കാലത്തോടൊപ്പം നീങ്ങുന്ന കഥാകാരന്‍

എഴുത്തുകാര്‍ എന്നും ഓര്‍മ്മിക്കപ്പെടുക അവര്‍ സൃഷ്ടിക്കുന്ന ലോകങ്ങളിലൂടെയാണ്. കഥാകൃത്തുക്കളെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ കഥാപാത്രങ്ങളിലും ചടുലവും സംഘടിതവുമായ ആഖ്യാനങ്ങളിലൂടെയുമാണ് ഈ ലോകങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. സേതുവിന്റെ ലോകങ്ങളില്‍ ഇന്ത്യയുടെ മുഴുവന്‍ പ്രതിഫലനം ഉള്ളപ്പോള്‍ തന്നെ മനുഷ്യാവസ്ഥയുടേയും ഋതുഭേദങ്ങളുടെയും പ്രതീക്ഷകളുടെയും സംഘര്‍ഷങ്ങളുടെയും വേദനകളുടെയുമായ ഭൂമികകള്‍ കൂടിയാണ് അവ. ജീവിതത്തിന്റെ ഉപരിതലങ്ങളില്‍ അദ്ദേഹം നില്‍ക്കുന്നില്ല. അപ്പുറം മനുഷ്യമനസിന്റെ വിഭ്രാത്മകമായ യാത്രകളിലേക്കും തമോഗര്‍ത്തങ്ങളിലേക്കും സഞ്ചരിച്ചുകൊണ്ട് ആഖ്യാനങ്ങളെ സൂക്ഷ്മമാപിനികളാക്കി മാറ്റുന്നു. അതേ സമയം തന്നെ പല സമകാലിക കൃതികളെയും ഗ്രസിച്ച ശൂന്യതാബോധവും അരാജകത്വവും ആ സുഭഗമായ ആഖ്യാനങ്ങള്‍ക്ക് അന്യമായിരിക്കുകയും ചെയ്യുന്നു. സേതുവിന്റെ കഥാപാത്രങ്ങളില്‍ വലിയ ഭാഗം ശക്തരായ സ്ത്രീകളാണ്. മലയാള സാഹിത്യത്തില്‍ സ്ത്രീവാദത്തിന്റെ ആഘോഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെയാണ് വിശാലവും അഗാധവുമായ അന്തര്‍ലോകമുള്ള അതിലൂടെ എല്ലാത്തരം മേധാവി മനോഭാവങ്ങളെയും പ്രതിരോധിക്കുന്ന സ്ത്രീകളെ സേതു സങ്കല്‍പ്പിച്ചത്. സിദ്ധാന്തങ്ങളെക്കാള്‍ സഹാനുഭൂതി കൊണ്ടാണ് അവരെ സേതു തിരിച്ചറിഞ്ഞത്. പാണ്ഡവപുരത്തിലെ ദേവി അതിനുമുമ്പ് മലയാള നോവലില്‍ പ്രത്യക്ഷപ്പെട്ട എല്ലാ സ്ത്രീകളില്‍ നിന്നും വ്യത്യസ്തയാകുന്നത്. ആദര്‍ശസ്ത്രീയെക്കുറിച്ച് ഇന്നുപോലും കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന പൊതുബോധത്തെ നിരാകരിക്കുന്നത് കൊണ്ടാണ് .നിഷ്‌ക്രീയമായ സഹനത്തെയും കാമുകനായുള്ള അനാത്മകമായ കാത്തിരിപ്പിനെയും സേതു നിഷേധിക്കുന്നു. വിയോജിപ്പും പ്രതിക്രിയയുമാണ് ആ കഥാപാത്രത്തെ മുന്‍നോവലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ആധുനികതയുടെ പ്രത്യക്ഷ യുക്തികളെ ഈ നോവല്‍ നിരാകരിക്കുന്നു. കുടുംബമെന്നസങ്കല്പത്തെക്കുറിച്ച് മാര്‍ക്‌സ് ഉയര്‍ത്തിയതു പോലുള്ള സംശയങ്ങല്‍ ഉന്നയിക്കുന്നു. ഉച്ച, മകള്‍, മരപ്പേടി, ചാവടി, അരുന്ധതിയുടെ വിരുന്നുകാരന്‍ മുതലായ കഥകളിലും സേതു സ്ത്രീക്കായി സമൂഹം ഒരുക്കിവെച്ചിരിക്കുന്ന കെണികളെക്കുറിച്ച് ബോധം പുലര്‍ത്തുന്നു.

കാലത്തോടൊപ്പം നീങ്ങാന്‍ കഴിയുന്ന കഥാകാരനാണു സേതു. പ്രകൃതിയാകട്ടെ സേതുവിന്റെ നിരന്തരമായ ഒരു ആധിയാണ്. പൂക്കളുടെ ശാപം മൂലം പ്രസവശേഷി നഷ്ടപ്പെട്ട ആറാമത്തെ പെണ്‍കുട്ടിയിലെ ഗോമതിഅമ്മയെ പോലുള്ള കഥാപാത്രങ്ങള്‍ ഈ ഉല്‍ക്കണ്ഠയുടെ രൂപകങ്ങളാണ്.

കാലത്തോടൊപ്പം നീങ്ങാന്‍ കഴിയുന്ന കഥാകാരനാണു സേതു. പ്രകൃതിയാകട്ടെ സേതുവിന്റെ നിരന്തരമായ ഒരു ആധിയാണ്. പൂക്കളുടെ ശാപം മൂലം പ്രസവശേഷി നഷ്ടപ്പെട്ട ആറാമത്തെ പെണ്‍കുട്ടിയിലെ ഗോമതിഅമ്മയെ പോലുള്ള കഥാപാത്രങ്ങള്‍ ഈ ഉല്‍ക്കണ്ഠയുടെ രൂപകങ്ങളാണ്. സേതുവിന്റെ സവിശേഷമായ സ്വരശില്പം, മിത്തുകളുടെ ഉപയോഗം ഫാന്റസി, മനശാസ്ത്ര പരമായ ഉള്‍ക്കാഴ്ചകള്‍, സമൂഹത്തില്‍ ഹിംസയോടുള്ള വിയോജിപ്പ്, അനേകതലങ്ങളിലുള്ള സംവാദങ്ങള്‍ എന്നിവയെക്കുറിച്ച് എം.ടി. വാസുദേവന്‍നായര്‍ മുതല്‍ എഴുത്തുകാരും നിരൂപകരും വിസ്തരിച്ചെഴുതിയിട്ടുണ്ട് എന്നത് തന്നെ സേതുവിന്റെ സ്വീകാര്യതയ്ക്ക് തെളിവാണ്.

(എഴുത്തച്ഛന്‍ പുരസ്‌കാരദാന ചടങ്ങില്‍ നല്‍കിയ സന്ദേശത്തിൽ നിന്ന് )

Author

Scroll to top
Close
Browse Categories