അവര്‍ക്കു ഈശ്വരന് കൊടുത്തതല്ലല്ലോ?
പ്രായമേറിയവരോടെല്ലാം നാണു വളരെ ആദരവോടെയാണ് പെരുമാറിയിരുന്നത്. തൊഴിലോ ജാതിയോ ധനസ്ഥിതിയോ നോക്കി അവരെ ഒരു സന്ദര്‍ഭത്തില്‍പോലും നാണു തരംതിരിച്ചു കണ്ടിരുന്നില്ല. എല്ലാവരും നാണുവിനു ഒരുപോലെയായിരുന്നു. അതുകൊണ്ടുതന്നെ നാണുവിന്റെ പെരുമാറ്റം ആരിലും മതിപ്പുഉളവാക്കുന്നതായിരുന്നു.
പാടത്തും പറമ്പിലുമൊക്കെ വേല ചെയ്യുന്നവരില്‍ പ്രായമുള്ളവരെ നാണു സഹായിക്കുക പതിവായിരുന്നു. ദാരിദ്ര്യം കൊണ്ടു കഷ്ടപ്പെടുന്നവര്‍ക്ക് നെല്ലും തേങ്ങായും കൊടുക്കുവാനും നാണു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പഠിപ്പില്ലാത്ത ദിവസങ്ങളില്‍ വേലക്കാരെ നോക്കാനും വേലയില്‍ കളവു കാണിക്കുന്നവരെ കണ്ടെത്താനും നാണുവിനെയാണ് മാടനാശാന് കൃഷിയിടത്തേക്ക് അയച്ചിരുന്നത്. എന്നാല്‍ അതിലൊന്നിലും നാണുവിനു താ ത്പര്യമുണ്ടായിരുന്നില്ല. വേലക്കാര്‍ പണിയെടുക്കുന്ന നേരങ്ങളില്‍ നാണു അവരെയും നോക്കി നില്‍ക്കാതെ നാട്ടുവഴികളില്ക്കൂടി വെറുതെ ചുറ്റിക്കറങ്ങുക പതിവായിരുന്നു. ഒരു ദിവസം അത്തരമൊരു നടപ്പിനിടയില്‍ ഒരു കുടിലില്‍ നിന്നും കനത്ത പുകച്ചുരുളുകള്‍ ഉയരുന്നതു നാണു കാണുവാനിടയായി.
നാണു വേഗം നടന്ന് ആ കുടിലിന്റെ മുറ്റത്തെത്തി. അവിടെയെങ്ങും ആരേയും കാണാനുണ്ടായിരുന്നില്ല. വിളിച്ചു നോക്കിയിട്ടും അവിടെ ആളനക്കമുള്ളതായി തോന്നിയില്ല. നാണു പതുക്കെ മണ്ണുകൊണ്ടുണ്ടാക്കിയിട്ടുള്ള തിണ്ണയിലേക്കു കയറി. കെട്ടും പൂട്ടുമില്ലാത്ത പനമ്പിന് വാതിലിന്റെ പഴുതിലൂടെ ഉള്ളിലേക്കു നോക്കി.
അടുപ്പിലിരിക്കുകയായിരുന്ന കൊച്ചു മണ്കലത്തില് നിന്നും തിളച്ചു മറിയുന്ന കഞ്ഞി കവിഞ്ഞ് ആ കലത്തിനു ചുറ്റാകെ ഒഴുകിയിറങ്ങുന്നത് നാണു കണ്ടു. ആ അടുപ്പിലെ തീ പടര്‍ന്ന് പാതാമ്പുറത്ത് അടുക്കിവച്ചിരിക്കുന്ന വിറകുകൊള്ളികളിലേക്കു പിടിച്ചിരിക്കുന്നതും കണ്ടു. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ആ കഞ്ഞി മുഴുവനും അടുപ്പിലേക്കു തൂവിപ്പോകും. തന്നെയുമല്ല വിറകുകൂട്ടത്തിനു തീ പിടിച്ചാല്‍ ഓലകൊണ്ടുണ്ടാക്കിയിട്ടുള്ള ആ കുടിലാകെ നിമിഷനേരം കൊണ്ട് ചാമ്പലായിത്തീരുകയും ചെയ്യും.
പിന്നെ നാണു യാതൊന്നും ആലോചിച്ചില്ല. കതക് തള്ളിത്തുറന്നു. പുകച്ചുരുളുകള്‍ വകവെയ്ക്കാതെ അടുപ്പില്‍ നിന്നും തൂവിയിറങ്ങിയ കഞ്ഞിക്കലം താഴെയിറക്കിവച്ചു. ഓലച്ചുവരിനടുത്തിരുന്ന ഒരു മണ്‍ചട്ടിയിലെ വെള്ളമെടുത്തു കുടഞ്ഞു വിറകിലേക്കു പടര്‍ന്നിരുന്ന തീയുമണച്ചു.
”ഹാവു”… നാണു നെടുവീര്‍പ്പിട്ടു.
പുകയേറ്റിട്ട് കണ്ണില്‍ നിന്നും മൂക്കില്‍ നിന്നുമൊക്കെ വെള്ള മൊലിച്ചിറങ്ങിയെങ്കിലും നാണുവിനു എന്തെന്നി ല്ലാത്ത ആശ്വാസവും സന്തോഷവുമുണ്ടായി. ഈ നേരത്തു താന്‍ ഇതുവഴി വന്നില്ലായിരുന്നെങ്കില്‍ വേലയും കഴിഞ്ഞ് മടങ്ങിയെത്തുന്ന ആ സാധുക്കള്‍ക്ക് കുടിക്കാന്‍ ഒരിറ്റു കഞ്ഞിയോ കിടക്കാന്‍ കുടിയോ ഉണ്ടാകുമായിരുന്നില്ല. ഒക്കെ കത്തി ചാമ്പലായിപ്പോകുമായിരുന്നു…..
ആ കുടിലിന്റെ കതക് പഴയപടി ചാരിവച്ചിട്ട് നാണു പുറത്തിറങ്ങി. അതാകട്ടെ അതുവഴി വന്ന ഒരാള്‍ കണ്ടു. അയാള്‍ തെല്ല് അമ്പരപ്പോടെ നാണുവിനോടു ചോദിച്ചു.
”നാണുവിന് ഈ പുലയക്കുടിയിലെന്താ കാര്യം? തീണ്ടലും തൊടീലുമൊക്കെ മാടനാശാന്റെ മകന് വേണ്ടെന്നായോ? ഒക്കെ അശുദ്ധമാക്കിയല്ലോ?”
”കുടിക്കാനും കിടക്കാനുമുള്ളത് നശിക്കാതെ നോക്കുന്നതെങ്ങനെ അശുദ്ധമാകും? ”
നാണുവിന്റെ മറുചോദ്യം കേള്‍ക്കാന്‍ നില്‍ക്കാതെ അയാള്‍ ധൃതിയില്‍ നടന്നുപോയി. പോകുന്ന വഴിക്ക് കണ്ടവരോടെല്ലാം അതും പറഞ്ഞുപറഞ്ഞാണ് പോയത്. അങ്ങനെ ആ വിവരം മാടനാശാന്റെ കാതിലുമെത്തി. അഭിമാനിയായിരുന്ന ആശാന് അത് വലിയ മാനക്കേടായിത്തോന്നി.
വയല്വാരത്തെത്തിയ മാടനാശാന് നാണുവിനെ വീട്ടിനകത്തുനിന്നും പുറത്തേക്കു വിളിച്ചിറക്കി. ആശാന്റെ നോട്ടത്തിലും ശബ്ദത്തിലുമുള്ള പന്തികേട് നാണു ഊഹിച്ചറിഞ്ഞു.
”നാണു നീയിന്ന് ഒരു പുലയക്കുടിയില്‍ കയറിയോ?”
ദേഷ്യവും സങ്കടവും കൊണ്ട് ആശാന്റെ കണ്ഠമിടറി യിരുന്നു.
”ഉവ്വ്. ഞാനാ നേരത്ത് അതിനുള്ളില്‍ കടന്നില്ലായിരുന്നെങ്കില്‍ ആ സാധുക്കള്‍ക്കു ഇന്നു കുടിക്കാനുള്ള കഞ്ഞി മുഴുവനും തിളച്ചുതൂവി പോകുമായിരുന്നു. അടുപ്പില്‍ നിന്നു പടര്‍ന്ന തീയില്‍പ്പെട്ട് ആ കുടിലാകെ ചാമ്പലായിത്തീരുകയും ചെയ്യുമായിരുന്നു. കഷ്ടം, കുടിക്കാനും കിടക്കാനുമുള്ളതെല്ലാം നഷ്ടപ്പെട്ടാല്‍ അവര്‍ എവിടേക്കു പോകും? അവര്‍ക്കും നമുക്കും ഒരേ ഈശ്വരന് തന്നെയല്ലേ അന്നവസ്ത്രാദികളൊക്കെയും മുട്ടാതെ തന്നു രക്ഷിക്കുന്നത്” നാണു പറഞ്ഞു.
”എങ്കിലും അയിത്തമുള്ളവരല്ലേ നാണൂ അവരൊക്കെ?” മാടനാശാന് ആശങ്കപ്പെട്ടു.
”അതവര്‍ക്ക് ഈശ്വരന് കൊടുത്തതല്ലല്ലോ.”
നാണുവിന്റെ ആ വാക്കുകള്‍ മാടനാശാന്റെ കാതിലല്ല ഹൃദയത്തിലാണ് തറച്ചത്.