ഉപരിപഠനത്തിനുള്ള നിമിത്തം
”കടുത്ത വസൂരിരോഗം പിടിപെട്ട ഒരാള്‍ എത്ര ധൈര്യവാനായാല്‍പ്പോലും ഹിംസ്രജന്തുക്കളുടെ സ്ഥിരവാസംകൊണ്ട് ഭയം ജനിപ്പിക്കുന്ന വിജനമായൊരു സ്ഥലത്ത് രാവും പകലുമായി ഇത്രയേറെ ദിനങ്ങള്‍ ഒറ്റയ്ക്ക് താമസിക്കുവാന്‍ ധൈര്യപ്പെടുമോ? അതും മരുന്നും ഭക്ഷണവും പരിചരണവും വേണ്ടനിലയിലില്ലാതെ തന്നെ?” വൈദ്യര്‍ പറഞ്ഞതുവച്ച് ചിന്തിച്ചപ്പോള്‍ മാടനാശാനും അങ്ങനെതന്നെ തോന്നി.
കൃഷ്ണന്‍വൈദ്യരുടെ ചിന്ത പ്രധാനമായും തന്റെ ഭാഗിനേയനായ നാണുവിന്റെ ഭാവിയെപ്പറ്റിയായിരുന്നു. ആ പ്രായത്തില്‍ മറ്റാര്‍ക്കുമില്ലാത്ത എന്തൊക്കെയോ സവിശേഷതകള്‍ നാണുവിനുണ്ടെന്ന് പലതുകൊണ്ടും വൈദ്യര്‍ക്കു ബോധ്യപ്പെട്ടിരുന്നു.
”കടുത്ത വസൂരിരോഗം പിടിപെട്ട ഒരാള്‍ എത്ര ധൈര്യവാനായാല്‍പ്പോലും ഹിംസ്രജന്തുക്കളുടെ സ്ഥിരവാസംകൊണ്ട് ഭയം ജനിപ്പിക്കുന്ന വിജനമായൊരു സ്ഥലത്ത് രാവും പകലുമായി ഇത്രയേറെ ദിനങ്ങള്‍ ഒറ്റയ്ക്ക് താമസിക്കുവാന്‍ ധൈര്യപ്പെടുമോ? അതും മരുന്നും ഭക്ഷണവും പരിചരണവും വേണ്ടനിലയിലില്ലാതെ തന്നെ?” വൈദ്യര്‍ പറഞ്ഞതുവച്ച് ചിന്തിച്ചപ്പോള്‍ മാടനാശാനും അങ്ങനെതന്നെ തോന്നി.
അതിനിടയില്‍ കുട്ടിയമ്മ കൊണ്ടുവച്ച ഇലയപ്പത്തിനും തിളപ്പിച്ചാറ്റിയ വെള്ളത്തിനും അന്നു പതിവില്ലാത്ത സ്വാദുള്ളതായി ഇരുവര്‍ക്കും അനുഭവപ്പെട്ടു.
നാണുവിന്റെ ഭാവിയെപ്പറ്റി മൂവരും വയല്‍വാരത്തെ മണ്‍തിട്ടയിലിരുന്ന് സംസാരിക്കുന്നതിനിടയില്‍ അപരിചിതനായ ഒരാള്‍ ഒരു കത്തുമായി അവിടേക്കു കയറിവന്നു. ആ കത്ത് കൃഷ്ണന്‍ വൈദ്യര്‍ക്കുള്ളതായിരുന്നു. ആകാംക്ഷയോടെ വൈദ്യര്‍ ആ കത്ത് പൊട്ടിച്ചു ആരാണ് അത് അയച്ചിരിക്കുന്നതെന്നു നോക്കി.
”എന്റെ ഒരു മിത്രം പരവൂര്‍ കേശവനാശാന്‍ അയച്ചിരിക്കുന്ന കത്താണിത്” എന്നു പറഞ്ഞുകൊണ്ട് വൈദ്യര്‍ കത്തിലെ ഉള്ളടക്കത്തിലേക്കു കടന്നു. സംസ്‌കൃതത്തിലായിരുന്നു എഴുത്ത്. അ തും പദ്യരൂപത്തില്‍. രണ്ടുമൂന്നാവര്‍ത്തി വായിച്ചിട്ടും സംസ്‌കൃതത്തില്‍ സാമാന്യ പരിചയമുള്ള വൈദ്യര്‍ക്ക് അതിന്റെ പൊരുള്‍ പൂര്‍ണ്ണമായും ഗ്രഹിക്കുവാനായില്ല. അതുകൊണ്ട് നാണു എത്തുന്നതുവരെ വൈദ്യര്‍ വയല്‍വാരത്ത് തന്നെ ഇരുന്നു.
ദേശസഞ്ചാരം കഴിഞ്ഞ് അന്നു നാണു സന്ധ്യയോടെ വയല്‍ വാരത്തെത്തി. അമ്മാവനെ കണ്ടപ്പോള്‍ ചെറുപുഞ്ചിരിയോടെ അടുത്തുചെന്നു വിശേഷങ്ങള്‍ അന്വേഷിച്ചു. വൈദ്യര്‍ തന്റെ കീശയില്‍ നിന്ന് അഞ്ചലാഫീസില്‍ നിന്നും വന്നിരുന്ന ആ കത്തെടുത്തു നാണുവിനുനേരെ നീട്ടി.
”നാണു ഈ കത്തിന്റെ പൊരുള്‍ എന്താണെന്ന് നോക്കിപ്പറയൂ”.
നാണു അമ്മാവന്റെ കൈയ്യില്‍ നിന്നും ആ കത്തു വാങ്ങി വായിച്ചുനോക്കി. ഒറ്റവായനയില്‍ത്തന്നെ യാതൊരു സംശയവും കൂടാതെ അതിന്റെ പൊരുള്‍ വ്യക്തമായും പൂര്‍ണ്ണമായും അമ്മാവനു പറഞ്ഞു കൊടുത്തു.
നാണുവിന്റെ സംസ്‌കൃതഭാഷയിലുള്ള പാണ്ഡിത്യവും പരിജ്ഞാനവും അന്നു വെളിപ്പെട്ടതോടെ വൈദ്യര്‍ അപ്പോള്‍ത്തന്നെ ഒരു കാര്യം നിശ്ചയിച്ചു.
നാണുവിനെ ഉപരിപഠനത്തിന് അയക്കണം. അതിനു യോഗ്യമായ ഒരിടം ഉടന്‍ കണ്ടെത്തണം.
മാടനാശാനും കൃഷ്ണന്‍വൈദ്യരും അതേപ്പറ്റി ഗൗരവമായി ആലോചന തുടങ്ങി.