ഓണക്കറികള്‍

കൈതച്ചക്ക പച്ചടി

ചേരുവകള്‍: കൈതച്ചക്ക – പകുതി (ഇടത്തരം വലിപ്പമുള്ള ഒന്നിന്റെ), മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍, ഉപ്പ് – പാകത്തിന്, തൈര് – അര കപ്പ്, ചുരണ്ടിയ തേങ്ങ -ഒരു കപ്പ്, പച്ചമുളക് – രണ്ടെണ്ണം, കടുക്-അര ടീസ്പൂണ്‍, ഉലുവ- കാല്‍ ടീസ്പൂണ്‍, എണ്ണ- ഒരു ടീസ്പൂണ്‍, കറിവേപ്പില – ഒരു തണ്ട്, ഉണക്കമുളക് – രണ്ടെണ്ണം (രണ്ടായി മുറിച്ചത്)

തയ്യാറാക്കുന്നവിധം – കൈതച്ചക്കയുടെ തൊലിയും കൂഞ്ഞിയും ചെത്തി ചെറുതായി അരിയുക, ഇത് കഴുകി വാരി ഉപ്പും മഞ്ഞളും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച് വാങ്ങുക. തേങ്ങാ, കാല്‍ ടീസ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ ഒരുമിച്ചാക്കി നന്നായരച്ച് വെന്ത കഷ്ണത്തോടൊപ്പം ചേര്‍ക്കുക. തൈരും കൂടി ചേര്‍ത്തിളക്കി വയ്ക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതില്‍ ഉലുവ, കാല്‍ ടീസ്പൂണ്‍ കടുക്, ഉണക്കമുളക് രണ്ടായി മുറിച്ചത്, ഉതിര്‍ത്ത കറിവേപ്പില എന്നിവയിട്ട് വറുത്ത് കടുക് പൊട്ടുമ്പോള്‍ കറി ഇതിലേക്ക് പകര്‍ന്ന് ഒരു തിള വന്നാല്‍ ഉടന്‍ വാങ്ങുക.

ചക്കമടല്‍ –
ചക്കക്കുരു എരിശ്ശേരി

പച്ചച്ചക്കയുടെ മടല്‍ (മുള്ളു ചെത്തിയത്) 1” സമചതുരക്കഷ്ണങ്ങള്‍ ആയരിഞ്ഞത് – രണ്ട് കപ്പ്, മുരിങ്ങക്ക – ഒരെണ്ണം, ചക്കക്കുരു – 5-8 എണ്ണം, മഞ്ഞള്‍പ്പൊടി – മുക്കാല്‍ ടീസ്പൂണ്‍, ചുരണ്ടിയ തേങ്ങ – ഒന്നേകാല്‍ കപ്പ്+ഒരു ടേബിള്‍സ്പൂണ്‍, വെളുത്തുള്ളി – മൂന്ന് അല്ലി, മുളകുപൊടി – ഒരു ടീസ്പൂണ്‍, കുരുമുളക് – മൂന്നെണ്ണം, കറിവേപ്പില – രണ്ട് തണ്ട്, കടുക്, ഉഴുന്ന് – കാല്‍ ടീസ്പൂണ്‍, എണ്ണ – 3 ടീസ്പൂണ്‍, ഉണക്കമുളക് – രണ്ടെണ്ണം.

മുരിങ്ങക്ക ചുരണ്ടി നീളത്തില്‍ അരിഞ്ഞുവയ്ക്കുക, ചക്കക്കുരുവിന്റെ പുറംതൊലി കളഞ്ഞ് ചുരണ്ടാതെ കാല്‍ ഇഞ്ച് കനത്തില്‍വട്ടത്തിൽ അരിയുക. ചക്കമടലിന്റെ മുള്ള് ചെത്തി ഒരിഞ്ച് വലിപ്പമുള്ള സമചതുരക്കഷ്ണങ്ങള്‍ ആയരിയുക , കാല്‍ ഇഞ്ച് കനവും ഉണ്ടായിരിക്കണം. ഈ കഷ്ണങ്ങള്‍ കഴുകി വാരി ഉപ്പും മഞ്ഞളും വേകാന്‍ പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച് വാങ്ങുക.
തേങ്ങാ, മുളകുപൊടി എന്നിവ തരുതരുപ്പായി അരച്ച് വയ്ക്കുക, ഇതിലേക്ക് ചതച്ച കുരുമുളകും, വെളുത്തുള്ളിയും ഒരു തണ്ട് കറിവേപ്പിലയും ചേര്‍ക്കുക. ഇത് വെന്ത കഷ്ണത്തോടൊപ്പം ചേര്‍ത്തിളക്കി വയ്ക്കുക.
രണ്ട് ടീസ്പൂണ്‍ എണ്ണ ഒരു ചീനച്ചട്ടിയിലൊഴിച്ച് ചൂടാക്കുക, ഇതില്‍ ഒരു ടേബിള്‍സ്പൂണ്‍ തേങ്ങായിട്ട് വറുത്ത് കോരുക ചീനച്ചട്ടിയില്‍ ഒരു ടീസ്പൂണ്‍ എണ്ണ കൂടി ഒഴിച്ച് കടുക്, ഉഴുന്ന്, ഒരു തണ്ട് കറിവേപ്പില ഉതിര്‍ത്തത്, ഉണക്കമുളക് രണ്ടായി മുറിച്ചത് എന്നിവയിട്ട് വറുത്ത് കടുക് പൊട്ടിയാല്‍ കറി ഇതിലേക്ക് ഒഴിച്ച് ഒരു തിള വന്നാല്‍ വാങ്ങാവുന്നതാണ്. വറുത്ത് ബ്രൗണ്‍ നിറമാക്കി തേങ്ങയും ചേര്‍ത്തിളക്കി വിളമ്പുക.

ചേനത്തണ്ട് -ചെറുപയര്‍ തോരന്‍

ചേനത്തണ്ട് – നാലെണ്ണം, ചെറുപയര്‍ – ഒരു കപ്പ് (വേവിച്ചത്), ഉപ്പ് – പാകത്തിന്, മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍, ചുരണ്ടിയ തേങ്ങാ – ഒന്നേകാല്‍കപ്പ്, മുളകുപൊടി – ഒരു ടീസ്പൂണ്‍, ജീരകം – കാല്‍കപ്പ്, വെളുത്തുള്ളി – ഒരു അല്ലി, കടുക്, ഉഴുന്ന് – കാല്‍ ടീസ്പൂണ്‍ വീതം, എണ്ണ – ഒരു ടേബിള്‍സ്പൂണ്‍, ഉണക്കമുളക് – ഒരെണ്ണം (രണ്ടായി മുറിച്ചത്), കറിവേപ്പില – രണ്ട് തണ്ട്,

തേങ്ങാ, ജീരകം, വെളുത്തുള്ളി, മുളകുപൊടി, ഒരു തണ്ട് കറിവേപ്പില എന്നിവ നന്നായി ചതച്ച് വയ്ക്കുക, ചേനത്തണ്ടിന്റെ പുറം ചീകി, കഴുകി, ചെറുതായി അരിയുക, ഇതില്‍ ഉപ്പും മഞ്ഞളും വേകാനാവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച് വാങ്ങുക. ഇതില്‍ അരപ്പിട്ട് ഇളക്കുക. വേവിച്ചു വച്ച ചെറുപയറും ചേര്‍ത്തിളക്കുക.
എണ്ണ ഒരു ചീനച്ചട്ടിയില്‍ ഒഴിച്ച് ചൂടാക്കി ഉഴുന്ന്, കടുക്, ഒരു തണ്ട് കറിവേപ്പില ഇതില്‍ ഉണക്കമുളക് രണ്ടായി മുറിച്ചത് എന്നിവ ചേര്‍ത്ത് വറുത്ത് കടുക് പൊട്ടുമ്പോള്‍ കൂട്ട് ചേര്‍ത്ത് കഷ്ണമിട്ട് ഇളക്കി, ഉലര്‍ത്തി വാങ്ങുക

Author

Scroll to top
Close
Browse Categories