ജഗതിച്ചേട്ടൻ അഭിനയത്തികവിന്റെ ഗിരിശൃംഗം
കൈയിൽ തലോടിക്കൊണ്ട് ഞാൻ എന്തൊക്കെയോ പഴയ കാര്യങ്ങൾ പറഞ്ഞു. ഒരുവേള ഞാൻ പറഞ്ഞത് ഓർമ്മകളെ ഉണർത്തിയ മാതിരി എന്റെ കയ്യിൽ മുറുകെപ്പിടിച്ചു. ഒരു നെടുവീർപ്പും, ഉള്ളിൽ തട്ടിയ മാതിരി ഒരു ശബ്ദവും പുറത്തുവന്നു. ഞാൻ പതറിപ്പോയി . ഏറെനേരം വീണ്ടും ആ സന്ധിയിൽ അവിടെ കഴിച്ചുകൂട്ടി. ജഗതിച്ചേട്ടൻ മുറുക്കിപ്പിടിച്ച കൈയിൽ നിന്നും എന്നെ സ്വതന്ത്രനാക്കാൻ കഴിഞ്ഞില്ല. പ്രയാസപ്പെട്ടാണ് ആ കൈ വിടുവിച്ചത്
മലയാളിയുടെ ചലച്ചിത്ര മനസ്സിൽ പകരക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ് നർമ്മം പകർന്ന ഒരു രാജസിംഹാസനം.1500 ലേറെ വേഷങ്ങളിലൂടെ മഴ പോലെ പെയ്തിറങ്ങിയ ആ ഉറവ ഖനീഭവിച്ചിരിക്കുന്നു.
ജഗതിച്ചേട്ടൻ അഭിനയിച്ച അനവധി ചലച്ചിത്രങ്ങളിൽ ഞാൻ കലാസംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. പലപ്പോഴും സെറ്റിടലും മറ്റുമായി തിരക്കിട്ട് ഓടി നടക്കുമ്പോഴും അഭിനയിക്കുന്നത് ജഗതിച്ചേട്ടൻ ആണെങ്കിൽ ഒരു നിമിഷം അവിടെ കാഴ്ചക്കാരനായി നിന്ന് പോകാറുണ്ട്.
വരണ്ട് , നന്മ നശിച്ച മനസ്സുകളുടെ മേൽ, ക്രൂരമായ ചിന്തകൾ പേറി സമൂഹത്തിനു പോലും ഭീഷണിയാകുന്ന ഗുണ്ടാസംഘങ്ങളുടെ മേൽപോലും ജഗതി ചേട്ടന്റെ സാന്നിദ്ധ്യവും തമാശകളും ഒരു പരിധിവരെ അവരുടെ പിരിമുറുക്കം അവസാനിപ്പിക്കുവാനും ജീവിതത്തെ ലളിത സുന്ദരമാക്കുവാനും സഹായിച്ചിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ജഗതിച്ചേട്ടൻ അഭിനയിച്ച അനവധി ചലച്ചിത്രങ്ങളിൽ ഞാൻ കലാസംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. പലപ്പോഴും സെറ്റിടലും മറ്റുമായി തിരക്കിട്ട് ഓടി നടക്കുമ്പോഴും അഭിനയിക്കുന്നത് ജഗതിച്ചേട്ടൻ ആണെങ്കിൽ ഒരു നിമിഷം അവിടെ കാഴ്ചക്കാരനായി നിന്ന് പോകാറുണ്ട്. റിഹേഴ്സലിൽ കാണിക്കുന്നതിനപ്പുറം അത്ഭുതപ്പെടുത്തുന്ന നമ്പരുകൾ ആയിരിക്കും ഫൈനലിൽ ചേട്ടൻ കാണിക്കുക. സംവിധായകനെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് , കണ്ടുനിൽക്കുന്നവരെ അമ്പരപ്പിച്ചു കൊണ്ടായിരിക്കും ആ പ്രകടനം.
1982 ലാണ് ഞാൻ ജഗതി ചേട്ടനുമായി കൂടുതൽ അടുക്കുന്നത്. ശ്രീ. രാജസേനൻ സംവിധാനം ചെയ്ത ‘അയലത്തെ അദ്ദേഹം” സിനിമയുടെ സെറ്റിൽ വച്ചായിരുന്നു . പൊതുവിൽ അഭിനേതാക്കളുമായി യാതൊരുവിധ ബന്ധവും പുലർത്താതെ എന്റെ ജോലികളിൽ വീഴ്ച സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ, ഭയത്തോടെ കലാസംവിധാനത്തിൽ ഏർപ്പെട്ടിരുന്ന കാലം. ജയറാമും ഗൗതമിയുമായിരുന്നു നായികാ നായകന്മാർ. ഒരു സീൻ ഷൂട്ട് ചെയ്ത് അടുത്ത സീൻ പ്ലാൻ ചെയ്യുന്നതിനിടയിൽ സംവിധായകൻ ശ്രീ. രാജസേനനോട് എന്തോ കാര്യം പറഞ്ഞു നിൽക്കുകയായിരുന്നു ഞാൻ . പിന്നിൽ നിന്ന് മൈക്ക് അനൗൺസ്മെൻറ് മാതിരി ഒരു ശബ്ദം .
“മിതമായ നിരക്കിൽ മനോഹരമായ സെറ്റുകൾ ഒരുക്കുവാൻ സമീപിക്കുക, നേമം പുഷ്പരാജ് . “
ഈ ശബ്ദം വീണ്ടും ആവർത്തിച്ചപ്പോഴാണ് ഡയറക്ടർ ഉൾപ്പെടെ ശ്രദ്ധിക്കുന്നത് . ജഗതിച്ചേട്ടൻ ഞങ്ങളെ കാണാത്ത ഭാവത്തിൽ അനൗൺസ്മെന്റ് തുടർന്നുകൊണ്ടിരുന്നു. ഞാൻ അടുത്തെത്തി മെല്ലെ പറഞ്ഞു. “ചേട്ടാ കൊല്ലല്ലേ ” ….
അവിടെ നിന്നും തുടങ്ങിയ അടുപ്പമായിരുന്നു ഞങ്ങളുടെത് . മകളുടെ വിവാഹത്തിന് ട്രിവാൻഡ്രം ക്ലബ്ബിൽ വേദി ഒരുക്കാൻ എന്നെയാണ് ചുമതലപ്പെടുത്തിയത്. ഈ ആവശ്യത്തിനായി ഞാൻ ജോലി ചെയ്തിരുന്ന സംസ്ഥാന സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ പല പ്രാവശ്യം വന്നിരുന്നു.ഒന്ന് ഫോൺ ചെയ്താൽ ഞാൻ അവിടെ എത്തുമായിരുന്നു.എന്നിട്ടും ജഗതിച്ചേട്ടൻ എൻറെ ഓഫീസിലേക്ക് വരികയായിരുന്നു. ഞാൻ സംവിധാനം ചെയ്ത ബനാറസ് എന്ന ചലച്ചിത്രത്തിൽ അഭിനയിക്കാൻ ജഗതി ചേട്ടനെ കാണുമ്പോൾ പ്രതിഫലം പറഞ്ഞതേയില്ല . ഞാൻ നിർബന്ധിച്ചപ്പോൾ എനിക്കിഷ്ടമുള്ളത് തീരുമാനിച്ചു കൊള്ളുവാൻ ആണ് പറഞ്ഞത്. ജഗതിച്ചേട്ടൻ പല ഉദ്ഘാടനങ്ങളിലും പങ്കെടുക്കാറുണ്ട്. ഒന്നിനും അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നില്ല. ഇതിനായി അദ്ദേഹത്തെ ക്ഷണിക്കുമ്പോൾ ആദ്യം പറയുന്നത് ഏതെങ്കിലും ഒരു അനാഥാലയത്തിന്റെ പേര് പറഞ്ഞിട്ട് ഒരു നിശ്ചിത തുക അവിടെ അടച്ച് രസീത് കൊണ്ടുവരു എന്നാണ്.
ഞാൻ സംവിധാനം ചെയ്ത ബനാറസ് എന്ന ചലച്ചിത്രത്തിൽ അഭിനയിക്കാൻ ജഗതി ചേട്ടനെ കാണുമ്പോൾ പ്രതിഫലം പറഞ്ഞതേയില്ല . ഞാൻ നിർബന്ധിച്ചപ്പോൾ എനിക്കിഷ്ടമുള്ളത് തീരുമാനിച്ചു കൊള്ളുവാൻ ആണ് പറഞ്ഞത്.
2012 ൽ അപകടം സംഭവിച്ച് വീട്ടിൽ വിശ്രമിക്കുന്ന വേളയിൽ ചേട്ടന്റെ മകൻ രാജ് കുമാറിന്റെ സാന്നിധ്യത്തിൽ ഞാൻ അവിടെ പോയിരുന്നു.മുറ്റത്തെ പച്ചപ്പുൽപ്പരപ്പിൽ വീൽചെയറിൽ ചേട്ടൻ ഇരിക്കുകയായിരുന്നു.നിശ്ചലമായി കുറെ നേരം നോക്കിയിരുന്നു.എൻറെ മനസ്സ് വല്ലാണ്ട് പിടഞ്ഞു. “പഴയ കഥകൾ എന്തെങ്കിലും സംസാരിക്കാൻ ” രാജ് കുമാര്‍ എന്നോട് പറഞ്ഞു . നിശബ്ദം ഇരിക്കുന്ന ഒരാളോട് എന്താണ് പറയുക ? എന്നിട്ടും കയ്യിൽ തലോടിക്കൊണ്ട് ഞാൻ എന്തൊക്കെയോ പഴയ കാര്യങ്ങൾ പറഞ്ഞു. ഒരുവേള ഞാൻ പറഞ്ഞത് ഓർമ്മകളെ ഉണർത്തിയ മാതിരി എന്റെ കയ്യിൽ മുറുകെപ്പിടിച്ചു. ഒരു നെടുവീർപ്പും, ഉള്ളിൽ തട്ടിയ മാതിരി ഒരു ശബ്ദവും പുറത്തുവന്നു. ഞാൻ പതറിപ്പോയി . ഏറെനേരം വീണ്ടും ആ സന്ധിയിൽ അവിടെ കഴിച്ചുകൂട്ടി. ജഗതിച്ചേട്ടൻ മുറുക്കിപ്പിടിച്ച കയ്യിൽ നിന്നും എന്നെ സ്വതന്ത്രനാക്കാൻ കഴിഞ്ഞില്ല. പ്രയാസപ്പെട്ടാണ് ആ കൈ വിടുവിച്ചത് . ഇപ്പോൾ ചലച്ചിത്ര രംഗമാകെ മാറിയിരിക്കുന്നു. ജഗതിച്ചേട്ടൻ ഇല്ലാത്ത പത്ത് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ആ ഗിരിശൃംഗങ്ങൾക്ക് താഴെ ഞങ്ങൾ കാത്തുനിൽക്കുന്നു.