ആരോടും പറയാതെ

നാണുവിനു സാധാരണ കുട്ടികള്‍ക്കുള്ളതുപോലെയുള്ള ക ളിയും ചിരിയും ബഹളവും നിര്‍ബന്ധവുമൊന്നും ഉണ്ടായിരുന്നില്ല. ഏതിനെയും ത്യജിക്കുവാനും സ്വീകരിക്കുവാനുമുള്ള ഒരു മനസ്സ് കുഞ്ഞിലേതന്നെ നാണുവില്‍ പ്രകടമായിരുന്നു.

വയല്‍വാരത്തെ വലിയമ്മൂമ്മയുമായിട്ടാണ് നാണുവിനു വലിയ ചങ്ങാത്തമുണ്ടായിരുന്നത്. അവരാണ് രാമായണ കഥകളും മഹാഭാരതകഥകളും മറ്റു പുരാണകഥകളുമൊക്കെ നാണുവിനു പറഞ്ഞുകൊടുത്തിരുന്നത്.

ഒരുനാളില്‍ ആ അമ്മൂമ്മ കടുത്ത ദീനം പിടിച്ച് കിടപ്പിലായി. കൃഷ്ണന്‍വൈദ്യരും രാമന്‍വൈദ്യരും മാറിമാറി ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ല. പ്രായാധിക്യവും രോഗവും ഒന്നിച്ചായപ്പോള്‍ അമ്മൂമ്മയുടെ ആരോഗ്യനില വളരെ മോശമായി വന്നു. മിണ്ടാതെയും അനങ്ങാതെയും കിടക്കുന്ന അമ്മൂമ്മയുടെ ദയനീയാവസ്ഥ കണ്ട് നാണു സങ്കടപ്പെട്ടു. കാഴ്ച മങ്ങിയ ആ കണ്ണുകളിലേക്ക് നോക്കിയിരുന്നപ്പോള്‍ നാണുവിന്റെ കണ്ണുകളും അശ്രുകണങ്ങള്‍കൊണ്ട് മൂടപ്പെട്ടു പോയി.

ഇനി എന്നാണ് അമ്മൂമ്മയില്‍ നിന്നും കഥകള്‍ കേള്‍ക്കാനാവുകയെന്നു ചിന്തിച്ചപ്പോള്‍ നാണുവിന്റെ സങ്കടം ഇരട്ടിയായി. പലവട്ടം വിളിച്ചു നോക്കിയിട്ടും അമ്മൂമ്മ കണ്ണുതുറന്നില്ല. ഒടുവില്‍ ആ കിടപ്പില്‍ത്തന്നെ അമ്മൂമ്മ മരിച്ചു. മരണവാര്‍ത്തയറിഞ്ഞ് ഉറ്റവരും ഉടയവരുമെല്ലാം വയല്‍വാരത്തെത്തി.

അമ്മൂമ്മയുടെ വേര്‍പാടില്‍ മനംനൊന്ത ബന്ധുക്കള്‍ അലറിവിളിച്ചു കരഞ്ഞു. ആ കൂട്ടക്കരച്ചിലുകള്‍ക്കിടയില്‍ നാണുവും ഒരറ്റത്തിരുന്നു വിമ്മിവിമ്മി കരഞ്ഞു. അമ്മൂമ്മയുടെ മൃതദേഹം അടക്കം ചെയ്യുന്നതിനായി എടുത്തപ്പോള്‍ ബന്ധുക്കള്‍ നെഞ്ചത്തടിച്ചു നിലവിളിക്കുകയും ചിലര്‍ മോഹാലസ്യപ്പെട്ടു വീഴുകയും ചെയ്തു. ദുഃഖത്തിന്റെ ആ തീവ്രരംഗങ്ങളെല്ലാം കണ്ടുനിന്ന നാണുവിന്റെ കുഞ്ഞു മനസ്സില്‍ അപ്പോള്‍ മരണത്തെക്കുറിച്ചു വലിയവലിയ ചോദ്യങ്ങള്‍ രൂപപ്പെട്ടുവന്നു.
”എന്താണ് ഈ മരണം ? ഇന്നലെവരെ ജീവിച്ചിരുന്ന അമ്മൂമ്മയുടെ ജീവന്‍ എവിടേക്കാണ് പോയിമറഞ്ഞത്? ആരാണ് ഇതെ ല്ലാം നിശ്ചയിക്കുന്നത്?”
ഇനിയൊരിക്കലും അമ്മൂമ്മയെ കാണാനാവില്ലെന്നോര്‍ത്ത പ്പോള്‍ നാണു വീണ്ടും വിങ്ങിപ്പൊട്ടി.

അടുത്ത ദിവസമായപ്പോള്‍ സങ്കടമൊക്കെ കുറേശ്ശെ മാറി ഓ രോരുത്തരും ഓരോരോ കാര്യങ്ങളില്‍ വ്യാപൃതരായി. സ്ത്രീക ള്‍ അവിടെയുള്ളവര്‍ക്കൊക്കെ ഭക്ഷണമൊരുക്കുന്ന തിരക്കിലായിരുന്നു. പുരുഷന്മാര്‍ നാട്ടുകാര്യങ്ങളും നാട്ടുവിശേഷങ്ങളുമൊ ക്കെ പങ്കുവച്ചു. കുട്ടികള്‍ മുറ്റത്തും പറമ്പിലുമായി പലതരം കളികളിലേര്‍പ്പെട്ടു. മൂന്നാംദിവസമായപ്പോഴേക്കും അമ്മൂമ്മയുടെ ദേഹ വിയോഗം എല്ലാവരും മറന്ന മട്ടായി. മരണനാളില്‍ നെഞ്ചത്തടിയും നിലവിളിയുമായിക്കഴിഞ്ഞവരെല്ലാം കളിയും ചിരിയുമായി. അവര്‍ തമാശകള്‍ പറഞ്ഞു. അതെല്ലാം കണ്ടു നാണു ആശ്ചര്യപ്പെട്ടു.

സങ്കടവും സന്തോഷവും എത്രവേഗമാണ് മാറി മറിഞ്ഞു വരുന്നത്! ചിന്തയും ചോദ്യവുമായി നാണുവിന്റെ അകം പുകഞ്ഞു. അതു കനലോളമായപ്പോള്‍ ആരോടും ഒന്നും ഉരിയാടാതെ നാണു എഴുന്നേറ്റ് വയല്‍വാരത്തു നിന്നുമിറങ്ങി നടന്നു. മണയ്ക്കല്‍ ക്ഷേത്രത്തിനു പിന്നിലുള്ള കുറ്റിക്കാട്ടിലാണ് നാണു നടന്നുനടന്നെത്തിയത്. മനുഷ്യരാരും സാധാരണഗതിയില്‍ കടന്നുചെല്ലാത്ത ആ കുറ്റിക്കാടിനുള്ളില്‍ ഒരിടത്ത് നാണു ചിന്തയില്‍ മുഴുകി ഇരിപ്പായി. ആ ഇരിപ്പില്‍ നേരവും കാലവും പോയതറിഞ്ഞില്ല.

അതിനിടയില്‍ നാണുവിനെ കാണാനില്ലെന്ന വൃത്താന്തമറിഞ്ഞ് വയല്‍വാരത്തുള്ളവരെല്ലാം വിഷമത്തിലായി. സ്ത്രീകള്‍ കരഞ്ഞു വിളിച്ചു പ്രാര്‍ത്ഥിച്ചു. മുതിര്‍ന്നവരൊക്കെ ഓരോ വഴിക്കും അന്വേഷണവുമായി പാഞ്ഞു. മാടനാശാനും കുട്ടിയമ്മയും കൃഷ്ണന്‍ വൈദ്യരും നാണുവിന്റെ തിരോധാനത്തില്‍ അത്യന്തം സങ്കടപ്പെട്ടു. എന്തുചെയ്യണമെന്നറിയാതെ അവരെല്ലാം പകച്ചു നിന്നു. ഓരോ നിമിഷം വൈകുന്തോറും ആ പരിഭ്രമം ഏറിയേറിവന്നു.

”നാണുവിനു എന്തെങ്കിലും അപകടം പിണഞ്ഞിരിക്കുമോ?” ചില ബന്ധുക്കളുടെ സംശയം ഇരട്ടിച്ചു.

ശോകവും മൂകവുമായ അന്തരീക്ഷം വയല്‍വാരത്ത് തളംകെട്ടി. കുറച്ചു കഴിഞ്ഞപ്പോള്‍ കാട്ടിലേക്കൊരു കുട്ടി തനിയെ കയറിപ്പോകുന്നത് കണ്ടതായി വിറകുവെട്ടുകാരനായ ഒരാള്‍ വന്നു പറഞ്ഞു. അതുകേട്ട കൃഷ്ണന്‍വൈദ്യരും മാടനാശാനും മറ്റു ചിലരും ഉടനെ കാട്ടിലേക്കോടി. തിരച്ചിലിനിടയില്‍ ഭഗവാന്‍ ബുദ്ധനെപ്പോലെ ഒരു മരച്ചുവട്ടില്‍ ധ്യാനിച്ചുകൊണ്ട് ഇരിക്കുന്ന നിലയില്‍ നാണുവിനെ അവര്‍ കണ്ടെത്തി.

വിഷപ്പാമ്പുകളും കാട്ടുമൃഗങ്ങളും യഥേഷ്ടം വിഹരിക്കുന്ന ആ കാട്ടിനുള്ളില്‍ കണ്ണടച്ചു നിര്‍ഭയനായിരിക്കുന്ന നാണുവിനെ അവര്‍ അമ്പരപ്പോടെ നോക്കിനിന്നു. നട്ടുച്ചനേരത്തുപോലും അ വിടെയെത്തുവാന്‍ ആളുകള്‍ക്ക് ഭയമാണെന്നോര്‍ത്തപ്പോള്‍ മാടനാശാന്റെ നെഞ്ചു പിടഞ്ഞു. അവരുടെ ഒച്ചയും അനക്കവും കേട്ട് ഏകാന്തതയില്‍ നിന്നുണര്‍ന്ന നാണു ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ അവരെ നോക്കി പുഞ്ചിരിതൂകി.
”എന്താ നാണു ഈ കാട്ടിയത്? ആരോടും പറയാതെ….”
കൃഷ്ണന്‍വൈദ്യര്‍ പറഞ്ഞുവന്നതു മുഴുമിപ്പിക്കും മുന്‍പേ നാണു പറഞ്ഞു.

”അമ്മൂമ്മയുടെ മരണത്തില്‍ സങ്കടപ്പെട്ട് നെഞ്ചത്തടിച്ച് നിലവിളിച്ചവരൊക്കെ രണ്ടു ദിവസമായപ്പോള്‍ കളിച്ചും ചിരിച്ചും തമാശ പറഞ്ഞും സന്തോഷത്തോടെ ഇരിക്കുന്നതു ഞാന്‍ കണ്ടു. അമ്മൂമ്മയെ എല്ലാവരും വേഗം മറന്നില്ലേ! എനിക്കതില്‍ വലിയ വ്യസനമുണ്ട്. അതുകൊണ്ടാ ഒറ്റയ്ക്കിരുന്ന് പ്രാര്‍ത്ഥിക്കാനായി ഞാനീ കാട്ടിലേക്കു പോന്നത്.”

വൈദ്യര്‍ക്കു പിന്നൊന്നും ചോദിക്കുവാനുണ്ടായില്ല. നാണുവിനെ കെട്ടിപ്പുണര്‍ന്നു. അവര്‍ നാണുവിനെയും കൊണ്ട് വീട്ടിലെത്തി. അതോടെ എല്ലാവര്‍ക്കും സമാധാനമായി.

Author

Scroll to top
Close
Browse Categories