ജീവന്റെ തളിരുകൾ ഉയർത്തെഴുന്നേറ്റ വർഷം

ഉണങ്ങിത്തുടങ്ങിയ തായ്ത്തടിയുടെ നിർജ്ജീവതയ്ക്കുമേൽ ജീവന്റെ തളിരുകൾ ഉയർത്തെഴുന്നേൽക്കുന്നതു പോലുള്ള ഒരനുഭവമായിരുന്നു കൊറോണയ്ക്കുശേഷം കടന്നെത്തിയ 2022 ലോകത്തിന് സമ്മാനിച്ചത്. മലയാളഭാഷയിൽ മനസ്സിനെ ത്രസിപ്പിച്ച സർഗാത്മക അനുഭവങ്ങളിലേക്ക് പിന്തിരിഞ്ഞുനോക്കുമ്പോൾ വായിക്കാത്തവ ഇനിയും ഏറെയുണ്ട് എന്ന ബോദ്ധ്യത്തോടെ കൂട്ടിമുട്ടിയവയിൽ ചിലത് മാത്രം കുറിച്ചുവയ്ക്കുന്നു.

ആനന്ദിന്റെ ‘താക്കോൽ’, അഷ്ടമൂർത്തിയുടെ ‘എഴുത്തുകാരന്റെ വീട്,’ രണ്ട് ഗംഭീര കഥകളിലാകാം തുടക്കം.. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആനന്ദിന്റെ ‘താക്കോൽ’ മുന്നോട്ട് വയ്ക്കുന്നത് മനുഷ്യന്റെയുള്ളിൽ മറഞ്ഞുകിടക്കുന്നതും എന്നാൽ അനുകൂല സാഹചര്യങ്ങളിൽ പുറത്തുവരുന്നതുമായ ‘ക്രൂരത’ എന്ന ഘടകത്തെക്കുറിച്ചാണ്. ഓട്ടോ ഇമ്യൂണിറ്റി എന്ന ജൈവശാസ്ത്രപരമായ പ്രതിഭാസത്തിന്റെ ചുവടുപിടിച്ച് ആനന്ദ് എഴുതുമ്പോൾ, വായനക്കാരന് അതി ഗംഭീരമായ ആ എഴുത്തുശൈലിയിൽ മയങ്ങി കഥയ്ക്കൊപ്പം സഞ്ചരിക്കാതെ വഴിയില്ല. പ്രസ്തുത കഥയിൽ കടന്നുവരുന്ന ബോണ്ട പൊതിഞ്ഞുവന്ന പത്രക്കടലാസിലെ വാർത്ത,’സ്കൂളിന് രണ്ടു ദിവസത്തെ അവധി ലഭിക്കുന്നതിനു വേണ്ടി മൂന്നു വിദ്യാർത്ഥികൾ സഹപാഠിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി’ അതിലെ വിദ്യാർത്ഥികളുടെ പേരും അവർ പഠിച്ചിരുന്ന സ്ക്കൂളിന്റെ പേരും, മറ്റൊന്നായിരുന്നെങ്കിൽ, സമകാലിക ഇന്ത്യയിൽ ഈ കഥ സൃഷ്ടിച്ചേക്കാമായിരുന്ന തുടർ ചലനങ്ങൾ എന്തായിരുന്നേനെ എന്നും, സൗമ്യനും ദാർശനികനുമായ എഴുത്തുകാരൻ എന്തൊക്കെ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേനെ (?) എന്നതും ഒരു ചോദ്യചിഹ്നത്തിൽ ഒതുക്കുന്നു.

ആനന്ദ്

മൂന്നാമതൊരാളുടെ സഹായമില്ലാതെ വായനക്കാരന് കഥകളിലൂടെ യാത്രചെയ്യാനാവുക. അത് കഥാകാരന്റെ പോരായ്മയല്ല, വളർച്ചയാണ് എന്നത് മനസ്സിലാക്കാൻ മുതിർന്ന കഥാകാരൻ അഷ്ടമൂർത്തിയെ വായിച്ചാൽ മതി. അഷ്ടമൂർത്തിക്കഥകളുടെ കഥാ പരിസരങ്ങളും അതിസാധാരണമാണ്. അതുതന്നെയാണ് അതിന്റെ ജൈവീകതയും. എന്നാൽ ‘എഴുത്തുകാരന്റെ വീട്’ എന്ന കഥയിൽ കഥാകാരൻ ഒളിപ്പിച്ചുവച്ചിരുന്ന തേൻ നെല്ലിക്കയെ അവസാന ഭാഗത്ത് കണ്ടുകിട്ടുമ്പോൾ, ഒരു ആശ്ചര്യചിഹ്നത്തിൽ(!) വായന ആദ്യവരികളിൽ നിന്നും ജിജ്ഞാസുവായ വായനക്കാരന്, വീണ്ടും ശ്രദ്ധയോടെ തുടങ്ങേണ്ടി വരുന്നു . കഥയിൽ,ശീലാബതിയെ കുറിച്ച് കൈമൾ സാർ രോഹനോട് പറയുമ്പോൾ വൈകാരികമായി കൈമൾ സാർ തളരുന്നുണ്ട്. മീര അപ്പോൾ രോഹനോട് പറയുന്നു :”കഥയുടെ ഈ ഭാഗത്തെത്തുമ്പോൾ അച്ഛന് സ്വതേ ശ്വാസംമുട്ട് പതിവുണ്ട്. സാരമില്ല” വായനക്കാരനും ശ്വാസംമുട്ടുന്ന സന്ദർഭമാണത്. അതുതന്നെയാണ് ഈ കഥയുടെ മർമ്മവും.

പത്രപ്രവര്‍ത്തകന്‍ കൂടിയായ പ്രശസ്ത നോവലിസ്റ്റ് സജില്‍ശ്രീധര്‍ ‘യോഗനാദം’ പോയ വര്‍ഷത്തിലെ ആദ്യലക്കത്തിൽ എഴുതിയ ‘ആവിഷ്‌കാര സ്വാതന്ത്ര്യം’ പത്രംഓഫീസ് പശ്ചാത്തലമായ കഥയാണ്. കഥാകൃത്ത് ഗിരിധര്‍ പ്രസാദും പത്രാധിപര്‍ അനന്തകൃഷ്ണനും വായനക്കാര്‍ക്ക് നവ്യാനുഭവമായി.
വര്‍ഷാവസാനം നവോത്ഥാന നായകന്‍ ഡോ. പല്പുവിന്റെ ജീവിതം ‘ആത്മസൗരഭം’ എന്ന നോവലില്‍ ഹൃദ്യമായി പറഞ്ഞു തുടങ്ങുന്നു ‘യോഗനാദ’ത്തില്‍ സജില്‍ശ്രീധര്‍.

ജി.സുധാകരൻ

ജിഷ്ണൂ ആർ എന്ന കഥാകാരനെ ആദ്യമായ് വായിക്കുകയായിരുന്നു ‘യേത്’എന്ന കഥയിലൂടെ. ഒരൽപ്പം കയ്യടക്കംകൂടി കഥാകാരനുണ്ടായിരുന്നുവെങ്കിൽ, എന്ന് വായനയിൽ പലവട്ടം തോന്നിപ്പിച്ച കഥ .”ഊരിനും പേരിനുമായുള്ള പോരുകൾക്കിടയിൽപ്പെട്ടാല് ഉയിര് പോകുന്നതാർക്കാടാ? ഊരും പേരുമില്ലാത്തോർക്ക്. ഓർത്തു വെച്ചോ “. ജിഷ്ണൂ.ആർ എഴുതിയ ‘യേത്’ എന്ന കഥയിലെ യേതണ്ണൻ എന്ന കഥാപാത്രം വലിയ വലിയ ജീവിത തത്വങ്ങളെ ഇത്ര നിസ്സാരതയോടെ വിവർത്തനം ചെയ്തുതരുമ്പോൾ അതിൽ, ജീവിതത്തെ, എല്ലാവിധ സ്വാദുകളോടെയും ഏറ്റം അടുത്തുനിന്ന് അനുഭവിച്ചറിഞ്ഞ ഒരാളുടെ ഉപ്പുചുവയുണ്ട്.

“പാവങ്ങള് പ്രേമിക്കുന്നത് പോലും കടം പറഞ്ഞാ. പ്രായം മുറ്റുമ്പോ പ്രേമം വറ്റും. പിന്നെ കടം മാത്രം ബാക്കിയാവും”എന്ന് യേതണ്ണനെ പഠിപ്പിച്ചത് അയാളെ പ്രേമിച്ച പെണ്ണാണ്. യേത് എന്ന കഥയിലൂടെകഥാകാരൻ തന്നിലെ സ്പാർക്ക് തെളിയിക്കുന്നു.
കഥ എന്നതിനപ്പുറം ഒരു യഥാർത്ഥ സംഭവത്തിന്റെ പൊള്ളലും കൂടി ഉൾക്കൊണ്ടെഴുതിയിരിക്കുന്നു “അത്” എന്ന തന്റെ കഥയിലൂടെ പ്രിയ കഥാകാരി പ്രിയ. എ.എസ്. മനസ്സിനെ തണുപ്പിച്ച്, കാപ്പിപൂക്കളുടെ സുഗന്ധവുമായ് പതിഞ്ഞ താളത്തിൽ അടുക്കള ഇഷ്ടമല്ലാത്ത പെണ്ണിൽ തുടങ്ങിയ കഥ, മതിലുകൾക്കപ്പുറത്തു നിന്നും നീണ്ടു വരുന്ന കൺനോട്ടത്തിലെ അവളിലേക്ക് എത്തുമ്പോൾ വായന ദ്രുത താളത്തിലാകുന്നു.
സമൂഹത്തിന്റെ ഹൃദയത്തിന് നേർക്കുനീളുന്ന ചൂണ്ടാണി വിരലാണ് ഈ കഥ. പേരുകളൊന്നും വെറും പേരുകൾ മാത്രമല്ലെന്നും, എത്രയോ പെൺ ഹൃദയങ്ങളാണ് കണക്കുതെറ്റിച്ച് മിടിക്കുന്നതെന്നും ‘അത് ‘ ഓർമ്മപ്പെടുത്തുന്നു. എത്ര ‘അത്’

അഷ്ടമൂർത്തി
ഫ്രാൻസീസ് നൊറോണ

കൾ ചേർന്നതാണ് സ്വത്വം മറഞ്ഞു പോകുന്ന നിസ്സഹായതയുടെ പെൺ ജീവിതം. സ്വയം ഉടഞ്ഞു കൊണ്ടല്ലാതെ വായിച്ചവസാനിപ്പിക്കാനാവാത്ത വിധം ‘അത്’ ഉള്ള് തുളച്ചിറങ്ങുന്നു. വായനയ്ക്ക് ശേഷവും കൂടെ നടക്കുന്നു.
നോവലിസ്റ്റും ചെറുകഥാകൃത്തുമായ വി. ജയദേവ് ‘യോഗനാദ’ത്തില്‍ എഴുതിയ ‘തണല്‍ മാഫിയ’ ഹൃദ്യമാണ്. തണല്‍മാഫിയയിലെ പൊട്ടിച്ചിരിക്കുന്ന ചരണ്‍ജിയെ കഥാഖ്യാനത്തിന്റെ പുതിയ വഴികളിലൂടെ നയിക്കുകയാണ് ജയദേവ്. (യോഗനാദം ,മാര്‍ച്ച് 1)

ഒരു ഫുട്ബോൾ കളിക്കാലത്ത്, അതിന്റെ എല്ലാ ആവേശവും ഉൾക്കൊണ്ടിരിക്കുമ്പോൾ,മറ്റൊരു ഫുട്ബോൾ കളിയുടെ കഥ പറഞ്ഞ് വായനക്കാരെ കൂട്ടിക്കൊണ്ട്പോകുന്നു കഥാകൃത്ത് വി കെ സുധീർ കുമാർ ദേശാഭിമാനി വാരികയിൽ എഴുതിയ ‘ സഡൻ ഡത്ത് ‘ എന്ന കഥയിലൂടെ. ഫസ്റ്റ് ഹാഫ്, ഹാഫ് ടൈം, ഫൈനൽ വിസിൽ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായ് കളിയുടെ മൈതാനം വായനക്കാരന് മുന്നിൽ ഏറെ ശ്രദ്ധയോടെ തുറന്നിട്ടുകൊടുക്കുന്ന കഥാകൃത്ത് ലോങ്ങ് പാസുകളിലൂടെയും ഷോർട്ട് പാസുകളിലൂടെയും കഥയെ അതി വിദഗ്ദ്ധമായി മുന്നോട്ട് നടത്തുന്ന ബ്രില്ല്യൻസിനെ അഭിനന്ദിക്കാതെ തരമില്ല.

രാവണനും സീതയും ഒരുമിക്കുന്ന കഥ, ഒരു പൊളിച്ചെഴുത്ത് കൂടിയാണ്. രാമനു മുൻപേ വില്ലൊടിച്ച് സീതയെ നേടുന്ന രാവണൻ. സീത അതീവ ആഹ്ളാദത്തോടെ രാവണനെ വരണമാല്യമണിയിക്കുന്നു. ശേഷം, രാമനോട് പറയുന്നു

“ക്ഷമിക്കണം. ഞാൻ രാമായണം വിട്ടിറങ്ങുകയാണ്”.
അവരെ തടയുന്ന വാത്മീകിയോട്, “ആദികവി എന്ന നിലയിൽ അങ്ങയെ ബഹുമാനിച്ചുകൊണ്ടുതന്നെ പറയട്ടെ. കഥ ആരുടെയും കുത്തകയല്ല”. എന്ന് രാവണൻ പറയുമ്പോൾ, വായനക്കാരനിൽ സ്വയമറിയാതെ വിടരുന്ന പൊട്ടിച്ചിരിക്ക് പിന്നിലെ ഒരു കാരണം, എഴുത്തുലകത്ത് നിലനിൽക്കുന്ന ചില ദുഷ്: പ്രവണതകൾക്കുള്ള കൊട്ട് എന്ന വായനയുമാവാം.

കഥ ആരുടെയും കുത്തകയല്ലെന്നും കഥകൾ കാലോചിതമായി മാറ്റിയെഴുതാമെന്നും കഥാകൃത്ത് തന്റെ കഥയിലൂടെ പറഞ്ഞുവയ്ക്കുന്നു.
വി. ഷിനിലാൽ എഴുതിയ, ‘ട്രൂ കോപ്പി’ യിൽ വന്ന രാക്ഷസകാണ്ഡം എന്ന ഈ കഥ രാമായണത്തിന് ഒരു പുനരാഖ്യാനം ചമയ്ക്കുന്നു എന്നത് മാത്രമല്ല, കഥാകൃത്ത് തന്റെ നിലപാടുകൾ ധീരമായ് സമൂഹത്തോട് വെളിപ്പെടുത്തുകയും കൂടിയാണ് ചെയ്യുന്നത്.

സച്ചിദാനന്ദൻ പുഴങ്കര
ഇടക്കുളങ്ങര ഗോപൻ

സമകാലിക മലയാളത്തിൽ പ്രസിദ്ധീകരിച്ച യുവ കഥാകൃത്ത് മൃദുലിന്റെ ‘കുളെ’ എന്ന കഥ ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. കുളെ എന്ന വാക്കിന് തുളുഭാഷയിൽ പ്രേതം എന്നാണർത്ഥം. ഇത് കേരളത്തിന്റെ വടക്കേയറ്റത്ത് ഇന്നും തുടർന്നുവരുന്ന പ്രേത കല്യാണത്തിന്റെ കഥമാത്രമല്ല. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും, സ്നേഹവും സ്നേഹരാഹിത്യവും, കൂടെ, മരിച്ചാലും അവസാനിക്കാത്ത ജാതിയുടെ സൂക്ഷ്മരാഷ്ട്രീയവും കഥാകാരൻ ഈ കഥയിലൂടെ അവതരിപ്പിക്കുന്നു. മറ്റുള്ള ആർക്കൊക്കെ പ്രേതമാണെങ്കിലും അമ്മമാർക്ക് അവർ ജന്മം നൽകിയ മക്കൾ എന്നും മക്കൾ തന്നെയായിരിക്കും. ജാതിയുടെ ഏത് സൂക്ഷ്മവരമ്പുകളും അവിടെ തുടച്ചുമാറ്റപ്പെടും(?) കഥാകൃത്ത് പകർത്തുന്ന ശുഭ ചിന്തയെ സംശയമുനയിൽ കോർക്കാതെ അംഗീകരിക്കാൻ വായനക്കാരന്റെ ഹൃദയം ബുദ്ധിയോട് പറയുന്നു.

ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച എലിക്കെണിയുടെ കഥാകാരൻ വി.എസ് അജിത്തിന്റെ ചെറുകഥ ‘സുഗുണന്റെ മകൾ’ ,സമകാലിക മലയാളത്തിൽ പ്രസിദ്ധീകരിച്ച ഹരി നൂറനാടിന്റെ ‘മരതം’, മനോഹരൻ വി പേരകത്തിന്റെ ‘മീങ്കുളങ്ങൾ’ എന്നീ കഥകളും നല്ല വായന നൽകി മികച്ചുനിന്ന കഥകളാണ്.

മനോരമ വാർഷികപതിപ്പിൽ പ്രസിദ്ധീകരിച്ച ഫ്രാൻസിസ് നൊറോണയുടെ നോവൽ ‘മാസ്റ്റർപീസ്’ അതേ പേരിൽ മാതൃഭൂമി പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. മികച്ച വായനാനുഭവം നൽകുന്ന നോവലിൽ കഥാകാരൻ സമകാലിക മലയാള സാഹിത്യ കെട്ടുകാഴ്ചകളെയും വിപണീതന്ത്രങ്ങളെയും എഴുത്തുശൈലികളെയും ഒക്കെ രസകരമായി നർമ്മത്തിൽപൊതിഞ്ഞ് വിമർശനവിധേയമാക്കുന്നു.

പ്രൊഫ. ജയലക്ഷ്മിയുടെ “കുഞ്ഞിക്കാളിക്കുരവ ” എന്ന നോവൽ (ഗ്രീൻ ബുക്സ്) പൂക്കൈതയൂരെന്ന ഗ്രാമത്തിന്റെ സ്വകാര്യചരിത്രവും , കഴിഞ്ഞ നൂറ്റാണ്ടിന്റെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രവും, ജാതീയതക്കും, ജന്മിത്വത്തിനും എതിരായി നടന്ന നവോത്ഥാനകാല പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്നു.

വി.ജയദേവ്

ഇന്ദു മേനോന്റെ ആത്മകഥ ” എന്റെ കഥ എന്റെ പെണ്ണുങ്ങളുടെയും’. താൻ ജീവിച്ച ജീവിതത്തെ സ്വയം സത്യസന്ധമായി നോക്കിക്കാണുന്ന ഈ ആത്മപ്രകാശനത്തിന് വായനാനുഭവമെഴുതാൻ, എഴുത്തുകാരിയുടെ വാക്കുകൾ തന്നെ കടമെടുക്കുന്നു..

“ഉത്തരവാദിത്വങ്ങളാല്‍ തകര്‍ന്ന തോളെല്ലുവേദന കടിച്ചമര്‍ത്തി, ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച് തേഞ്ഞുപോയ നഖം നിബ്ബായി എന്റെ തന്നെ ജീവരക്തം നിറച്ച് എഴുതും. കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ…ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ എന്റെ ഹൃദയാവരണത്തില്‍തന്നെ… ആ എഴുത്തിനെ ഞാന്‍ എന്റെ കഥയെന്നു പേരിടും: എന്റെ പെണ്ണുങ്ങളുടെ കഥയെന്നും ആണുങ്ങളുടെ കഥയെന്നും പേരിടും.
അതിനിടയില്‍ ഞാനുമുണ്ട് അവനുമുണ്ട്…
സമാന്തര തീവണ്ടിപ്പാതകള്‍പോലെ…”

സോഷ്യൽമീഡിയയും
കവിതകളും

വായന കഥയിൽനിന്നും കവിതകളിലേക്ക് എത്തുമ്പോൾ, മലയാള കവിതയിലെ ഇളമുറക്കാരികളിൽ ശ്രദ്ധേയയായ ഷീജാ വക്കത്തിന്റെ മൂന്നു കവിതകൾ ഒന്നിനോടൊന്ന് മികച്ചുനിൽക്കുന്നു. ‘പുഷ്ക്കരൻ കൊടുങ്കാറ്റ്’, ‘രക്തദാഹിയായി ഒര ഡ്രാക്കുള കവിത’, ‘വാളമീൻ കൽപ്പിക്കുന്നു’. എന്നിവയാണവ. പക്ഷേ ഷീജയുടെതന്നെ ഗദ്യകവിത ‘ആഴച്ചെടിയിലെ നനഞ്ഞ പൂന്തണ്ട്’ ശ്രദ്ധിക്കപ്പെടാതെയും പോയി.

പോയവര്‍ഷം ആനുകാലികങ്ങളില്‍ വന്ന ഏറ്റവും ശ്രദ്ധേയമായ കവിതകളിലൊന്ന് യോഗനാദത്തില്‍ മുന്‍മന്ത്രി ജി. സുധാകരന്‍ രചിച്ച ‘കര്‍മ്മവും കുമ്പസാര’വുമാണ്. കുമ്പസാരം പാപം ചെയ്യുവാന്‍ നല്‍കുന്ന വമ്പന്‍ ലൈസന്‍സായി മാറി എന്നു പാടുന്ന കവി കുമ്പസാരം നിര്‍ത്തി കര്‍മ്മങ്ങള്‍ ചെയ്തങ്ങു കര്‍മ്മനിരതനായി മാറൂ’ എന്ന് ഉപദേശിക്കുന്നു. (യോഗനാദം, ഫെബ്രുവരി 15)

‘മലയാള കവിത ഇന്നിൽ’ എന്നൊരു പ്രബന്ധം തയ്യാറാക്കിയാൽ, ആദ്യമുണ്ടാവുക ‘സോഷ്യൽമീഡിയ’ കവിതകളുടെ മാറ്റ് കുറയ്ക്കുന്നേ.. എന്ന അലറിക്കരച്ചിലിന്റെ ആംബുലൻസ് ശബ്ദമായിരിക്കും എന്നതുറപ്പാണ്. പക്ഷേ, കവിത കൂടുതൽ വായനക്കാരിലേക്കെത്തുകയും, ജനകീയമാകുകയും ചെയ്യുന്നതിൽ സോഷ്യൽമീഡിയ വലിയ പങ്ക് വഹിക്കുന്നുണ്ട്. മെച്ചപ്പെട്ടവയെ സ്വീകരിക്കാനും അല്ലാത്തവയെ തള്ളാനും വായനക്കാരന് സാധിക്കുന്നു എന്നത് മാത്രമല്ല തന്റെ എഴുത്തിലെ പോരായ്മകൾ മനസ്സിലാക്കാനും, തിരുത്താനും, കൂടുതൽ മെച്ചപ്പെടുത്താനും എഴുത്തുകാരനും സാധിക്കുന്നു. മനസ്സ് വയ്ക്കണമെന്ന് മാത്രം. കവിതയെ / എഴുത്തിനെ ഗൗരവത്തോടെ സമീപിക്കുന്ന ഒരാൾ തീർച്ചയായും അത് ചെയ്യുമല്ലോ.. ഇത്രയും വളച്ച് പറഞ്ഞത് ഷീജാ വക്കത്തിന്റെ കവിതകളിലേക്ക് എത്താൻ തന്നെയാണ്.

സജിൽ ശ്രീധർ

“പുഷ്ക്കരൻ കൊടുങ്കാറ്റ്” എന്ന തന്റെ കവിതയിൽ കാറ്റിനെ പൈതലെന്നോണം കണ്ട കവയത്രി എത്ര അരുമയോടെ യാണ് ആ കുഞ്ഞിനെ വർണ്ണിക്കുന്നതെന്ന് നോക്കൂ
” ഉപ്പുവെള്ളത്തിൽ കമിഴ്ന്നു നീന്തി
മുട്ടിലിഴഞ്ഞു കടൽപ്പരപ്പിൽ,
പൊട്ടിത്തെറിപ്പും കുറുമ്പുമായി
കൊച്ചുവാവക്കാറ്റ് പിച്ചവെച്ചു.. “
ശേഷം വളർന്ന് അക്രമകാരിയായ് പുരുഷ കൊടുങ്കാറ്റ് എന്തെന്തക്രമങ്ങളാണ് വിതയ്ക്കുന്നത് .ഒടുക്കം നനഞ്ഞ പഴന്തുണിപോലെ മാമരക്കൊമ്പിൽ തൂങ്ങിനിൽക്കുമ്പോൾ ആ വിഡ്ഢിയെ നോക്കി സഹതപിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുക? പുറം വായന വിട്ട് കവിതയെ അകംവായനയ്ക്കെടുത്താൽ
എന്തെന്ത് കാര്യങ്ങളാണ് കവയത്രി ഇതിൽ സൂചിപ്പിച്ചിരുന്നതെന്നത് മനസ്സിലാകും. നാശം വിതയ്ക്കുന്ന എല്ലാ ചുഴലിക്കൊടുങ്കാറ്റിനും സ്ത്രീകളുടെ പേര് നൽകുന്നവർ, സമുദ്രദേവനായ വരുണന്റെ പുത്രൻ പുഷ്ക്കരനെ എന്തേ കാണുന്നില്ല? ന്യൂനമർദ്ദത്തിന്റെ സമ്മർദ്ദം താങ്ങാനാവാതെ സമുദ്രാന്തർഭാഗത്തുനിന്നും ഉയർന്നുപൊങ്ങുന്നവന് പുഷ്ക്കരനോളം യോജിച്ച പേര് മറ്റെന്താണ്. ശൈശവത്തിൽത്തുടങ്ങി ആശിച്ചതെല്ലാം ലഭിച്ച് വളർത്തപ്പെടുന്ന പുരുഷൻ പ്രണയമാകുന്ന ന്യൂനമർദ്ദത്തിൽപ്പെട്ട് വിനാശകാരിയായി ഒടുക്കം മരക്കൊമ്പിൽ തൂങ്ങി നിൽക്കുന്നത് കാണുമ്പോൾ അവനോ, ഈ വിധം അവനെ വളർത്തിവിട്ട അവനുചുറ്റുമുള്ളവരോ, ആരായിയിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത് എന്ന ചിന്തയും ഈ കവിത മുന്നോട്ടുവയ്ക്കുന്നതായ് മനസ്സിലാക്കാം.

‘രക്തദാഹിയായി ഒരു ഡ്രാക്കുള കവിത’ യിലെത്തുമ്പോൾ അതി സാഹസികമായ് ഇറങ്ങിപ്പുറപ്പെടുന്ന യക്ഷിണി. അവളെ തളയ്ക്കാൻ കാലങ്ങളായ് ഉപയോഗിച്ചുവരുന്ന പദാർത്ഥങ്ങൾ.എന്നിട്ടും കല്ലറയ്ക്കുള്ളിൽ നിന്നും പുറപ്പെടുകയാണവൾ, അവന്റെ ആജ്ഞ ക്കൊപ്പം .ഒടുവിൽ അവന്റെ തന്നെ പ്രതിരൂപമാകുവാൻ.
“നിന്റെയാജ്ഞ തുറക്കുന്നെൻ
കല്ലറത്താഴ്
പുല്ലിൽ മായാനിലാവിറ്റും
വെള്ളിയാഴ്ച്ചയ്ക്ക്
വെള്ളമൂടിപ്പുതപ്പിച്ച ജീവനിൽനിന്നും
ഇന്ദ്രജാലനിഴൽപോലെ
ഞാനുണരുന്നു.”
പ്രണയത്തിന്റെ ഇടപെടലും,ആഘോഷവും, ലയനവും സൂക്ഷ്മവായനയിൽ ഈ കവിതയിൽ നിന്നും വീണ്ടെടുക്കാനാവും. ഒപ്പം, സ്ത്രീയുടെ നിത്യജീവിതത്തിന്റെ പിടിച്ചുമുറുക്കലുക ളിൽ നിന്നുമുള്ള കുതറിത്തെറിക്കലായും ഈ കവിതയെ വായിച്ചെടുക്കാം.

എ എസ്. പ്രിയ

റഷ്യൻ നാടോടിക്കഥകളാൽ സമ്പന്നമായിരുന്ന ഇന്നിന് പിന്നിലെ ബാല്യങ്ങളെ, ഇന്നിൽ അത്യാഹ്ളാദത്തിന്റെ നെറുകയിലെത്തിച്ച കവിതയാണ് ഷീജയുടെ ‘ വാളമീൻ കൽപ്പിക്കുന്നു’ എന്ന കവിത. ചെറിയ വിലകൊടുത്ത് വാങ്ങിയിരുന്ന ആ റഷ്യൻ നാടോടിക്കഥകൾ അന്നത്തെ ബാല്യങ്ങൾക്ക് ഒരു മാന്ത്രികലോകമാണ് തീർപ്പിച്ചുകൊടുത്തിരുന്നത്.

വർത്തമാനകാലത്തിലിരുന്ന് അന്ന് ഏറെ സമീപത്തായിരുന്ന ആ റഷ്യയെ ഗൃഹാതുരതയോടെ തിരിഞ്ഞുനോക്കി കണ്ണുനീർ ഇറ്റിക്കുകയാണ്. ഒരു മന്ത്രം ലഭിച്ചിരുന്നെങ്കിൽ നോവുകൾക്ക് മുകളിലേക്ക് സ്വാസ്ഥ്യത്തിന്റെ വിരിപ്പുവിരിക്കാമായിരുന്നൂവെന്ന് ചിന്തിക്കുകയാണ്…

കവിത ഒരുവനിൽ ജന്മനാ അന്തർലീനമായ് കിടക്കുന്ന വിത്താണ്. സാഹചര്യങ്ങളിൽ അത് മുളപൊട്ടി കരുത്താർജ്ജിക്കുന്നു. ആരോഗ്യത്തോടെ വളരുവാൻ അതിന് ജലവും, മൂലകങ്ങളും, വെളിച്ചവും തുടങ്ങി പലതും പകർന്നു നൽകേണ്ടതുണ്ട്. ഇല്ലായെങ്കിൽ വളർച്ച മുരടിച്ച് പോകും. ഇവിടെ ഷീജാ വക്കം എന്ന കവയത്രിയുടെ കവിതക്ക് വേണ്ടിയുള്ള ആത്മാർത്ഥമായ പരിശ്രമങ്ങൾ ,ആ പരിശ്രമങ്ങളുടെ ഫലമാണ് അവരുടെ പേരിന് മാറ്റുകൂട്ടാൻ ജനിക്കുന്ന കവിതകൾ.

ഏറെ വായനക്കാരുള്ള കവയിത്രിയുടെ അധികം വായിക്കപ്പെടാതെ പോയ ‘ആഴച്ചെടിയിലെ നനഞ്ഞ പൂന്തണ്ട്’ എന്ന കവിത വായനക്കാർ എന്താണ് കവിതയിൽ തേടുന്നത് എന്നതിനുള്ള ഉത്തരമായും വായിച്ചെടുക്കാം.

‘നിങ്ങള്‍ എപ്പോഴും മറക്കുന്ന എന്നെക്കുറിച്ച് ‘എന്ന യോഗനാദത്തിലെ ഇടക്കുളങ്ങര ഗോപന്റെ കവിതയില്‍’ഏകാന്തനെങ്കിലും ഏവര്‍ക്കൊപ്പമുണ്ടായിരുന്നു, എന്നിട്ടും എന്നെ ആരും തിരിച്ചറിഞ്ഞില്ല’ എന്ന അന്യഥാബോ ധം കാവ്യാത്മകമായി അവതരിപ്പിക്കുന്നത് കാണാം.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച, മുതിർന്ന കവി കെ. രാജഗോപാലിന്റെ അശ്വഹൃദയം എന്ന കവിത. അർഹതയ്ക്കുള്ള അംഗീകാരമായി ഈ വർഷത്തെ കെ.രാമചന്ദ്രൻ ‘ഓർമ്മ ഒറ്റക്കവിതാ പുരസ്ക്കാര’വും അശ്വഹൃദയം നേടി.

“അശ്വഹൃദയം” എന്നത് ഒരു മന്ത്രവിദ്യയാണ് കുതിരയെ വളരെ വേഗത്തിൽ ഓടിക്കുന്നതിനുള്ള മന്ത്രവിദ്യ. പുരാണങ്ങളിൽ നളൻ ഈ മന്ത്രം പ്രയോഗിച്ചതായ് പറയുന്നുണ്ട്.

“ചരിത്രം വാഗണിൽ ചത്തു-
കിടന്നോരി ട്രാക്കുകളിൽ
സിഗ്നലുകിട്ടാതെ ശ്വാസം-
മുട്ടി നിന്നിട്ടുണ്ട് കാലം”
ചില ഓർമ്മപ്പെടുത്തലുകൾ, കവിതയിൽ കവിയുടെ കർത്തവ്യമെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാകുന്നു.
“അനച്ച കഞ്ഞിക്കു മുമ്പിൽ
വിശപ്പു കെട്ടവസാനം
തല വെച്ചോരുറങ്ങുന്ന
തഴപ്പായച്ചുരുളാണേ ..
ചവുട്ടിത്തേച്ചു പോകല്ലേ!”

എന്നിടത്ത് കവിത അവസാനിക്കുമ്പോൾ, കവിതയിൽ നിന്നുമിറങ്ങി ദൂരെ എവിടെയോ ഉള്ള ഒരു റെയിൽപ്പാളം തേടി കവിക്കൊപ്പം യാത്രയാകുകയാണ് വായനക്കാരന്റെ കവി മനസ്സ്.

ലോപ

ഈ അടുത്ത് സോഷ്യൽമീഡിയയിൽ വായിച്ച സുൽത്താൻ എന്ന കവിത, വിഷയഭംഗികൊണ്ടും അവതരണമികവുകൊണ്ടും, കാവ്യഭംഗി കൊണ്ടും മികച്ച ഒന്നായിരുന്നു. അരുൺ രാജ എന്ന കവിയുടേതായിരുന്നു ആ കവിത. ‘സുൽത്താൻ ‘ എന്ന് നെറുകയിൽ പേരെഴുതിയ, ആ പഴയ തടി ലോറി രാത്രിയുടെ നേരം കെട്ട നേരത്ത് കിതച്ചും മൂളിയും പലകയടർന്ന ഉടലുമായ്
കുറത്തിക്കുന്ന് കയറി വരുകയും, തിരികെ റബ്ബർത്തടികളുമായ് പെരുമ്പാവൂരിലേക്ക് പോകുന്നതുമായ കാഴ്ച, ഒന്നുമേ ചോർന്നുപോകാതെ കവി തന്റെ കവിതയിലൂടെ വായനക്കാരെ അനുഭവിപ്പിക്കുന്നു. സൂക്ഷ്മ വായനയിൽ ലോറിയുടെ സ്ഥാനത്ത് വിശ്രമമെന്തെന്നറിയാതെ, വേണ്ടുന്ന പരിചരണം ലഭിക്കാതെ കിതച്ചും ഇഴഞ്ഞും നീങ്ങുന്ന മനുഷ്യജീവിതങ്ങളോടും ചേർത്തു വായിക്കാം..

“ചുമലിലെ നുറുങ്ങുമാ മരങ്ങൾക്കൊപ്പം,
അതുമേതോ വിധിയുടെ മുറിപ്പാടാണ്…
വഴിനീളെയലഞ്ഞുട,ഞ്ഞുടലിലാകെ,
ഒരു ജന്മം മുറിഞ്ഞതിൻ വടുക്കളാണ്!”

ആൾക്കൂട്ടാരവങ്ങൾക്കിടയിൽ നിന്നും വഴിമാറി തന്റെ കാവ്യവഴികളിലൂടെ ശാന്തം സഞ്ചരിക്കുന്ന അരുണിന്റെ കവിതകൾ, വരും നാളുകളിൽ മലയാള കാവ്യലോകത്ത് ഏറെ ചർച്ചചെയ്യപ്പെടട്ടേയെന്ന് ആഗ്രഹിക്കുന്നു.
സമകാലിക മലയാളത്തിൽ വന്ന ലോപയുടെ ‘അഭയാർത്ഥി’ എന്ന കവിത, അത് മുന്നോട്ട് വയ്ക്കുന്ന വിഷയം, അതിന്റെ രാഷ്ട്രീയം എല്ലാംകൊണ്ടും കാലികപ്രസക്തിയുള്ള കവിതയായിരുന്നു എന്നിട്ടും അർഹിക്കുന്ന വായന ആ കവിതക്ക് ലഭിച്ചതായ് തോന്നുന്നില്ല.
“ഒരു ദേശവും , ദേശീയ ഗാനവും-
അയാളുടേതല്ല…
പരിസ്ഥിതിദിനവും പ്രണയദിനവും വായനദിനവും അയാൾക്കില്ല….
ഘടികാരത്തിലെ
സൂചിത്താര പോലെ
നിയതമായ ഒരു വഴിയും
അയാളുടേതല്ല…..
എങ്ങോട്ടു – നീങ്ങുമ്പോഴും ,
അയാളുടെ മുന്നിലുണ്ട്
അദൃശ്യമായ ഒരു ചുവർ…
മുന്നോട്ടാഞ്ഞ് ആ മതിൽക്കെട്ടിൽ
തട്ടി നിന്നു പോകയാൽ ,
എങ്ങുമെത്തുന്നില്ല അയാൾ…”

മുന്നോട്ട് പോകാൻ വഴികളില്ലാത്തവന്റെ. ദു:ഖം, മുന്നിൽ പല വഴികളുള്ളവന് അല്ലെങ്കിലും മനസ്സിലാകുന്നതല്ലല്ലോ.. സൃഷ്ടിച്ച ദൈവത്തിന് പോലും!

“ഏത് അത്തിമരക്കൊമ്പിലാണ് ,
അയാളെ പേറുന്ന തന്റെ ഹൃദയം ,
ദൈവം ഒളിപ്പിച്ചു വച്ചിരിക്കുന്നത് ?”
അറിയാത്ത ചോദ്യത്തിനുത്തരം തന്റെ കവിതയിലൂടെ, തന്നോടുതന്നെ ചോദിക്കുകയാണ് കവയത്രി.
വീടില്ല…
വീട് വേണ്ട…
വീടെല്ലാർക്കും ഒരു വീടല്ല…!”
മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച’വീട് നഷ്ടപ്പെട്ട കുട്ടി’ എന്ന മഞ്ജുഷ മനോജിന്റെ കവിത, വീടുകളെല്ലാം വീടുകളല്ലെന്ന്, സമൂഹത്തിന്റെ ഇരുണ്ട നേർക്കാഴ്ചകളിലേക്ക് ചൂണ്ടിപ്പറയുന്നു.

“ഞാനുമനിയനുമൊന്നും ഇല്ലായിരുന്നെങ്കി
അമ്മയ്ക്ക് ഒറ്റക്കിറങ്ങിപ്പോവായിരുന്നല്ലോ ന്നോർത്തു
ജനിക്കണ്ടായിരുന്നു ന്ന് വരെ തോന്നി പ്പോകും”
സ്ത്രീജീവിത പരിസരങ്ങളുടെ നിസ്സഹായതയെ രണ്ടുവരികളിലൂടെ അനായാസം കവയത്രി കവിതയിലൂടെ പറഞ്ഞുപോകുമ്പോൾ, ആ കനൽച്ചൂടിൽ വായനക്കാരുടെ നെറുകംതലവരെ പൊള്ളലേൽക്കുന്നുമുണ്ട്.
ഒരുവന്റെ രാഷ്ട്രീയബോധം (കക്ഷി രാഷ്ട്രീയമല്ല) എന്തായിരിക്കണം ? അത് അവന്റെ ചിന്തകളെ, പ്രവർത്തികളെ, ഇടപെടലുകളെ പുതുക്കുന്ന, അവനും സമൂഹത്തിനും ഗുണകരമാകുന്ന ഒന്നായിരിക്കണം അത്. അത്തരത്തിൽ വളരെ ശക്തമായ ഒരു പ്രമേയത്തെ കവിതയാക്കിയിരിക്കുകയാണ് അജിത്. എം പച്ചനാടൻ ‘ഏടാകൂടം’ എന്ന തന്റെ കവിതയിലൂടെ ‘ഉടൽ രാഷ്ട്രീയം’ മുന്നോട്ടു വയ്ക്കുന്ന ഈ കവിത ഭിന്നശേഷിക്കാരനായ ഒരുവന്റെ നഷ്ടങ്ങൾ എന്തൊക്കെയാണെന്നും സമൂഹം/ സിസ്റ്റം നിർബന്ധമായും അവനെയും കൂടി പരിഗണിക്കേണ്ടതല്ലേ ?

എന്നും, എല്ലാത്തിനും ഒരു ദിനമെന്നതുപോലെ ഭിന്നശേഷിക്കാർക്കും ആചരിക്കാൻ ഒരു ദിനം മാത്രമാണോ ആവശ്യം ? എന്നുമൊക്കെ അനേകം ചോദ്യങ്ങൾ ഉയർത്തുന്നു. ഈ കവിത മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള സൃഷ്ടിയാണ് എന്ന് നിസ്സംശയം പറയാം. കവിയുടെ ആശങ്കകൾ സമൂഹം ഒന്നടങ്കം ഏറ്റെടുക്കുകയും ഫലപ്രാപ്തിയിലെത്തിക്കുകയും ചെയ്യണമെന്നും ഇതിനൊപ്പം ആഗ്രഹിക്കുന്നു.

Author

Scroll to top
Close
Browse Categories