രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക, ഹിമാചല്‍ പ്രദേശ്,രാജസ്ഥാന്‍,ഛത്തീസ് ഗഢ് സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള ജാതി,പിന്നാക്ക വിഭാഗ സ്ഥിതിവിവരക്കണക്കുകള്‍ക്ക് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. ജനസംഖ്യയുടെ നിരക്കിലുണ്ടായ വ്യത്യാസം അനുസരിച്ച് പുതിയ വിവരശേഖരണം വളരെ അത്യാവശ്യമാണ്.
രാജ്യത്തെ ജാതിവിഭാഗങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കാനും അതുപയോഗിച്ച് ഭാവിനടപടികള്‍ സ്വീകരിക്കാനും സഹായിക്കുന്ന എക്‌സ്‌റേപോലെയാണ് ജാതി സെന്‍സസ് എന്ന രാഹുല്‍ ഗാന്ധിയുടെ വീക്ഷണം ഏറ്റവും ഉചിതമായ കാഴ്ചപ്പാടാണ്. സമൂഹത്തിന്റെ പിന്നാക്കാവസ്ഥയില്‍ എത്രയാളുകളുണ്ട്, അവര്‍ ഏതു വിഭാഗത്തില്‍നിന്നു വരുന്നു, എന്താണവരുടെ സ്ഥിതി എന്നെല്ലാം കൃത്യമായി ജാതി സെന്‍സസിലൂടെ കണ്ടെത്താന്‍ കഴിയും. സാമൂഹികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും ജാതി സെന്‍സസ് അനിവാര്യമാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചൂണ്ടിക്കാട്ടിയത്. തികച്ചും പ്രശംസനീയമായ നിലപാടിന് പരക്കെ സ്വീകാര്യത ലഭിക്കുകയും ചെയ്തു.
ബീഹാറാണ് ജാതി സെന്‍സസ് ആദ്യമായി പുറത്തുവിട്ട സംസ്ഥാനം. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക, ഹിമാചല്‍ പ്രദേശ്,രാജസ്ഥാന്‍,ഛത്തീസ് ഗഢ് സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള ജാതി,പിന്നാക്ക വിഭാഗ സ്ഥിതിവിവരക്കണക്കുകള്‍ക്ക് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. ജനസംഖ്യയുടെ നിരക്കിലുണ്ടായ വ്യത്യാസം അനുസരിച്ച് പുതിയ വിവരശേഖരണം വളരെ അത്യാവശ്യമാണ്. ഈ വിഷയത്തെ രാഷ്ട്രീയവത്കരിച്ച് കാണുന്നത് ഉചിതമല്ല.എല്ലാ സമുദായങ്ങള്‍ക്കിടയിലും വിദ്യാഭ്യാസം, ജോലി തുടങ്ങിയ ആനുകൂല്യങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ജാതി സെന്‍സസ് അനിവാര്യമാണ്. ഓരോ ജാതിയിലും എത്രപേര്‍ ഉണ്ടെന്ന കൃത്യമായ കണക്ക് ലഭിച്ചാല്‍ മാത്രമെ അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഭരണ സംവിധാനങ്ങള്‍ക്ക് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധ്യമാകു. ഒ.ബി.സിയിലും ഇ.ബി.സിയിലും നിരവധി ഉള്‍പ്പിരിവുകളുണ്ട്. പിന്നാക്ക വിഭാഗങ്ങളില്‍ ചുരുക്കം ധനികരുള്ളത് പോലെതന്നെ മുന്നാക്ക വിഭാഗങ്ങളില്‍ ദരിദ്രരുമുണ്ടെന്നത് വസ്തുതയാണ്. 2011ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ സാമൂഹിക,സാമ്പത്തിക,ജാതി സെന്‍സസ് എടുത്തെങ്കിലും തുടര്‍ന്ന് വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അത് പുറത്തുവിടാന്‍ തയ്യാറായില്ല. . ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലെന്ന്, സുപ്രീംകോടതി ബീഹാറിലെ ജാതി സെന്‍സസിനെതിരായ ഹര്‍ജികള്‍ തള്ളിക്കൊണ്ട് വ്യക്തമാക്കിയിട്ടുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തിലുള്ള സെന്‍സസിന് വിമുഖത കാട്ടുമ്പോള്‍ സംസ്ഥാന അടിസ്ഥാനത്തില്‍ ജാതി സെന്‍സസ് നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.