പീതസാഗരം

രാധിക ഇടനാഴിയിലെ കാലൊച്ചകൾക്ക്‌ കാതോർത്തു. കാത്തിരുപ്പിന്റെ വിരസതയ്ക്ക് വിരാമമിടുന്ന നിമിഷങ്ങളിലേക്ക് നീങ്ങുന്ന ഘടികാരസൂചികളിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു.
ഫ്ലാറ്റിനുള്ളിൽ കൂട്ടിലടച്ച കിളിയെപ്പോലെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളെത്ര കടന്ന് പോയി. ഒറ്റപ്പെടുന്ന പകലുകൾ അവൾക്കിപ്പോൾ പരിചയമായിക്കഴിഞ്ഞു.

എന്തെങ്കിലും ജോലിതരപ്പെടുത്തി പോകാമെന്ന് വെച്ചാൽ, രവി താല്പര്യമില്ലായ്‌മ കൊണ്ട് മടുപ്പിക്കും.
ഒരിക്കലും ജോലിക്ക് പോകരുതെന്ന് പറഞ്ഞിട്ടില്ല. നമുക്ക് നോക്കാം, അല്ലെങ്കിൽ നോക്കട്ടെ, എന്നിങ്ങനെയുള്ള ഒഴുക്കൻ മറുപടിയിൽ ഒതുക്കി നിർത്തും.കറവക്കാരൻ എത്ര എണ്ണയിട്ട് മയപ്പെടുത്തിയാലും അകിടിൽ പാൽ ചുരത്താതെ നില്കുന്ന ചില പശുക്കളെ പോലെയാണ് രവിയെന്ന് അന്നേരം അറിയാതെ തോന്നിപോകും.

“അല്ലെങ്കിൽ തനിക്കെന്തിനാ ജോലി?, എനിക്ക് അത്യാവശ്യം ശമ്പളം ഉണ്ടല്ലോ!.നമ്മൾ ഒരുപാട് സമ്പാദിച്ചാൽ മക്കൾ അലസരായി പോകും. അവർക്കും നാല് കാശ് സ്വന്തമായി സമ്പാദിക്കാൻ നമ്മളവസരം കൊടുക്കണ്ടേ?”.അതോടെ അവളുടെ ചോദ്യവും ഉത്തരവും കുഴിച്ചുമൂടപ്പെടും.
ഒന്നിനും കുറവില്ലെങ്കിലും സ്വന്തമായി വരുമാനമില്ലാത്തത് ഒരു കുറവ് തന്നെയാണെന്ന് മീന പറയുമ്പോൾ, അതാണ് ശരിയെന്ന് തോന്നുമെങ്കിലും രവിയുടെ നിശ്വാസങ്ങൾക്ക് മുന്നിൽ തന്റെ പരാതികൾ പതിര് പോലെ പറന്ന് പോകുന്നത് വെറുതെ നോക്കി നില്ക്കാനേ കഴിഞ്ഞുള്ളൂ.
അടുക്കളയിലും, ടെലിവിഷന് മുന്നിലുമായി അവളുടെ പകലുകൾ ചിതൽ തിന്നു കൊണ്ടിരുന്നു. ഏകാന്തതയിൽ നാട്ടിൻപുറത്തെ വീട്ടിലേക്ക് ഓർമ്മകളെ പറിച്ച് നടും.തൊടിയിലെ കൈത്തോടിലിറങ്ങി തെളിഞ്ഞ തണുത്ത വെള്ളം കൈകുമ്പിളിൽ കോരി മുഖമൊന്ന് കഴുകും, എന്ത് രസമാ… ഓർമ്മകളുടെ ഊഞ്ഞാലിലങ്ങനെ ആടികൊണ്ടിരിക്കുമ്പോൾ, ഇടവേളകളിൽ രവിയുടെ ഫോൺ വിളിയിൽ അവൾ തിരികെ നടക്കും.

അവൾ പിന്നെയും കാതോർത്തു. ലിഫ്റ്റിൽ നിന്നിറങ്ങിയവരുടെ കാലൊച്ചകൾ പലവാതിലുകളിലേക്കും ചിതറി പോകുന്നത്അവളെ നിരാശപ്പെടുത്തികൊണ്ടിരുന്നു.
പെയ്യാൻ മറന്ന് പോയ മേഘങ്ങൾ പോലെ കണ്ണീർ നെഞ്ചിൽ തളം കെട്ടി. അവൾ ചുരിദാർ ടോപ്പുയർത്തി മുഖം അമർത്തി തുടച്ചുകൊണ്ട്. കണ്ണാടിയിൽ നോക്കും,, കരഞ്ഞില്ലെങ്കിലും കലങ്ങി ചുവന്ന കണ്ണുകൾ കാണുമ്പോൾ
അവൾക്ക് സങ്കടം തോന്നും.നാട്ടിൽ ചെയ്താലും, ചെയ്താലും തീരാത്ത വീട്ടുജോലികളുടെ മടുപ്പിൽ നിന്നും ഒന്നും ചെയ്യാനില്ലാത്ത ഫ്ലാറ്റിലേക്ക് ജീവിതം പറിച്ച് നടുമ്പോൾ ആശ്വാസം തോന്നിയിരുന്നു.
രവി ഇന്നും സമയത്തിനെത്തുന്ന ചേലില്ല.
കാത്തിരിപ്പിന്റെ ദൈർഘ്യം കൂടുന്നത് അവളെ തെല്ലും അലോസരപ്പെടുത്തിയില്ല. അവളുടെ പകലുകൾ പലതും വെയിൽ കാണാതെ കടന്ന് പോകുന്നത് നിസ്സംഗതയോടെ നോക്കി നില്ക്കേണ്ടി വരുന്നത് പുതുമയുള്ള ഒന്നായിരുന്നില്ല.ഏകാന്തത പെറ്റുകൂട്ടുന്ന ചിന്തകളിൽ അവളുടെ പകലുകൾ കുരുങ്ങി കിടന്നു.
പരിഭവങ്ങൾക്ക്‌ പരിചിതമായ മറുപടിയുണ്ട്
“എന്ത് ചെയ്യാനാ ജോലി ഒതുക്കാതെ “എല്ലാരേയും പോലെ എനിക്കിറങ്ങി ഓടാൻ പറ്റുമോ?”. ആവർത്തന വിരസമെങ്കിലും അവൾക്കത് കേട്ട് ശീലമായിരുന്നു.
ഒത്തിരി നാളായി മനസ്സിൽ ഒരാഗ്രഹം തോന്നി തുടങ്ങിയിട്ട്
ശിവഗിരി തീർത്ഥാടനത്തിന്‌ നാട്ടിലൊന്ന് പോകണം.അവളത് പലവട്ടം അഭ്യർത്ഥനയായും, ആഗ്രഹമായുമൊക്കെ രവിയോട് പറഞ്ഞ് തുടങ്ങിയിട്ടും കാലങ്ങളേറെയായി.
അപ്പോഴൊക്കെ രവി പറയും.
“അതിനെന്താ നമുക്ക് പോകാമെന്നേ!.താൻ സമാധാന പ്പെട് “.ഒരിക്കലും നിരാശപ്പെടുത്താത്ത മറുപടികൾ ആദ്യമൊക്കെ പ്രതീക്ഷ നല്കിയെങ്കിലും പിന്നെ പിന്നെ അതിന്റെ നിറം കെട്ടുപോയിരുന്നു.
സമയമാകുമ്പോൾ രവിക്ക് എന്തെങ്കിലും അസൗകര്യങ്ങൾ പൊടുന്നനെ വന്ന് പെടും. ഒഴിവാക്കാൻ കഴിയാത്തവ. പിന്നെ കുറച്ച് ദിവസം അതിന്റെ പേരിൽ മുഖം കൊടുക്കാതെ നടക്കും. ഇത്തവണ എന്തായാലും അതൊന്നും വേണ്ടിവന്നില്ല, ഓഫീസിൽ നിന്നും വരുമ്പോൾ നാട്ടിലേക്കുള്ള ടിക്കറ്റും കൈയ്യിൽ പിടിച്ച് കൊണ്ടാണ് രവി കയറി വന്നത്!.
“എടോ ഇത്തവണ തന്റെ പരാതിക്ക് പരിഹാരം കണ്ടിരിക്കുന്നു. അടുത്തയാഴ്ച നമ്മൾ നാട്ടിൽ പോകുന്നു.”.
“സത്യം… ശരിക്കും..”അവൾക്കത്
വിശ്വസിക്കാൻ കഴിഞ്ഞില്ല.അതും ഈ ഡിസംബർ പകുതിയോടെ.അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.
“നേരാണോ?എന്നെ സമാധാനിപ്പിക്കാൻ വേണ്ടിയുള്ള നമ്പരല്ലല്ലോ ഇതൊക്കെ? കമ്പനിയിൽ ഇതിന്റെ പേരിൽ വേറെ കുഴപ്പമൊന്നുമില്ലല്ലോ, “അവൾ സന്തോഷത്തിനിടയിലും ആശങ്ക പങ്കുവെയ്ക്കാൻ മറന്നില്ല.
” താൻ എന്റെ കയ്യിലിരിക്കുന്ന ടിക്കറ്റ് കണ്ടില്ലേ? എന്നിട്ടും തനിക്ക് സംശയമോ?”.
ഒട്ടും വിശ്വാസം വരാതെയുള്ള അവളുടെ മുഖഭാവം കണ്ടപ്പോൾ രവി ചോദിച്ചു.
അല്ലെങ്കിലും അവൾക്ക് എല്ലായ്പോഴും, എല്ലാകാര്യങ്ങളിലും ആശങ്കയാണ്. മക്കളെ നാട്ടിൽ തനിച്ചാക്കി തനിക്കൊപ്പം വരുമ്പോൾ, മക്കൾ വഴിതെറ്റിപോകുമോയെന്നുള്ള ആശങ്ക, .തനിക്കൊപ്പം വന്നില്ലെങ്കിൽ ഇവിടെ എന്റെ കാര്യങ്ങൾ നോക്കാൻ ആരാ എന്നുള്ള ആശങ്ക. അത്യാവശ്യമില്ലെങ്കിൽ ഫോൺ ചെയ്യരുതെന്ന് പറഞ്ഞാൽ അത് സ്നേഹം കുറഞ്ഞിട്ടാണെന്ന ആശങ്ക.
അവൾക്ക്‌ നേരെ ടിക്കറ്റ് നീട്ടുമ്പോൾ അവൾ പുതുപുത്തൻ പുസ്തകം കയ്യിൽ കിട്ടിയ സ്കൂൾ കുട്ടിയുടെ കൗതുകത്തോടെ അത് തുറന്ന് നോക്കുന്നത് രവി ചിരിയടക്കി നോക്കി നിന്നു.
ഓരോ തവണയും നിരാശയിൽ അവസാനിക്കുന്ന ആഗ്രഹമാണിപ്പോൾ സഫലമാകുവാൻ പോകുന്നത്. ഡിസംബർ ആകുമ്പോഴേക്കും കമ്പനിയിൽ പലരും നാട്ടിൽ പോകാൻ തിരക്കുകൂട്ടുമ്പോൾ രവി ഒഴിഞ്ഞു നില്കേണ്ടിവരുന്നതാണെന്ന് അറിയാമെങ്കിലും അതിന്റെ പേരിൽ ഇത്തിരി പിണക്കവും, പരിഭവവും പറഞ്ഞില്ലെങ്കിൽ ഒരു സമാധാനം കിട്ടില്ലായിരുന്നു.

പീതാംബരധാരികൾ കടൽ പോലെ ശിവഗിരിയിലേക്ക് ഒഴുകി വരുന്ന കാഴ്ചയുടെ വിരുന്ന് മനസ്സിലേക്ക് ആദ്യം വിളമ്പിയത്, അടുത്ത ഫ്ലാറ്റിലെ മീനയാണ്. അതിന് മുൻപ് കേട്ടിട്ടുണ്ടെങ്കിലും, ഇത്രത്തോളം മനം കവരുന്ന ഒന്നാണെന്നറിയില്ലായിരുന്നു. അവളുടെ വീട് വർക്കലയ്ക്കടുത്ത് കാപ്പിലാണ്.എല്ലാ തീർത്ഥാടനകാലത്തും അവർ നാട്ടിൽ പോകും. തിരിച്ച് വന്നാൽ പിന്നെ കുറെ ദിവസം അവിടുത്തെ വിശേഷങ്ങൾ തന്നെയാവും പ്രധാനവിഷയം.
“വല്ലാത്ത തിരക്ക് തന്നെ.ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ ആളായിരുന്നു. വണ്ടിയൊന്നും താഴെ ശിവഗിരിയിലേക്ക് കൊണ്ട് പോകാൻ പറ്റാത്തത്ര തിരക്കായിരുന്നു. ശിവഗിരിസ്കൂളിൽ വണ്ടിയിട്ടിട്ട് നടന്നാണ് ഞങ്ങൾ മൂന്ന് ദിവസവും പോയത്, ശാരദാമഠത്തിൽ എല്ലാദിവസവും തൊഴാൻ പറ്റിയെങ്കിലും ഗുരുസമാധിയിൽ ഒരു ദിവസമെ പോയി തൊഴാൻ സാധിച്ചുള്ളൂ.അത്രയ്ക്ക് തിരക്കായിരുന്നു. ഏതെല്ലാം നാട്ടിൽ നിന്നാ ആളുകൾ വ്രതമെടുത്ത് തീർത്ഥാടനത്തിന്‌ വരുന്നതെന്നറിയുമോ? “.അല്ല തീർത്ഥാടനത്തിന്റെ വ്രതം എന്താണെന്നറിയോ?ഗുരുദേവൻ കല്പിച്ചരുളിയത് ബുദ്ധന്റെ പഞ്ചശുദ്ധിയാണ്,
അതായത്,ശരീര ശുദ്ധി , ആഹാര ശുദ്ധി , മനഃശുദ്ധി , വാക് ശുദ്ധി , കര്‍മ്മ ശുദ്ധി “.
രാധിക ആശ്ചര്യത്തോടെ മീനയെ നോക്കിയിരുന്നു.സത്യത്തിൽ അതൊന്നും അറിയില്ലെന്ന് സമ്മതിക്കാൻ അവൾക്ക് മടിയുണ്ടായിരുന്നു.
“തീർത്ഥാടനത്തിന്റെ തിരക്കൊഴിഞ്ഞിട്ട് ഒരു ദിവസം കൂടി പോകണമെന്നുണ്ടായിരുന്നു. വൈദികമഠത്തിൽ, തൊഴുതിട്ട്, കുറച്ച് നേരം ആ വരാന്തയിൽ ഇരിക്കണമെന്നും വലിയ ആഗ്രഹമായിരുന്നു. ഗുരുദേവന്റെ സാന്നിധ്യം അവിടെ ഉള്ളത് പോലെ തന്നെ തോന്നും”.
മീന പറയുമ്പോൾ മഹാസമാധിയിലേക്ക് ഒഴുകി വരുന്ന ആ പീതസാഗരത്തിലലിഞ്ഞു ചേരുവാൻ മനസ്സ് വല്ലാതെ മോഹിച്ചു തുടങ്ങിയതാണ്.
.ലോകത്തിലെ മതസൗഹാർദ്ദത്തിന്റെ ഏറ്റവും വലിയ മഹാക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്തുകയെന്നത് ജീവിതലക്ഷ്യം പോലെ മനസ്സിൽ കുടിയേറുകയായിരുന്നു.
ഞാൻ ദൈവദശകം മനഃപാഠമാക്കിയപ്പോൾ മീനയ്ക്ക് അത്ഭുതമായിരുന്നു.
“എത്ര വേഗമാ നീ ഇത് കാണാതെ പഠിച്ചത്. ഇപ്പോ ചൊല്ലുമ്പോഴും എനിക്ക് പേടിയാ വരികൾ മറക്കുമോന്ന് “.
മുൻപ് മക്കളുടെ സ്കൂൾ വെക്കേഷൻ നോക്കിയായിരുന്നു നാട്ടിലേക്ക് യാത്ര.അവരുടെ ചെറുപ്രായത്തിൽ ഇവിടെ ഇന്ത്യൻ സ്കൂളിൽ തന്നെയായിരുന്നു.പ്ലസ് വൺ ആയപ്പോഴാണ് അവരെ നാട്ടിലേക്ക് മാറ്റിയത്.അപ്പോഴെല്ലാം ഡിസംബർ വെക്കേഷൻ അപ്രാപ്യമായിരുന്നു
അവരുടെ പഠിത്തം കാനഡയിലേക്ക് മാറ്റിയപ്പോഴാണ് ശിവഗിരി തീർത്ഥാടനം കാണണമെന്ന മോഹം വീണ്ടും തല പൊക്കിയത്.പിന്നെയും പലയൊഴിവ് കഴിവുകൾ പറയുന്നത് കേൾക്കുമ്പോൾ രവിയോട് വല്ലാതെ ഞാൻ ദേഷ്യപ്പെട്ടിരുന്നു.
കമ്പനിയോടുള്ള രവിയുടെ ഒരുതരം വിധേയത്വം അതൊരിക്കലും തനിക്ക് മനസ്സിലാകുന്നതായിരുന്നില്ല.ഒരു നിമിഷം പോലും മാറിനില്ക്കാൻ കഴിയാതെ കമ്പനിയുടെ അച്ചുതണ്ടാണ് താനെന്ന് വിശ്വസിക്കുന്ന രവിയോട് പൊരുത്തപ്പെടുവാൻ അവൾക്ക് കഴിയുമായിരുന്നില്ല.
“ചിലകാര്യങ്ങൾ നമ്മൾ വിചാരിക്കുന്ന സമയത്ത് തന്നെ നടക്കണമെന്ന് വാശി പിടിച്ചിട്ട് കാര്യമില്ല.അതിനൊക്കെ സമയവും കാലവും ആകുമ്പോൾ നടക്കും. താൻ ചിലപ്പോഴെല്ലാം കൊച്ചു കുട്ടികളെ പോലെയാ നിർബന്ധം പിടിക്കുന്നത് “.
അങ്ങനെ ശാസിക്കുമ്പോൾ രവിക്ക് ഒരു കാരണവരുടെ ഭാവമാണെന്ന് അവൾക്ക് തോന്നാറുണ്ട്.
കയ്യിലിരുന്ന ടിക്കറ്റ് സോഫയിൽ വെച്ചിട്ട് തിടുക്കത്തിൽ അവൾ അടുക്കളയിലേക്ക് പോയി.
കുതിർത്ത അവിൽ ശർക്കരയും, തേങ്ങയും ചേർത്തതും, ഒരു ഗ്ലാസ്സ് ചൂട് കോഫിയും കൊണ്ട് വന്ന് ടീപ്പോയിൽ വെച്ചു. വന്ന് കയറി ഡ്രസ്സ്‌ മാറിയെത്തുമ്പോഴേക്കും ആവി പറക്കുന്ന ഒരു കപ്പ് കോഫി എന്നും പതിവാണ്.
അവളുടെ മുഖത്തെ മായാത്ത ചിരി കണ്ടപ്പോൾ ശരിക്കും രവിക്ക് ആശ്വാസം തോന്നി.
സ്പൂൺ കൊണ്ട് അവില് കോരി വായിലേക്ക്
വെയ്ക്കുമ്പോൾ അവളെയൊന്ന് പാളിനോക്കി.
അവൾ മന്ദഹസിച്ചു.
“നിനക്ക് സന്തോഷമായല്ലോ! അതുമതി. ഇത്തവണ അച്ചായൻ ക്രിസ്തുമസ്സിന് നാട്ടിൽ പോക്ക് മാറ്റിവെച്ചത് നമുക്ക് വേണ്ടിയാ, അല്ലെങ്കിൽ ഇത്തവണയും നിന്റെ കുറെ അള്ളും മാന്തുമൊക്കെ ഞാൻ സഹിക്കേണ്ടി
വന്നേനെ “.
അവൾ ചിരിച്ചപ്പോൾ വളരെ നാളുകൾക്ക്‌ ശേഷം അവളുടെ നുണക്കുഴി തെളിയുന്നത് രവി കണ്ടു.
അവൾ രവിയെ കണ്ണിമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നു. ഏകാന്തതയിൽ നിന്ന് ജനസഞ്ചയത്തിലേക്കുള്ള ദൂരം അളക്കുകയായിരുന്നു അവളപ്പോൾ.
“അതെ… ഞാനൊരു കാര്യം ആലോചിക്കയായിരുന്നു. എല്ലാപ്രാവശ്യത്തെയും പോലെ നാട്ടിൽ ചെന്നിട്ട് വാലിൽ തീ പിടിച്ച പോലെ ഓടാനുള്ള ക്വാട്ടേഷനൊന്നും പിടിച്ചോണ്ട് വരരുത്. തീർത്ഥാടനത്തിന്റെ മൂന്ന് ദിവസവും ശിവഗിരിയിൽ പോകണം, അവിടുന്ന് ഗുരുപൂജയും കഴിച്ച് അവിടെ തങ്ങാനുള്ളതാ. പത്ത് ദിവസം വൃതം പിടിച്ച് പഞ്ചശുദ്ധിവരുത്തണം..
“ഇല്ല.. ഇത്തവണത്തെ അവധിക്കാലം നിനക്കുള്ളതാണ്.അതിലൊരു മാറ്റവുമില്ല. തീർത്ഥാടനം കഴിഞ്ഞെ മറ്റെന്തുമുള്ളൂ, എന്താ അതുപോരെ “.
അവൾ ടിക്കറ്റിൽ കൗതുകത്തോടെ നോക്കിയിരുന്നുകൊണ്ട് തലയാട്ടി സമ്മതം അറിയിച്ചു.
മക്കളും കൂടി നാട്ടിലേക്ക് ചേക്കേറിയതിൽ പിന്നെ അവൾ
ഫ്ലാറ്റിനുള്ളിൽ തികച്ചും കൂട്ടിലടച്ച കിളിയെ പോലെയായി.വല്ലപ്പോഴും വൈകുന്നേരങ്ങളിൽ സൂപ്പർ മാർക്കറ്റ് വരെ, അല്ലെങ്കിൽ ഫിഷ് മാർക്കറ്റിൽ, ചിലപ്പോൾ വെള്ളിയാഴ്ച ജുമൈറ ബീച്ചിൽ, പിന്നെയും കൂട്ടിൽ, ഒറ്റപ്പെടുന്ന പകലുകൾ അവൾക്കിപ്പോൾ ശീലമായിരിക്കുന്നു.
“അല്ല.. നിനക്കെന്തങ്കിലും മാർക്കറ്റിൽ നിന്നും വാങ്ങാനുണ്ടോ?.പെട്ടന്ന് റെഡിയായാൽ ഒന്ന് കറങ്ങി വരാം. പിന്നെ എനിക്ക് സമയം കിട്ടിയെന്ന് വരില്ല”.
“ശിവഗിരിയിൽ പോകുമ്പോൾ രവിക്ക്‌ മഞ്ഞമുണ്ടും, ഷർട്ടും അതുമതി. എനിക്കും വേണം മഞ്ഞനിറത്തിലെ സാരികൾ, അതൊക്കെ നാട്ടീന്ന് വാങ്ങാം അതാ നല്ലത് “.
വളരെ നാളുകൾക്ക്‌ ശേഷം കുട്ടികളെപോലെ അവൾ വാചാലയാകുന്നത് നോക്കിയിരിക്കുമ്പോൾ, ഈ സന്തോഷം നല്കാൻ എന്തോ താൻ അല്പം വൈകിയോയെന്നൊരു കുറ്റബോധമായിരുന്നു രവിക്ക്.
ശിവഗിരി കവാടത്തിൽ പടർന്ന് പന്തലിച്ച് നില്കുന്ന ആൽമരത്തണലിൽ പണ്ട് അച്ഛനോടൊപ്പം നിന്ന നിമിഷങ്ങൾ,മനസ്സിൽ കണിക്കൊന്നപോലെ പൂത്തുലഞ്ഞ് നില്പുണ്ട്
ഗുരുവചനങ്ങൾ നെഞ്ചോട് ചേർത്ത് നില്കുന്ന തണൽ മരങ്ങൾ, മഹത് വചനങ്ങൾ വായിച്ച്, വായിച്ച് അച്ഛന്റെ കൈ വിരലുകളിൽ തൂങ്ങി മഹാസമാധിയിലേക്ക് നടന്ന് കയറുമ്പോൾ ഞാനും തീർത്ഥാടനം നടത്തുകയാണെന്ന് അന്നറിയില്ലായിരുന്നു.
അച്ഛന്റെ ചിതാഭസ്മം പാപനശത്ത് നിമഞ്ജനം ചെയ്യാനാണ് അവസാനമായി വർക്കലയിൽ വന്നത്.
ഇന്നിപ്പോൾ വീണ്ടും അങ്ങോട്ട് പോകുന്നത് അവളുടെ നിർബന്ധം കൊണ്ടാണെങ്കിലും താനും എപ്പോഴൊക്കെയോ അതാഗ്രഹിച്ചിരുന്നില്ലെ?.
“എന്താ രവീ.. എന്നെ തനിച്ചാക്കി ഇപ്പോഴെ നാട്ടിലേക്ക് പറന്നോ “.
മറുപടിയായ് അവൾക്കൊരു ചിരി സമ്മാനിച്ചു.
തീർത്ഥാടകാരുടെ തിരക്കിലലിഞ്ഞ് അവൾക്കൊപ്പം മഹാസമാധിയിലേക്ക് നടന്ന് കയറുന്ന തീർത്ഥാടകനായി രവി പരുവപ്പെടുകയായിരുന്നപ്പോൾ.
9747867466

Author

Scroll to top
Close
Browse Categories