സാഗരഗർജനം വീണ്ടും മുഴങ്ങിയാൽ
സാഹിത്യ വിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും സാമൂഹ്യ നിരീക്ഷകനുമായ സുകുമാർ അഴീക്കോട് ഓർമ്മയായിട്ട് കഴിഞ്ഞ ജനുവരി 24 ന് 12 കൊല്ലം പിന്നിട്ടു. ഇന്നത്തെ കാലഘട്ടത്തിൽ അഴീക്കോട് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനുണ്ടാകുമായിരുന്ന ചിന്തകളെ കുറിച്ച് അഴീക്കോടിന്റെ ഭാഷയിൽ വിവരിക്കുന്നു പ്രമുഖ കഥാപ്രസംഗ കലാകാരനും എഴുത്തുകാരനുമായ ആലപ്പി രമണൻ. സുകുമാർ അഴീക്കോടിന്റെരോഗശയ്യയ്ക്കരികില് എല്ലാംമറന്നെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് അദ്ദേഹം മനസ് തുറന്നതാണ് പശ്ചാത്തലം.
”ആശാന്റെ സീതാകാവ്യം” എഴുതിയതോടെയാണ് ഞാന്‍ വിമര്‍ശകനായി മാറിയത്. തുടര്‍ന്ന് ഞാന്‍ കടന്നാക്രമിക്കാത്ത പ്രമുഖരില്ല. അവരില്‍ പ്രധാനികളായിരുന്നു ശ്രീ നടേശന് വെളളാപ്പളളിയും, നടന് മോഹന്‍ലാലും. മരണാനന്തരം ചിന്തിക്കുമ്പോള്‍ അത് തെറ്റായിപ്പോയി എന്ന വിചാരം എനിക്കിപ്പോഴുണ്ട്. കാരണം ഏഷ്യയിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗത്തിന്റെ തലപ്പത്ത് എല്ലാ വെല്ലുവിളികളേയും അതിജീവിച്ചു കൊണ്ട് കഴിഞ്ഞ ഇരുപത്തിയേഴ് കൊല്ലമായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുക മാത്രമല്ല, അനിഷേദ്ധ്യനായി തുടരുകയും ചെയ്യുക എന്നത് ചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ഒരു പ്രതിഭാസമാണ്. ഈഴവ സമുദായത്തെപ്പറ്റി ഗുരുദേവന് പണ്ട് പറഞ്ഞത് ”കടല്പുറത്തെ മണല്‍ത്തരി പോലെയാണെ”ന്നാണ്. ഒന്നിനോടൊന്ന് ചേരുകയില്ല. ആശാന് പരിതപിച്ചതാവട്ടെ ”ദിഷ്ടം നമുക്കു കുറവായ് സമുദായ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നവരുമില്ലിഹ ഭൂരിനമ്മില്” എന്നാണ്. സ്ഥാപക സെക്രട്ടറിയായിരുന്നിട്ടുപോലും കുമാരനാശാനെ പതിനാറു കൊല്ലം കഴിഞ്ഞപ്പോള്‍ സമുദായത്തിന്റെ തലപ്പത്ത് അന്ന് ഉണ്ടായിരുന്ന ചില അസൂയാലുക്കള്‍ പുകച്ച് പുറത്തുചാടിച്ചതാണ് ചരിത്രം. ആര്.ശങ്കറിനാകട്ടെ കടുത്ത നെഞ്ചുവേദനയും സമ്മാനിച്ചു. ഈ സമുദായത്തെയാണ് ഇക്കാലമത്രയും വെള്ളാപ്പളളിനടേശന് കൂടെ കൊണ്ട് നടക്കുന്നത്. എനിക്കൊരു ശാഖാ സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കുവാനുളള നേതൃ ശേഷിപോലും ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എന്താണ് വെള്ളാപ്പളളിയുടെ നേതൃപാടവത്തിന്റെ ഈ വിജയ രഹസ്യം? അത് സ്നേഹം എന്ന വികാരം തന്നെയാണ്. സ്വന്തം പിതാവില്‍ നിന്നും കിട്ടിയ ഗുണമാണത്.
എം. എന്‍. കുറുപ്പ് എന്നോടു പറഞ്ഞൊരു കഥയുണ്ട്. സര് സി.പി യുടെ ദുര്‍ഭരണ ത്തിനെതിരെ വിദ്യാര്‍ത്ഥി നേതാവായ കുറുപ്പ് ഒരിക്കല്‍ മുപ്പതോളം കോളേജ് യുവാക്കളെ അണി നിരത്തിക്കൊണ്ട് ഒരു പ്രതിഷേധ ജാഥ നടത്തി. സംഭവമറിഞ്ഞ് മാരാരിക്കുളത്ത് പട്ടാളമിറങ്ങി. പ്രാണനും കൊണ്ടോടിയ കുറുപ്പും കൂട്ടരും കണിച്ചുകുളങ്ങരയിലെത്തിയതും അവിടെയും പട്ടാളവണ്ടി കിടപ്പുണ്ടെന്നറിഞ്ഞു. ഭയവിഹ്വലരായ യുവാക്കളെ മുഴുവന്‍ സ്വന്തം വീടിനുപിന്നിലെ കയര്‍ പണ്ഡകശാലയിലൊളിച്ചു കൊളളാന്‍ ഒരാള്‍ അവസര മൊരുക്കി നല്ലതുപോലെ സംരക്ഷിച്ചു. മാസങ്ങള്‍ക്കുശേഷം അമ്പലപ്പുഴ ക്കാരന് മണി അയ്യര്‍ ദിവാന് സര്. സി.പി യുടെ മൂക്കുവെട്ടി എന്നവാര്‍ത്ത പരന്നതോടെ അവര്‍ അഭയം നല്കിയ മനുഷ്യനു നന്ദി പറഞ്ഞു പുറത്തിറങ്ങി. ആ മനുഷ്യന് ആരെന്ന ചോദ്യത്തിന്, അത് ഇന്നത്തെ നടേശന്റെ അച്ഛന് വെളളാപ്പളളി കേശവന് മുതലാളി എന്നായിരുന്നു കുറുപ്പിന്റെ മറുപടി.
കുട്ടനാട്ടില്‍ രണ്ടു തവണ വെളളപ്പൊക്കമുണ്ടായപ്പോഴും ഏറ്റവും കൂടുതല്‍ ജന പ്രവാഹമുണ്ടായത് കണിച്ചുകുളങ്ങരയിലേയ്ക്കായിരുന്നല്ലോ? ഏഴായിരത്തിയഞ്ഞൂറിലേറെപ്പേരെ നല്ല ഭക്ഷണവും, പാര്‍പ്പിട സൗകര്യങ്ങളുമൊരുക്കി ഒന്നൊന്നരമാസത്തോ ളം സംരക്ഷിച്ചതറിഞ്ഞ് മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പളളിയെ കണ്ടഭിനന്ദിച്ചത് ചരിത്ര സംഭവം. ജനമിതെല്ലാം ഓര്‍മ്മയുടെ അക്കൗണ്ടുകളില്‍ സൂക്ഷിക്കുന്നുണ്ട്.
വൈക്കത്ത് സെമിത്തേരി പ്രശ്നമുണ്ടായത് ഈഴവര്‍ തിങ്ങിപ്പാര്ക്കുന്നിടത്തായതിനാല് എതിര്‍പ്പുണ്ടായി. എതിര്‍ത്ത യുവാക്കളെ പോലീസ് വളഞ്ഞിട്ടുതല്ലി. സംഭവമറിഞ്ഞോടിയെത്തിയത് നേതാവല്ലാതിരുന്ന വെള്ളാപ്പളളിമാത്രം. അദ്ദേഹം സെമിത്തേരി വിലയ്ക്ക് ചോദിച്ചതോടെ പ്രശ്നം രമ്യമായി പര്യവസാനിച്ചു. ഇന്ത്യാ മഹാരാജ്യം ബ്രിട്ടീഷുകാരോട് വിലയ്ക്ക് ചോദിച്ച മോത്തിലാല്‍ നെഹ്റുവിനേയാണ് ഞാന്‍ ഇവിടെ ഓര്‍മ്മിക്കുന്നത്. നേതാവകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ ഇരുപത്തിയേഴല്ല അമ്പത്തിയേഴ് കൊല്ലംമുമ്പേ ആകാമായിരുന്നു. രാഘവന് വക്കീലിന്റെ തെരഞ്ഞെടുപ്പു മത്സരത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായി നിന്നു പ്രവര്‍ത്തിച്ചത് അന്നത്തെ യുവാവായ നടേശനായിരുന്നു. ശിവഗിരിയില്‍ അടിനടന്നതോടെയാണ് കാര്യങ്ങളാകെ കലങ്ങി മറിഞ്ഞത്. നേതാവില്ലാത്ത സമുദായമായതുകൊണ്ടാണ് തല്ലിയതെന്നായിരുന്നു അന്ന് ആന്റണിയുടെ ഭാഷ്യം. തുടര്‍ന്നു നേതാവാകാന്‍ ഭൈമീകാമുകന്മാരായി പലരും രംഗത്ത് വന്നെങ്കിലും കാലം കൈനീട്ടി ചെന്നത് കണിച്ചുകുളങ്ങരയിലേയ്ക്കായിരുന്നു. സമുദായ സേവനത്തിന്റെ പാതപൂവിരിച്ചതല്ലെന്ന് വെളളാപ്പളളിക്ക് നന്നായറിയാമായിരുന്നു. മുന്ഗാ മികളായ ആശാനും ആര്. ശങ്കറും, അനുഭവിച്ച തിക്താനുഭവങ്ങള്‍ അദ്ദേഹത്തിന്റെ സ്മരണയിലുണ്ട്. മദ്യപിക്കുകയോ, ഏകപത്നീ വ്രതം തെറ്റിക്കുകയോ ചെയ്യാത്ത അപൂര്‍വ്വ നേതാവുകൂടിയാണദ്ദേഹം. അങ്ങനെയുളള വെളളാപ്പളളിയാണോ, സുകുമാര്‍ അഴീക്കോടാണോ സമുദായത്തിന് വേണ്ട നേതാവ് എന്ന ചോദ്യത്തിന് എന്റെ സ്വന്തം നാട്ടുകാരനായിരുന്നിട്ടുപോലും മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പറഞ്ഞത്.
”അതിനെന്താടോ ഇത്ര സംശയം, ഈഴവരുടെ നേതാവ് വെളളാപ്പളളി തന്നെ”
വെളളാപ്പളളി കണിച്ചുകുളങ്ങരയില്‍ ഇരുന്ന് പറഞ്ഞാലും അമേരിക്കയിലും, ദുബായിലുമെല്ലാം സമുദായകാര്യങ്ങള്‍ ചിട്ടയായി നടന്നുകൊളളും. ദുബായില്‍ ”സേവനം” എന്നൊരു സംഘടനയുണ്ട്. അത് കുമാരനാശാന്റെ കോണ്‍സെപ്റ്റ് അനുസരിച്ച് ആണ് പ്രവര്‍ത്തി ക്കുക. പരജന സേവനമാണതിന്റെ മുഖമുദ്ര.
വാക്പോരില്‍ എന്റെ ആവനാഴിയിലെ അവസാനത്തെ അസ്ത്രമായിരുന്നല്ലോ എസ്.എന്‍.ഡി.പി യോഗമാകുന്ന ചന്ദനമരത്തില്‍ ചുറ്റിക്കിടക്കുന്ന വിഷസര്‍പ്പമാണ് വെളളാപ്പളളി എന്ന പ്രയോഗം. പക്ഷേ മറുപടിയില്‍ അദ്ദേഹം എന്നെ വെട്ടിവീഴ്ത്തി ക്കളഞ്ഞു.”ഈ വിഷസര്‍പ്പം ആ ചന്ദനമരത്തിലുളളതുകൊണ്ടാണ് ആ മരമാരും വെട്ടിക്കൊണ്ടുപോകാത്തത്. തീര്‍ന്നില്ലേ?”
വെളളാപ്പളളി ഇന്റര്മീഡിയറ്റുകാരനാണ്. ഞാന്‍ ഡോക്ടറേറ്റെടുത്തത് പുസ്തകങ്ങളില്‍ കണ്ണുംനട്ടിരുന്ന് എഴുതി നേടിയതാണ്. വെളളാ പ്പളളിയാവട്ടെ ചുറ്റുപാടുമുളള മനുഷ്യജീവിതങ്ങളെ കണ്ടും കേട്ടും, കൊണ്ടും കൊടുത്തും അനുഭവഞ്ജാനത്തിന്റെ ബിരുദമെടുത്തയാളാണ്. അത്തരമൊരാളിനെ പരാജയപ്പെടുത്തുക എളുപ്പമല്ല. എന്റെ അവസാനതോല്വി രോഗശയ്യയില്ക്കിടക്കുമ്പോഴാ യിരുന്നു. ആരോരുമില്ലാത്ത എന്നെ കാണുവാന്‍ അദ്ദേഹം തന്റെ ധര്‍മ്മപത്നി യോടൊപ്പം എന്റെ കിടക്കയ്ക്കരികിലെത്തി. ഞാന്‍ പറഞ്ഞുപോയ പാപവചസ്സുകളുടെ വിരോധമെല്ലാം പാടേ മറന്ന് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചുകടന്നുപോയത് ഞാന്‍ കണ്ണീരോടെ നോക്കിക്കിടന്നു. ഒടുവിലൊരു തമാശപറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. അദ്ദേഹം എന്നോട് ചോദിച്ചു ‘രാത്രിയില്‍ എന്തു കഴിക്കും’. രണ്ടു ചപ്പാത്തി. താങ്കളോ? ഒരു ചപ്പാത്തി. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കീഴ്മേല്‍ ഒന്നു നോക്കി. എന്താ എന്നെ അടിമുടി ഇങ്ങനെ നോക്കുന്നത്? അല്ല ഞാനാ ചപ്പാത്തിയുടെ വലിപ്പം ആലോചിച്ചു പോയതാണ്.
എനിക്കല്പം മുന്‍ ശുണ്ഠിയുളള കാര്യം എനിക്കുതന്നെ അറിയാം. അതെന്റെ അച്ഛനില്‍ നിന്നും കിട്ടിയതാണ്. വാക്കുതര്ക്കങ്ങളില് ഏര്‍പ്പെടുമ്പോള്‍ എതിരാളികളുടെ കഴിവുകളും, നൻമകളും ആരും ഓര്‍മ്മിക്കാറില്ലല്ലോ?
(ഈ പ്രസംഗം അഴിക്കോട് മാസ്റ്ററുടെ അതേ ശബ്ദത്തിലും, ശരീര ഭാഷയിലും അവതരിപ്പിക്കുന്നത് കേള്‍ക്കുവാന്‍ ബന്ധപ്പെടുക. ഫോണ്‍ 9495269297)