പുതുപ്പള്ളിയിലേക്കുള്ള പുറപ്പെടല്‍
നാണു പറഞ്ഞതിന്റെ പൊരുളെന്തെന്ന് കൃഷ്ണന്‍വൈദ്യര്‍ക്ക് തീര്‍ത്തും ഗ്രഹിക്കുവാനായില്ല. എങ്കിലും ആലോചിച്ചപ്പോള്‍ ധനത്തോടും ബന്ധത്തോടുമുള്ള വേര്‍പെടല്‍ ഒരേ നേരമുണ്ടാകുന്നത് ലൗകികജീവിതം നയിക്കുന്നവര്‍ക്ക് അത്ര ഭൂഷണമല്ല എന്ന പൊരുളാണ് തെളിഞ്ഞുവന്നത്.
കൃഷ്ണന്‍വൈദ്യരും മാടനാശാനും നാണുവിനെ ഉപരിപഠനത്തിനയക്കുന്നതിനെക്കുറിച്ച് പലവട്ടം സംസാരിച്ചു. എങ്കിലും എവിടെ അയക്കണമെന്ന കാര്യത്തില്‍ ഒരു തീരുമാനവുമുണ്ടായില്ല. അക്കാലത്ത് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കായി ചില ദിക്കുകളില്‍ നടത്തപ്പെട്ടിരുന്ന പള്ളിക്കൂടങ്ങളെക്കുറിച്ച് കൃഷ്ണന്‍വൈദ്യര്‍ക്ക് കേട്ടറിവുണ്ടായിരുന്നു. പക്ഷേ ഓരോരോ കാരണങ്ങളാല്‍ അവയൊന്നും സ്വീകാര്യമായിത്തോന്നിയില്ല. അങ്ങനെ യിരിക്കുമ്പോഴാണ് തുണ്ടത്തിലാശാന്‍ എന്നറിയപ്പെട്ടിരുന്ന കൊ ച്ചുരാമന്‍ വൈദ്യര്‍ (എം. ഗോവിന്ദന്‍ ജഡ്ജിയുടെ മാതുലന്‍) സംസ്‌കൃതത്തില്‍ ഉപരിപഠനം നടത്തുന്നതിനായി പുതുപ്പള്ളിയിലെ കുമ്മമ്പള്ളി രാമന്‍പിള്ളയാശാന്റെ പള്ളിക്കൂടത്തിലാണ് പോയിരുന്നതെന്ന വിവരം കൃഷ്ണന്‍വൈദ്യര്‍ അറിഞ്ഞത്.
കുമ്മമ്പള്ളി രാമന്‍പിള്ളയാശാനെപ്പറ്റി കൃഷ്ണന്‍വൈദ്യരും ധാരാളം കേട്ടിട്ടുണ്ടായിരുന്നു. മഹാപണ്ഡിതന്‍, ഗ്രന്ഥകര്‍ത്താവ്, സാത്വികനായ ആചാര്യന്‍, സര്‍വാദരണീയന്‍. വര്‍ക്കല സ്ഥലമാഹാത്മ്യം കിളിപ്പാട്ട്, പ്രബോധചന്ദ്രോദയം നാടകം, സുഭദ്രാഹരണം ഓട്ടന്‍തുള്ളല്‍, ബാലപ്രമോദാമൃതം, പട്ടണത്ത്പിള്ളയാര്‍പ്പാട്ട്, കാദംബരീകഥാസാരം തുടങ്ങിയ കൃതികളിലൂടെ തിരുവിതാംകൂറിലെങ്ങും അറിയപ്പെട്ടിരുന്ന രാമന്‍പിള്ളയാശാന്റെ അടുക്കല്‍ത്തന്നെ ഉപരിപഠനത്തിനായി നാണുവിനെ അയക്കാന്‍ വൈദ്യരും മാടനാശാനും ഒടുവില്‍ തീരുമാനിച്ചു. ആ വിവരമറിഞ്ഞപ്പോള്‍ നാണുവിനും സന്തോഷമായി. ആശാനെക്കുറിച്ചും ആശാന്റെ കൃതികളെക്കുറിച്ചും നാണു അതിനകം തന്നെ കേട്ടിട്ടുണ്ടായിരുന്നു.
നാണു പുതുപ്പള്ളിയിലേക്കു പോകുന്നുവെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ സത്യത്തില്‍ കുട്ടിയമ്മയ്ക്ക് വലിയ സങ്കടമുണ്ടായി. കുടുംബത്തില്‍ ആകെയുള്ള ആണ്‍തരിയാണ്. തന്റെ കടിഞ്ഞൂല്‍ സന്താനം. പഠിപ്പിനു പോയാല്‍ അടുത്തൊന്നും സ്വഗൃഹത്തിലേക്ക് മടങ്ങിവരാനാവില്ലെന്നോര്‍ത്തപ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
നാണു തന്നെ മാതാവിനെ സമാധാനിപ്പിച്ചു.
ഉപരിപഠനത്തിനായി പോകുന്നതിനുള്ള ദിവസമെത്തി. നാണുവിന് പ്രത്യേകിച്ചൊരു തയ്യാറെടുപ്പുമുണ്ടായിരുന്നില്ല. പുറമേയ്ക്കു ആരോടും യാത്ര പറയാനും ഉണ്ടായിരുന്നില്ല. ഒരു ദേശസഞ്ചാരത്തിനു പുറപ്പെടുന്നതുപോലെ നാണു പുസ്തകങ്ങളടങ്ങുന്ന ഒരു സഞ്ചിയും തോളത്തുതൂക്കി വയല്‍വാരം വീടിന്റെ പടികളിറങ്ങി. അത്യാവശ്യം വേണ്ടുന്ന സാധനങ്ങളും വസ്ത്രങ്ങളും അടക്കം ചെയ്ത ചെറിയ ഒരു ട്രങ്ക് മാടനാശാന്‍ എടുത്തു നാണുവി ന്റെ കൈയ്യില്‍ കൊടുത്തു. കുട്ടിയമ്മ മണയ്ക്കല്‍ ഭഗവതിയെ മനസ്സില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടു നിന്നു.
നാണുവിന് അന്ന് ഇരുപത്തിയൊന്നു വയസ്സായിരുന്നു. പു തുപ്പള്ളിയിലേക്കു യാത്ര പുറപ്പെട്ട നാണുവിന്റെ കൈയ്യിലേക്ക് അമ്മാവന്‍ കൃഷ്ണന്‍വൈദ്യര്‍ കീശയില്‍ നിന്നും കുറച്ചു പണം എടുത്തു കൊടുത്തിട്ട് ഇപ്രകാരം പറഞ്ഞു.
”ഇത് നാണുവിന്റെ കൈയ്യിലിരിക്കട്ടെ. പുതിയ സ്ഥലത്ത് എന്തെങ്കിലും ആവശ്യമുണ്ടായാല്‍ അതിന് ഈ പണം ഉപകരിക്കും.”
ഒരു ചെറിയ പുഞ്ചിരിയോടെ നാണു ആ പണം അമ്മാവനെത്തന്നെ തിരികെ ഏല്പിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു.
”അവിടെ എനിക്കു പണത്തിന്റെ ആവശ്യം വരികയില്ല.”
കൃഷ്ണന്‍വൈദ്യര്‍ ഒരിക്കല്‍ക്കൂടി നിര്‍ബന്ധിച്ചപ്പോള്‍ നാണു അമ്മാവന്റെ കരം ഗ്രഹിച്ചുകൊണ്ട് ഇത്രയുംകൂടി പറഞ്ഞു.
”അമ്മാവന്‍ ഒരേ സമയം എന്നോടും പണത്തോടും രണ്ടിനോടും വേര്‍പെടുന്നത് യുക്തമല്ല.”
നാണു പറഞ്ഞതിന്റെ പൊരുളെന്തെന്ന് കൃഷ്ണന്‍വൈദ്യര്‍ക്ക് തീര്‍ത്തും ഗ്രഹിക്കുവാനായില്ല. എങ്കിലും ആലോചിച്ചപ്പോള്‍ ധനത്തോടും ബന്ധത്തോടുമുള്ള വേര്‍പെടല്‍ ഒരേ നേരമുണ്ടാകുന്നത് ലൗകികജീവിതം നയിക്കുന്നവര്‍ക്ക് അത്ര ഭൂഷണമല്ല എന്ന പൊരുളാണ് തെളിഞ്ഞുവന്നത്.