തമിഴ് വേദങ്ങളുടെ ലോകത്തേക്ക്

നാണുഭക്തന്‍ കൂടെക്കൂടെ തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര പോകാറുണ്ടായിരുന്നു. പക്ഷേ ഒരു യാത്രയിലും കൂട്ടുകാരുണ്ടായിരുന്നില്ല. ഏകാഗ്രതയും ഏകാന്തതയുമായിരുന്നു നാണുഭക്തനിഷ്ടം. തിരുവനന്തപുരം ദേശത്ത് നാണുഭക്തന്‍ എത്തിയിട്ടില്ലാത്ത ക്ഷേത്രങ്ങളോ സത്രങ്ങളോ ഇല്ലെന്നുതന്നെ പറയാം. ചെമ്പഴന്തിയിലേക്കു മടങ്ങാത്ത പല രാത്രികളിലും അന്തിയുറങ്ങിയിട്ടുള്ളത് അത്തരം കേന്ദ്രങ്ങളിലായിരുന്നു.

കൈയ്യിലുള്ള ഒരു സഞ്ചിയില്‍ എപ്പോഴും ഏതെങ്കിലും പുരാണഗ്രന്ഥങ്ങള്‍ ഉണ്ടാവും. വിശ്രമകേന്ദ്രങ്ങളില്‍ വെച്ച് ചിലപ്പോള്‍ മറ്റുള്ളവര്‍ക്കുകൂടി കേള്‍ക്കാവുന്ന ശബ്ദത്തില്‍ അതെടുത്തു പാരായണം ചെയ്യുകയും അതിന്റെ സാരം വിശദമാക്കുകയും ചെയ്യും. അതു ശ്രദ്ധിക്കുവാന്‍ ഭാഗ്യമുണ്ടായിട്ടുള്ള ശ്രോതാക്കളാരും തന്നെ ഇടയ്ക്കുവെച്ച് പിരിഞ്ഞുപോവുകയില്ല. അത്രമാത്രം ഇമ്പമാര്‍ന്നതും സാരവത്തായതും ആരെയും ആകര്‍ഷിക്കത്തക്കതുമായിരുന്നു നാണുഭക്തന്റെ പാരായണവും പ്രഭാഷണവും.

ഒരിക്കല്‍ നാണുഭക്തന്റെ പുരാണ പ്രഭാഷണത്തില്‍ അളവറ്റ ഭക്തിയും മതിപ്പും തോന്നിയ ഒരാള്‍ അടുത്തു ചെന്നു സ്വയം പരിചയപ്പെടുകയുണ്ടായി. തിരുവനന്തപുരത്തെ ചാലയില്‍ വളരെക്കാലമായി ഒരു പുസ്തകക്കട നടത്തിവന്നിരുന്ന ഒരു തമിഴനായിരുന്നു അയാള്‍. ഒരു മധ്യവയസ്‌കന്‍. തമിഴും മലയാളവും കൂട്ടിക്കലര്‍ത്തിയുള്ള അയാളുടെ സംഭാഷണം നാണുഭക്തനും ഇഷ്ടമായി. പുരാണ കാര്യങ്ങള്‍ പറഞ്ഞുപറഞ്ഞ് അവര്‍ വലിയ സൗഹൃദത്തിലാവുകയും ചെയ്തു.

അയാള്‍ തന്റെ പുസ്തകക്കടയിലേക്ക് നാണുഭക്തനെ മറ്റൊരു ദിവസം ആദരപൂര്‍വ്വം ക്ഷണിച്ചുകൊണ്ടുപോയി.

ചെറിയ ഒരു കടയായിരുന്നു അത്. എന്നാല്‍ അവിടെ ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു. തമിഴിലും മലയാളത്തിലും സംസ്‌കൃതത്തിലുമുള്ള സദ്ഗ്രന്ഥങ്ങളുടെ അപൂര്‍വ്വശേഖരം കണ്ടതോടെ നാണുഭക്തന്‍ പിന്നീട് ആ കടയിലെ ഒരു സ്ഥിരം സന്ദര്‍ശകനായിത്തീര്‍ന്നു. അതോടെ കടയുടമ സ്വന്തം ചില ആവശ്യങ്ങള്‍ക്കായി പുറത്തുപോകുന്ന അവസരങ്ങളില്‍ കടയുടെ ചുമതല നാണുഭക്തനെ ഏല്‍പ്പിക്കുവാന്‍ തുടങ്ങി. ആ താത്ക്കാലിക ചുമതലയാകട്ടെ നാണുഭക്തന് വലിയ ആഹ് ളാദമാണ് നല്‍കിയത്. കടയിലിരിക്കുമ്പോള്‍ പുസ്തകങ്ങള്‍ വില്‍ക്കുന്നതിനേക്കാള്‍ ഇഷ്ടപ്പെട്ടവ വായിച്ചു മനനം ചെയ്യുന്നതിലായിരുന്നു നാണുഭക്തന്റെ ശ്രദ്ധ. അങ്ങനെ തമിഴ്‌വേദങ്ങള്‍ എന്നു പ്രസിദ്ധമായ തിരുവള്ളുവരുടെ തിരുക്കുറള്‍, മാണിക്കവാചകരുടെ തിരുവാചകം, തിരുജ്ഞാനസംബന്ധരുടെ ഒഴുവിലൊടുക്കം തുടങ്ങി തേവാരം, ചിലപ്പതികാരം, തോല്‍ക്കാപ്പിയം, മണിമേകലൈ, നാന്നൂല്‍ എന്നിവയെല്ലാം ഹൃദിസ്ഥമാക്കി. തമിഴ്ഭാഷയോടും തമിഴ്‌സാഹിത്യത്തോടും തമിഴ് പാടലുകളോടുമുള്ള ഹൃദയബന്ധം ദൃഢമാകുവാന്‍ ഈ അവസരമാണ് നിമിത്തമായിത്തീര്‍ന്നത്. ആ കടയിലുള്ള മിക്കവാറും എല്ലാ ഗ്രന്ഥങ്ങളും നാണുഭക്തന്‍ അക്കാലത്തെ തന്റെ ഇരിപ്പിനിടയില്‍ വായിച്ചു തീര്‍ത്തിരുന്നു.

പാണ്ഡ്യദേശം ഭരിച്ചിരുന്ന പാണ്ഡ്യന് ഒരിക്കല്‍ അതികഠിനമായ ജ്വരം ബാധിക്കുകയുണ്ടായി. യാതൊരു ചികിത്സകൊ ണ്ടും അത് ഭേദമായതുമില്ല. ഒടുവില്‍ തിരുജ്ഞാനസംബന്ധര്‍ എന്ന സിദ്ധന്‍ കൊട്ടാരത്തിലെത്തി ശിവഭഗവാനെ സങ്കല്‍പ്പിച്ചുകൊണ്ട് രാജാവിന്റെ ദേഹത്ത് ഭസ്മം പൂശി ആ ജ്വരബാധയില്‍ നിന്നും രാജാവിനെ രക്ഷിച്ചു. ഈ കഥയും ഉദരരോഗത്താല്‍ വളരെ കഷ്ടപ്പെട്ടിരുന്ന അപ്പര്‍ ശിവഭഗവാനെ പാടി സ്തുതിച്ചു സ്വയം രോഗം ശമിപ്പിച്ച കഥയും ശിവഭക്തനായിരുന്ന മാണിക്യവാചകര്‍ ഭക്തിയിലലിഞ്ഞ് പാടിയത് സാക്ഷാല്‍ നടരാജന്‍ തന്നെ താളിയോലയില്‍ കുറിച്ചിട്ട കഥയും ശിവഭഗവാന്റെ അശരീരി കേട്ട് ചേരമാന്‍ പെരുമാള്‍ പാണ്ഡിനാട്ടിലെത്തി സുന്ദരമൂര്‍ത്തി നായനാരെ ഗുരുവായി വരിച്ച കഥയുമൊക്കെ ഈ കടയിലെ ഇരിപ്പിനിടയിലാണ് നാണുഭക്തന്‍ വായിച്ചറിഞ്ഞത്. അതോടെ തമിഴ് സിദ്ധപുരുഷന്മാരോട് എന്തെന്നില്ലാത്ത ആദരവ് നാണുഭക്തനുണ്ടായി. ആ സ്വാധീനം കൊണ്ടാകാം തിരുക്കുറളിന്റെ ഏതാനും ഭാഗങ്ങള്‍ പില്‍ക്കാലത്ത് മലയാളത്തിലേക്ക് അതിന്റെ മൗലികശോഭയോടെ തന്നെ വിവര്‍ത്തനം ചെയ്തതിന് ഇടയാക്കിയിട്ടുള്ളത്.

പില്‍ക്കാലത്ത് രചിക്കപ്പെട്ട അനുകമ്പാദശകം എന്ന കൃതിയില്‍ ഈ സിദ്ധന്മാരെ അനുകമ്പയുടെ മൂര്‍ത്തികളായിട്ടാണ് ഗുരുദേവന്‍ അവതരിപ്പിച്ചിട്ടുള്ളത്.

Author

Scroll to top
Close
Browse Categories