നാണുച്ചട്ടമ്പി

ആശാന്‍ നാണുവിനെ ആദ്യം പഠിപ്പിച്ചത് കാളിദാസന്റെ രഘുവംശമായിരുന്നു. ദിവസം രണ്ടു ശ്ലോകങ്ങള്‍ വീതം. അതായിരുന്നു കണക്ക്. മറ്റു കുട്ടികള്‍ക്ക് ആ രണ്ടു ശ്ലോകമെന്നത് ഒരു കുന്നോളമായിരുന്നെങ്കില്‍ നാണുവിനത് കുന്നിക്കുരുവോളമായിരുന്നു

കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്‍ പരമസാത്വികനായ ഒരു ആചാര്യനായിരുന്നു. പുതുപ്പള്ളിയിലെ ചേമണ്ണൂരായിരുന്നു ആശാ ന്റെ പള്ളിക്കൂടം. അതിനാല്‍ ചേമണ്ണൂര്‍ ആശാന്‍ എന്നും അദ്ദേഹത്തെ അറിയപ്പെട്ടിരുന്നു. കാവ്യം, നാടകം, അലങ്കാരം, തര്‍ക്കം, വ്യാകരണം, വേദാന്തം തുടങ്ങിയ വിദ്യാതലങ്ങളില്‍ ആശാനോളം പാണ്ഡിത്യം ഉള്ളവര്‍ അന്നു വിരളമായിരുന്നു. കുമ്മമ്പള്ളി രാമന്‍ പിള്ള ആശാന്റെ ശിഷ്യന്‍ എന്നു പറഞ്ഞാല്‍ത്തന്നെ അതൊരു നല്ല യോഗ്യതയായി കണക്കാക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്.

അറുപതോളം വിദ്യാര്‍ത്ഥികളാണ് ആശാനു കീഴില്‍ വിദ്യ അഭ്യസിച്ചിരുന്നത്. വിദ്യാര്‍ത്ഥികളുടെ വാസനയും ശേഷിയും പഠനകാലവും നോക്കിയായിരുന്നു ആശാന്റെ വിദ്യാദാനം. അതിനാല്‍ പലര്‍ക്കും പല ഭാഗങ്ങളാണ് ഒരേസമയം പഠിക്കേണ്ടിയിരുന്നത്. നാണുവിനോട് മറ്റു വിദ്യാര്‍ത്ഥികളോടൊന്നുമില്ലാത്ത ഒരു മമതയും വാത്സല്യവും ആശാനുണ്ടായിരുന്നു. അതിനു കാരണം ശ്രവണം ,മനനം ഗ്രഹണം തുടങ്ങി ഒരു വിദ്യാര്‍ത്ഥിക്കുണ്ടായിരിക്കേണ്ട ഉത്തമലക്ഷണങ്ങളെല്ലാം നാണുവിനുണ്ടായിരുന്നു എന്നതാണ്. ഒരിക്കല്‍ കേട്ടാല്‍ മതി. അത് എഴുതിയിട്ടതുപോലെ നാണുവിന്റെ ഹൃദയത്തില്‍ പതിയും. പിന്നെ ഒരിക്കലും അത് മാഞ്ഞു പോവില്ലായിരുന്നു.

ആശാന്‍ നാണുവിനെ ആദ്യം പഠിപ്പിച്ചത് കാളിദാസന്റെ രഘുവംശമായിരുന്നു. ദിവസം രണ്ടു ശ്ലോകങ്ങള്‍ വീതം. അതായിരുന്നു കണക്ക്. മറ്റു കുട്ടികള്‍ക്ക് ആ രണ്ടു ശ്ലോകമെന്നത് ഒരു കുന്നോളമായിരുന്നെങ്കില്‍ നാണുവിനത് കുന്നിക്കുരുവോളമായിരുന്നു. അതിനാല്‍ കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഒരുനാളില്‍ നാണു ആശാനോട് തന്റെ വിഷമം തുറന്നു പറഞ്ഞു.

”ഈ കണക്കിനു പോയാല്‍ എനിക്കു പഠിപ്പവസാനിപ്പിച്ച് ജീവിതലക്ഷ്യം തേടി പോകാന്‍ സാധിക്കയില്ലല്ലോ.”

വിദ്യയെ സ്ഥാനമാനങ്ങള്‍ക്കോ സുഖത്തിനോ സമ്പത്തിനോ ഉള്ള ഉപാധിയാക്കാതെ ജീവിതലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമായി കണ്ട നാണുവിന്റെ വീക്ഷണവും ചിന്തയും രാമന്‍പിള്ള ആശാനില്‍ വലിയ മതിപ്പുളവാക്കി. ആശാന്‍ വാത്സല്യത്തോടെ പറഞ്ഞു.

”നാണു മുതിര്‍ന്ന കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുന്ന പാഠഭാഗങ്ങള്‍കൂടി ഇനിമുതല്‍ കേട്ടു പഠിച്ചുകൊള്ളുക.”
നാണുവിനു സന്തോഷമായി. അങ്ങനെ കാവ്യങ്ങളും അലങ്കാരങ്ങളും തര്‍ക്ക വ്യാകരണങ്ങളുമൊക്കെ നാണു ഹൃദിസ്ഥമാക്കി. അതോടെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുക എന്നതുകൂടി നാണുവിന്റെ ചുമതലയായി. ആശാ ന്റെ അസാന്നിദ്ധ്യത്തില്‍ പഠിപ്പ് നയിക്കുവാന്‍പോലും നാണു നിയോഗിക്കപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടാകുന്ന തര്‍ക്കങ്ങളും മറ്റും തീര്‍പ്പാക്കുന്നതിലും ആശാനു നാണുവിന്റെ വാക്കായിരുന്നു അവസാനത്തേത്. ഇങ്ങനെയെല്ലാമുള്ള നാണുവിന്റെ അസാധാരണത്വവും ധിഷണാവൈഭവവും ധര്‍മ്മനിഷ്ഠയും ബോ ധ്യപ്പെട്ട രാമന്‍പിള്ള ആശാന്‍ നാണുവിനെ വിദ്യാര്‍ത്ഥികളുടെ നായകനായി നിയമിച്ചു. ഈ നായകസ്ഥാനത്തിരിക്കുന്ന വിദ്യാ ര്‍ത്ഥിയെ അക്കാലത്ത് ‘ചട്ടമ്പി’ എന്നാണ് വിളിച്ചിരുന്നത്. ആ പതിവനുസരിച്ച് നാണു ‘നാണുച്ചട്ടമ്പി’ യായി വിളിക്കപ്പെടുവാന്‍ തുടങ്ങി.

പെരുന്നെല്ലി കൃഷ്ണന്‍വൈദ്യരും വെളുത്തേരി കേശവന്‍വൈദ്യരും അന്നവിടുത്തെ വിദ്യാര്‍ത്ഥികളായിരുന്നു.

Author

Scroll to top
Close
Browse Categories