സംരംഭ വായ്പ :
ഒരു കോടി വരെ
കുറഞ്ഞ പലിശ

ഒരു കോടി രൂപ വരെ അഞ്ച് ശതമാനം പലിശയില്‍ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കുന്നു. ആദ്യത്തെ 5 വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. 10ശതമാനം ആണ് വാര്‍ഷിക പലിശ. ഇതില്‍ മൂന്ന് ശതമാനം സംസ്ഥാന സര്‍ക്കാരും രണ്ട് ശതമാനം കെ.എഫ്.സി.യും വഹിക്കുന്നു എന്നതിനാലാണ് അഞ്ച് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്നത്.

മുഖ്യമന്ത്രിയുടെ സംരഭകത്വ വികസന പരിപാടി ഇപ്പോള്‍ കൂടുതല്‍ ജനകീയമാണ്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. 50 ലക്ഷം രൂപ വരെ ഏഴ് ശതമാനം പലിശക്ക് ലഭ്യമാക്കാനായിരുന്നു തീരുമാനം. ഈ പദ്ധതി പരിഷ്‌കരിച്ച് കൂടുതല്‍ ജനകീയമാക്കിയിരിക്കുകയാണ് ഇപ്പോള്‍. 2021 നവംബര്‍ 5ന് പുതിയ ഉത്തരവ് ഇറങ്ങി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി എഡിഷന്‍-2 എന്നാണ് പുതിയ പദ്ധതിയുടെ പേര്.

പദ്ധതിയുടെ
ആനുകൂല്യങ്ങള്‍

ഒരു കോടി രൂപ വരെ അഞ്ച് ശതമാനം പലിശയില്‍ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കുന്നു. ആദ്യത്തെ 5 വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. 10ശതമാനം ആണ് വാര്‍ഷിക പലിശ. ഇതില്‍ മൂന്ന് ശതമാനം സംസ്ഥാന സര്‍ക്കാരും രണ്ട് ശതമാനം കെ.എഫ്.സി.യും വഹിക്കുന്നു എന്നതിനാലാണ് അഞ്ച് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്നത്.
ടേം ലോണ്‍, വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണ്‍ എന്നിവയില്‍ സംയുക്തമായോ, പ്രത്യേകമായോ വായ്പ ലഭിക്കും.
ഒരു കോടി രൂപയില്‍ കൂടുതല്‍ വായ്പ ആവശ്യമായി വരുന്ന പദ്ധതികള്‍ക്ക് ഒരു കോടി വരെ അഞ്ച് ശതമാനം പലിശയും അതിന് മുകളിലുള്ള തുകക്ക് സാധാരണ കെ.എഫ്.സി. പലിശയും ഈടാക്കുന്നതായിരിക്കും എന്ന നേട്ടവും സംരംഭകര്‍ക്ക് ഉണ്ട്. വായ്പ ഒരു കോടിയില്‍ നിജപ്പെടുത്തുന്നില്ല.
അംഗീകൃത പദ്ധതി ചെലവിന്റെ 90 ശതമാനം വരെ ടേം ലോണ്‍ ആയി ലഭിക്കുന്നതാണ്. ഇതില്‍ ഭൂമിയുടെ വില, പ്രവര്‍ത്തന മൂലധന വിഹിതം എന്നിവ പരിഗണിക്കില്ല.
പ്രവര്‍ത്തന മൂലധനം പരമാവധി 25 ശതമാനം ആയി കണക്കാക്കി, 80 ശതമാനം വരെ പ്രവര്‍ത്തന മൂലധന സമയ വായ്പയായി അനുവദിക്കും.
കുറഞ്ഞ വായ്പാ തുക 5 ലക്ഷവും, ഏറ്റവും കുറഞ്ഞ സംരംഭകന്റെ വിഹിതം 10 ശതമാനവും ആയിരിക്കും.
പരമാവധി ഒരു വര്‍ഷത്തെ മോറട്ടോറിയം ലഭിക്കും. എന്നാല്‍ വായ്പാ തിരിച്ചടവ് 5 വര്‍ഷത്തില്‍ അധികരിക്കാനാവില്ല. 5 വര്‍ഷത്തില്‍ കൂടുതല്‍ ആവശ്യമായി വരുന്ന പദ്ധതികള്‍ പ്രത്യേകമായി പരിഗണിക്കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്.

സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും
അര്‍ഹത

ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും അര്‍ഹതയുണ്ട്. ഉല്പാദനം, വാണിജ്യവത്ക്കരണം, ഉല്പാദനതോത് ഉയര്‍ത്തല്‍ എന്നീ ഘട്ടങ്ങളില്‍ വായ്പ ലഭിക്കും. 5.60 ശതമാനം പലിശ സ്റ്റാര്‍ട്ട് അപ്പുകള്‍ നല്‍കേണ്ടതായി വരും.

നിലവിലുള്ള സ്ഥാപനങ്ങള്‍ക്കും വായ്പക്ക് അര്‍ഹത ഉണ്ടാകും. പുതിയ സംരംഭങ്ങളെയാണ് കൂടുതലായും പ്രതീക്ഷിക്കുന്നത്.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിര്‍വചനത്തില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് അര്‍ഹത.
ഉല്പാദനം തുടങ്ങി 18 മാസം അധികരിക്കാത്ത സംരംഭങ്ങളെ പുതിയ എംഎസ്എംഇ യൂണിറ്റുകളായും, അതിനു മുകളില്‍ വരുന്നവയെ നിലവിലുള്ള സംരംഭങ്ങള്‍ ആയും കണക്കാക്കും.
നിലവിലുള്ള എംഎസ്എംഇകള്‍ക്ക് വികസനം/ആധുനികവല്‍ക്കരണം/വൈവിധ്യവവല്‍ക്കരണം എന്നീ ആവശ്യങ്ങള്‍ക്കാണ് വായ്പ ലഭിക്കുക.
ബാര്‍ ഹോട്ടല്‍, മെറ്റല്‍ക്രഷര്‍, സിനിമ, സീരിയല്‍, കച്ചവടം, ട്രാന്‍സ്പോര്‍ട്ട്, ഫിഷിംഗ്, ഫാമിംഗ്, റിയല്‍എസ്റ്റേറ്റ് എന്നിവയ്ക്ക് വായ്പ ലഭിക്കില്ല.
സംരംഭകന്റെ യോഗ്യതകള്‍
പ്രായം 50ല്‍ താഴെ ആയിരിക്കണം എന്‍.ആര്‍.കെ, എസ്,സി,എസ്,ടി, സ്ത്രീകള്‍ എന്നിവയ്ക്ക് 55 വരെ ആകാവുന്നതാണ്.
സ്ഥിരം ജോലിക്കാരന്‍ ആയിരിക്കരുത്.
എല്ലാ അംഗങ്ങളുടെയും കെ.വൈ.സി. മികച്ചതായിരിക്കണം. 650-ല്‍ കുറയാത്ത സിബില്‍സ്‌കോര്‍ വേണം.

പരിശീലനം

പുതുസംരംഭകര്‍ക്ക് പരിശീലനം നിര്‍ബന്ധമാണ്. 5 ദിവസത്തെ സംരംഭകത്വ പരിശീലനമാണ് ഇപ്പോള്‍ നല്‍കി വരുന്നത്. വായ്പ അനുവദിക്കുന്നതിന് ഇത് ഒരു മാനദണ്ഡമല്ല എങ്കിലും വായ്പ അനുവദിച്ച് കഴിഞ്ഞ് 3 മാസത്തിനുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണമെന്നും പദ്ധതിയില്‍ പറയുന്നുണ്ട്. കെ.എഫ്.സി സംസ്ഥാന തലത്തില്‍ ഓണ്‍ലൈന്‍ പരിശീലനം ഏര്‍പ്പാടാക്കും.

സെക്യൂരിറ്റിയും
സബ്സിഡിയും

വായ്പയ്ക്ക് സെക്യൂരിറ്റി നല്‍കണം. പ്രാഥമിക ആസ്തികള്‍, വായ്പ ഉപയോഗിച്ച് സമ്പാദിക്കുന്ന ആസ്തികള്‍, കിട്ടാനുള്ളവ, വ്യക്തിപരമായ ഗ്യാരണ്ടി, കൊലാറ്ററല്‍ സെക്യൂരിറ്റി, എഫ്.ഡി/ ഇന്‍ഷുറന്‍സ് പോളിസി/കടപത്രങ്ങള്‍ എന്നിവ സെക്യൂരിറ്റിയായി സ്വീകരിക്കും.
ഈ സ്‌ക്രീം പ്രകാരം സബ്സിഡി ഒന്നും പറയുന്നില്ല. എന്നിരുന്നാലും എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീം, നോര്‍ക്ക് റൂട്സ് പദ്ധതി എന്നിവ പ്രകാരമുള്ള സബ്സിഡികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കും. വ്യവസായ വകുപ്പ് നടപ്പാക്കി വരുന്ന ഇഎസ്എസ് പ്രകാരമുള്ള സബ്സിഡി ആനുകൂല്യങ്ങള്‍ തങ്ങളുടെ ഗുണഭോക്താക്കള്‍ക്ക് കെ.എഫ്.സി നേരിട്ട് വാങ്ങിയാണ് നല്‍കുന്നത്.

ജില്ലാ ഓഫീസുകളുമായി
ബന്ധപ്പെടാം

സംരംഭകര്‍ കെ.എഫ്.സിയുടെ ജില്ലാ/മേഖലാ ഓഫീസുകളുമായി ബന്ധപ്പെടുന്നത് നന്നായിരിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ എടുക്കുകയാണ് വേണ്ടത്. ഇതിനായി ബ്രാഞ്ചുകള്‍ സഹായിക്കും. www.kfc.org എന്ന സൈറ്റില്‍ നിന്നും നേരിട്ടും ഓണ്‍ലൈനായും രജിസ്ട്രേഷന്‍ എടുക്കാം.

Author

Scroll to top
Close
Browse Categories