വനിതാസംവരണ ബിൽ ഞങ്ങൾക്കും പറയാനുണ്ട് !
സ്ത്രീയുടെ ജീവിതത്തിന് പരിമിതിയില്ല. കാര്യങ്ങൾ തുറന്നടിച്ചു പറയുമ്പോൾ അവൾ സ്ത്രീയല്ലാതായി തീരുന്നില്ല. എന്നാൽ കാര്യങ്ങൾ വ്യത്യസ്തമായി പറയാൻ കഴിയണം. ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പൊളളത്തരങ്ങളെയും
രാഷ്ട്രീയ അജണ്ടകളെയും പ്രമുഖരായ ഒരു കൂട്ടം സ്ത്രീകൾ തുറന്നുകാട്ടുന്നു.
ചര്ച്ചാരഹിത
ബില്‍
എത്രയോ നാളായിട്ട് ഇന്ത്യയിലെ സ്ത്രീകളും ജനാധിപത്യ വാദികളായിട്ടുള്ള പുരുഷന്മാരുമടക്കം എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വനിതാ സംവരണ ബില്‍ പാര്‍ലമെന്റിലും അസംബ്ലിയിലും പാസാക്കണം എന്നുള്ളത്. കാരണം ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ അവകാശമാണ്. അതുകൊണ്ട് തീരുമാനമെടുക്കുന്ന രീതികളിലും പകുതിയെങ്കിലും സ്ത്രീകള്‍ വരേണ്ടതാണ്. പക്ഷേ നമ്മുടെ രാജ്യം സ്വാതന്ത്ര്യം കിട്ടി 76 വര്‍ഷമായി, അത്തരത്തിലുള്ള തുല്യത കൈവരിക്കാന്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 33 ശതമാനം സംവരണം പാസാക്കിയതിനുശേഷമാണ് കൂടുതല്‍ സ്ത്രീകള്‍ ഈ മേഖലയിലേക്ക് വന്നത്. പിന്നീട് പല സംസ്ഥാനങ്ങളും 50% സംവരണമാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഒരു ഗുണഫലം സ്ത്രീസമൂഹത്തില്‍ നന്നായിട്ട് കാണാനുണ്ട്. ബിജെപി ഗവണ്മെന്റ് അധികാരത്തില്‍ വന്ന് 10 വര്‍ഷം ആകുന്നു. അവര്‍ക്ക് ഉദ്ദേശശുദ്ധി ഉണ്ടായിരുന്നുവെങ്കില്‍ ഈ ബില്ല് നേരത്തെ തന്നെ അവതരിപ്പിക്കുമായിരുന്നു രണ്ടാം വരവിന്റെ ആദ്യഘട്ടത്തില്‍ പാസ്സാക്കാതെ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത് ഇങ്ങനെയൊരു ബില്ല് കൊണ്ടുവന്ന് പാസാക്കുകയും അത് ഈ വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നടപ്പിലാക്കില്ല എന്നുപറയുകയും ചെയ്യുമ്പോഴാണ് ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നുന്നത്. 2024ലെ പാര്‍ലമെന്റ് ഇലക്ഷനില്‍ ഈ ബില്ല് നടപ്പിലാക്കില്ല, ആക്ടായല്ലോ. ഇനിയിപ്പോ നടപ്പിലാക്കിയാല്‍ മതിയല്ലോ. നിയമസഭ പാസാക്കി കഴിഞ്ഞാല്‍ അത് ആക്ടായി. അപ്പൊ അത് നടപ്പിലാക്കില്ല എന്നാണ് പറയുന്നത്. സ്ത്രീകളുടെയെല്ലാം ഇഷ്ടം സമ്പാദിക്കാന്‍ പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് വരുമ്പോള്‍ അവരെയൊന്ന് സന്തോഷിപ്പിക്കാന്‍ വേണ്ടി ബില്‍ പാസാക്കുന്നു എന്ന് പറയുകയും ദാ, ഫലത്തില്‍ പണ്ടത്തേതുപോലെതന്നെ ഈ കാര്യം നടപ്പിലാകാതിരിക്കുകയും ചെയ്യും. ബില്‍ പാസായാല്‍ മാത്രം പോരാ നമ്മുടെ രാജ്യത്ത് ദളിത് സ്ത്രീകള്‍ക്ക് മുന്നണിയിലേക്ക് വരാന്‍ സാധിക്കണം. ഉത്തരേന്ത്യയില്‍ പഞ്ചായത്ത് പ്രസിഡന്റായി ഒരു സ്ത്രീ തിരഞ്ഞെടുക്കപ്പെട്ടാല്‍ പഞ്ചായത്ത് ഓഫീസില്‍ പോകാന്‍ പലയിടത്തും അവകാശമില്ല. ഭര്ത്താക്കന്മാര് പോകുന്നതും ഉണ്ട്. അവരുടെ യജമാനന്മാര് പോകുന്നു. പിന്നെ കസേരയില്‍ ഇരിക്കാന്‍ അന്യജാതിക്കാരായ സ്ത്രീകളെ അനുവദിക്കാത്ത അവസ്ഥയുമുണ്ട്. അങ്ങനെയാണെങ്കില്‍ ഇങ്ങനെയൊരു ബില്‍ പാസായത് കൊണ്ടുമാത്രം വലിയ മാറ്റം ഉണ്ടാവില്ല. പാസാവുക എന്നുള്ളത് പ്രധാനപ്പെട്ടതാണ്. പക്ഷേ ഈ രാജ്യത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തി സ്ത്രീകള്‍ക്ക് തുല്യമായി പദവി നല്‍കാനുള്ള പരിശ്രമം കൂടി നമ്മള് നടത്തേണ്ടതുണ്ട്. സംവരണത്തിനകത്ത് സംവരണം നമ്മള് പറയേണ്ടതില്ല. പിന്നാക്ക വിഭാഗത്തെ പ്രത്യേകം ശ്രദ്ധിക്കണം. അത് ഇപ്പോള്‍ തന്നെ പിന്നോക്ക സംവരണ സീറ്റുകള്‍ ഉണ്ട് .ഇത് പ്രതിപക്ഷവുമായിട്ട് നല്ലൊരു ചര്‍ച്ച നടത്തി തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളില്‍ എങ്ങനെയാണ് കൂടുതല്‍ ദളിത് വിഭാഗങ്ങളിലൊക്കെ സ്ത്രീകളെ തെരഞ്ഞെടുക്കാന്‍ സാധിക്കുക എന്നതിനെക്കുറിച്ച് നല്ല ചര്‍ച്ച നടക്കേണ്ടതായിരുന്നു. പക്ഷേ അത്തരമൊരു ചര്‍ച്ച നടത്താതെയാണ് ഈ ബില്‍ പെട്ടെന്ന് നടപ്പാക്കിയിട്ടുള്ളത്.
തിടുക്കപ്പെട്ടതിന്റെ കുഴപ്പങ്ങള്‍
വനിതാ സംവരണ ബില്‍ പാസായത് ഞാന്‍ ഏറെ ആഹ്ളാദത്തോടെയാണ് വായിച്ചറിഞ്ഞത്.പതിറ്റാണ്ടുകള്‍ നീണ്ട ഒരു പോരാട്ടത്തിന്റെ പരിണിത ഫലം. എന്നെ വിസ്മയിപ്പിച്ച ഒരു കാര്യം, നമ്മള് കുറെ പിന്നാക്കം എന്ന് വിശ്വസിക്കുന്ന ആഫ്രിക്കയിലെ ഉഗാണ്ടയിലും നമ്മുടെ തൊട്ടടുത്തുള്ള ബംഗ്ലാദേശിലുമൊക്കെ സ്ത്രീകള്‍ക്കു എന്നേ അര്‍ഹിക്കുന്ന പ്രാധാന്യം ഭരണരംഗത്തു കിട്ടി കഴിഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ നമ്മള് കുറച്ചു വൈകി പോയി. പക്ഷെ ഞാന്‍ വിചാരിക്കുന്നു. അടുത്ത സെന്‍സസ് കഴിഞ്ഞ മണ്ഡലങ്ങളുടെ പുനര്നിര്ണ്ണയമൊക്കെ നടക്കാന്‍ വേണ്ടി കാത്തിരിക്കേണ്ട ആവശ്യമേയില്ല. ഈ 2024 ഇലക്ഷന് കഴിഞ്ഞാല്‍ ഉടനെ ഈ വനിതാ സംവരണം നടപ്പാക്കണം. 33 % എന്ന് പറയുമ്പോള്‍ 543 ലോക്സഭാ സീറ്റുകളില്‍ 181 എണ്ണം സ്ത്രീകള്‍ക്കായിരിക്കും. അപ്പോള്‍ നമ്മുടെ രാഷ്ട്രീയത്തിലും പുതുജീവിതത്തിലുമൊക്കെ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. ഈ 33 % ത്തില്‍ തന്നെ 30% പിന്നാക്ക വിഭാഗങ്ങള്‍ക്കും ഷെഡ്യൂള്‍ഡ് കാസ്റ്റ് ട്രൈബുകള്ക്കുമൊക്കെ മാറ്റി വെക്കേണ്ടതുണ്ട്.അങ്ങനെ കര്‍ശനമായി നീക്കി വച്ചില്ലെങ്കില്‍ ഒരിക്കലും പിന്നാക്ക വിഭാഗക്കാര്‍ക്ക് മറ്റുള്ളവരുടെ ഒപ്പമെത്താനോ അവരുടെ ശബ്ദം കേള്‍പ്പിക്കാനോ അവസരം ഉണ്ടാവില്ല. അങ്ങനെ സംവരണം കൊടുത്താല്‍ തന്നെ ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവര്‍ പൊതുധാരയില്‍ സമത്വം നേടുക. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഈ 33% ത്തില്‍ പ്രത്യേക സംവരണം കൊടുക്കേണ്ടത് വളരെ ആവശ്യമാണ് . അതുപോലെ തന്നെ സ്ത്രീകള്‍ക്ക് കൊടുക്കുന്ന വകുപ്പുകള്‍, കൂടാതെ പ്രധാനപ്പെട്ട കാബിനറ്റ് റാങ്കുകള്‍ കൊടുക്കുവാനും തീരുമാനമുണ്ടാവണം.കേന്ദ്ര മന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭയിലുമൊക്കെ നിര്‍ണ്ണായകമായ വകുപ്പുകള്‍ അവര്‍ക്കു കൊടുക്കേണ്ടതുണ്ട്. പോളിസീരീസ് സെക്ഷനുകളിലൊക്കെ നല്ല റോള്‍ ഉണ്ടാകട്ടെ. അതുപോലെ സ്ത്രീകള്‍ സഹാനുഭൂതിയുള്ളവരും കുറെക്കൂടി കാരുണ്യമുള്ളവരും പരദുഃഖങ്ങളിലൊക്കെ എമ്പതിയുള്ളവരൊക്കെയാണ്. അങ്ങനെയുള്ള സ്ത്രീകള്‍ ഓരോ വകുപ്പുകള്‍ ഏറ്റെടുക്കുമ്പോള്‍ ഞാന്‍ വിചാരിക്കുന്നു മനുഷ്യരിലേക്ക് അവര്‍ കുറേക്കൂടി ഇറങ്ങി ചെല്ലും. മനുഷ്യരുടെ പ്രശ്നങ്ങള്‍ അവര്‍ ഉള്‍ക്കൊള്ളും. ആത്മാര്‍ഥമായി അവര്‍ പരിഹാരം കണ്ടെത്തും. അവരിലുള്ള മാതൃത്വം അവരുടെ ഭരണരംഗത്തും ജനങ്ങളോടുള്ള അവരുടെ സമീപനത്തിലൊക്കെ പ്രതിഫലിക്കും. എന്തുകൊണ്ടും അഭിമാനകരമായൊരു നേട്ടമെന്നാണ് ഞാന്‍ ഇതിനെ കാണുന്നത്. പിന്നെ വേണ്ടത്ര പഠനങ്ങളൊക്കെ നടത്താതെ തിടുക്കപ്പെട്ടു പാസാക്കിയ ബില്ലാണ്. അതുകൊണ്ടു തന്നെ അതിന്റെ പാളിച്ചകളൊക്കെയുണ്ടാകും. എന്തെങ്കിലും പഴുതുകളുണ്ടെങ്കില്‍ അതൊക്കെ ചര്‍ച്ച ചെയ്തു പൂര്‍ണ്ണതയില്‍ എത്തിക്കേണ്ടതുണ്ട്. കേരളത്തിന്റെ കാര്യമെടുത്താല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനിതാ സാക്ഷരതയുള്ള സംസ്ഥാനം നമ്മളാണ് 92 % വനിതാസാക്ഷരതയുണ്ട്. പക്ഷെ നമ്മുടെ സംസ്ഥാനചരിത്രം പരിശോധിച്ചാല്‍ ഇതുവരെയുണ്ടായിരുന്ന 225 മന്ത്രിമാരില്‍ വെറും പത്തുപേര്‍ മാത്രമാണ് വനിതാ മന്ത്രിമാരായി തീര്‍ന്നത്. ഓരോ പാര്‍ട്ടിയും അവരുടെ കൂട്ടത്തിലുള്ള ഏറ്റവും പ്രഗത്ഭരായ വനിതകളെ കണ്ടെത്തുമെന്നും അവരെ തിരഞ്ഞെടുപ്പിന് നിയോഗിക്കുമെന്നും അങ്ങനെ ഒരു ബ്രില്യന്റ് ആയിട്ടുള്ള, സമര്‍ത്ഥരായിട്ടുള്ള ഒരു സ്ത്രീ നേതൃത്വം മുന്നോട്ടു വന്നു ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റുമെന്നും ഞാന്‍ പ്രത്യാശിക്കുന്നുണ്ട്.
ഇത് രാഷ്ട്രീയ തന്ത്രം
ഈയൊരു സമയത്ത് എന്തുകൊണ്ടാണ് വനിതാ സംവരണബിൽ ഓടി നടന്ന് പാസാക്കാൻ സർക്കാർ തീരുമാനിക്കുന്നത് എന്നുള്ള ഒരു ആലോചനയിൽ നിന്നാണ് നമ്മൾ തുടങ്ങേണ്ടത്. കാരണം പലതരത്തിൽഏകീകൃത സിവിൽ കോഡ് ഉൾപ്പെടെ ഈ സർക്കാർ ജനങ്ങളുടെ വിരോധം നേരിടുന്ന ഒരു സമയത്ത്, അതുപോലെതന്നെ വ്യാപകമായി സ്ത്രീകളുടെ ഭാഗത്തുനിന്നും സർക്കാരിനെതിരെകുറെ പ്രശ്നങ്ങളുള്ള സമയത്താണ് ഇത് കൊണ്ടുവരുന്നത്. പിന്നാക്കക്കാർക്ക് അതിനകത്ത് സംവരണം വേണമെന്നുള്ള പലതരത്തിലുള്ള ബഹുജൻ രാഷ്ട്രീയപാർട്ടികളുടെയും ദളിത് സംഘടനകളുടെയും ആവശ്യത്തെ പരിഗണിക്കാതെ മുന്നോട്ടുപോവുകയാണെങ്കിൽ ഏലിനേഷനാണ് നമ്മൾ അനുഭവിക്കാൻ പോകുന്നത്. ഇന്ത്യയെ പോലെ ജാതി വ്യവസ്ഥ സങ്കീർണമായ സ്ഥലത്ത് പല സ്ത്രീകൾക്കും പലതരത്തിലുള്ള ആവശ്യങ്ങളും പലതരത്തിലുള്ള അനുഭവങ്ങളുമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇതിനകത്തുള്ള പിന്നാക്ക സംവരണം വളരെ പ്രധാനപ്പെട്ട കാര്യമായി ഞാൻ വിചാരിക്കുന്നു. അതിനുവേണ്ടിയുള്ള വലിയ മുന്നേറ്റം നമ്മൾ നടത്തേണ്ടതുണ്ട്. നമ്മുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പുവരുത്തുകയും ധാരാളം സ്ത്രീകൾ അതുവഴി രാഷ്ട്രീയ അധികാരത്തിലേക്ക് വരികയും അവിടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും ആദ്യസമയങ്ങളിൽ രാഷ്ട്രീയപാർട്ടിക്കാരുടെ ബന്ധുക്കൾ ആയിട്ടുള്ള സ്ത്രീകൾ അല്ലെങ്കിൽ ഒരു സ്ഥലത്തെ സാമുദായിക നില നോക്കിയിട്ട് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സമുദായത്തിലെ സ്ത്രീകളെ നിർത്തുന്ന തന്ത്രം ആയിരുന്നു രാഷ്ട്രീയക്കാർ നടത്തി കൊണ്ടുവന്നത്. അങ്ങേയറ്റം അപലപനീയമാണെങ്കിലും വരുന്ന സ്ത്രീകൾ നന്നായി പെർഫോം ചെയ്യുന്നത് നമുക്ക് കാണാൻ കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെ അത് വലിയൊരു ഉദാഹരണമായി നമുക്കെടുക്കാവുന്നതാണ്. സ്ത്രീകളെ അധികാരത്തിലേക്ക് ബോധപൂർവ്വം കൊണ്ടു വന്നാൽ അവർക്ക് സ്വാഭാവികമായും നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നുള്ളത് തെളിയിക്കപ്പെട്ടു കഴിഞ്ഞ കാര്യമാണ്. സ്ത്രീകൾക്ക് രണ്ടാമതൊരു ചാൻസ് കൊടുക്കുന്നില്ല എന്നുള്ളതാണ് മറ്റൊരു കാര്യം. സ്ത്രീകൾക്ക് രാഷ്ട്രീയ അധികാരത്തിലിരുന്ന് ശീലമില്ലാത്തതു കൊണ്ട് ആദ്യത്തെ അവരുടെപ്രകടനം ചിലപ്പോൾ നമ്മൾ പ്രതീക്ഷിച്ചപോലെ എത്തണമെന്നില്ല അതേ സ്ത്രീകൾക്ക് രണ്ടാമതൊരു അവസരം കൂടി കൊടുക്കുകയാണെങ്കിൽ അവർക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നുള്ളത് തെളിവുകൾ സഹിതം നമുക്ക് കാണാൻ കഴിയും
പ്രാതിനിധ്യം എന്ന അവകാശം
പ്രാതിനിധ്യമാണ് ജനാധിപത്യത്തിന്റെ കാതല്‍. അധികാരത്തില്‍ പ്രാതിനിധ്യവും പങ്കാളിത്തവും ഉണ്ടാവുക എന്നത് ഏതൊരു ജനവിഭാഗത്തെ സംബന്ധിച്ചും സുപ്രധാനമാണ്; കാരണം സാമൂഹികമായ ചലനാത്മകതയുടെ അടിത്തറ നിര്‍ണ്ണയിക്കുന്ന ഘടകം അധികാരത്തിലെ പ്രാതിനിധ്യമാണ്. പ്രാതിനിധ്യം അധികാരത്തിലെ പങ്കാളിത്തത്തിലേക്കും അതുവഴി തീരുമാനമെടുക്കല്‍ ശേഷിയിലേക്കും നയരൂപീകരണത്തിലെ പങ്കാളിത്തത്തിലേക്കും വികസിക്കും. ഇത് ആത്യന്തികമായിപ്രാതിനിധ്യം സാധ്യമായ ജനസമൂഹത്തിന്റെ സര്വോന്മുഖമായ വളര്‍ച്ചയിലേക്ക് നയിക്കും.
പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യപ്രമാണമായ തുല്യതയുടെ സാക്ഷാത്ക്കാരം എന്ന നിലയില്‍ കൂടിയാണ്. ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് സംവിധാനത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ത്രിതല പഞ്ചായത്തുകളുടെ അധികാര ഘടനയില്‍ 50 ശതമാനം സംവരണം നല്കിയ സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. മറ്റൊന്ന് ബീഹാറും. ഇടതുപക്ഷം ഭരിക്കുമ്പോഴായിരുന്നു അത് കേരളത്തില്‍ നടപ്പാക്കപ്പെട്ടത്. ഇടതുപക്ഷത്തിന്റെ സ്ത്രീ സംവരണത്തെ സംബന്ധിച്ച നിലപാട് ഇതില്‍ നിന്ന് വ്യക്തമാണ്. പാര്‍ലമെന്റില്‍ സ്ത്രീ സംവരണം വേണം എന്ന ഇടതുപക്ഷത്തിന്റെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൂട്ടായ ചര്‍ച്ചകളുടെയും ജനാധിപത്യ സംവാദത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കേണ്ടിയിരുന്ന സംവരണ ബില്ല് അത്തരം ചര്‍ച്ചകള്‍ക്ക് വിധേയമാക്കാതെയാണ് നിയമമാക്കിയത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വാഗ് ദാനമായി ഉയര്‍ത്തിയ 33 ശതമാനം സ്ത്രീ സംവരണം ഇപ്പോള്‍ ഒരു പതിറ്റാണ്ടിനു ശേഷം മറ്റൊരു ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് അപൂര്‍വ വേഗതയില്‍ നാമമാത്രമായി മാത്രം എന്‍ഡിഎ പാസ്സാക്കുന്നതിനുപിന്നിലെ രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ രാജ്യത്തെ സ്ത്രീപക്ഷ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും സംശയത്തോടെ വീക്ഷിച്ചാല്‍ അതില്‍ തെറ്റില്ല.
സംവരണവ്യാപനം എന്ന അസാധ്യത
ബിജെപി നേതൃത്വം നല്കുന്ന കേന്ദ്ര ഗവണ്മെന്റ് ഇതിനു മുന്‍കൈയെടുത്തുവെങ്കിലും എന്തായിരുന്നു അവരുടെ ഉദ്ദേശശുദ്ധി എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സെന്‍സസും, മണ്ഡലപുനര്‍നിര്‍ണ്ണയത്തിനും ശേഷം മാത്രമേ സംവരണം നടപ്പിലാക്കാനാവൂ എന്ന് വ്യവസ്ഥ ചെയ്തതോടെ, വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഇതിന്റെ ഗുണം സ്ത്രീകള്‍ക്ക് ലഭിക്കില്ല എന്നുള്ളത് നമുക്കൊക്കെ ബോധ്യമായിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ 2029ലും ഒരുപക്ഷേ ഇത് നടന്നാല്‍ നടന്നു എന്ന് മാത്രമേ പറയാന്‍ പറ്റൂ എന്നുള്ളതാണ് അവസ്ഥ. സെന്‍സസ് ഭരണഘടന പ്രകാരമുള്ളതാണ് മണ്ഡലപുനര്‍നിര്‍ണ്ണയവും സെന്‍സസ് കണക്കുകളുടെ അടിസ്ഥാനത്തിലെ നിര്‍ണയിക്കാന്‍ പറ്റൂ എന്നതുകൊണ്ടാണ് ബില്ലിന്റെ ഭാഗമാക്കിയത് എന്നുമാണ് ലോക്സഭയില്‍ ഇക്കാര്യത്തെക്കുറിച്ച് ഭരണപക്ഷം മറുപടി പറഞ്ഞത്. നിയമപ്രകാരം അടുത്ത മണ്ഡലപുനര്‍നിര്‍ണ്ണയം 2026 നു ശേഷം മാത്രമേ സാധ്യമാകൂ എന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. അതുപോലെതന്നെ മറ്റൊരു പ്രധാന പ്രശ്നമാണ് ഒബിസി ന്യൂനപക്ഷ വനിതകളെ ഒഴിവാക്കിയത്. മോദി അധികാരത്തില്‍ ഉണ്ടായിരുന്ന ഇത്രയും കാലവും ബില്‍ കൊണ്ടുവരാതെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അവതരിപ്പിച്ചത് ഒരു പൊളിറ്റിക്കല്‍ ഗിമ്മിക്കായി മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഒബിസി വിഭാഗത്തിന്റെ ശാക്തീകരണത്തിന് സര്‍ക്കാരിന് താല്പര്യമുണ്ടായിരുന്നുവെങ്കില് എന്തുകൊണ്ട് ഈ സര്‍ക്കാര്‍ ജാതി സെന്‍സസിനോട് മുഖം തിരിക്കുന്നു എന്ന് പ്രതിപക്ഷം ഉന്നയിച്ച ചോദ്യവും വളരെ പ്രസക്തമാണ്.
50 ശതമാനവും
അവകാശപ്പെട്ടതാണ്
ആദ്യം തന്നെ ഈ വനിതാ സംവരണ ബില്‍ പാസാക്കിയ ഗവണ്മെന്റിനെ അഭിനന്ദിക്കുകയാണ്. വളരെ സന്തോഷത്തോടെ, അഭിമാനത്തോടെ തന്നെ ഈ ഒരു കാര്യം സ്വീകരിക്കുന്നു. പക്ഷേ ഇനി എന്നാണ് ഇത് പ്രാവര്‍ത്തികമാകാന്‍ പോകുന്നത്? 2024ലെ ഇലക്ഷനില്‍ ഇത് പ്രാവര്‍ത്തികമാകുമോ? ഇല്ല. അതിന് ഇനിയും എത്രയോ കാര്യങ്ങള്‍, അതിനകത്ത് ചില ക്ലോസുകള്‍ നമ്മള് കാണുന്നത് സെന്‍സസ് കഴിഞ്ഞ് മണ്ഡലപുനര്‍നിര്‍ണ്ണയം കഴിഞ്ഞൊക്കെയാണിത് നടപ്പിലാക്കാന്‍ പോകുന്നത്. നമുക്കിതിന്റെ ഫലം കിട്ടാന്‍ ഇനിയും സമയമെടുക്കും. വളരെയധികം പുരുഷകേന്ദ്രീകൃതമായ ഒരു ലോകത്ത് സ്ത്രീകള്‍ക്ക് അവകാശം, ഇലക്ഷന് വോട്ട് ചെയ്യാന്‍ തന്നെ സ്ത്രീകളുടെ ആവശ്യമുണ്ടോ, അല്ലെങ്കില്‍ അവര്‍ക്ക് ബുദ്ധിയുണ്ടോ എന്ന് പറയുന്നിടത്ത് നിന്ന് 33% ബില്ലിലേക്ക് നമ്മള് എത്തിയിരിക്കുന്നത് വിജയം തന്നെ. പക്ഷേ 50 ശതമാനവും നമുക്ക് അവകാശപ്പെട്ടതാണ്. ഈ അവകാശത്തെയാണ് അവര്‍ ഔദാര്യം പോലെ അവതരിപ്പിക്കുന്നത് എന്നാലോചിക്കുമ്പോഴാണ് നമുക്കിതിലെ സന്തോഷത്തിനിടയിലും ചെറിയൊരു മ്ലാനത നമ്മുടെ ഉള്ളില്‍ വരുന്നത്.
ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക്
പുതിയൊരു മാനം
ജനാധിപത്യത്തിന്റെ ചരിത്രം നോക്കിയാല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുതല്‍ ഇങ്ങേത്തലക്കല്‍ കുടുംബം വരെയുള്ള എല്ലാ സംവിധാനങ്ങളിലും സ്ത്രീയുടെ സാന്നിദ്ധ്യം അനിവാര്യമായ ഘടകമായി നിലനില്ക്കുന്നു. എങ്കിലും അവിടങ്ങളില്‍ എല്ലാം പുരുഷമേല്ക്കോയ്മയുടെ അധികാരത്തിന് കീഴില്‍ ആണ് അവരുടെ സ്ഥാനം എന്ന് നിസ്സംശയം പറയാം. വനിതാസംവരണ ബില്‍ നടപ്പാക്കപ്പെടുകയാണെങ്കില്‍ ആ അവസ്ഥയ്ക്ക് ചെറിയതോതില്‍ എങ്കിലും ഒരു മാറ്റം വരുമെന്നാണ് ഞാന്‍ കരുതുന്നത്. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം, ജനസംഖ്യയുടെ ഏകദേശം പകുതിയോളം സ്ത്രീകളുള്ള രാജ്യത്ത് തീര്‍ച്ചയായും ഒരു ഔദാര്യമല്ല. രാഷ്ട്രീയ പാര്‍ട്ടികളും ഭരണസ്ഥാപനങ്ങളും സ്ത്രീകളുടെ അനന്യമായ ശക്തിയെ തിരിച്ചറിയുകയോ രാജ്യത്തിന്റെ നാനാവിധമായ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ അവര്‍ക്കു നല്‍കുകയോ ചെയ്യുന്നില്ല എന്ന വാസ്തവം നിലനില്ക്കുമ്പോള് പ്രത്യേകിച്ചും, പുരുഷന്റെ മേധാവിത്വ മനോഭാവം നൂറ്റാണ്ടുകളായി ചെറിയ മാറ്റങ്ങളോടെ ആണെങ്കിലും തുടരുന്നതാണ് അതിന് കാരണം.
സ്ത്രീകള്‍ക്ക് തങ്ങളുടെ ശക്തികളേയും ഭാവനകളേയും സ്വതന്ത്രമായി വ്യാപരിപ്പിക്കാനും ഉപയോഗപ്പെടുത്താനും സാധിക്കുന്ന അവസരങ്ങള്‍ കിട്ടുന്നത്, ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയൊരു മാനം കൈവരിക്കും. പുതിയ ബില്‍ പ്രാവര്‍ത്തികമാക്കുക വഴി അത് സാധ്യമാകും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.1946ല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടുമുമ്പുണ്ടായിരുന്ന ഭരണഘടനാ അസംബ്ലിയില്‍ 15 സ്ത്രീകള്‍ ഉണ്ടായിരുന്നു എന്ന് നാം ഈ സമയത്ത് ഓര്‍ക്കുന്നതില്‍ തെറ്റില്ല. സംവരണാടിസ്ഥാനത്തില്‍ വന്നവരായിരുന്നില്ല അവരൊന്നും. ഇന്നത്തേതിനേക്കാള്‍ പതിന്മടങ്ങു യാഥാസ്ഥിതികമായ ഒരു കാലഘട്ടത്തില്‍, ചുറ്റുപാടുകളോട് പോരടിച്ചു മുന്നേറിയ വനിതകള്‍ ആയിരുന്നു അവര്‍. ആ പതിനഞ്ചു വനിതകളില്‍ ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തില്‍ ഭാഗഭാക്കായിരുന്ന ദാക്ഷായണി വേലായുധന് മുതല്‍ ആനി മസ്ക്രീന്, അമ്മു സ്വാമിനാഥന് തുടങ്ങി മൂന്നുപേര്‍ മലയാളികള്‍ ആയിരുന്നു എന്നുകൂടി നാം ഇത്തരുണത്തില്‍ ഓര്‍ക്കണം. എന്നാല്‍ അതിനു ശേഷം ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം കിട്ടാന്‍ ഒരു വനിതാ സംവരണ ബില്‍ വരേണ്ടി വന്നു.
ഭൂമിയിലെ എല്ലാ വസ്തുക്കളും വായുവും വെള്ളവും പോലെ എല്ലാമനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ് എന്ന് ആലങ്കാരികമായി പറയുമെന്നല്ലാതെ അവ കയ്യൂക്കുള്ളവര്‍ക്ക് മാത്രമായി ചുരുങ്ങിച്ചുരുങ്ങി വന്നു കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത് എങ്കിലും ചില നന്മകള് തെളിയുന്നത് തികച്ചും സന്തുഷ്ടി നല്‍കുന്നതാണ്. അതിലൊന്നായി ഈ വനിതാ സംവരണ ബില്ലിനെ നമുക്ക് കണക്കാക്കാം.
സ്ത്രീസ്വത്വ സ്വാതന്ത്ര്യം എന്നൊന്നില്ല
രാജീവ് ഗാന്ധിയുടെ കാലത്തും ഇങ്ങനെയൊരു നീക്കം നടന്നിരുന്നല്ലൊ. ഇപ്പോഴത്തേത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഒരു രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണ്. സ്ത്രീയുടെ സ്വാതന്ത്ര്യത്തിനോ സ്വത്വത്തിനോ ബി ജെ പി എന്തെങ്കിലും വിലകല്പിക്കുമെന്ന് വിശ്വസിക്കാനാവില്ല. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തപ്പോള്‍ പ്രസിഡന്റിനെ ഒഴിവാക്കിയതില്‍ നിന്ന് അത് വ്യക്തമാകുന്നുണ്ട് താനും.ഈ ബില്ല് വെറുമൊരു കടലാസ് പുലിയായിരിക്കും. രാഷ്ട്രീയവും മതവും എക്കാലത്തും സ്ത്രീവിരുദ്ധമാണ്. രാഷ്ട്രീയ പ്രബുദ്ധതയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലിന്നുവരെ ഒരു വനിതാമുഖ്യമന്ത്രി.ഉണ്ടായിട്ടുണ്ടോ?ഏതെങ്കിലും സ്ത്രീ കഴിവ് തെളിയിച്ചാല്‍ അവളെ മൂലയ്ക്കിരുത്തും!
സംവരണബില്‍ ഒരു സാധ്യത
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പിന്നിടുമ്പോഴും, ഈ കാലയളവത്രയും വനിതകളുടെ ഉന്നമനത്തിന് ലക്ഷ്യമിട്ടുകൊണ്ട് എന്നു പറഞ്ഞ് ശബ്ദം ഉയര്‍ത്തിയിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും വേണ്ടത്ര ആത്മാര്‍ത്ഥത ഉണ്ടായില്ല എന്ന് വേണം കണക്കാക്കാന്‍. ഇന്ന് നരേന്ദ്ര മോദി ഗവണ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള 33 ശതമാനം പ്രാതിനിധ്യം സ്ത്രീസംവരണം എല്ലാ മേഖലകളിലും ഉണ്ടാവണം ഇതേ അനുപാതത്തില്‍ എന്നുകൂടി പറയാന്‍ ആഗ്രഹിക്കുകയാണ്.
തുല്യനീതിയാണ് വേണ്ടത്
പുതു പാര്‍ലമെന്റില്‍ പുതുചരിത്രം എഴുതി വനിതാ ബില്‍ പാസാകുമ്പോള്‍ സ്ത്രീക്ക് അഭിമാനം തന്നെയാണ്. ഭരണനൈപുണ്യം മുതല്‍ക്കൂട്ടായ ഭാരതീയ സ്ത്രീയെ സമൂഹത്തെ സ്റ്റേജിലെ കസേരകളില്‍ നിന്നും ഭരണസിരാകേന്ദ്രങ്ങളിലെ കസേരകളില്‍ നിന്നും അകറ്റി നിര്‍ത്തിയത് കടുത്ത അനീതിയാണ്.
1996 മുതല്‍ ഭരണാധികാരികള്‍ക്ക് മുന്നില്‍ വന്നു പോയിട്ടും ബില്ല് പാസാക്കാന്‍ ഇത്രയും കാലതാമസം എടുത്തത് ദുഃഖകരമാണ്. ഇനി അവസരങ്ങള്‍ക്ക് തുല്യ നീതിയാണ് വേണ്ടത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ പിന്നാമ്പുറങ്ങളില്‍ തറച്ചിട്ടിരുന്ന് സമൂഹത്തിലെ സ്ത്രീകള്‍ക്കും തുല്യനീതി ഉറപ്പാക്കണം.