സമഭാവനയുടെ പൊന്നോണം

മാനുഷരെല്ലാരുമൊന്നു പോലെ….എന്ന സങ്കല്‍പ്പം ഓണക്കാലത്ത്
മാത്രമായി ഒതുങ്ങേണ്ട ഒന്നല്ല. അതൊരു ദീര്‍ഘകാല പദ്ധതിയായി
വികസിപ്പിച്ചെടുക്കാന്‍ നമ്മുടെ അധികാരവര്‍ഗത്തിന് കഴിയണം. ഭരണഘടന അനുശാസിക്കുന്ന സാമൂഹികനീതിയും തുല്യതയും ഉറപ്പാക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എസ്.എന്‍.ഡി.പി യോഗം പതിറ്റാണ്ടുകളായി നടത്തി വരുന്ന സമരപരിപാടികളുടെയെല്ലാം പ്രേരകശക്തി ഈ സമത്വബോധമാണ്. അടിസ്ഥാനപരമായ പ്രശ്‌നങ്ങളും
പരാധീനതകളും നിലനില്‍ക്കുമ്പോഴും എല്ലാം മറന്ന്
സന്തോഷിക്കാനുളള അവസരമായി നാം ഓണം കൊണ്ടാടുന്നു.
കാണം വിറ്റും ഓണം കൊളളണം എന്നാണല്ലോ?

പതിവുപോലെ ഇക്കുറിയും പൊന്നിന്‍ ചിങ്ങമാസവും ഓണക്കാലവും കടന്നു വരികയാണ്. ഭൂമിമലയാളം ഉളളിടത്തോളം ഇത്തരം ആഘോഷങ്ങള്‍ നിര്‍വിഘ്‌നം തുടര്‍ന്നുകൊണ്ടേയിരിക്കും. അതില്‍ തന്നെ ഓണക്കാലം എന്നത് മലയാളിയുടെ ദേശീയ ആഘോഷം പോലെ അത്രമേല്‍ പ്രധാനപ്പെട്ട ഒന്നാണെന്ന് ഏവര്‍ക്കുമറിയാം.

എന്നാല്‍ ഇക്കുറി ഓണത്തിന് മുന്‍പില്ലാത്ത പ്രാധാന്യമുണ്ട്. കാരണം കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി കൊറോണ എന്ന മഹാമാരി നമ്മുടെയൊക്കെ ജീവിതത്തില്‍ നിന്നും എല്ലാവിധ സന്തോഷങ്ങളും അപഹരിക്കുകയുണ്ടായി. ഈ വര്‍ഷം രോഗത്തിന്റെ കാഠിന്യം കുറയുകയും ജീവിതം പഴയ ഉത്സാഹപൂര്‍ണ്ണതയോടെ തിരിച്ചുവരികയും ചെയ്യുന്നു എന്നത് ആശ്വാസവും ആഹ്‌ളാദവും പകരുന്ന ഒന്നാണ്. ഒപ്പം പുത്തന്‍ പ്രതീക്ഷകളും നല്‍കുന്നു.

മഹാജ്ഞാനിയായ ശ്രീനാരായണഗുരുദേവന്‍ പറഞ്ഞു വച്ചതും മഹാബലിയുടെ മാനവികതാ സങ്കല്‍പ്പവും അടിസ്ഥാനപരമായി ഒന്നാണ്. അവനവന്‍ ആത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം എന്ന് പറഞ്ഞ ഗുരു മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും പറഞ്ഞു. ഇവിടെ മതം എന്ന വാക്കിന് അഭിപ്രായം എന്ന് കൂടി അര്‍ത്ഥമുളള സ്ഥിതിക്ക് പരമ്പരാഗതമായ മതം എന്ന വ്യാഖ്യാനത്തിനപ്പുറം വൈവിധ്യപൂര്‍ണ്ണമായ സാഹചര്യത്തിലുള്ളവരെങ്കിലും എല്ലാ മനുഷ്യരുടെയും നന്മയും ക്ഷേമവും അഭിലഷിക്കുന്ന മാനവികതയുടെ അപ്പോസ്തലനായ ഒരു മഹാത്മാവിന്റെ ചിന്താധാരയുടെ വളരെ ലളിതപൂര്‍ണ്ണമായ ബഹിര്‍സ്‌ഫുരണമായിരുന്നു അത്.

നമ്മെ പോലെ തന്നെ ഈ ലോകവും ജീവിതവും സഹജീവികളുടേത് കൂടിയാണ്. ആ ബോധം ഉള്‍ക്കൊണ്ട് കഴിയുന്നത്ര സഹായം മറ്റുളളവരിലേക്ക് എത്തിക്കാനും നമ്മുടെ സന്തോഷം അവരോടൊപ്പം പങ്കിടാനും കഴിയേണ്ടതുണ്ട്. ധനവും ഉയര്‍ന്ന ജീവിതസൗകര്യങ്ങള്‍ നല്‍കുന്ന അനുഭവങ്ങളും മാത്രമല്ല ജീവിതം. വിപത് ഘട്ടങ്ങളില്‍ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു നിന്ന് സാമൂഹ്യജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും എല്ലാവര്‍ക്കും സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ പ്രേരകഘടകമാകാനും നമുക്ക് കഴിയേണ്ടതുണ്ട്.

അതിനുളള പരിശ്രമങ്ങളുടെ തുടക്കം എന്ന നിലയില്‍ ഈ പൊന്നോണത്തെ മാറ്റിയെടുക്കാന്‍ കഴിഞ്ഞാല്‍ നമുക്കൊപ്പം മറ്റ് അനേകരുടെ കൂടി ജീവിതം ധന്യമാകും.അതിനപ്പുറം മറ്റൊരാളുടെ ജീവിതത്തില്‍ അവശ്യസമയത്ത് സഹായത്തിന്റെ വെളിച്ചം എത്തിക്കാന്‍ കഴിഞ്ഞതിലുള്ള അനല്പമായ ചാരിതാര്‍ത്ഥ്യം നമ്മെ അവാച്യമായ ആത്മഹര്‍ഷത്തിന്റെ അനുപമ ലോകത്തെത്തിക്കും. അത്തരമൊരു അനുഭവത്തിനായി ഗുരുദേവ നാമത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കും പരിശ്രമിക്കാം.

ഓണത്തെക്കുറിച്ച് ചിന്തിക്കുമ്പോഴും പറയുമ്പോഴും എഴുതുമ്പോഴുമെല്ലാം മനസില്‍ ആദ്യം വരുന്നത് എന്റെ കുട്ടിക്കാലത്തെ ഓണനാളുകളാണ്. ജന്മനാ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതിന്റെ ജീവിതസൗകര്യങ്ങള്‍ എന്നും എന്നെ ആശ്ലേഷിച്ചിരുന്നു.അതുകൊണ്ട് തന്നെ അന്നും ഇന്നും വീട്ടില്‍ എല്ലാ ദിവസവും ഓണദിനങ്ങളായിരുന്നു. നാല് നേരവും വിഭവസമൃദ്ധമായ ഭക്ഷണം വീട്ടില്‍ തന്നെ തയ്യാറായിരുന്നു. അവിചാരിതമായി ഏതാനും അതിഥികള്‍ കയറി വന്നാല്‍ അവര്‍ക്ക് കൂടി കൊടുക്കാന്‍ പാകത്തില്‍ എപ്പോഴും ഭക്ഷണം കരുതി വച്ചിരുന്നു. ഭക്ഷണം കൊടുത്ത് ആരും മുടിഞ്ഞു പോയ ചരിത്രമില്ലെന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. മറിച്ച് ഒരാള്‍ക്ക് മനസും വയറും നിറയുവോളം അന്നം കൊടുക്കുന്നതില്‍ പരം പുണ്യമില്ലെന്നും കേട്ടിട്ടുണ്ട്.

ഓണക്കാലവും ഞാനും തമ്മില്‍ വ്യക്തിപരമായും ചെറിയ ബന്ധമുണ്ട്.ഇംഗ്ളീഷ് മാസക്കണക്ക് അനുസരിച്ച് സെപ്തംബര്‍ മാസം 10 ആണ് എന്റെ ജന്മദിനം. ഏതാണ്ട് ഓണത്തോട് അനുബന്ധിച്ച സമയം. ഇക്കുറി എനിക്ക് 85 വയസ് തികയുകയാണ്. ഇത്തവണ പിറന്നാള്‍ വരുന്നത് ചിങ്ങത്തിലെ ചതയദിനത്തിലാണ്. അത് ഗുരുദേവന്റെ പ്രത്യേക അനുഗ്രഹമായി കാണുന്നു.

ഓണക്കാലവും ഞാനും തമ്മില്‍ വ്യക്തിപരമായും ചെറിയ ബന്ധമുണ്ട്.ഇംഗ്ളീഷ് മാസക്കണക്ക് അനുസരിച്ച് സെപ്തംബര്‍ മാസം 10 ആണ് എന്റെ ജന്മദിനം. ഏതാണ്ട് ഓണത്തോട് അനുബന്ധിച്ച സമയം. ഇക്കുറി എനിക്ക് 85 വയസ് തികയുകയാണ്. ഇത്തവണ പിറന്നാള്‍ വരുന്നത് ചിങ്ങത്തിലെ ചതയദിനത്തിലാണ്. അത് ഗുരുദേവന്റെ പ്രത്യേക അനുഗ്രഹമായി കാണുന്നു.

ഓണനാളുകളില്‍ മാത്രമല്ല എല്ലാ സന്ദര്‍ഭങ്ങളിലും മനുഷ്യരെ മനുഷ്യരായി കാണണമെന്ന ദര്‍ശനം എന്നിലേക്ക് പകര്‍ന്ന് തന്നത് അച്ഛന്‍ തന്നെയായിരുന്നു. പട്ടിണിപ്പാവങ്ങളായ ആളുകളെയും നമ്മളില്‍ ഒരാളായി കാണാന്‍ ചെറുപ്പത്തിലേ ശീലിപ്പിച്ചിരുന്നു. സഹജീവിസ്‌നേഹവും കാരുണ്യവുമാണ് ജീവിതത്തില്‍ പരമപ്രധാനമെന്ന പാഠം അച്ഛനില്‍ നിന്നാണ് പഠിച്ചത്. മാവേലിത്തമ്പുരാന്റെ കഥയും ഉദാഹരണമായി പറഞ്ഞു തന്നിരുന്നു. അത്തരമൊരു ചിന്ത അങ്ങനെ കുട്ടിക്കാലം മുതല്‍ക്കേ മനസില്‍ രൂഢമൂലമായി. സമഭാവന എന്റെയുളളില്‍ വളര്‍ന്നു വരുന്നത് അങ്ങനെയാണ്. ആളുകളെ തരം തിരിച്ചും തട്ട് തിരിച്ചും കാണാന്‍ ഒരു കാലത്തും കഴിഞ്ഞിരുന്നില്ല. എല്ലാവരും നമ്മെപ്പോലെ അല്ലെങ്കില്‍ മാനുഷരെല്ലാരുമൊന്നു പോലെ എന്നൊരു ദര്‍ശനം ഉളളില്‍ കുടിയേറി.

വീട്ടില്‍ പണിക്ക് വരുന്ന ചേട്ടന്‍മാരുടെ മക്കളൊക്കെ എന്റെ കൂട്ടുകാരാണ്. അവരെ വീട്ടില്‍ വിളിച്ചു വരുത്തി സല്‍ക്കരിക്കും. ഇടയ്ക്ക് അവരുടെ കുടിലുകളില്‍ പോയി ആ മുറ്റത്തിരുന്ന് കളിക്കും. ഓലമടലുകൊണ്ടും മറ്റും കളിപ്പാട്ടങ്ങളുണ്ടാക്കും. ആ വീട്ടില്‍ നിന്ന് തരുന്ന കഞ്ഞിയും മറ്റും രുചിയോടെ കഴിക്കും. അവരും ഞാനും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായി അന്നും ഇന്നും തോന്നിയിട്ടില്ല.

ആ സാഹോദര്യഭാവമാണ് മാവേലിത്തമ്പുരാന്‍ വിഭാവനം ചെയ്യുന്ന ഓണസങ്കല്‍പ്പങ്ങളുടെ കാതല്‍ എന്ന് തോന്നിയിട്ടുണ്ട്.

അത് എന്നും കാഴ്ചപ്പാടിന്റെ ഒരു ഭാഗമായിരുന്നു. യൗവ്വനാരംഭത്തില്‍ കയര്‍ ഉത്പന്നങ്ങളുടെ എക്‌സ്‌പോര്‍ട്ടിംഗ് അടക്കം കുടുംബ ബിസിനസുകള്‍ ഏറെയുണ്ടായിട്ടും അതില്‍ നിന്ന് മാറി സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു മനസില്‍. സ്വന്തമായി ഒരു പലചരക്ക് കട തുടങ്ങിക്കൊണ്ട് ഞാന്‍ എന്റെ സംരംഭക ജീവിതം ആരംഭിച്ചു. അന്ന് ഞങ്ങളുടെ നാട്ടില്‍ നിറയെ പട്ടിണിപാവങ്ങളാണ്. അവര്‍ വന്ന് കഷ്ടപ്പാടും സങ്കടങ്ങളും പറയുമ്പോള്‍ കടം കൊടുത്തു വിടും. പലര്‍ക്കും ആവശ്യമുളളത് വാരിക്കോരി കൊടുക്കുമായിരുന്നു. നമ്മെ പോലെ തന്നെ അവരും സുഭിക്ഷമായി കഴിയണം എന്ന ആഗ്രഹമായിരുന്നു മനസില്‍. കടം വാങ്ങിയത് തിരിച്ചു തരാനുളള കെല്‍പ്പ് ആ പാവങ്ങള്‍ക്കുണ്ടോ?

അങ്ങനെ ഏതാനും മാസങ്ങള്‍ക്കുളളില്‍ കട അടച്ചുപൂട്ടേണ്ടി വന്നു. ലാഭം ഉണ്ടായില്ലെന്ന് മാത്രമല്ല മുതല്‍മുടക്ക് പോലും തിരിച്ചു കിട്ടിയില്ല. എന്നിട്ടും എനിക്ക് അതില്‍ വിഷമം തോന്നിയില്ല. മറിച്ച് കുറച്ചു കാലമെങ്കിലും കുറച്ച് പേരുടെ പട്ടിണിയകറ്റാന്‍ കഴിഞ്ഞതിലുളള ചാരിതാര്‍ത്ഥ്യമായിരുന്നു മനസില്‍.

എസ്.എന്‍.ഡി.പി യോഗനേതൃത്വത്തിലെത്തിയ ശേഷം സംഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ഓണക്കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ എത്തുകയുണ്ടായി. അവിടെ അന്ന് കാര്യമായ സംഘടനാ പ്രവര്‍ത്തനം ഒന്നുമില്ല. ഞാന്‍ മുന്‍കൈ എടുത്ത് കുറെയധികം ശാഖകള്‍ രൂപീകരിച്ചു. എല്ലാവര്‍ക്കും വലിയ ഉത്സാഹമായി. സാമ്പത്തികമായ അന്തരം മറന്ന് എല്ലാവരും ഒരു മനസോടെ സമുദായപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായി. വലിയ ഒരു ജാഥ തന്നെ നടത്താനും കഴിഞ്ഞു. മഞ്ഞക്കൊടികളും തോരണങ്ങളും അങ്ങനെ ഗള്‍ഫ് നാടുകളിലും ഉയര്‍ന്നു.

ഇത്രയധികം ജനപങ്കാളിത്തവും ആവേശവും എങ്ങനെയുണ്ടായി എന്ന് പലരും ചോദിച്ചു. അതിന്റെ കാരണം ചില സമീപനങ്ങളാണെന്ന് പ്രവര്‍ത്തകരില്‍ പലരും പറഞ്ഞു.

ഒരു ചെറിയ അനുഭവം പങ്കിടാം. ഓണക്കാലത്ത് പദവികളുടെയും പണത്തിന്റെയും വ്യത്യാസങ്ങളില്ലാതെ ഞങ്ങള്‍ എല്ലാവരും കൂടി ഒരു സദ്യ സംഘടിപ്പിച്ചു. അക്കൂട്ടത്തില്‍ ഏറിയ പങ്കും സാധാരണക്കാരില്‍ സാധാരണക്കാരായ തൊഴിലാളികളായിരുന്നു. അവര്‍ക്കൊപ്പം നിലത്ത് പായിട്ടിരുന്ന് ഓണസദ്യ കഴിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ എന്നെ നിലത്തിരുത്താനുളള വൈമുഖ്യം കൊണ്ട് ആ പാവങ്ങള്‍ ഒരു മേശയും കസേരയുമായി വന്നു. ഞാന്‍ നിഷേധിച്ചു.
‘എനിക്ക് ഇന്ന് നിങ്ങള്‍ക്കൊപ്പം നിങ്ങളിലൊരാളായി നിലത്തിരുന്ന് തന്നെ ഭക്ഷണം കഴിക്കണം’

എന്റെ നിര്‍ബന്ധത്തിന് ഒടുവില്‍ അവര്‍ കീഴടങ്ങി.
എന്നാല്‍ ഇത്രയും തടിയും വലിയ വയറും വച്ച് നിലത്ത് ചമ്രം പടഞ്ഞിരിക്കാന്‍ ഞാന്‍ നന്നേ ബുദ്ധിമുട്ടി. എന്റെ പ്രയാസം കണ്ട് വീണ്ടും കസേരയിലിരിക്കാന്‍ അവര്‍അഭ്യര്‍ത്ഥിച്ചു. എന്നാല്‍ എന്ത് വന്നാലും അന്ന് നിലത്തിരുന്നേ കഴിക്കൂ എന്ന് ഞാന്‍ ശപഥം ചെയ്തു. വളരെ ശ്രമകരമായിരുന്നു എങ്കിലും ഒടുവില്‍ ഞാന്‍ മനസില്‍ വിചാരിച്ചതു പോലെ തന്നെ അവര്‍ക്കൊപ്പം നിലത്തിരുന്ന് ഓണസദ്യ കഴിച്ചു. അന്ന് ലഭിച്ച മാനസികസംതൃപ്തിയും സന്തോഷവും വാക്കുകള്‍ക്ക് അതീതമായിരുന്നു. നിറഞ്ഞ മനസോടെ ഒരു ഓണക്കാലം എന്നാണ് ഇന്നും ആ ദിവസങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അനുഭവപ്പെടുന്നത്.

മാനുഷരെല്ലാരുമൊന്നു പോലെ…എന്ന സങ്കല്‍പ്പം ഓണക്കാലത്ത് മാത്രമായി ഒതുങ്ങേണ്ട ഒന്നല്ല. അതൊരു ദീര്‍ഘകാല പദ്ധതിയായി വികസിപ്പിച്ചെടുക്കാന്‍ നമ്മുടെ അധികാരവര്‍ഗത്തിന് കഴിയണം. ഭരണഘടന അനുശാസിക്കുന്ന സാമൂഹികനീതിയും തുല്യതയും ഉറപ്പാക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എസ്.എന്‍.ഡി.പി യോഗം പതിറ്റാണ്ടുകളായി നടത്തി വരുന്ന സമരപരിപാടികളുടെയെല്ലാം പ്രേരകശക്തി ഈ സമത്വബോധമാണ്. അടിസ്ഥാനപരമായ പ്രശ്‌നങ്ങളും പരാധീനതകളും നിലനില്‍ക്കുമ്പോഴും എല്ലാം മറന്ന് സന്തോഷിക്കാനുളള അവസരമായി നാം ഓണം കൊണ്ടാടുന്നു. കാണം വിറ്റും ഓണം കൊളളണം എന്നാണല്ലോ?

ഈ ഓണക്കാലത്തും വരും കാലങ്ങളിലും നമ്മെ പോലെ തന്നെ എല്ലാ മനുഷ്യര്‍ക്കും സന്തോഷകരവും സംതൃപ്തിജനകവുമായ ജീവിതം നയിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവണമേ എന്ന് മാത്രമാണ് എന്റെ പ്രാര്‍ത്ഥന.

അതുകൊണ്ട് തന്നെ കടം വാങ്ങിയാണെങ്കിലും പുതുവസ്ത്രങ്ങളും വിഭവസമൃദ്ധമായ സദ്യയും കളിചിരിയും തമാശകളും സ്‌നേഹാന്വേഷണങ്ങളും ഒരുമയും കൂട്ടായ്മയും ഒക്കെയായി നാം ഏതാനും ദിവസങ്ങള്‍ മാത്രം നീളുന്ന ഒരു മാവേലിക്കാലം സ്വയം സൃഷ്ടിച്ചെടുക്കുന്നു.

അങ്ങനെ എല്ലാം മറന്ന് നല്ല നിമിഷങ്ങള്‍ പങ്ക് പവയ്ക്കാനുളള ഈ അപൂര്‍വ അവസരം പരമാധി ഫലപ്രദമാക്കാന്‍ ഓരോ കുടുംബവും ശ്രമിക്കുന്നു.
ഈ ഓണക്കാലത്തും വരും കാലങ്ങളിലും നമ്മെ പോലെ തന്നെ എല്ലാ മനുഷ്യര്‍ക്കും സന്തോഷകരവും സംതൃപ്തിജനകവുമായ ജീവിതം നയിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവണമേ എന്ന് മാത്രമാണ് എന്റെ പ്രാര്‍ത്ഥന.

കൊടുക്കുന്തോറും ഏറിടും എന്ന് മലയാളത്തില്‍ ഒരു ചൊല്ലുണ്ട്. ആ വിശ്വാസത്തെ അന്വര്‍ത്ഥമാക്കും വിധം മറ്റുളളവരുടെ ജീവിതം നമ്മളാല്‍ കഴിയും വിധം മെച്ചപ്പെടുത്താനുളള പരിശ്രമങ്ങളില്‍ വ്യാപൃതമാകാന്‍ ഈ ഓണക്കാലം പ്രേരകമാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് എല്ലാ വായനക്കാര്‍ക്കും സന്തുഷ്ടമായ ഒരു ഓണക്കാലം ആശംസിക്കുന്നു.

Author

Scroll to top
Close
Browse Categories