വെജിറ്റബിള്‍ വിഭവങ്ങൾ

മിക്സഡ്
വെജിറ്റബിള്‍ കറി

ചേരുവകള്‍:
പാലക് ചീര വാട്ടി അരച്ചത് – ഒരു കപ്പ്, കോളിഫ്ളവര്‍- ഒരുകപ്പായി അടര്‍ത്തിയത്. ബീന്‍സ് ചെറുതായരിഞ്ഞത് – ഒരു കപ്പ്, ക്യാരറ്റ് – ഒരു കപ്പ്, ഗ്രീന്‍പീസ് – അര കപ്പ്, ക്രീം/പാല്‍പ്പാട -രണ്ട്കപ്പ്, ബട്ടര്‍/എണ്ണ – മൂന്ന് കപ്പ്, വെളുത്തുള്ളി (ചതച്ചത്)- ആറ് അല്ലി, തക്കാളി – മൂന്നെണ്ണം (പള്‍പ്പാക്കാന്‍), കസൂരിമേത്തി-ഒരു ടീസ്പൂണ്‍, ഗരംമസാലപ്പൊടി – ഒരു ടീസ്പൂണ്‍, കുരുമുളക്പൊടി – കാല്‍കപ്പ്, മല്ലിപ്പൊടി – ഒരു കപ്പ്, കാഷ്മീരി മുളകുപൊടി – അരകപ്പ്, ഉപ്പ്-പാകത്തിന്.

തയ്യാറാക്കുന്ന വിധം:
പാലക് ചീര ഒരു കെട്ട് എടുത്ത് കഴുകി തിളച്ച വെള്ളത്തിലിട്ട് വാട്ടുക, ഇനിയിത് തണുത്തവെള്ളത്തില്‍ ഇട്ടതിനു ശേഷം നന്നായരച്ചു വക്കുക. ഒരു പാനില്‍ ഒരു ടീസ്പൂണ്‍ ബട്ടര്‍ അല്ലെങ്കില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. വെളുത്തുള്ളി ഇട്ട് വറുത്ത് ഇളം ബ്രൗണ്‍ നിറമാക്കുക, മല്ലിപ്പൊടിയും മുളകുപൊടിയും അരകപ്പ് വെള്ളത്തില്‍ ഇട്ട് ഇളക്കി വെളുത്തുള്ളിയ്ക്കൊപ്പം ചേര്‍ക്കുക. വെള്ളം വറ്റുമ്പോള്‍ പാലക് ചീര അരച്ചത് ചേര്‍ത്ത് 20 മിനിറ്റ് വേവിക്കുക. തക്കാളി പള്‍പ്പ് ചേര്‍ത്ത് 10 മിനിറ്റോളം ചെറുതീയില്‍ വയ്ക്കുക. പച്ചക്കറികള്‍ വേവിച്ചു വച്ചത്, കസൂരി മേത്തി, കുരുമുളക്പൊടി, ക്രീം, മിച്ചമുള്ള രണ്ട് ടീസ്പൂണ്‍ ബട്ടര്‍ അല്ലെങ്കില്‍ എണ്ണ, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ചെറുതീയില്‍ അല്പനേരം വച്ചതിന് ശേഷം വാങ്ങുക. രണ്ട് ടീസ്പൂണ്‍ ക്രീം അല്ലെങ്കില്‍ പാല്‍പ്പാട മീതെ ഇട്ട് അലങ്കരിച്ച് വിളമ്പുക.
കുറിപ്പ്: കസൂരി മേത്തി – ഉലുവയില ഉണക്കിയത് കടകളില്‍ നിന്നും ലഭ്യമാണ്.

സ്റ്റഫ് ഡ് ബ്രിഞ്ചാള്‍
ബ്രിഞ്ചാള്‍- കത്തിരിയ്ക്ക

ചേരുവകള്‍:
ചെറിയ കത്തിരിയ്ക്ക – 12 എണ്ണം, സവാള – ഒരെണ്ണം, ക്യാപ്സിക്കം – ഒരെണ്ണം ചെറുതായരിഞ്ഞത്. പച്ചമുളക് – ഒരെണ്ണം (ചെറുതായരിഞ്ഞത്), തക്കാളി – ഒരെണ്ണം (അരി നീക്കി ചെറുതായരിഞ്ഞത്), മല്ലിയില – കുറച്ച് (ചെറുതായരിഞ്ഞത്), വെളുത്തുള്ളി – 6 അല്ലി (ചെറുതായരിഞ്ഞത്), പനീര്‍ – അരകപ്പ്, (ചെറുസമചതുരക്കഷ്ണങ്ങള്‍), ചീസ് ഗ്രേറ്റ് ചെയ്തത് – രണ്ട് ടേബിള്‍സ്പൂണ്‍, തക്കാളി കെച്ചപ്പ് – രണ്ട് ടീസ്പൂണ്‍, മുളകുപൊടി – ഒരു ടീസ്പൂണ്‍, ഉപ്പ്- പാകത്തിന്, എണ്ണ – വറുക്കാന്‍

തയ്യാറാക്കുന്ന വിധം:
കത്തിരിയിക്ക ഓരോന്നും രണ്ടായി മുറിക്കുക, (കപ്പ് പോലെ) ഇനി ഇവയുടെ ഉള്‍വശം ചൂഴ്ന്ന് മാറ്റു, (സ്‌കൂപ്പ് ചെയ്യുക), എണ്ണയില്‍ ഇട്ട് വറുത്ത് കോരുക. അല്പം എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി വെളുത്തുള്ളിയും സവാളയും അരിഞ്ഞതിട്ട് വറുത്ത് സുതാര്യമാക്കുക. ചൂഴ്ന്ന് മാറ്റിയ കത്തിരിയ്ക്കാ ഭാഗം ചെറുതായരിഞ്ഞ് ഇതില്‍ ചേര്‍ക്കുക. രണ്ട് മിനിറ്റ് വേവിക്കുക, തക്കാളി അരിഞ്ഞത്, ക്യാപ്സിക്കം എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് വഴറ്റുക, പനീര്‍, ഉപ്പ്, മുളകുപൊടി, തക്കാളി കെച്ചപ്പ്, മല്ലിയില എന്നിവ ചേര്‍ത്തിളക്കുക. ഫില്ലിംഗ് തയ്യാര്‍, കത്തിരിയ്ക്കാ കപ്പുകള്‍ ഈ ഫില്ലിംഗ് കൊണ്ട് നിറച്ച് മീതെ ചീസ് ഗ്രേറ്റ് ചെയ്തത് വിതറി വിളമ്പുക,

ചില്ലി പനീര്‍

ചേരുവകള്‍:
പനീര്‍ -200 ഗ്രാം, ക്യാപ്സിക്കം -രണ്ടെണ്ണം (ഒരു ഇഞ്ച് സമചതുരക്കഷ്ണങ്ങള്‍), സവാള – രണ്ടെണ്ണം (ഒരു ഇഞ്ച് സമചതുരക്കഷ്ണങ്ങള്‍), വെളുത്തുള്ളി – രണ്ട് അല്ലി, മൈദ- രണ്ട് ടേബിള്‍സ്പൂണ്‍, കോണ്‍ഫ്ളോര്‍ – 3 ടേബിള്‍സ്പൂണ്‍ + ഒരു ടീസ്പൂണ്‍, ഇഞ്ചി പൊടിയായരിഞ്ഞത് – ഒരു ടേബിള്‍സ്പൂണ്‍, വെളുത്തുള്ളി – ഒരു ടേബിള്‍സ്പൂണ്‍, തക്കാളി സോസ് – രണ്ട് ടേബിള്‍സ്പൂണ്‍, ചില്ലി സോസ് -ഒരു ടീസ്പൂണ്‍ സോയ സോസ് – അര ടീസ്പൂണ്‍, കുരുമുളകുപൊടി – അര ടീസ്പൂണ്‍, സ്പ്രിംഗ് ഒനിയന്‍ ചെറുതായരിഞ്ഞത് – കുറച്ച്, ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം:
പനീര്‍ ഒരു ഇഞ്ച് സമചതുരക്കഷ്ണങ്ങളാക്കി വക്കുക. മൈദ, കോണ്‍ഫ്ളോര്‍, ഉപ്പ് എന്നിവ ഒരു ചെറുബൗളില്‍ എടുത്ത് കുറച്ചു വെള്ളം ഒഴിച്ചിളക്കി കട്ടിയായ ബാറ്റര്‍ തയ്യാറാക്കുക. ഇതില്‍ കുരുമുളകുപൊടി ഇട്ട് ഇളക്കുക. പനീര്‍ക്കഷ്ണങ്ങള്‍ ഇതില്‍ ഇട്ട് നന്നായിളക്കി പിടിപ്പിച്ച് ചൂടെണ്ണയില്‍ ഇട്ട് വറുത്ത് കേരി വക്കുക. ഒരു പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കി, അതില്‍ ഇഞ്ചി, വെളുത്തുള്ളി, ക്യാപ്സിക്കം എന്നിവയിട്ട് വഴറ്റി മയമാക്കുക. വറുത്ത് വച്ച പനീര്‍ ചേര്‍ക്കുക, അല്പം ഉപ്പും കുരുമുളകുപൊടിയും കൂടി ഈ സ്റ്റേജില്‍ ചേര്‍ക്കാം. മൂന്ന് തരം സോസുകളും ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഒരു ടീസ്പൂണ്‍ കോണ്‍ഫ്ളോറും, രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളവും തമ്മില്‍ ചേര്‍ത്തിളക്കി ഇതില്‍ ചേര്‍ക്കുക. വാങ്ങി വച്ച് സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞതിട്ട് അലങ്കരിച്ച് വിളമ്പുക.

Author

Scroll to top
Close
Browse Categories