക്കുടിക്കുന്നതു മാത്രം സത്യജിത്തിന്റെ സ്വന്തം ജോലിയാണ്. ബാക്കിയെല്ലാം ഊട്ടുപുരയ്ക്കറിയാം. സമയം നോക്കി അവിടെ ചെന്നിരിക്കുകയേവേണ്ടൂ. എല്ലാമാസവും പെന്‍ഷന്‍ വാങ്ങി വരുന്ന വഴിതന്നെ ഗോപാലകൃഷ്ണന്റെ കണക്കു തീര്‍ക്കും. പണ്ടു സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ സൗഹൃദമാണല്ലോ ഗോപാലകൃഷ്ണനുമായി സത്യജിത്തിനുളളത്. വെറുംസൗഹൃദമെന്നൊരുപേരു നല്‍കി ഈ കൂട്ടുകെട്ടിനെ വ്യാഖ്യാനിക്കാന്‍ സത്യജിത്തിനു കഴിയില്ല. കാരണം സത്യജിത്തിന് ഏറ്റവും കൂടുതല്‍ ബന്ധമുളളത് ഫ്രണ്ട്‌സ്അഥവ കൂട്ടുകാരുമായിട്ടാണ്. കൂട്ടുകാര്‍എന്നാല്‍ജീവിതത്തിലെ വെളിച്ചമാണ്. അവര്‍ക്കിടയില്‍ കുശുമ്പില്ല, കുന്നായ്മയില്ല, കുത്തിത്തിരുപ്പില്ല. പരസ്പരം പങ്കുവയ്ക്കാനുളളത് സ്‌നേഹം മാത്രം. പറയാനുളളത്ഒരേ ആശയങ്ങള്‍. വെളിപ്പെടുത്താനുളളത്ഒരേചിന്താഗതികള്‍, അങ്ങോട്ടുമിങ്ങോട്ടും കടം കൊടുത്തും കടമെടുത്തും മുന്നോട്ടു പോകുന്ന ചങ്ങലക്കണ്ണികള്‍.!
കൂട്ടുകാര്‍എന്നാല്‍എന്താണെന്നു സത്യജിത്തിനു മനസ്സിലായതു നാലാം ക്ലാസില്‍ പഠിക്കുമ്പോളാണ്. നാലാം ക്ലാസ്സിലെ ക്ലാസ് ടീച്ചര്‍ എന്‍.സി.നായര്‍ എന്ന ചന്ദ്രശേഖരന്‍ നായര്‍സാറായിരുന്നു. ഒരു കാലിനു മുടന്തുളള അദ്ദേഹത്തിനു കുട്ടികള്‍, കുറഞ്ഞ വോളിയത്തില്‍ ചെവിയോടു ചെവി’ചട്ടമ്പിസാര്‍’എന്നൊരു വിളിപ്പേരുചാര്‍ത്തിക്കൊടുത്തിരുന്നു. ഉറക്കെപ്പറയാനോ, മറ്റുളളവര്‍കേള്‍ക്കെ പറയാനോ അധികമാരും ധൈര്യപ്പെട്ടിരുന്നില്ല. അദ്ധ്യാപകര്‍ക്കു പേരിടാന്‍ ഏറ്റവും സാമര്‍ത്ഥ്യമുളളതു വിദ്യാര്‍ത്ഥികള്‍ക്കാണല്ലോ.
ഒരു ഫ്രീ പീരീഡില്‍ ക്ലാസ്സില്‍ വന്ന പുതിയ അദ്ധ്യാപിക കുട്ടികളോടു ചോദിച്ചു’ആരാണു നിങ്ങളുടെ ക്ലാസ് ടീച്ചര്‍?”ചട്ടമ്പിസാര്‍.’
ഓര്‍ക്കാപ്പുറത്തുണ്ടായ മറുപടിയും അന്‍പതു മിഴികളില്‍ തിളങ്ങിയ അത്ഭുതവും ഇരുപത്തിയഞ്ചു ചുണ്ടുകളില്‍ തെളിഞ്ഞ പരിഹാസവും കണ്ട് ടീച്ചര്‍ ഞെട്ടി. മനഃപൂര്‍വ്വമല്ലെങ്കിലും വായ്‌വിട്ട വാക്കിനെ തിരിച്ചെടുക്കാനാവാതെസത്യജിത്തുംകുഴങ്ങി. തെളിയിക്കപ്പെടാനാവാത്തൊരു നിരപരാധിത്വം! തുടര്‍ന്നുളള നാല്‍പ്പത് മിനിറ്റും അദ്ധ്യാപകരോട് വിദ്യാര്‍ത്ഥികള്‍ എങ്ങനെ പെരുമാറണമെന്നുംഅവരെകുട്ടികള്‍ എങ്ങനെ ബഹുമാനിക്കണമെന്നുംകുട്ടികള്‍ പരസ്പരം എങ്ങനെയായിരിക്കണമെന്നും ഒക്കെയുളള വാമൊഴി മാത്രമായിരുന്നു ക്ലാസ്സില്‍ അരങ്ങേറിയത്. പുതിയ ടീച്ചറിന്റെവാക്കുകള്‍ സത്യജിത്ത് എന്ന എട്ട് വയസ്സുകാരന്റെ ഉളളില്‍ തീരം തല്ലിതകര്‍ക്കുന്ന അലകടല്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ഇതൊന്നും എന്‍.സി.സാര്‍ അറിയരുതേഎന്ന് അവന്‍ പ്രാര്‍ത്ഥിച്ചു. കുനിഞ്ഞ മുഖവും ഈറനൂറിയമിഴികളുമായി അവന്‍ നേരമെത്തിച്ചു. എന്നാല്‍ഇക്കാര്യങ്ങളെല്ലാംതന്നെ എന്‍.സി.നായര്‍ എന്ന ചന്ദ്രശേഖരന്‍ നായരുടെചെവിയിലുംഎത്തിയിരുന്നു.
അടുത്ത ദിവസവുംഅതിനടുത്ത ദിവസങ്ങളിലുംഹാജര്‍ പുസ്തകംകൈമടക്കിനുളളില്‍വച്ച് എന്‍.സി.സര്‍ ക്ലാസ്സിലെത്തിയപ്പോള്‍സത്യജിത്തിന്റെ നെഞ്ചകംവെന്തുരുകി. പക്ഷേ ഒന്നും സംഭവിച്ചിട്ടേയില്ലെന്ന മട്ടില്‍സര്‍ ക്ലാസ്സെടുത്തപ്പോള്‍സത്യജിത്തിനൊപ്പംമറ്റ്കുട്ടികളും ആശ്വസിച്ചു.
അന്നൊരുവ്യാഴാഴ്ചയായിരുന്നു. ഒന്‍പതിന്റെപെരുക്കപ്പട്ടികഓരോരുത്തരായിഎഴുന്നേറ്റ് നിന്ന് ചൊല്ലാന്‍ സാര്‍ പറഞ്ഞു. ഊഴം വന്നപ്പോള്‍ ഭയവും ആശങ്കയുംഎല്ലാംകൂടിക്കലര്‍ന്ന് പട്ടികമുഴുമിപ്പിക്കാന്‍ സത്യജിത്തിനായില്ല. സാര്‍ചൂരല്‍കൈയിലെടുത്തപ്പോള്‍തന്നെ അവന്‍ കരയാന്‍ തുടങ്ങി.
ങ്ാഹാതല്ല്‌കൊളളുന്നതിന് മുന്‍പേ തന്നെ നീ കരച്ചില്‍തുടങ്ങിയോ ?ഇതുകണ്ടാലൊന്നും ഞാന്‍ മയങ്ങുവേലടാ നീട്ടടാകൈ.’
കൈ നീട്ടിയെങ്കിലുംചൂരല്‍ഉയര്‍ന്ന്താഴുന്നതിന് മുന്‍പുതന്നെ കൈ പിന്‍വലിച്ചതിനാല്‍അടിവീണത്ഡസ്‌കിന്റെമൂലയിലാണ്.
‘ഓഹോ… നീയെന്നെ വിഡ്ഢിയാക്കുന്നോ?’ എന്നാക്രോശിച്ചതുമല്ല സത്യജിത്തിന്റെ കാല്‍വണ്ണയില്‍ അടിവീണു. ഒന്നല്ല, രണ്ടല്ല, മൂന്നണ്ണം! അയ്യോ… അയ്യോഎന്ന് നിലവിളിച്ച അവന്‍ കുനിഞ്ഞ് നോക്കിയപ്പോളാണ്കണ്ടത്കാലില്‍ നിന്നുംചുടുചോരചീറിത്തെറിക്കുന്നു. ഒരേ പാട്ടില്‍തന്നെയാണല്ലോമൂന്ന്അടിയുംവീണത്. തൊലി പൊട്ടിരക്തംഒഴുകുന്നു. അടുത്തിരുന്ന കുട്ടികള്‍ പോലും നിലവിളിച്ചുപോയി. രോഷമടക്കാനാവാതെ അദ്ധ്യാപകന്‍ വീണ്ടുംചൂരല്‍ ഉയര്‍ത്തുമ്പോഴാണ് ക്ലാസ് തീര്‍ന്നതിനുളള ബെല്ലടിച്ചത്. അങ്ങനെ ആ ക്ലാസ്സില്‍ ഒരു യുദ്ധം തുടങ്ങുകയായിരുന്നു. എന്നാല്‍ യുദ്ധത്തിന്റെകാരണങ്ങളും യുദ്ധത്തിന്റെ നീക്കങ്ങളുംഒന്നുംസത്യജിത്തിന്റെവീട്ടില്‍അറിഞ്ഞില്ല. പടയാളികളില്ലാത്തൊരു പടനായകനായിരുന്നല്ലോ അവന്‍.
ഒരു മുത്തശ്ശി അല്ലാതെ സത്യജിത്തിന്റെ വീട്ടില്‍മ റ്റാരുമില്ല. അവന് ഒന്നരവയസ്സുളളപ്പോളാണ് അച്ഛന്‍ സത്യന്‍ ഒരു ആക്‌സിഡന്റില്‍പെട്ടു മരിച്ചത്. പിന്നീട് ഒരു വര്‍ഷം പോലുംതികയുന്നതിനുമുന്‍പ് അവന്റെ അമ്മ ആത്മഹത്യചെയ്തു. അച്ഛമ്മ എന്ന് അവന്‍ വിളിക്കുന്ന മുത്തശ്ശിമാത്രമാണ് അവനു സ്വന്തമെന്നു പറയാനുണ്ടായിരുന്നത.് അങ്ങനെ ആ ഇരുണ്ട ജാതകക്കാരന്റെ ജൻമദുഃഖത്തിനു സാക്ഷിയാകാനുണ്ടായത് ഒരു അച്ഛമ്മ മാത്രം. അവരുടെ മകന്‍ സത്യന്റെമകനായി ജനിച്ചതുകൊണ്ടുതന്നെയാണ് അവന് സത്യജിത്തെന്നു പേരിട്ടുവിളിച്ചത്, സ്‌നേഹിച്ചുവളര്‍ത്തി മേനിയില്‍താളമിട്ടുതാരാട്ടു പാടി, ജീവനോട് ചേര്‍ത്തുകെട്ടിപ്പിടിച്ചു പൊതിഞ്ഞ് ഉറക്കിയത്.
ചോരഒലിച്ചുവിങ്ങിവീര്‍ത്ത നിലച്ച കാലുമായി നടന്നുവന്ന ചെറുമകനെ കണ്ട അച്ചമ്മയ്ക്കു സഹിച്ചില്ല.
‘മകനേ എന്താണുണ്ടായത്. ‘തീരംതല്ലിത്തകര്‍ക്കുന്ന സങ്കടക്കടല്‍ ഉളളിലൊതുക്കിഎല്ലാവരും പറയുന്ന ആ വാക്കുതന്നെ അവനും പറഞ്ഞു
‘ഒന്നുമില്ല.’
പക്ഷേ നൈതികബോധവുംസത്യസന്ധതയും പകര്‍ന്നു നല്‍കിയ ആ സ്‌നേഹപ്രവാഹത്തിന്റെതുടര്‍ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞുമാറാന്‍ ആ കുരുന്നിനു കഴിഞ്ഞില്ല. പെരുക്കപ്പട്ടിക മറന്നുപോയതിന്റെശിക്ഷയോ? ആ നിസ്സഹായ ബാലന്റെ ദീര്‍ഘവിലാപങ്ങളില്‍ തേങ്ങി വേച്ചുവേച്ച്അവന്റെ മുത്തശ്ശി മുറിപാടുകളില്‍ മരുന്നു പുരട്ടി. മകന്റെ കടിഞ്ഞൂല്‍ കിടാവിന്റെ കുഞ്ഞിക്കൈകളും കുഞ്ഞിക്കാലുകളും ആകാശത്തില്‍ മൃദുതാളങ്ങള്‍ സൃഷ്ടിച്ച തന്റെ താരാട്ടു പാട്ടിനു ശ്രൂതിമീട്ടിയ ദിനങ്ങള്‍ ആ മാതൃഹൃദയത്തിനു മറക്കാനായില്ല. വിഷാദത്തിന്റെ നെറുകയില്‍കയറി നിന്ന് ആ അമ്മ നെടുവീര്‍പ്പെട്ടു.
അടുത്ത പുലരിയില്‍ സത്യജിത്തിന്റെ കൈ പിടിച്ച് അച്ഛമ്മ ചുവടളന്നു നടന്നുചെന്ന് നിന്നത് സര്‍ക്കാര്‍ പളളിക്കൂടത്തിലെ ഹെഡ് മാസ്റ്ററുടെ ഓഫീസ് വരാന്തയില്‍. ‘ഹെന്റെ സാറേ..ഇതിച്ചിരികടുപ്പമായിപ്പോയി. അച്ചനുമമ്മയും ഇല്ലാത്ത കൊച്ചാ. അതുങ്ങടെ ആത്മാവു പോലും പൊറുക്കുകേല. അവന്‍ പഠിക്കാതെവന്നാലോ തെറ്റുചെയ്താലോ ശിക്ഷിക്കരുതെന്നു ഞാന്‍ പറയുവേല.’വിഷാദസ്വരവിഹ്വലതയില്‍ അവരുടെ വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി.
‘സത്യജിത്ത് ക്ലാസ്സില്‍ പോയിരുന്നോളൂ’ഹെഡ് മാസ്റ്ററുടെ ആജ്ഞയില്‍ അവന്‍ പനിപിടിച്ചുവിറച്ചവനെപ്പോലെ നാലാം ക്ലാസ്സിനെ ലക്ഷ്യമിട്ടു.
‘റബര്‍തോട്ടത്തില്‍ പണിയെടുത്താസാറേ ഞാനീ കുഞ്ഞിനെ വളര്‍ത്തുന്നത്. റബറുവെട്ടുകാരന്‍ വെട്ടുകഴിഞ്ഞുപോകുമ്പോള്‍ പാലെടുത്തു മിഷ്യന്‍ പുരയിലെത്തിച്ചുകൊടുക്കും ഞാന്‍. അവധി ദിവസമാണെങ്കില്‍ ഈ കുഞ്ഞിനേം കൂട്ടിയാ ഞാന്‍ ജോലിക്കു പോകുന്നത്. അവനെ ഒറ്റക്കിരുത്താന്‍ പോലും പേടിയാ. എനിക്കവനും അവനു ഞാനും മാത്രമേയുളളു സാറേ. എന്റെ മനോവെഷമംകൊണ്ടു പറഞ്ഞുപോയതാസാറേ …. ഹെഡ്മാസ്റ്ററുടെ ആശ്വാസവാക്കുകള്‍ കേട്ട്അവര്‍മടങ്ങി.
അടുത്ത നാള്‍ എന്‍.സി.നായര്‍സാര്‍ ക്ലാസ്സിലേക്കുകയറിവന്നതുതന്നെ കോപാഗ്നിയില്‍ തിളച്ചുതൂവിയാണ ്. അറ്റന്‍ഡന്‍സ് എടുത്ത ശേഷംഹാജരു പുസ്തകം മേശപ്പുറത്തേക്കു വലിച്ചെറിഞ്ഞ്കലിതുളളി ആ അദ്ധ്യാപകന്‍
‘സത്യജിത്ഇവിടെവരൂ.’
ആലിലപോലെവിറച്ച് അവന്‍ ഗുരു മുമ്പില്‍ വണങ്ങി.
‘ഏതായാലും നീ വീട്ടുകാരെക്കൊണ്ടു കംപ്ലെയിന്റ് കൊടുപ്പിച്ചില്ലേ ഇതുകൂടി ക്കൂട്ടികൊടുത്തോളൂ. ‘
പറഞ്ഞുതീരുന്നതിനു മുന്‍പു തന്നെ ചൂരല്‍വടിഉയര്‍ന്നുതാണു. പതനസ്ഥലം തലേദിവസത്തേതു തന്നെ. നീരുവന്നുവീര്‍ത്ത ചോരയൊഴുകുന്ന ആ മുറിപ്പാടുകളില്‍അടിവീണപ്പോള്‍ അവന്‍ വിഭ്രമത്തില്‍ വിയര്‍ക്കുകയോ സങ്കടത്തില്‍ പുകയുകയോചെയ്തില്ല. ആ ……….. എന്നൊരു ശബ്ദംമാത്രം തൊണ്ടക്കുഴിയില്‍ നിന്ന് പുറംലോകത്തോടു മിണ്ടി. പകരം പകച്ചു നിന്നത് നാലാം ക്ലാസ്സിലെ ഇരുപത്തിനാല് കൂട്ടുകാര്‍ അവര്‍ഒന്നിച്ചു ആലപിച്ച സങ്കടഗാനത്തിന്റെ ആദ്യവരി’കണ്ണേ മടങ്ങുക…’
ശരീരത്തിലെമുറിവില്‍ നിന്നുവെളുത്ത ചോര ഒലിപ്പിച്ചുകൊണ്ടു നിലവിളിക്കുന്ന റബര്‍ മരങ്ങളെപ്പോലെ അവന്‍!.അടുത്ത ദിവസം രാവിലെയും അതേ വെട്ടുകാരന്‍ അതേമുറിവില്‍തന്നെ വീണ്ടുംകത്തിവെക്കുന്നു!.
ചൂരല്‍ വടി ആഞ്ഞു നിലത്തുകുത്തിഒടിച്ച് ക്ലാസ്സില്‍ നിന്നിറങ്ങിപ്പോയി ആ ഗുരുനാഥന്‍.
കാലിലെ അതികഠിനമായ വേദനയുടെ പുളച്ചിലില്‍ ഒരു മരവിപ്പു പടര്‍ന്നു കയറുന്നതറിഞ്ഞു സത്യജിത്ത് ക്ലാസ്സിലെ ഇരുപത്തിനാലു കുട്ടികളും സത്യജിത്തിനു ചുറ്റും പത്മവ്യൂഹം പണിതു. എല്ലാമിഴികളിലും അടര്‍ന്നു വീഴാന്‍ വെമ്പുന്ന സ്ഫടികഗോലികള്‍!. അവരുടെ ആശ്വാസവാക്കുകള്‍ പകര്‍ന്നുകൊടുത്തത്കി ട്ടാവുന്ന ഏറ്റവുംവിലയേറിയ വേദന സംഹാരിയായിരുന്നു. ജീവിതത്തില്‍ പകച്ചു നില്‍ക്കുമ്പോള്‍ മുറുകെപ്പിടിക്കാനൊരു കൈ ഉണ്ടാവുക എന്നതാണ്ഏറ്റവുംവലിയസന്തോഷം. ഒരുമയോടെഏവരുംചുറ്റുംകൂടിയപ്പോള്‍ ശരീരത്തിന്റെ വേദന നിസ്സാരമെന്നു തോന്നിപ്പോയി. ആ പിഞ്ചുബാലന്!. മറ്റുളളവര്‍ക്കായികരുണയും കരുതലും നമ്മുടെ പ്രവൃത്തികളിലും പ്രതിഫലിപ്പിക്കുക. സൗഹൃദം ഒരു വലിയചങ്ങലയാണെന്നും അതു പൊട്ടിച്ചെറിഞ്ഞ്അതിന്റെ ഇമ്പമാര്‍ന്ന കിലുക്കം നഷ്ടപ്പെടുത്തരുതെന്നും അന്നവന്‍ മനസ്സിലാക്കി. അന്നത്തെ കൂട്ടുകാരില്‍ അധികം പേരും ഇന്നുംസത്യജിത്തിനോടൊപ്പമുണ്ട്, സ്‌കൂള്‍മേറ്റ്‌സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ.
അന്നു സത്യജിത്തിനെ ഗോപാലകൃഷ്ണനും സിദ്ധാര്‍ത്ഥനും തോമസുകുട്ടിയും രാജേന്ദ്രനുംഎല്ലാവരും കൂടെ തോളിലും കൈയിലും താങ്ങിയാണ് വീട്ടിലെത്തിച്ചത്. തടവിയും തലോടിയും പലതും പറഞ്ഞും അവര്‍ അവനെ ആശ്വസിപ്പിച്ചു. അകം പുറം പൊളളി, ഇളംകാലുകള്‍ കണ്ണുനീര്‍ കൊണ്ടുകഴുകി, നെഞ്ചോടമര്‍ത്തി നിലവിളിച്ച് അച്ഛമ്മ അവനെ ആശുപത്രിയിലെത്തിച്ചു. രണ്ടാഴ്ചസ്‌കൂള്‍മുറ്റം കാണാതെ അവന്‍ അടുക്കള ചായ്പിലെ കയറ്റുകട്ടിലില്‍ കിടന്ന്ആകാശം കണ്ടു. സ്‌കൂള്‍ സമയം കഴിഞ്ഞിറങ്ങുന്ന കൂട്ടുകാര്‍ വീട്ടിലെത്തി അന്നന്നു പഠിപ്പിച്ച പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയും നോട്ടുകള്‍ എഴുതിക്കൊടുക്കുകയും ചെയ്തു. കഴിഞ്ഞതു കഴിഞ്ഞു. ഇനി എങ്ങനെ മുന്നോട്ടുപോകാം എന്നതു മാത്രമായിരുന്നു ചിന്ത. എന്‍.സി.നായര്‍സാര്‍ എന്നു കേള്‍ക്കുമ്പോള്‍ പല്ലിറുമ്മുന്ന കൂട്ടുകാരും ഉണ്ടായിരുന്നു. എല്ലാവേദനകളും വിട്ടൊഴിയുന്ന ഒരു പ്രഭാതത്തില്‍ ഇലകള്‍ തളിര്‍ക്കുകയും ഇളംകാറ്റുവീശുകയും വസന്തം പൂവിടുകയും ചെയ്യുമെന്ന പ്രത്യാശ ഒന്നുമാത്രമായിരുന്നു കൂടെപ്പിറപ്പ്; അച്ചമ്മയോടുളള സ്‌നേഹവും ചോര പൊടിഞ്ഞ ആത്മാഭിമാനത്തോടെ സത്യജിത്ത് വീണ്ടും ഹാജരുപുസ്തകത്തില്‍ പ്രസ ന്റ് മാര്‍ക്ക്ഇടീച്ചു.
അച്ചമ്മ ആയിരുന്നല്ലോ അവന് എല്ലാം. ആത്മാവില്ലാത്ത ഒരു ശരീരത്തിനെപ്പോലെ മനസ്സിലും മാസ്‌കു ധരിച്ചാണ് അവന്‍ നടന്നത്. മിക്ക ദിവസങ്ങളിലും അച്ചമ്മ പ്രാര്‍ത്ഥനകള്‍ കൊണ്ട് അവനു തുലാഭാരം നടത്തി. കൂട്ടുകാരുടെ നിരന്തര പ്രേരണയും സങ്കടക്കണ്ണീരും ആശ്വാസവചനങ്ങളും സതീര്‍ത്ഥ്യസ്‌നേഹത്തിന്റെ മധുരോദാരത മനസ്സിലാക്കിക്കൊടുത്തു. എല്ലാഞെക്കുവിളക്കുകളും വഴിതെളിച്ചത് ഒരു ബിരുദവും സര്‍ക്കാരുദ്യോഗവുമെന്ന നക്ഷത്രത്തിളക്കത്തിലേക്കുതന്നെ
ഉദ്യോഗപര്‍വ്വത്തിലേക്കു പ്രവേശിക്കുമ്പോഴും മാതാ പിതാഗുരുദൈവമെന്ന മന്ത്രാക്ഷരി മറന്നില്ലസത്യജിത്ത്. ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതയും ഹൃദ്യതയും എന്‍.സി.നായര്‍സാറില്‍ നിന്നു മനസ്സിലാക്കിയിരുന്നല്ലോ. എങ്കിലും ഗുരു എന്നു പറയുമ്പോള്‍ ആദ്യം മനസ്സില്‍തെളിയുന്നത് അദ്ദഹത്തിന്റെ മുഖം തന്നെയാണ്ഇന്നും. പ്രാണന്റെ പിടച്ചിലില്‍ ഇഴയാന്‍ പഠിപ്പിച്ചത് അദ്ദേഹമാണല്ലോ. ഉയരങ്ങളിലിരുന്ന്അദ്ദേഹം പച്ചകുത്തിയതു ആഴങ്ങളിലേക്ക്ആഴ്ന്നിറങ്ങിയ അടി അടയാളമാണ്. കാല്‍വണ്ണയില്‍ നിന്നും എഴുന്നു തഴമ്പിച്ചു നില്‍ക്കുന്ന അടിയുടെ അടയാളം. ആണികള്‍ പിഴുതുമാറ്റപ്പെട്ട ചുവരുകള്‍ പോലെ, കാലപ്രവാഹത്തില്‍ എത്ര പൊരുത്തപ്പെട്ടാലുംഅതിന്റെ പാടുകള്‍ അവിടെത്തന്നെയുണ്ടാകും. ശരീരത്തിലുംഹൃദയത്തിലും. ആ തഴമ്പിലൊന്നു തലോടിതന്റെഗുരുവന്ദനം രേഖപ്പെടുത്തിസത്യജിത്ത്. അതില്‍ പിന്നെ മംഗലം, ആദ്യജാതന്റെ പിറവി അങ്ങനെ എന്തെല്ലാം……….
സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സാന്ത്വനസ്പര്‍ശമേകി ചോരയും കണ്ണീരും പുരണ്ട ദിനരാത്രങ്ങളെ പൂവണിയിച്ച അച്ഛമ്മയുടെ അന്ത്യം………. മെച്ചപ്പെട്ട പച്ചപ്പു തേടിവിദേശത്തേക്കു വിമാനമേറിയ ഏകജാതന്‍. എല്ലാത്തിനുമൊടുവില്‍കമല. ജൻമങ്ങള്‍ക്കു മുമ്പേ തന്നെ തലയോടു പലകയില്‍എഴുതിവച്ചിരുന്ന വിധുരന്‍ എന്ന വാക്കുമായ്ച്ചുകളയാനുളള അവകാശംസത്യജിത്തിനില്ലായിരുന്നല്ലോ.
ഊണുകഴിക്കാന്‍ ഗോപാലകൃഷ്ണന്റെ ഊട്ടുപുരയിലേക്കു കാലെടുത്തുവയ്ക്കുകയായിരുന്നു സത്യജിത്ത്. അപ്പോള്‍ പുറത്തേയ്ക്കിറങ്ങി വരുന്ന മധ്യവയസ്‌ക്കനും ഒപ്പമെത്താന്‍ ക്രച്ചസ്സില്‍ വലയുന്ന യുവാവിനും വേണ്ടിവഴിയൊതുങ്ങി നിന്നു.
സത്യജിത്തേ നിനക്കു മനസ്സിലായോ ആ പോയവരെ? നമ്മുടെ പഴേ എന്‍.സി.സാറില്ലേ? സാറിന്റെമകനും പേരക്കിടാവുമാ ഒരു ബൈക്ക്ആക്‌സിഡന്റില്‍ പെട്ട് ആ പയ്യന്റെ ഒരു കാലുമുറിച്ചുകളയേണ്ടിവന്നു. പഠിക്കാനൊക്കെ നല്ല മിടുക്കനൊരു കൊച്ചനാ. എന്തുചെയ്യാനാ? ദൈവവിധി!
സ്വന്തംകാല്‍വണ്ണയിലെ എഴുന്നു നില്‍ക്കുന്ന തഴമ്പില്‍ തലോടി ഊണുമേശക്കരികില്‍ വിളമ്പുകാരനെ കാത്ത്ഇരുന്നു സത്യജിത്ത്.