കോൺ വിഭവങ്ങൾ
ആരോഗ്യത്തിന് വളരെ ഉപകാരപ്രദമായ ഒന്നാണ് കോണ്‍. ഇത് ചര്‍മ്മത്തിന്,
ഹൃദയത്തിന്, തിളക്കമുള്ള മുടിക്ക് ഒക്കെ നല്ലതാണ്. മലബന്ധത്തെ അകറ്റുന്നു
ക്ഷീണം കുറയ്ക്കുന്നു. ദഹന സഹായിയാണ്. ഓര്‍മ്മശക്തി ത്വരിതപ്പെടുത്തുന്നു.
രക്തചംക്രമണം പുരോഗമിപ്പിക്കുന്നു. ചില പാചകക്കുറിപ്പുകള്‍ ഇതാ…
കോൺ-പ്രോൺസ്-ചിക്കൻ സൂപ്പ്
ചേരുവകള്‍:
സ്വീറ്റ് കോണ്‍ അടത്തിയത്-ഒന്നര കപ്പ്, കൊഞ്ച്, ഗ്രീന്‍പീസ്- മുക്കാല്‍ കപ്പ് വീതം, ചിക്കന്‍ ബ്രസ്റ്റ് (ക്യൂബുകള്‍)-ഒന്നരകപ്പ് വീതം, ചിക്കന്‍ സ്റ്റോക്ക് -4 കപ്പ് വീതം, ചിക്കന്‍ ടേസ്റ്റ് മേക്കര്‍ ക്യൂബ്- ഒരെണ്ണം, കോണ്‍ഫ്‌ളോര്‍ – രണ്ട് ടേബിള്‍ സ്പൂണ്‍, ഉപ്പ് -പാകത്തിന്.
തയ്യാറാക്കുന്നവിധം:
ഒരു വലിയ പാനില്‍ മൂന്നര കപ്പ് ചിക്കന്‍ സ്റ്റോക്ക് എടുക്കുക. ഇതില്‍ കോണ്‍ അടര്‍ത്തിയത്, കൊഞ്ച്, ചിക്കന്‍ ബ്രസ്റ്റ് ക്യൂബുകള്‍ ആയി നുറുക്കിയത്, ഗ്രീന്‍പീസ് എന്നിവയും ചിക്കന്‍ ടേസ്റ്റ് മേക്കര്‍ ക്യൂബും ചേര്‍ത്ത് അടച്ച് അടുപ്പത്ത് വച്ച് ചെറുതീയില്‍ തിളപ്പിക്കുക, മിച്ചമുള്ള അര കപ്പ് ചിക്കന്‍ സ്റ്റോക്കും, കോള്‍ഫ്‌ളോറും തമ്മില്‍ ചേര്‍ത്ത്, ഇളക്കി സൂപ്പില്‍ ചേര്‍ക്കുക, സൂപ്പ് കുറുകും വരെ ഇളക്കുക, വാങ്ങിവച്ച് ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്തിളക്കി ചൂടോടെ വിളമ്പുക.
കോൺ-മഷ്‌റൂം പൗഡർ
ചേരുവകള്‍:
കോണ്‍ അടര്‍ത്തിയത്- ഒന്നര കപ്പ്, മഷ്‌റൂം അരിഞ്ഞത് -ഒരു കപ്പ്, മീന്‍-ഒരുകപ്പ്, സ്റ്റോക്ക് -ആറ്കപ്പ്, പച്ച ക്യാപ്‌സിക്കം – ഒരെണ്ണം, ചുവപ്പ് ക്യാപ്‌സിക്കം – ഒരെണ്ണം, തക്കാളി -ഒന്ന് (വലുത്), സ്പ്രിംഗ് ഒനിയന്‍ (പച്ച ഇലയോടെ)- രണ്ടെണ്ണം, കോണ്‍ഫ്‌ളോര്‍ – മൂന്ന് ടേബിള്‍സ്പൂണ്‍, പാഴ്‌ലിയില പൊടിയായരിഞ്ഞത് – ഒരു ടേബിള്‍സ്പൂണ്‍, ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്നവിധം:
ക്യാപ്‌സിക്കം വീതിയും കനവും കുറച്ചരിയുക, നീളത്തിലുള്ള കഷ്ണങ്ങളാക്കി വക്കുക, തക്കാളി തിളച്ച വെള്ളത്തില്‍ ഇട്ട് വാട്ടി തൊലി കളഞ്ഞ് ചെറുതായരിയുക. ഒരു പാത്രത്തില്‍ സ്റ്റോക്ക്, മഷ്‌റൂം, കോണ്‍ എന്നിവ എടുത്ത് അടുപ്പത്ത് അല്പനേരം വെക്കുക.
അര കപ്പ് വെള്ളത്തില്‍ കോണ്‍ഫ്‌ളോറിട്ട് ഇളക്കുക. ഇതില്‍ ക്യാപ്‌സിക്കം, തക്കാളി, ഉപ്പ്, മീന്‍ എന്നിവ ചേര്‍ത്ത് തിളപ്പിച്ച്, ഇടയ്ക്ക് ഇളക്കി വാങ്ങുക. എല്ലാം നന്നായി വെന്തിരിക്കണം. സ്പ്രിംഗ് ഒനിയനും പാഴ്‌സലിലയും അരിഞ്ഞതിട്ട് വിളമ്പുക.
കോൺ സലാഡ്
ചേരുവകള്‍:
കോണ്‍ അടര്‍ത്തിയത് -ഒന്നരകപ്പ്, ക്യാരറ്റ് (ഗ്രേറ്റ് ചെയ്തത്) -ഒരെണ്ണം, റാഡിഷ്- (ഗ്രേറ്റ് ചെയ്തത്) ഒന്നര കപ്പ്, മയൊണൈസ് സോസ് – കാല്‍കപ്പ്, തക്കാളി (ചെറുത് ) 15 എണ്ണം, സ്പ്രിംഗ് ഒനിയന്‍ -3 എണ്ണം, സലാഡ് വെള്ളരിക്ക- ഒന്ന് ചെറുത്. ഇഞ്ചി ഗ്രേറ്റ് ചെയ്തത് -ഒരു ടേബില്‍സ്പൂണ്‍, ചില്ലി – ഗാര്‍ളിക് സോസ് – ഒരു ടേബിള്‍ സ്പൂണ്‍, എണ്ണ- ഒരു ടേബിള്‍സ്പൂണ്‍, കുരുമുളക് പൊടി- ഒരുടീസ്പൂണ്‍, ഓമം -ഒന്ന്, ഉപ്പ്-പാകത്തിന്, സലാഡ് ഇല- ആറ് എണ്ണം.
തയ്യാറാക്കുന്നവിധം:
കോണ്‍ ആവിയില്‍ വേവിച്ചെടുക്കുക. ഗ്രേറ്റ് ചെയ്ത റാഡിഷ് പിഴിഞ്ഞ് വെക്കുക. സ്പ്രിംഗ് ഒനിയന്‍ വളയങ്ങളായി അരിഞ്ഞുവെക്കുക. സലാഡ് വെളളരിക്ക ക്യൂബുകള്‍ ആയി അരിയുക. ചെറി ടുമാറ്റൊ (ചെറിയ തക്കാളി) ഓരോന്നും രണ്ടായി മുറിക്കുക സലാഡ് ഇല കഴുകി ഐസ്‌വാട്ടറില്‍ ഇട്ട് മുക്കി അരമണിക്കൂര്‍ വക്കുക.
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഓമം ഇട്ട് വറുക്കുക. പൊട്ടുമ്പോള്‍ റാഡിഷ് ഗ്രേറ്റ് ചെയ്തതിട്ട് ഇളക്കി വറുക്കുക. മീതെ ഉപ്പ് വിതറുക. രണ്ട്-മൂന്ന് മിനിറ്റ് വേവിച്ച ശേഷം വാങ്ങുക
ഒരു വലിയ ബൗളില്‍ കോണ്‍, ക്യാരറ്റ്, റാഡിഷ്, സലാഡ് വെള്ളരിക്ക, സ്പ്രിംഗ്ഒനിയന്‍, ഇഞ്ചി ഗ്രേറ്റ് ചെയ്തത്, ചില്ലി-ഗാര്‍ളിക് സോസ്, കുരുമുളകു പൊടി, മയൊണൈസ് സോസ്, ഓമം എന്നിവ എടുത്ത് പതിയെ ഇളക്കി യോജിപ്പിക്കുക, അടച്ച് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം വിളമ്പുക.
പോപ് കോൺ
ചേരുവകള്‍:
പോപ്പിംഗ്‌കോണ്‍ – അര കപ്പ്, ബട്ടര്‍ -ഒരു ടേബിള്‍സ്പൂണ്‍, ഉപ്പ് -പാകത്തിന്,
തയ്യാറാക്കുന്നവിധം:
കോണ്‍ കുറേശ്ശേയായി ചൂട് പാനില്‍ ഇട്ട് അടച്ച് പൊളിച്ച് എടുക്കുക. ബട്ടറും ഉപ്പും ചേര്‍ത്തിളക്കി കഴിക്കുക.