വിദ്യയും വെളിച്ചവും
വയല്വാരത്തിനടുത്ത് ഒരു കുടിപ്പള്ളിക്കൂടമുണ്ടായിരുന്നു. രാവിലെ അവിടേക്കു പഠിക്കുവാന്‍ പോകുന്ന കുട്ടികളെ നോക്കിഇരിക്കുവാന് നാണുവിനു വലിയ ഇഷ്ടമായിരുന്നു. ചില ദിവസങ്ങളില്‍ അവരോടൊപ്പം പോകുവാന്‍ നാണുവും പിന്നാലെ കൂടുമായിരുന്നു. ആ കുട്ടികളുടെ കൈയ്യിലിരിക്കുന്ന എഴുത്തോലയില്‍ നാരായം കൊണ്ടെഴുതിയിട്ടുള്ള അക്ഷരങ്ങളില്‍ നാണു വിരലോടിച്ചുകൊണ്ട് ചോദിക്കും: ”എന്താ ഇതില്‍ എഴുതിയിരിക്കുന്നത്?”
എഴുത്തിനിരുത്തിയിട്ടില്ലാത്ത കുട്ടികളോട് അത് പറയാന്‍ പാടില്ലെന്നും പറഞ്ഞാല്‍ ആശാന് വഴക്കു പറയുമെന്നും അവരില്‍ മുതിര്‍ന്ന ഒരു കുട്ടി ഒരിക്കല്‍ നാണുവിനോടു പറഞ്ഞു.
പള്ളിക്കൂടത്തില്‍ പോകണമെന്നാശിച്ചു നിന്ന നാണുവിനെ ഒരു ദിവസം മാടനാശാന് തന്നെ അടുത്തുള്ള ആശാന് കളരിയില്‍ കൊണ്ടുപോയി. ആശാന് പഠിപ്പിക്കുന്നതും കുട്ടികള്‍ അച്ചടക്കത്തോടെ ഇരുന്നു പഠിക്കുന്നതും കണ്ടപ്പോള്‍ നാണുവിനും പഠിക്കുവാന്‍ ആവേശമായി. പക്ഷേ എഴുത്തിനിരുത്തിയിട്ടില്ലാതിരുന്നതിനാല് നാണുവിനെ ആ കുട്ടികളോടൊപ്പം മാടനാശാന് ഇരുത്തിയില്ല.
വയല്‍വാരം വീടിന്റെ ചാണകം മെഴുകിയ നിലത്തും ചുവരിലുമൊക്കെ നാണു കരിക്കട്ടകൊണ്ട് വരയും കുറിയുമിട്ടു സന്തോഷിച്ചു. ആരൊക്കെ വിലക്കിയിട്ടും നാണു അതില്‍ നിന്നും പിന്തിരിയുകയുണ്ടായില്ല. ചിലപ്പോഴൊക്കെ കുട്ടികളെ പഠിപ്പിക്കുന്ന ആശാനായി അഭിനയിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ കുട്ടിയമ്മയില്‍ നിന്നുമറിഞ്ഞ മാടനാശാന് നാണുവിനെ ആശാന് കളരിയില്‍ അയച്ചു പഠിപ്പിക്കുവാന്‍ നിശ്ചയിച്ചു. വിവരം മാതുല•ാരായ കൃഷ്ണന്വൈദ്യരെയും രാമന്വൈദ്യരെയും അറിയിച്ചു. അവര്‍ക്കും സമ്മതമായി
.കളരിയിലേക്കു വിടുംമുമ്പ് നാണുവിനെ എഴുത്തിനിരുത്തണമല്ലോ. അത് ആരെക്കൊണ്ടു ചെയ്യിക്കണമെന്നായി മാടനാശാന്റെ ചിന്ത.
അക്കാലത്ത് മണയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തുള്ള പല കുടുംബക്കാരും അവരുടെ കുട്ടികളെ എഴുത്തിനിരുത്തുവാന്‍ കൊണ്ടുവന്നിരുന്നത് വയല്‍വാരത്തു വീട്ടിലായിരുന്നു. പൊതു കാര്യപ്രസക്തനും ആദരണീയനുമായിരുന്ന മാടനാശാന് ആ കുട്ടികളെ മടിയിലിരുത്തി ആദ്യാക്ഷരം കുറിപ്പിക്കുന്നത് നാണുവും കണ്ടിട്ടുണ്ട്. അത്തരമൊരു സന്ദര്‍ഭത്തില്‍ ”എനിക്കും എഴുതണം” എന്നു പറഞ്ഞു നാണുവും പിതാവിന്റെ മടിയില്‍ കയറി ഇരിപ്പുറപ്പിച്ചിരുന്നു. എന്നാല്‍ മഹാപണ്ഡിതനും പ്രമാണിയും സമൂഹത്തില്‍ ഉന്നതനിലയുമുള്ള ഒരാളെക്കൊണ്ട് നാണുവിനെ എഴുത്തിനിരുത്തണമെന്നായിരുന്നു മാടനാശാന്റെ ആഗ്രഹം. അതനുസരിച്ച് തിരുവിതാംകൂറിന്റെ ധാര്‍മ്മിക കാര്യങ്ങളിലും കരംപിരിവിലും ക്ഷേത്രകാര്യങ്ങളും മഠങ്ങളും നോക്കിനടത്തുന്നതിലും സ്വാധീനവും ചുമതലയുമുണ്ടായിരുന്ന എട്ടുവീട്ടില്‍ പിള്ളമാരില്‍ പ്പെട്ട ചെമ്പഴന്തി കണ്ണങ്കര ഭവനത്തിലെ മൂത്തപിള്ളയായിരുന്ന നാരായണപിള്ളയെക്കൊണ്ട് നാണുവിനു വിദ്യാരംഭം കുറിപ്പിക്കുവാന്‍ മാടനാശാന് ആലോചിച്ചു. ആ വിവരമറിഞ്ഞപ്പോള്‍ മൂത്തപിള്ളയും സന്തോഷത്തോടെ അതിനു സമ്മതിച്ചു.
നല്ല ദിവസവും മുഹൂര്‍ത്തവും നോക്കി മാടനാശാനും കുട്ടിയമ്മയും ഒരു കൊച്ചുമുണ്ടുടുപ്പിച്ചു നാണുവിനെയും എടുത്തുകൊണ്ട് കണ്ണങ്കര ഭവനത്തിലെത്തി. അന്നു നാണുവിനു പ്രായം അഞ്ചു വയസ്സിനോടടുത്തിരുന്നു.
മഹാത്മാക്കളുടെ ചിത്രങ്ങള്‍ ചുവരില്‍ പിടിപ്പിച്ചിട്ടുള്ള പൂമുഖത്തിരുന്ന് നാരായണപിള്ള നാണുവിനെ പിടിച്ചു തന്റെ മടിയിലിരുത്തി. ദേവതാസ്തുതിക്കു ശേഷം അദ്ദേഹം അരിയും തുളസിയിലയും ചെത്തിപ്പൂവും നിറച്ച താലത്തില്‍ നാണുവിന്റെ വലതുകൈയ്യിലെ കുഞ്ഞു ചൂണ്ടുവിരല്‍ പിടിച്ച് ”ഓം ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു” എന്ന് എഴുതിച്ചശേഷം അതു ചൊല്ലിക്കൊടുത്തു. നാണു അതുപോലെ അതെല്ലാം ഏറ്റുചൊല്ലി. തേജസ്സുറ്റ ആ കൊച്ചു മുഖം കണ്ടിട്ട് മൂത്തപിള്ള വാത്സല്യത്തോടെ മാടനാശാനോട് പറഞ്ഞു.
”നാണു സാക്ഷാല്‍ നാരായണനായി വളരും. ലോകത്തിനു വഴിയും വെളിച്ചവുമേകുന്ന ഒരു മഹാനായിത്തീരും”. നാണു അതിന്റെ പൊരുളറിയാതെ പുഞ്ചിരിച്ചപ്പോള്‍ അതിന്റെ പൊരുളറിഞ്ഞ മാടനാശാന്റെ ഹൃദയം ആനന്ദത്തിരകളാല് വീര്‍പ്പുമുട്ടി.
9061812819