വാരണപ്പള്ളിയിൽ

കായംകുളത്തിന്റെ പടിഞ്ഞാറു ഭാഗത്തായിട്ടാണ് പുതുപ്പള്ളി എന്ന തനിനാടന്‍ ഗ്രാമം. ആ ഗ്രാമത്തിന്റെ വടക്കുപടിഞ്ഞാറായി വളരെ പ്രസിദ്ധമായ ഒരു ഭവനം സ്ഥിതി ചെയ്തിരുന്നു. വാരണപ്പള്ളി എന്ന പേരിലാണ് ആ ഭവനം അറിയപ്പെട്ടിരുന്നത്. പ്രതാപവും പാരമ്പര്യവും പ്രശസ്തിയും സമ്പത്തും വേണ്ടുവോളം ഉള്ള ആ ഭവനം ദാനധര്‍മ്മാദികളിലും സദ്ക്കര്‍മ്മങ്ങളിലും പേരുകേട്ട തറവാടുകൂടിയായിരുന്നു. ഉപരിപഠനത്തിനായി ചെമ്പഴന്തി വയല്‍വാരം വീട്ടില്‍ നിന്നും പുറപ്പെട്ട നാണു ജലമാര്‍ഗ്ഗം എത്തിച്ചേര്‍ന്നത് ആ വാരണപ്പള്ളി തറവാട്ടിലേക്കാണ്.

ആലും ആല്‍ത്തറയും ഫലവൃക്ഷങ്ങളും തെങ്ങിന്‍തോപ്പും കളത്തട്ടും കുളവും ക്ഷേത്രവും നാലുകെട്ടും നടുമുറ്റവും വിശാലമായ പാടശേഖരവും കൃഷിയിടങ്ങളും ധാരാളം വളര്‍ത്തുമൃഗങ്ങളും ധാന്യപുരകളും ഒക്കെയായി കിരീടശോഭയോടെ നിലകൊള്ളുന്ന വാരണപ്പള്ളിത്തറവാട് ഒറ്റനോട്ടത്തില്‍ത്തന്നെ നാണുവിന് വളരെ ഇഷ്ടമായി.

കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ പള്ളിക്കൂടത്തില്‍ ഉപരിപഠനത്തിനായിട്ട് എത്തിയിരുന്ന വിദ്യാര്‍ത്ഥികളില്‍ കുറേപ്പേര്‍ വാരണപ്പള്ളിയിലാണ് താമസിച്ചിരുന്നത്. അവര്‍ക്ക് താമസത്തിനും ഭക്ഷണത്തിനും പഠിപ്പിനുമുള്ള എല്ലാവിധ സൗകര്യങ്ങളും സൗജന്യമായിട്ടാണ് അക്കാലത്ത് ആ തറവാട്ടില്‍ ഏര്‍പ്പെടുത്തപ്പെട്ടിരുന്നത്. തറവാടിന്റെ അന്നത്തെ കാരണവര്‍ കൊച്ചുകൃഷ്ണപ്പണിക്കര്‍ ആയിരുന്നു. പണിക്കര്‍ അതീവവാത്സല്യത്തോടെ നാ ണുവിന്റെ വിശേഷങ്ങളും വിവരങ്ങളുമൊക്കെ ആരാഞ്ഞറിഞ്ഞു. ഒരു വിദ്യാര്‍ത്ഥിയായിട്ടാണ് നാണു അവിടെ എത്തിയിരുന്നതെങ്കിലും നാണുവിനെ മറ്റുള്ളവരെപ്പോലെ വെറുമൊരു വിദ്യാര്‍ത്ഥിയായിട്ടല്ല തറവാട്ടിലെ കാരണവരും അവിടുത്തെ മറ്റ് അംഗങ്ങളും കണ്ടിരുന്നത്. നാണുവിന്റെ അടക്കവും ഒതുക്കവും മിതത്വവും ഭക്തിയും ഗുരുത്വവും സൗമ്യമാര്‍ന്ന പെരുമാറ്റവും ശുദ്ധിയും അവരിലെല്ലാം ഏറെ മതിപ്പുളവാക്കിയിരുന്നു.

കൊച്ചുകൃഷ്ണപ്പണിക്കര്‍ തന്നെ നേരിട്ടു ചെന്നാണ് നാണുവിന്റെ താമസത്തിനുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുവാന്‍ നിര്‍ദ്ദേശിച്ചത്. ആരെയും ആകര്‍ഷിക്കുന്ന ഒരു വൈശിഷ്ട്യവും വ്യക്തിത്വവും നാണുവില്‍ പ്രകടമായിരുന്നു. എങ്കിലും വാരണപ്പള്ളിത്തറവാടിനു ചരിത്രത്തില്‍ അവിസ്മരണീയമായൊരു സ്ഥാനം കല്പിക്കുവാന്‍ പോന്ന ഒരു അവതാരപുരുഷനാണ് തങ്ങളുടെ തറവാട്ടിലേക്കെത്തിയിരിക്കുന്നതെന്ന് അന്നാരറിയുന്നു?

സന്ധ്യാനാമത്തിനുശേഷം തറവാട്ടിലുള്ളവരും പഠിപ്പിനായി വന്നു താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളും ആ ഭവനത്തിന്റെ വിശാലമായ പൂമുഖഹാളില്‍ ഒത്തുകൂടുക പതിവായിരുന്നു. ലൗകിക വിഷയങ്ങള്‍ മുതല്‍ ആദ്ധ്യാത്മികവിഷയങ്ങള്‍ വരെ അവിടെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കൂടാതെ പലരും സ്വന്തം സൃഷ്ടികളായ കവിതകളും കഥകളും നാടകങ്ങളും അവതരിപ്പിക്കുകയും ചെയ്തിരുന്നു. പലപ്പോഴും അതൊരു വിദ്വല്‍സദസ്സായും സാഹിത്യവേദിയായും പ്രാര്‍ത്ഥനാസംഘമായും മീമാംസാപരിഷത്തായും ഒക്കെ മാറുക പതിവായിരുന്നു. പലരും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനുള്ള വേദിയായും അവസരമായും ആ സദസ്സിനെ കണ്ടെങ്കിലും നാണു നിര്‍മ്മത്സരബുദ്ധിയോടെ ഏകനായും അന്തര്‍മുഖനായും ഇരിക്കുവാനാണ് ഇഷ്ടപ്പെട്ടത്. ചിലപ്പോള്‍ നാണു പാരായണത്തില്‍ മുഴുകിയിരിക്കും. മറ്റു ചിലപ്പോള്‍ പുസ്തകം തുറന്നുതന്നെയിരിക്കുമെങ്കിലും ദിവാസ്വപ്നത്തില്‍ മുഴുകിയിരിക്കുകയായിരിക്കും. വാരണപ്പള്ളിയിലെ മരങ്ങളും മൃഗങ്ങളുമായിട്ടായിരുന്നു നാണുവിനു അക്കാലത്ത് കൂടുതല്‍ ചങ്ങാത്തം.

”വയല്‍വാരത്തു നിന്നും വന്ന നാണു ഒരു സാധാരണ കുട്ടിയല്ല. മറ്റുള്ളവര്‍ കളികളിലും മറ്റും ഏര്‍പ്പെടുമ്പോള്‍ നാണു ചിന്തയിലാണ്ടിരിക്കുന്നതു കാണാം. എല്ലാവരും പാഠങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ നാണു പഠിപ്പെല്ലാം കഴിഞ്ഞവനെപ്പോലെ വിശ്രമിക്കുകയായിരിക്കും. നോട്ടത്തിലും സംസാരത്തിലുമൊക്കെത്തന്നെയുണ്ട് ചില സവിശേഷതകള്‍.”
തറവാട്ടുകാരണവരായ കൊച്ചുകൃഷ്ണപ്പണിക്കരുടെ ആ അഭിപ്രായം കേട്ടപ്പോള്‍ തറവാട്ടിലെ ഒരമ്മ ഇങ്ങനെ പറഞ്ഞു. ”യാതൊരുവിധ ആര്‍ത്തിയും ആവേശവുമില്ലാത്ത പ്രകൃതമാണ് നാണുവിന്റേത്. ഒരു കാര്യത്തിലും പരാതിയോ പരിഭവമോ ഇല്ല. നാണുവിനോളം പ്രസന്നതയും ഭക്തിയും വിശ്വാസവും മറ്റൊരു കുട്ടിക്കുമില്ല”.

നാണു വാരണപ്പള്ളിയില്‍ താമസമായിട്ട് അധികകാലമായില്ലെങ്കിലും നാണുവിനെപ്പറ്റി തറവാട്ടിലെ ഓരോ അംഗത്തിനും പറയുവാന്‍ വിശേഷങ്ങള്‍ ഏറെയുണ്ടായിരുന്നു.

Author

Scroll to top
Close
Browse Categories