ജാതി സെന്‍സസും ഒലിഗാര്‍ക്കി സമുദായങ്ങളും
ഇന്നത്തെ കാലത്ത് ഗൂഗ്ള്‍ ചെയ്തു നോക്കിയാല്‍ കൊച്ചുകുട്ടികള്‍ക്കു പോലും മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യമാണ് ഉദ്യോഗ-വിദ്യാഭ്യാസ സംവരണത്തിനു കാലപരിധി നിശ്ചയിച്ചിട്ടില്ലെന്നത്. അപ്പോള്‍പ്പിന്നെ, സംവരണം ഏര്‍പ്പെടുത്തിയതു പത്തുവര്‍ഷത്തേക്കു മാത്രമായിരുന്നു എന്ന പച്ചക്കള്ളം എന്‍ എസ് എസ്സിനെപ്പോലുള്ള സംഘടനകള്‍ നിരന്തരം ആവര്‍ത്തിക്കുന്നത് നുണ, ആവര്‍ത്തനത്തിലൂടെ സത്യമാക്കാം എന്നകുത്സിത ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നു വ്യക്തം.
വ്യത്യസ്ത സമുദായങ്ങള്‍ക്ക് അര്‍ഹമായതും മതിയായതുമായ പ്രാതിനിധ്യം (due and adequate representation; due share of power) നല്‍കിയില്ലെങ്കില്‍,അഥവാപ്രാതിനിധ്യ ജനാധിപത്യം നടപ്പായില്ലെങ്കില്‍, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍, ഏതാനും ചില സമുദായങ്ങളുടെ ഭരണ(ഒലിഗാര്‍ക്കി)മായിരിക്കുംഇവിടെ ഉണ്ടാവുക എന്ന മുന്നറിയിപ്പ്, നൂറുവര്‍ഷങ്ങള്‍ക്കു മുന്‍പേ, ഡോ.ബാബാസാഹിബ് അംബേദ് കര്‍ നല്‍കിയിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ യിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്ന ഏതാണ്ടെല്ലാ പാര്‍ട്ടികളിലും, ചില പ്രത്യേക സമുദായക്കാരുടെ മേധാവിത്വം ഉണ്ടായിരുന്നതിനാല്‍, ആ ഒലിഗാര്‍ക്കി ഭരണകൂടങ്ങളൊന്നും വ്യത്യസ്ത സമുദായങ്ങളുടെ കണക്കെടുക്കാനോ അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാനോ തയ്യാറായില്ല.
1871 മുതല്‍ 1931 വരെ ബ്രിട്ടീഷുകാര്‍ നടത്തിയ സെന്‍സെസുകളില്ലൊം ഇന്ത്യയിലെ വ്യത്യസ്ത സമുദായങ്ങളുടെ കണക്ക് ശേഖരിച്ചിരുന്നു. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം നടന്ന ഏഴു സെന്‍സെസുകളിലും മുന്നാക്ക സമുദായങ്ങളുടെയോ പിന്നാക്ക സമുദായങ്ങളുടെയോ കണക്ക് എടുത്തില്ല. അതിനവര്‍ പറഞ്ഞുപോരുന്ന കാരണം അതിവിചിത്രമാണ്: മുന്നാക്ക സമുദായങ്ങളുടെയും പിന്നാക്ക സമുദായങ്ങളുടെയും കണക്കെടുക്കുന്നത് ‘രാജ്യത്തു വിഭജനവും കലാപങ്ങളും ഉണ്ടാക്കു’മത്രേ.
എല്ലാ സെന്‍സസിലും പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും കണക്കെടുക്കുന്നുണ്ട്. അതുകൊണ്ട് രാജ്യം വിഭജിക്കപ്പെടുകയോ കലാപം ഉണ്ടാവുകയോ ചെയ്‌തോ? നാഷനല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍( എന്‍ എസ് എസ് ഒ)പോലുള്ള സംവിധാനങ്ങള്‍ ഇപ്പോഴും, എല്ലാ ജാതികളുടെയും കണക്കെടുക്കുകയും അതു പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ട് ഈ നാട്ടില്‍ എന്തു ”കലാപ”മാണുണ്ടായത്? എന്തു ”വിഭജന”മാണു സമൂഹത്തില്‍ ഉണ്ടായത്?
പൂര്‍ണമായ ഹെഡ്‌കൌണ്ട് നടത്താതെ, സാമ്പിള്‍ സര്‍വേ മാത്രം നടത്തിയാണ് എന്‍ എസ് എസ് ഒ യും മറ്റും ജാതിക്കണക്കു പുറത്തുവിടുന്നത്. അയഥാര്‍ഥമായ,എളുപ്പം മാനിപ്പുലേറ്റ് ചെയ്യാവുന്ന അത്തരം ഡേറ്റക്ക് പകരം,എല്ലാവരുടെയും തലയെണ്ണുന്ന തരത്തില്‍ ഈ സര്‍വേ നടത്തണമെന്നു മാത്രമാണ് ജാതി സെന്‍സസ് വാദികള്‍ ആവശ്യപ്പെടുന്നത്. സാമ്പിള്‍ സര്‍വേയിലൂടെ, ഇത്ര ശതമാനം ഓബിസികളുണ്ടെന്നു പറയുമ്പോഴില്ലാത്ത ‘കലാപ’വും ‘വിഭജന’വും, സമ്പൂര്‍ണ സര്‍വേ നടത്തി കണക്ക് പുറത്തുവന്നാലുണ്ടാവും എന്നു പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?
സത്യത്തില്‍, കലാപമോ വിഭജനമോ അല്ല ജാതി സെന്‍സസിനെ എതിര്‍ക്കുന്നവരുടെ വേവലാതി എന്ന് ചിന്താശേഷിയുള്ള സകലര്‍ക്കും അറിയാം. ബീഹാര്‍ ജാതി സെന്‍സസിലൂടെ ആ സത്യം പകല്‍പോലെ സ്പഷ്ടമായിട്ടുമുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം നിയന്ത്രിക്കുന്ന ഒലിഗാര്‍ക്കി സമുദായങ്ങള്‍ കേവലം 15 ശതമാനം മാത്രമാണെന്ന ഭീകര സത്യമാണ് ബിഹാര്‍ സെന്‍സസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും കേന്ദ്രം ഭരിക്കുന്നത് മൈക്രോസ്‌കോപ്പിക് മൈനോറിറ്റികള്‍ മാത്രമായ നാലു സമുദായങ്ങളാണെന്ന സത്യമായിരിക്കും ജാതി സെന്‍സസ് നടപ്പായാല്‍പുറത്തുവരാന്‍ പോകുന്നത്. അത് തങ്ങളുടെ അടിത്തറ തോണ്ടുന്ന പരിപാടിയാണെന്ന് ഈ ഒലിഗാര്‍ക്കി സമുദായങ്ങള്‍ക്കറിയാം. അതുകൊണ്ട് ആ സത്യം പുറത്തുവരാതിരിക്കാന്‍ വേണ്ടി എന്തു വില കൊടുക്കാനും അവര്‍ തയ്യാറാണ്.
അതിനിടെയാണ്, മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്, ജാതി സെന്‍സസ് നടത്തണമെന്നു പ്രമേയം പാസാക്കിയിരിക്കുന്നത്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ പ്രകടനപത്രികയില്‍, ജാതി സെന്‍സസ് നടത്തും എന്ന കാര്യം ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്നും വാര്‍ത്തയുണ്ട്. എന്നു മാത്രമല്ല, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കര്‍ണാടകയില്‍ 2017-ല്‍ നടത്തിയ ജാതിസെന്‍സസ് കണക്കുകള്‍ പുറത്തുവിടുമെന്നും, രാജസ്ഥാന്‍, ഛത്തിസ് ഗഢ് സംസ്ഥാനങ്ങളില്‍ ജാതിസെന്‍സസ് നടത്തുമെന്നും ആ പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നുണ്ട്.
എന്നാല്‍, കോണ്‍ഗ്രസിന്റെ ഈ തീരുമാനത്തിനെ, പാര്‍ട്ടിക്കകത്തും പുറത്തുമുള്ള ഒലിഗാര്‍ക്കി സമുദായങ്ങള്‍, പ്രത്യക്ഷമായും പരോക്ഷമായും പാര വയ്ക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഉത്കണ്ഠയുളവാക്കുന്ന ഒരു കാര്യം. ”ജിത്നി ആബാദി, ഉത്ന ഹഖ്'[‘എത്ര ജനസംഖ്യ, അത്ര (പ്രാതിനിധ്യ/പങ്കാളിത്ത) അവകാശം’] എന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം, അദ്ദേഹത്തിന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരില്‍ പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. കാരണം, ഈ ചിന്ത കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ നിലകൊണ്ട എല്ലാറ്റിനും എതിരാണ്. മുതിര്‍ന്ന നേതാവ് അഭിഷേക് സിങ്ങ് വി ഈ തീസിസിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു, പാര്‍ട്ടി കമ്മിറ്റികളിലും നിയമനിര്‍മാണ സഭകളിലും മതിയായ പ്രാതിനിധ്യമില്ലെങ്കില്‍, പാര്‍ട്ടികളുടെയും ഭരണത്തിന്റെയും തലപ്പത്ത് പിന്നാക്ക സമുദായക്കാര്‍ വന്നാല്‍പ്പോലും,പിന്നാക്കക്കാര്‍ക്ക് അനുകൂലമായ, ന്യായവും നീതിപൂര്‍വകവുമായ തീരുമാനങ്ങള്‍ പോലും എടുക്കാന്‍,അവര്‍ക്കു ധൈര്യമുണ്ടാവില്ല. ലെജിസ്ലേച്ചറില്‍ മതിയായ പ്രാതിനിധ്യം കിട്ടിയാല്‍പ്പോലും എക്‌സിക്യൂട്ടീവിലും ജൂഡീഷ്യറിയിലും കൂടി, മതിയായതും അര്‍ഹമായതുമായ പ്രാതിനിധ്യം ഇല്ലാത്ത നിലവിലെ അവസ്ഥയില്‍, ഭരണാധികാരികളായി വരുന്ന പിന്നാക്കസമുദായക്കാര്‍, മുന്നാക്കക്കാര്‍ക്കു ഹിതകരമല്ലാത്ത തീരുമാനങ്ങളെടുക്കാന്‍ സാധാരണഗതിയില്‍ തയ്യാറാവില്ല. ദേവസ്വംബോർഡില്‍ മുന്നാക്ക സംവരണമേര്‍പ്പെടുത്താനും ഈ ഡബ്ല്യൂ എസ് എന്ന മുന്നാക്ക സംവരണം എല്ലാ സംസ്ഥാനങ്ങളേക്കാളും വേഗത്തില്‍ നടപ്പാക്കാനും കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ തയ്യാറായത് ഒലിഗാര്‍ക്കി സമുദായങ്ങളെ ഭയന്നിട്ടാണെന്നു കരുതണം. ശബരിമല മേല്‍ശാന്തി നിയമനക്കാര്യത്തില്‍ അബ്രാഹ്മണരെ പരിഗണിക്കാം എന്നുപോലും പറയാന്‍ സര്‍ക്കാരിനു ചങ്കുറപ്പില്ലാത്തതിനും കാരണം വേറെ തിരയണ്ട.
ദേവസ്വം ബോർഡിലും വിദ്യാഭ്യാസ-ഉദ്യോഗരംഗത്തും മുന്നാക്ക സംവരണം നടപ്പാക്കാന്‍ വേണ്ടി ഇവിടത്തെ മുന്നാക്ക സമുദായങ്ങള്‍ക്ക് സമരമോ കോടതിപ്പോരാട്ടമോ നടത്തേണ്ടി വന്നിട്ടില്ല. കെ എ എസ് മുതല്‍ ശബരിമല മേല്‍ശാന്തി നിയമനക്കാര്യം വരെയുള്ള കാര്യങ്ങളില്‍,ഒ ബി സി സംഘടനകള്‍ക്കും വ്യക്തികള്‍ക്കുംസമരങ്ങളും നിവേദനങ്ങളും കോടതിക്കേസുകളുമൊക്കെ വേണ്ടിവരുന്നു. ഭരണകൂടത്തില്‍ ഒലിഗാര്‍ക്കി സമുദായങ്ങളുടെ സ്വാധീനം എത്രക്കുണ്ടെന്നതിന്റെ തെളിവാണിത്.
ഇന്നത്തെ കാലത്ത് ഗൂഗ്ള്‍ ചെയ്തു നോക്കിയാല്‍ കൊച്ചുകുട്ടികള്‍ക്കു പോലും മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യമാണ് ഉദ്യോഗ-വിദ്യാഭ്യാസ സംവരണത്തിനു കാലപരിധി നിശ്ചയിച്ചിട്ടില്ലെന്നത്. അപ്പോള്‍പ്പിന്നെ, സംവരണം ഏര്‍പ്പെടുത്തിയതു പത്തുവര്‍ഷത്തേക്കു മാത്രമായിരുന്നു എന്ന പച്ചക്കള്ളം എന്‍ എസ് എസ്സിനെപ്പോലുള്ള സംഘടനകള്‍ നിരന്തരം ആവര്‍ത്തിക്കുന്നത് നുണ, ആവര്‍ത്തനത്തിലൂടെ സത്യമാക്കാം എന്നകുത്സിത ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നു വ്യക്തം. ജാതി സെന്‍സസ് വിവരങ്ങളോടൊപ്പം, ഉദ്യോഗ-വിദ്യാഭ്യാസ രംഗങ്ങളിലെയും പ്രാതിനിധ്യകണക്കുകളും പുറത്തുവരേണ്ടതുണ്ട്.എങ്കില്‍ മാത്രമേ, ഒലിഗാര്‍ക്കി സമുദായങ്ങള്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും അര്‍ഹവും ആനുപാതികവുമായ പ്രാതിനിധ്യം എല്ലാ രംഗങ്ങളിലും ഉറപ്പുവരുത്തി, സമ്പൂര്‍ണവും വൈവിധ്യപൂര്‍ണവും സമത്വാധിഷ്ഠിതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമുക്കു സാധിക്കൂ.