നല്ല ഇടയന്
നാണു മരക്കൊമ്പിലിരുന്നു വായന നടത്തുമ്പോള്‍ കന്നുകാലികള്‍ സ്വതന്ത്രമായി മേഞ്ഞു നടക്കും. വായന കഴിഞ്ഞു നാണു ചിന്തയിലാകുമ്പോള്‍ മേഞ്ഞുകഴിഞ്ഞ കാലികള്‍ അയവിറക്കിക്കിടക്കും. ഇടയ്ക്കെപ്പോഴെങ്കിലും നാണു ഒന്നോ രണ്ടോ കന്നുകാലികളുടെ പേരുകള്‍ ഉറക്കെ വിളിക്കും. ആ വിളിശബ്ദം കേള് ക്കുന്ന മാത്രയില്‍ത്തന്നെ എവിടെ നിന്നാലും ആ കന്നുകാലികള്‍ ഒരു പ്രത്യേകശബ്ദം പുറപ്പെടുവിക്കും. അങ്ങനെ തന്റെ വിളിപ്പാടിനകലേയ്ക്ക് അവ പോയിട്ടില്ലെന്ന് നാണു ഉറപ്പു വരുത്തുമായിരുന്നു.
വയല്‍വാരത്തെ കന്നുകാലികള്‍ക്ക് നാണുവിന്റെ മണവും ശബ്ദവും വളരെ പ്രിയമായിരുന്നു. നാണുവിനെ കണ്ടാലോ നാ ണുവിന്റെ ഒച്ച കേട്ടാലോ അവ തലയാട്ടിയും കൈകാലുകള്‍ ഇളക്കിയും പ്രത്യേക ശബ്ദമുണ്ടാക്കിയും തങ്ങളുടെ ഇഷ്ടം അറിയിക്കുക പതിവാണ്. നാണുവിന്റെ തലോടല്‍ ഏല്‍ക്കുവാനുള്ള അവയുടെ വെമ്പല്‍ പറഞ്ഞറിയിക്കാനാവുന്നതല്ല.
നാണു അവിടുത്തെ കന്നുകാലികള്‍ക്കെല്ലാം ഓരോരോ പേരുകള്‍ ഇട്ടിരുന്നു. ഓരോ പേരു വിളിക്കുമ്പോഴും അവയുടെ സ്നേഹപ്രകടനങ്ങള്‍ ഒന്നു കാണേണ്ടതുതന്നെയാണ്. നാണു അടുത്തു ചെന്ന് ഓരോന്നിന്റെയും തലയിലും ചെവിയിലുമൊക്കെ തലോടി ഓരോരോ കൊച്ചുകൊച്ചു കാര്യങ്ങള്‍ പറയും. അവയൊക്കെ കേട്ടു മനസ്സിലായെന്നപോലെ ആ കന്നുകാലികള്‍ തലകുലുക്കുമ്പോള്‍ നാണു ചിരിക്കുകയും വാത്സല്യത്തോടെ മുത്തമിടുകയും ഒക്കെ ചെയ്യുമായിരുന്നു.
നാണുവിനു കന്നുകാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്നത് വലിയ ഇഷ്ടമായിരുന്നു. പക്ഷേ ഒന്നിന്റെയും കയറില്‍ നാണു പിടിക്കുമായിരുന്നില്ല. കയറെല്ലാം അതാതിന്റെ കഴുത്തില്‍തന്നെ ചുറ്റിവയ്ക്കുകയേയുള്ളൂ. നാണുവിന്റെ വകയായി യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. ചിലപ്പോള്‍ വയല്‍വാരത്തെ കന്നുകാലികള്‍ക്കൊപ്പം അയല്‍പ്പക്കത്തെ കന്നുകാലികള്കൂടി കൂട്ടത്തില്‍ ചേരാറുണ്ടായിരുന്നു. പക്ഷേ നാണുവിന് ഇത് നമ്മുടേതെന്നോ അത് അവരുടേതെന്നോ ഉള്ള ഭേദമുണ്ടായിരുന്നില്ല. പരിചരണവും സ്നേഹവും എല്ലാം ഒരുപോലെതന്നെയായിരുന്നു.
നല്ല പുല്ലുകള്‍ വളര്‍ന്നു കിടക്കുന്ന മേടുകളിലോ സമതലങ്ങളിലോ അവകളെ സ്വതന്ത്രമായി മേയുവാന്‍ വിടും. എന്നിട്ട് നാണു അവിടെയുള്ള ഏതെങ്കിലുമൊരു മരത്തില്‍ കയറി ഇരിക്കും. ആ ഇരുപ്പിലിരുന്നു ദിവാസ്വപ്നങ്ങള്‍ കാണും. മറ്റു ചിലപ്പോള്‍ പാണിനിയുടെ സിദ്ധാന്തകൗമുദി വായിച്ചു പഠിക്കും. വിഷയത്തിന്റെ കാഠിന്യംമൂലം പലരും ഇടയ്ക്കു വച്ചു നിറുത്തിപ്പോകുന്ന ഗ്രന്ഥമാണ് സിദ്ധാന്തകൗമുദിയെന്നു പില്ക്കാലത്ത് ഗുരുദേവന് പറഞ്ഞിട്ടുണ്ട്. ശ്രദ്ധയോടെ പഠിച്ചാല്‍ അത്രയും പ്രയോജനമുള്ള ഒരു ഗ്രന്ഥമാണ് അതെന്നും അവിടുന്നു മൊഴിഞ്ഞിരുന്നു.
നാണു മരക്കൊമ്പിലിരുന്നു വായന നടത്തുമ്പോള്‍ കന്നുകാലികള്‍ സ്വതന്ത്രമായി മേഞ്ഞു നടക്കും. വായന കഴിഞ്ഞു നാണു ചിന്തയിലാകുമ്പോള്‍ മേഞ്ഞുകഴിഞ്ഞ കാലികള്‍ അയവിറക്കിക്കിടക്കും. ഇടയ്ക്കെപ്പോഴെങ്കിലും നാണു ഒന്നോ രണ്ടോ കന്നുകാലികളുടെ പേരുകള്‍ ഉറക്കെ വിളിക്കും. ആ വിളിശബ്ദം കേള് ക്കുന്ന മാത്രയില്‍ത്തന്നെ എവിടെ നിന്നാലും ആ കന്നുകാലികള്‍ ഒരു പ്രത്യേകശബ്ദം പുറപ്പെടുവിക്കും. അങ്ങനെ തന്റെ വി ളിപ്പാടിനകലേയ്ക്ക് അവ പോയിട്ടില്ലെന്ന് നാണു ഉറപ്പു വരുത്തുമായിരുന്നു.
വിശപ്പ് അധികമായിത്തോന്നിയാല്‍ നാണു താഴെയിറങ്ങി ഔഷധഗുണമുള്ള ചില പ്രത്യേക ചെടികളുടെ പച്ചിലകള്‍ ചവച്ച് അതിന്റെ ചാറിറക്കും. പലപ്പോഴും അത്തരം ഇലകളുടെ ചെറിയൊരു ശേഖരം തന്നെ നാണുവിന്റെ മടിയിലുണ്ടാവുക പതിവായിരുന്നു. സൂര്യന് ചക്രവാളത്തിലേക്കു ചായുന്ന നേരമാകു മ്പോള്‍ കാലികളുമായി നാണു വയല്വാരത്തേക്ക് മടക്കമാവുകയും ചെയ്യുമായിരുന്നു.