നായയെ സ്നേഹിക്കാം, കരുതലോടെ
വൈറസ് രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീര് വഴി പുറത്ത് വരുന്നു. രോഗം ബാധിച്ച മൃഗങ്ങളുടെ കടികൊണ്ടോ, തൊലിപ്പുറത്തെ മുറിവ് വഴിയോ, ശ്ലേഷ്മസ്ഥരത്തില് നക്കിയതു മൂലമോ രോഗവ്യാപനം നടക്കാം. പേവിഷത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതിന്റെ 2-3 ദിവസം മുന്‍പ് മുതല്‍ നായ മരിക്കുന്നതുവരെ വൈറസ് ഇവരില്‍ ഉണ്ടാകും.
നാട്ടിലാകെ തെരുവ് പട്ടി വിളയാട്ടവുംഭീതിയും. കടിയേറ്റാല്‍ ഉടനടി പ്രതിരോധ വാക്സിനും ആന്റിബോഡിയും (ഗുരുതരാവസ്ഥയിലായ കുട്ടികള്‍ക്ക്) കുത്തിവെച്ചില്ലെങ്കില്‍ മരണം നൂറു ശതമാനം ഉറപ്പിക്കാവുന്ന അപൂര്‍വമായ വിഷബാധകളില്‍ ഒന്നാണ് പേവിഷബാധ. ഈ സാഹചര്യത്തില്‍ പേവിഷബാധയുടെ ചരിത്രവും മറ്റ് വിവരങ്ങളും അറിഞ്ഞിരിക്കണം.
ചരിത്രം
അതിമാരകവും നാഡിവ്യൂഹത്തെ ബാധിക്കുകയും ചെയ്യുന്ന ലിസാവിരിഡിയേ ടൈപ്പ് -1 എന്ന ഒരു വൈറസ് രോഗമാണിത്. റാബ്ഡോ വെരിഡിയേ (Rabdo Viridea) എന്ന RNA വിഭാഗത്തില്‍പ്പെട്ട വൈറസ് ആണ് പേവിഷബാധ അഥവാ റാബീസ് ഉണ്ടാക്കുന്നത്. രോഗി വെള്ളത്തെ ഭയപ്പെടുന്നു എന്ന അര്‍ത്ഥത്തില്‍ ഹൈഡ്രോഫോബിയ എന്നും ഇത് അറിയപ്പെടുന്നു. ഇന്ത്യയില്‍ ഒരു വര്‍ഷം 30000ത്തിനും 40000ത്തിനും ഇടയ്ക്ക് ആള്ക്കാര് ഇതുമൂലം മരണപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. ആന്‍ഡമാന്‍ നിക്കോബാറിലും ലക്ഷദ്വീപിലും പേവിഷബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രണ്ട് തരം റാബീസ് കണ്ടെത്തിയിട്ടുണ്ട്. നഗരങ്ങളില്‍ കാണുന്ന ഇനം (Urban) പട്ടികളിലൂടെയും പൂച്ചകളിലൂടെയും വ്യാപിക്കുന്നു. മനുഷ്യരില്‍ ബാധിക്കുന്ന 99% ഉം വിഭാഗത്തില്‍ പെടുന്നതാണ്. ലോകത്താകമാനം 60,000 പേര് ഇതുമൂലം മരിക്കുന്നു. ഒരു കോടിയിലേറെ ആള്‍ക്കാര്‍ക്ക് ഇതിന്റെ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നതായി കണക്കാക്കപ്പെടുന്നു. കാട്ടില്‍ കാണുന്ന ഇനം കുറുക്കന്മാരിലൂടെയും ചെന്നായ്, നരിച്ചീറുകള്‍ എന്നിവയിലൂടെയും ഇത് വ്യാപിക്കുന്നു. നരിച്ചീറുകള്‍ വസിക്കുന്ന ഗുഹകളില്‍ കയറുന്ന മനുഷ്യര്‍ക്ക് പേവിഷബാധ ഏറ്റതായി രേഖകള്‍ ഉണ്ട്. അര്‍ജന്റീനയില്‍ 10 ലക്ഷം കന്നുകാലികള്‍ നരച്ചീറുകളുടെ കടിയേറ്റ് വിഷബാധയേറ്റ് മരിക്കുന്നതായി കണക്കാക്കപ്പെടുന്നു.
എങ്ങനെ പിടിപെടുന്നു?
വൈറസ് രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീര് വഴി പുറത്ത് വരുന്നു. രോഗം ബാധിച്ച മൃഗങ്ങളുടെ കടികൊണ്ടോ, തൊലിപ്പുറത്തെ മുറിവ് വഴിയോ, ശ്ലേഷ്മസ്ഥരത്തില് നക്കിയതു മൂലമോ രോഗവ്യാപനം നടക്കാം. പേവിഷത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതിന്റെ 2-3 ദിവസം മുന്‍പ് മുതല്‍ നായ മരിക്കുന്നതുവരെ വൈറസ് ഇവരില്‍ ഉണ്ടാകും. രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാതെ രോഗാണുവാഹകരായും ഇത്തരം മൃഗങ്ങള്‍ ജീവിക്കാറുണ്ട്. പക്ഷെ അവകളില്‍ നിന്ന് രോഗസാധ്യത ഇല്ല. പേവിഷബാധയേറ്റ മൃഗത്തിന്റെ അവയവങ്ങള്‍ കൈകാര്യം ചെയ്യുന്ന ലാബ് പ്രവര്‍ത്തകര്‍ക്ക് വായു വഴി അതിന്റെ വിഷാംശം ഏല്ക്കാം. ഇത്തരം മൃഗങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുകയോ കടിയേല്‍ക്കുകയോ ഉണ്ടായേക്കാവുന്ന അപകട സാദ്ധ്യത മൂന്ന് ക്ലാസായി തരം തിരിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ അപകട സാദ്ധ്യത ഉള്ളത് ക്ലാസ് -1 ഉം കൂടിയത് ക്ലാസ് -3 ഉം ആണ്.
രോഗ സുഷപ്താവസ്ഥ (Incubation period)
കടിയേറ്റ് മൂന്നു മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ മനുഷ്യന് രോഗലക്ഷണങ്ങള്‍ കാണിക്കും. വര്‍ഷങ്ങള്‍ കഴിഞ്ഞും അപൂര്‍വമായി ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്. കടിയേറ്റ ഭാഗം, കടിയുടെ തീവ്രത, മുറിവുകളുടെ എണ്ണം, തൊലിപ്പുറത്തോ അല്ലാതെയോ ആണ് കടിയേറ്റത്, ചികിത്സ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ഈ കാലദൈര്‍ഘ്യം വ്യതിയാനപ്പെടുന്നത്. മുഖത്തും തലയിലും കഴുത്തിലും ഏറ്റ മുറിവുകള്‍ക്ക് രോഗലക്ഷണങ്ങള്‍ വേഗം പ്രത്യക്ഷപ്പെടാം. കടിയേറ്റിടത്തും ചുറ്റുമായി വൈറസ് പെറ്റുപെരുകിയ ശേഷമാണ് ഞരമ്പുകള്‍ വഴി തലച്ചോറില്‍ എത്തുക. അവിടെ നിന്ന് മറ്റു ഞരമ്പുകളിലേയ്ക്ക് ബാധിക്കുന്നു.
രോഗലക്ഷണങ്ങള്‍
രോഗാവസ്ഥയ്ക്ക് മുന്നോടിയായി തലവേദന, ക്ഷീണം, തൊണ്ടവേദന, ചെറിയ പനി എന്നിവ 3-4 ദിവസം നീണ്ടുനില്‍ക്കാം. 80% രോഗികള്‍ക്കും കടിയേറ്റതിനു ചുറ്റും പെരുപ്പും വേദനയും ഉണ്ടാകും. രോഗത്തിന്റെ ഏറ്റവും കൃത്യമായ ലക്ഷണമാണിത്. തുടര്‍ന്ന് നാഡീ വ്യൂഹത്തിന്റെ ഉദ്ദീപനം മൂലം ശബ്ദം, കടുത്ത വെളിച്ചം, കാറ്റ്, തണുപ്പ് എന്നിവ വളരെ അസഹനീയമായി അനുഭവപ്പെടും. വായുവിനെ ഭയപ്പെടുന്ന അവസ്ഥ (എയിറോഫോബിയ) ഇതിന്റെ മാത്രം പ്രത്യേക രോഗ ലക്ഷണമാണ്. മുഖത്തേയ്ക്ക് കാറ്റേറ്റാല്‍ കഴുത്തിലേയും തൊണ്ടയിലേയും പേശികള്‍ വേദനമൂലം വലിഞ്ഞ് മുറുകുന്ന അവസ്ഥ ലക്ഷണമാണ്. ശരീരം വിറയ്ക്കല്, ഉമിനീര് വായില്‍ നിന്ന് ഒലിച്ചിറങ്ങുക, കണ്ണുനീര് വരുക എന്നീ ലക്ഷണങ്ങള്‍ തുടര്‍ന്നുണ്ടാകും. ആഹാരമോ വെള്ളമോ കഴിക്കാന്‍ ശ്രമിച്ചാല്‍ ഫലപ്രദമാകില്ല. രോഗം കഠിനമാകുന്നതിനനുസരിച്ച് വെള്ളം കാണുന്നതു പോലും പേശീ സങ്കോചത്തിനും വേദനയ്ക്കും കാരണമാകും. ഈ വെള്ളത്തോടുള്ള പേടി (ഹൈഡ്രോഫോബിയ) മനുഷ്യരില്‍ മാത്രമേ കാണുന്നുള്ളൂ. 2-3 ദിവസം രോഗം നിലനില്ക്കുകയും തുടര്‍ന്നുണ്ടാകുന്ന കോട്ടലില്‍ മരണം സംഭവിക്കുകയോ, രോഗി ‘കോമ’ എന്ന അബോധാവസ്ഥയിലേക്ക് പോയി മരണപ്പെടുകയോ ചെയ്യും. സ്കിന്‍ ബയോപ്സി, ഉമിനീരില്‍ നിന്ന് വൈറസിനെ വേര്‍തിരിച്ചെടുക്കല്‍, കണ്ണിന്റെ കോര്‍ണിയയില്‍ നിന്ന് സ്രവം എടുത്ത് പരിശോധിക്കല്‍ എന്നിവയിലൂടെ രോഗം തീര്‍ച്ചപ്പെടുത്താം.
ചികിത്സ
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ യാതൊരു ചികിത്സയും ഇപ്പോള്‍ നിലവില്‍ ഇല്ല. രോഗി ഏകാന്തമായി നിശബ്ദതയില്‍ കഴിയുക, വേദന സംഹാരികള്‍ നല്‍കുക, ആവശ്യത്തിന് ജലാംശം നിലനിര്‍ത്തുക എന്നീ വൈദ്യ സഹായങ്ങള്‍ നല്‍കാം. രോഗിയുടെ വിസര്‍ജ്ജ്യത്തിലും ഉമിനീരിലും വൈറസുള്ളതിനാല്‍ രോഗിയെ പരിചരിക്കുന്നവര്‍ ഇവയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം.
രോഗപ്രതിരോധം
പേവിഷബാധക്കെതിരെ ഫലപ്രദമായ പ്രതിരോധ വാക്സിന് ലഭ്യമാണ്. മുന്‍പ് ഉപയോഗിച്ചിരുന്ന ന്യൂറോണല്‍, എംബിയോ വാക്സിനുകള്‍ പാര്‍ശ്വഫലങ്ങള്‍ മൂലം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ദീര്‍ഘകാലം അനവധി കുത്തിവെയ്പ്പെടുക്കേണ്ടുന്ന വാക്സിനുകള്‍ക്ക് പകരം 4 ദിവസം മാത്രം കുത്തിവയ്ക്കുന്ന ഇന്‍ട്രാഡെര്‍മല്‍ വാക്സിനുകള്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഹ്യൂമണ്‍ ഡിപ്പോയിഡ് സെല്‍ വാക്സിന് ശ്രേണിയില്‍പ്പെട്ട ഇവ 1, 3, 7, 28 ദിവസങ്ങള്‍ എടുക്കുകയാണ് വേണ്ടത്. പ്രതിരോധം 3 തരത്തില്‍ നേടാം.
- കടിയേറ്റതിനു ശേഷം നേരിടുന്ന പ്രതിരോധം
- കടിയേല്‍ക്കുന്നതിനു മുമ്പ് നല്കുന്ന പ്രതിരോധം
- മുമ്പ് വാക്സിന് എടുത്തവര്‍ക്ക് വീണ്ടും നല്കുന്ന പ്രതിരോധം.
കടിയേറ്റ ശേഷം നല്കുന്ന പ്രതിരോധം കടിയുടെ കാഠിന്യത്തേയും കടിച്ച പട്ടിയുടേയും അനുസരിച്ച് വ്യത്യസ്തമായിരിക്കും. ഏറ്റവും കുറഞ്ഞ അപകട സാദ്ധ്യതയുള്ള ക്ലാസ് -1 വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് (നക്കല്‍ മുതലായവ) ഏറ്റവും കുറഞ്ഞ ചികിത്സയും അപകട സാദ്ധ്യത കൂടിയ ക്ലാസ് -3 (മുഖത്തും കൈകാലുകളിലും വലിയ കടി) ഏറ്റവും തീവ്രമായ ചികിത്സയും നല്‍കണം. ഇത്തരം ഘട്ടങ്ങളില്‍ വാക്സിന്കൂടാതെ ഇമ്യൂണോ ഗ്ലോബുലിന്‍ അല്ലെങ്കില്‍ കുതിരയുടെ ആന്റി റാബി സിറം കുത്തിവയ്പ്പെടുക്കേണ്ടി വരും. കടിയേറ്റ ഭാഗം വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും സിറം ചുറ്റുപാടും കുത്തിവയ്ക്കുകയും വേണം. അയഡിന്‍ സൊലൂഷനോ, ആല്‍ക്കഹോളോ ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്. ഒരിക്കലും മുറിവ് തുന്നിച്ചേര്‍ക്കരുത്. ആന്റി ബയോട്ടിക്കുകളും ടെറ്റനസ് പ്രതിരോധ മരുന്നുകളും നല്‍കണം. കടിച്ച മൃഗത്തെ 10 ദിവസം നിരീക്ഷിച്ച് അത് ചത്തില്ലെങ്കില്‍ അതിനു രോഗം ഇല്ലെന്ന് ഉറപ്പിക്കാം.
കടിയേല്‍ക്കുന്നതിനു മുമ്പുള്ള പ്രതിരോധം പ്രധാനമായും നായയെ വളര്‍ത്തുന്നവര്‍ക്കും മൃഗസംരക്ഷകര്‍ക്കും അതുമായി ബന്ധപ്പെട്ട ലാബ് വര്‍ക്ക് ചെയ്യുന്നവര്‍ക്കുമാണ് നല്‍കുന്നത്. മൂന്ന് ഡോസ് മരുന്നാണ് അവര്‍ക്ക് നല്‍കുന്നത്. നേരത്തെ വാക്സിന് നല്‍കിയവര്‍ക്ക് വീണ്ടും കടിയേറ്റാല്‍ 2 ഡോസ് മരുന്നു നല്കി പ്രതിരോധം നേടാം.