പോയതെല്ലാം തിരിച്ചുവരുന്നു

ജാതിക്കൊലകളും ജാതിദുരഭിമാന ഹിംസകളും മര്‍ദ്ദനങ്ങളും അനുദിനം ഏറുകയും കാലുകഴുകിച്ചൂട്ടും ബ്രാഹ്മണരുടെ എച്ചില്‍ അമൃതാക്കിയുള്ള ഭോജനവും ഹൈന്ദവേതിഹാസപുരാണ
പട്ടത്താനങ്ങളും ജനങ്ങളുടെ നികുതിപ്പണം പിടുങ്ങി നടമാടുകയുമാണ്. ഹോമങ്ങളും സപ്താഹങ്ങളും പൊടിപൊടിക്കുകയാണ്. ഗുരു ഒരിക്കല്‍ ബ്രാഹ്മണ പൂജയെ നിരാകരിച്ചു പറഞ്ഞ പോലെ പോയതെല്ലാം തിരിച്ചു വരികയായി.

കേരളത്തിലും പാഠപുസ്തകങ്ങളില്‍ ഗുരുവിന്റെ വിമര്‍ശനബോധവും ഭവിഷ്യോന്മുഖവുമായ രചനകളും ചരിത്ര ഭാഷണങ്ങളും പ്രബോധനാത്മക രചനകളും കൂടുതലായി എല്ലാ തലങ്ങളിലും ഉള്‍പ്പെടുത്തേണ്ടതാണ്. ജാതിവിമര്‍ശവും ഹൈന്ദവ ബ്രാഹ്മണിക വിമര്‍ശവും വരുന്ന ജാതിലക്ഷണം, ജാതിനിര്‍ണയം, അനുകമ്പാദശകം, ജീവകാരുണ്യപഞ്ചകം തുടങ്ങിയ രചനകളും ചരിത്രഭാഷണങ്ങളും അടിയന്തിരമായി അക്കാദമിക മാധ്യമ ചര്‍ച്ചകളുടേയും പാഠങ്ങളുടേയും കരിക്കുലത്തിന്റേയും അവശ്യഭാഗങ്ങളാക്കി പുതിയ ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ പഠനങ്ങളും ഗവേഷണ പദ്ധതികളും നടപ്പാക്കേണ്ടതുണ്ട്. ഡോ. ടി. ഭാസ്‌കരന്റെ പഴയ ശ്രീനാരായണവൈഖരിയും പി. കെ. ബാലകൃഷ്ണന്റെ നാരായണഗുരുവും എല്ലാ ഹൈസ്‌കൂള്‍ ക്ലാസുകളിലും ബിരുദ, ബിരുദാനന്തര തലങ്ങളിലും ആധാരപാഠങ്ങളാക്കേണ്ടതുണ്ട്. സാങ്കേതിക വിദ്യ പഠിക്കുന്നവരും ഹ്യൂമാനിറ്റീസില്‍ അതു പഠിക്കട്ടെ. കേരള സര്‍ക്കാരും ഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയും അടിയന്തിരമായി ഇവ അടിച്ചു ജനങ്ങളിലെത്തിക്കണം. മികച്ച ആംഗല വിവര്‍ത്തനങ്ങളും ലോകത്തിനും ഇന്ത്യക്കുമായി നല്‍കണം.

ഗുരുവിന്റെ ജാതിവിരുദ്ധ മാനവികതാ സന്ദേശത്തെ കേരളത്തിലെമ്പാടും പടര്‍ത്തിയ മൂലൂര്‍, കറുപ്പന്‍, സഹോദരന്‍ എന്നീ അടിത്തട്ടില്‍ നിന്നു പോരാടിയുയര്‍ന്നു വന്ന് കേരള സമൂഹത്തെ ജനായത്തവല്‍ക്കരിച്ച അവര്‍ണ കവികളുടെ ജാതിവിരുദ്ധ രചനകളും അടിയന്തിരമായി സര്‍വകലാശാല പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തി സാമൂഹ്യ മാധ്യമ സംവാദങ്ങളാരംഭിക്കേണ്ടതുണ്ട്. ഇവരുടെ രചനകളുടെ ആംഗല വിവര്‍ത്തനങ്ങളും അവശ്യമാണ്. കേരളവും തമിളകവും ഈ കാര്യത്തില്‍ മാതൃക കാട്ടണം. പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ ആധുനികതയുമായി ഇടപെട്ടുകൊണ്ട് ആംഗലവും പാലിയും പഠിച്ച് ഇന്ത്യയിലെ ആദ്യ നവബുദ്ധവാദത്തിലൂടെ തമിഴക നവോത്ഥാനത്തിനും ദ്രാവിഡ ദലിത പ്രസ്ഥാനത്തിനും തുടക്കം കുറിച്ച അയ്യോതി താസ പണ്ഡിതരുടെ രചനകളും എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും പാഠപുസ്തകങ്ങളിലേക്കും അക്കാദമിക മാധ്യമ ചര്‍ച്ചകളിലേക്കും അടിയന്തിരമായി വരേണ്ടതുണ്ട്.. ഗുരു ഭാവന ചെയ്തപോലെ ജാതിമതഭേദങ്ങള്‍ തീണ്ടാത്ത സാഹോദര്യസമഭാവനയുടെ മാതൃകാസ്ഥാനമായി നമുക്കു മാറാം. ഗുരുവരുളിയ പോലെ മനുഷ്യരാവുകയും മനുഷ്യര്‍ നന്നാവുകയും മാത്രമാണു മാര്‍ഗം.

ജാതിക്കൊലകളും ജാതിദുരഭിമാന ഹിംസകളും മര്‍ദ്ദനങ്ങളും അനുദിനം ഏറുകയും കാലുകഴുകിച്ചൂട്ടും ബ്രാഹ്മണരുടെ എച്ചില്‍ അമൃതാക്കിയുള്ള ഭോജനവും യാഗയജ്ഞഹവനങ്ങളും ഹൈന്ദവേതിഹാസപുരാണ പട്ടത്താനങ്ങളും ഗീതാഗിരിശിബിരങ്ങളും ജനങ്ങളുടെ നികുതിപ്പണം പിടുങ്ങി നടമാടുകയുമാണ്. ഹോമങ്ങളും മേല്‍കീഴ് ശാന്തികളും സപ്താഹങ്ങളും പൊടിപൊടിക്കുകയാണ്.
അമിത പ്രാതിനിധ്യ സമഗ്രാധിപത്യ സവര്‍ണ കുത്തക പെരുകുന്നു. ഗുരു ഒരിക്കല്‍ ബ്രാഹ്മണ പൂജയെ നിരാകരിച്ചു പറഞ്ഞ പോലെ പോയതെല്ലാം തിരിച്ചു വരികയായി. സാഹോദര്യവും സാമൂഹ്യ ജനായത്തവുമില്ലാതെ രാഷ്ട്രീയ ജനായത്തം പ്രതിസന്ധിയിലേക്കു നീങ്ങുമെന്ന ഭരണഘടനാ ശില്പിയുടെ മുന്നറിയിപ്പും യാഥാര്‍ഥ്യമാകുന്നു.

ഹൈന്ദവ ബ്രാഹ്മണിക അധീശ ദേശീയവാദത്തില്‍ നിന്നു വിഛേദിച്ച പശ്ചിമേന്ത്യയിലെ ഫൂലേയുടേയും തുടര്‍ന്ന് പ്രുബുദ്ധമായ ഒരു ഭാരത ദേശീയതയെ വിമര്‍ശാത്മകമായി പുനര്‍ നിര്‍മിച്ച അംബേദ് കറുടേയും നവയാന ധാരകളുമായാണ് തെന്നിന്ത്യന്‍ ആധുനികതയും നവോത്ഥാന സംസ്‌കാരവും താരതമ്യങ്ങളുണര്‍ത്തുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടങ്ങുകയും ഇരുപതാം നൂറ്റാണ്ടിലൂടെ വികസിക്കുകയും ചെയ്ത തമിഴകത്തേയും കേരളത്തിലേയും ആധുനികമായ നവോത്ഥാന സംസ്‌കാരം പ്രാചീനമായ പ്രബുദ്ധ ആധാരങ്ങളുള്ളതാണ്. ആധുനിക പാശ്ചാത്യ ഇടപെടലും അധിനിവേശ ആധുനികതയും അത്തരം വീണ്ടെടുപ്പുകളുടെ ഭരണപരവും രാഷ്ട്രീയവുമായ പ്രതലമൊരുക്കി. ഇന്ത്യയുടെ ആധുനിക ജനായത്ത നിര്‍മാണ ഘടനയുടെ നിര്‍മിതിയിലും ജനായത്ത റിപ്പബ്ലിക്കിന്റെ രൂപീകരണത്തിലും യൂറോപ്പിന്റേയും ഏഷ്യയുടേയും ജ്ഞാനോദയ, പ്രബുദ്ധ പാരമ്പര്യങ്ങളുടെ തുടര്‍ച്ചകളും കലര്‍പ്പുകളും മേളനങ്ങളും കാണാം.

ഹൈന്ദവ ബ്രാഹ്മണിക അധീശ ദേശീയവാദത്തില്‍ നിന്നു വിഛേദിച്ച പശ്ചിമേന്ത്യയിലെ ഫൂലേയുടേയും തുടര്‍ന്ന് പ്രുബുദ്ധമായ ഒരു ഭാരത ദേശീയതയെ വിമര്‍ശാത്മകമായി പുനര്‍ നിര്‍മിച്ച അംബേദ് കറുടേയും നവയാന ധാരകളുമായാണ് തെന്നിന്ത്യന്‍ ആധുനികതയും നവോത്ഥാന സംസ്‌കാരവും താരതമ്യങ്ങളുണര്‍ത്തുന്നത്.
ഗുരു തമിഴിലും കാവ്യരചന നടത്തുകയും തിരുക്കുറലുകളുടെ മൊഴിമാറ്റം നടത്തുകയും ചെയ്തു. പാമ്പാട്ടി ചിത്തരുടെ ചിത്ത അഥവാ സിദ്ധ പാരമ്പര്യത്തിലെഴുതിയതാണ് ”പാമ്പാട്ടിച്ചിന്ത്” എന്ന പില്‍ക്കാലത്ത് ”കുണ്ഡലിനി പാട്ട്” എന്ന് പേരിട്ടു പ്രസിദ്ധീകരിക്കപ്പെട്ട രചന. അടിത്തട്ടിലിഴയുന്ന ജനതയോട് ഉയര്‍ത്തെഴുന്നേറ്റ് ആടാനാഹ്വാനം ചെയ്യുന്ന രചനയാണിത്. ജനായത്ത കോവിലായ, മഹനീയമായ പള്ളി പാര്‍ലമെന്റ് പിടിക്കണമെന്ന അംബേ ദ് കറുടെ ജനായത്ത സ്വപ്നവും ഇവിടെ നിര്‍ണായകമാണ്.

ആര്യസമാജവും ബ്രഹ്മസമാജവും പ്രാര്‍ഥനാസമാജവും ജാതിപരിഷ്‌കരണത്തിലൂടെ ആഭ്യന്തരമായി ഹിന്ദുമതത്തിലെ തൊട്ടുകൂടായ്മയ്ക്കെതിരായ ശുദ്ധീകരണമായിരുന്നു നടത്തിയത്. ജാതിയുടേയും തൊട്ടുകൂടായ്മയുടേയും മതസാധൂകരണ ആധാരമായ വൈദിക വര്‍ണാശ്രമധര്‍മത്തേയും സ്മൃതിശ്രുതിപുരാണ പാഠബലത്തേയും അവ ചോദ്യം ചെയ്തേയില്ല. ബ്രാഹ്മണ മേല്‍ത്തട്ടില്‍ നിന്നും നടത്തിയ ഉദ്ധാരക ഭാവമുള്ള ജാതിഹിന്ദു പരിഷ്‌കരണമായി അവയൊടുങ്ങി. ഗാന്ധിജി പോലും തൊട്ടുകൂടായ്മയേയും തീണ്ടലിനേയും ഹിന്ദുക്കളുടെ ഒരു സ്വകാര്യ പ്രശ്നവും പാപവുമായി കരുതി.

അംബേദ്കര്‍

തമിളകത്തെ ദ്രാവിഡ പ്രസ്ഥാനത്തെ പ്രസിദ്ധനാക്കിയ പെരിയോര്‍ (1879-1973) ഇരുപതാം നൂറ്റാണ്ടില്‍ ദേശീയവാദ ഹൈന്ദവ വ്യവഹാരങ്ങളെ യുക്തിവാദപരമായി നിശിതമായി വിമര്‍ശിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ ഈ വ്യതിരിക്ത വിമര്‍ശ ചിന്ത ദലിത് ചിന്തകനും ജനനേതാവുമായ പണ്ഡിറ്റ് അയ്യോതി താസരില്‍ (18451914) ഉരുവം കൊളളുന്നത് കാണാം. ജാതിഹിന്ദു സാമുദായികതയില്‍ നിന്നും വര്‍ണാശ്രമ വ്യവഹാരങ്ങളില്‍ നിന്നും പരിപൂര്‍ണമായി വിഛേദിച്ച അദ്ദേഹം തികച്ചും പ്രബുദ്ധവും ആധുനികവുമായ ഒരു നവബുദ്ധവാദത്തിലൂടെ ഒരു പുതു സാര്‍വലൗകിക ദേശീയതയെ തെന്നിന്ത്യയില്‍ വിഭാവനം ചെയ്തു. ഇന്ദിരര്‍ ദേസ സരിത്രം എന്ന വിപുലമായ രചന തെന്നിന്ത്യയുടെ ബൗദ്ധചരിത്രവും സാമൂഹ്യ വിമോചന ജനായത്ത ഭാവനയുമാണ്.

പ്രബുദ്ധമായ ദ്രാവിഡ പ്രസ്ഥാനത്തിന്റെ യഥാര്‍ഥ തുടക്കക്കാരന്‍ താസരാണ്. ദ്രാവിഡ പാണ്ട്യനും തമിളനും അച്ചടിച്ചു പ്രസിദ്ധീകരിച്ച് 1870 കളില്‍ പെരിയോര്‍ ജനിക്കുന്നതിന് മുമ്പു തന്നെ ബ്രിട്ടീഷ് സെന്‍സസ് വരുന്ന കാലത്ത് ജാതിരഹിത ദ്രാവിഡര്‍ എന്ന് തങ്ങളുടെ സാമൂഹ്യ നില അടയാളപ്പെടുത്താന്‍ ദലിത സോദരങ്ങളെ അദ്ദേഹം പഠിപ്പിച്ചു. 1890 കളില്‍ സുഹൃത്തുക്കളായ കേണല്‍ ഓള്‍ക്കോട്ട്, ജോണ്‍ രത്തിനം എന്നിവരുടെ സഹായത്തോടെ ശ്രീലങ്കയിലേക്കു പോയി മഹാമംഗള തേരോ എന്ന തേരവാദ ഭിക്ഷുവില്‍ നിന്നും ദീക്ഷ സ്വീകരിച്ച താസര്‍ 1890 കളുടെ തുടക്കത്തില്‍ തന്നെ നീലഗിരികളെ കേന്ദ്രീകരിച്ച് ശാക്യ ബൌദ്ധ സഭ സ്ഥാപിച്ചു. ജി. അലോഷ്യസ്, എസ്. വി. രാജദുരൈ, വി. ഗീത എന്നിവരുടെ പുസ്തകങ്ങള്‍ തന്നെ ഇന്ന് പണ്ഡിതരെ കുറിച്ച് ലഭ്യമാണ്.

സഹോദരൻ അയ്യപ്പൻ

കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജാതിഹിന്ദുത്വത്തേയും ബ്രാഹ്മണിക മൂല്യമണ്ഡലത്തേയും ജാതിയേയും ലംഘിച്ച പ്രവര്‍ത്തനങ്ങള്‍ തെക്കന്‍ തിരുവിതാംകൂറിലെ നാഞ്ചിനാട്ടിലാണ് തുടങ്ങുന്നത്. 1810 കാലത്തു തന്നെ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ മിഷനറി ഇടപെടലുണ്ടായ നാഞ്ചിനാട്ടിലാണ് നാടാര്‍ സ്ത്രീകളുടെ മാറുമറയ്ക്കല്‍ പ്രക്ഷോഭം അരങ്ങേറിയത്. 1830 കളില്‍ സമത്വ സമാജം സ്ഥാപിച്ചു കൊണ്ട് അയ്യാ വൈകുണ്ഠ സാമി തമിഴ് സിദ്ധപാരമ്പര്യത്തെ വൈഷ്ണവഛായയോടെ അഖിലത്തിരട്ട്, ഉച്ചിപഠിപ്പ്, അരുള്‍നൂല്‍ രചനകളിലൂടെ വികസിപ്പിച്ചു. തമിഴ് ചിത്ത, ഹഠയോഗ വജ്രയാന ചികില്‍സാ ധാരകളില്‍ ഊന്നിയായിരുന്നു തൈക്കാടയ്യാ സാമിയുടെ തിരുവനന്തപുരത്തെ ബ്രിട്ടീഷ് റസിഡന്‍സിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും. വൈകുണ്ഠ സാമിയെ സ്വാതിതിരുനാളിന്‍ പുലിമടയില്‍ നിന്നദ്ദേഹം കൊളോണിയല്‍ ബന്ധങ്ങളുപയോഗിച്ച് തന്ത്രപരമായി രക്ഷിച്ചു.
ഗുരുവിന്റെ അനുകമ്പാപൂര്‍ണമായ ഇടപെടലുകളാണ് ജാതി ലഹളകളുടേയും കൊടിയ വംശഹത്യകളുടേയും വംശീയ ഹിംസകളുടേയും കെണിയില്‍ നിന്നും പടുകുഴിയില്‍ നിന്നും ഇരുപതാം നൂറ്റാണ്ടിനു തുടക്കത്തില്‍ കേരളത്തെ രക്ഷിച്ചത്.

ഗുരുവിന്റെ അനുകമ്പാപൂര്‍ണമായ ഇടപെടലുകളാണ് ജാതി ലഹളകളുടേയും കൊടിയ വംശഹത്യകളുടേയും വംശീയ ഹിംസകളുടേയും കെണിയില്‍ നിന്നും പടുകുഴിയില്‍ നിന്നും ഇരുപതാം നൂറ്റാണ്ടിനു തുടക്കത്തില്‍ കേരളത്തെ രക്ഷിച്ചത്.

ഗുരുവരുളിലെ ചരിത്ര വിമര്‍ശങ്ങളും നൈതിക പ്രസ്താവങ്ങളും പാഠപുസ്തകങ്ങളിലേക്കു വരേണ്ടതുണ്ട്. ഗുരുവിനെ കേരള പുത്തരായി വ്യഖ്യാനിച്ച കവിശിഷ്യരായ മൂലൂര്‍, കറുപ്പന്‍, സഹോദരന്‍ എന്നിവരുടെ ജാതിവിരുദ്ധ മാനവിക നൈതിക കാവ്യങ്ങളും പാഠാവലിയാകണം.

ഗുരുചിന്തയിലെ ബൗദ്ധവും ശ്രമണവും ആധുനികവും യുക്തിയുക്തവുമായ വിമര്‍ശാവബോധവും ഭാവിയിലേക്കുള്ള മൈത്രീഭാവനയെന്ന സാഹോദര്യസമുദായ സങ്കല്‍പ്പങ്ങളും കൂടുതല്‍ പഠന ഗവേഷണങ്ങളുടെ ഭാഗമാകണം. കേരളത്തിലെ പട്ടണം പര്യവേഷണ പഠനങ്ങളിലൂടെ പുറത്തു വന്ന അശോകന്‍ ബ്രാഹ്മിയെന്ന ധര്‍മ്മലിപിയും തമിഴകത്തെ കീഴടിയിലെ പര്യവേഷണത്തിലൂടെ പുറത്തു വന്ന നാലായിരം കൊല്ലത്തിലധികം പഴക്കമുള്ള ഇരുമ്പു സംസ്‌കാരവും സംഘസംസ്‌കാര തിരുശേഷിപ്പുകളും ധര്‍മ്മലിപിയും എല്ലാം കൂടുതല്‍ ഗഹനവും സൂക്ഷ്മവുമായ പഠനപാഠവല്‍ക്കരണങ്ങള്‍ക്കും വിദ്യാഭ്യാസ വിനിമയങ്ങള്‍ക്കും വിധേയമാകണം.

പട്ടണം പാത്ര ശകലങ്ങളും ഇന്ത്യന്‍ കരിചുകപ്പു പാത്രങ്ങളും ധമ്മലിപിയുമെല്ലാം കേരളമെന്ന പ്രാചീന ചേരനാടിന്‍ പ്രബുദ്ധമായ ലോകബന്ധങ്ങളാണ് അടയാളപ്പെടുത്തുന്നത്. പട്ടണവുമായി നേരിട്ടു വാണിജ്യ വിനിമയമുണ്ടായിരുന്ന ഈജിപ്തിലെ ചെങ്കടല്‍ തുറയായ ബരണിക്കെയില്‍ നിന്ന് ടര്‍ക്കിഷ് വെണ്ണക്കല്ലിലുള്ള ബുദ്ധശില്പവും ധമ്മലിപിയിലുള്ള എഴുത്തും 2022 ജനുവരിയില്‍ കിട്ടിക്കഴിഞ്ഞു. കേരള, തമിളക തെന്നിന്ത്യന്‍ നാഗരീകത്തിന്റെ പ്രബുദ്ധമായ അശോകന്‍ പ്രാചീനതയെ കുറിച്ച് കൂടുതല്‍ പഠനഗവേഷണങ്ങള്‍ സോദരത്വേന നടക്കേണ്ടതുണ്ട്. മുചിരി പട്ടണം തങ്ങളുടെ ഹൃദയത്തിലാണെന്ന തമിഴക മുഖ്യനായ സ്റ്റാലിന്‍ നടത്തിയ നിയമസഭാ പ്രസ്താവം പ്രതീക്ഷ പകരുന്നു. കര്‍ണാടകത്തിലേയും കേരളത്തിലേയും പ്രാചീന പുരാവസ്തു ഇടങ്ങള്‍ പഠനവിധേയമാക്കുമെന്നും അദ്ദേഹം പറയുന്നു. മഹാനായ മൗര്യ ചക്രവര്‍ത്തി അശോകര്‍ പള്ളികൊള്ളുന്ന വടക്കന്‍ കര്‍ണാടകത്തിലെ സന്നതിയടക്കമുള്ള പ്രബുദ്ധമായ നാഗരീക പുരാവസ്തു ഇടങ്ങള്‍ ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെയെ തന്നെ ഉപയോഗിച്ച് അടച്ചുപൂട്ടി മൂടിവച്ചിരിക്കുകയാണെന്ന സത്യവും ഓര്‍ക്കേണ്ടതുണ്ട്. അടിസ്ഥാന ജനത കേരളത്തിലെ ബൗദ്ധ പുരാവസ്തു ഇടങ്ങളായ മാവേലിക്കരയിലും കരുമാടിയിലുമെല്ലാം ബുദ്ധപൂര്‍ണിമ എന്ന പുത്തരുടെ ജനനവും പരിനിബാനവും ബോധോദയവും ഒന്നിച്ചു വരുന്ന വൈശാഖത്തിലെ പൂര്‍ണമി ആഘോഷിക്കുന്നു. സംഘക്കാരായ ഈഴവരും പുത്തരുടെ തിരുനാള്‍ ഗുരുജയന്തിപോലെ ആഘോഷിക്കണം. പന്തിഭോജന വാര്‍ഷികവും മെയ് 29 നു വന്നു. ഗുരുവിലൂടെ തുടരുന്ന പ്രബുദ്ധമായ ആധുനിക ജനായത്ത മതേതര നീതിചിന്ത ലോകത്തിന്റെ വെളിച്ചമായി മാറണം.

പന്തിഭോജനം കഴിഞ്ഞടിയേറ്റു വന്ന സഹോദരനോടു ഗുരുപറഞ്ഞതിതാണ്. സംഘം വളരണമെങ്കില്‍ വലിയ ക്ഷമ വേണം, ക്രിസ്തുവിനെ പോലെ ക്ഷമിക്കണം. ലോകക്ഷേമത്തിനായുള്ള വലിയ ക്ഷമ നമുക്കുണ്ടാവട്ടെ. ബഹുജനങ്ങളുടെ സുഖവും ഹിതവും നമ്മുടെ സുഖമായി മാറട്ടെ. അപരസുഖവും ഹിതവും നാമറിഞ്ഞു ജീവിക്കട്ടെ, .

9895797798

(കാലടി സര്‍വകലാശാലയിലെ ഗവേഷണ മാര്‍ഗദര്‍ശിയും സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് സ്റ്റഡീസിന്റെ ആദ്യ കോഓര്‍ഡിനേറ്ററുമാണ്. കേരള നവോത്ഥാന ആധുനികത, കേരള സംസ്‌കാരത്തിന്റെബൗദ്ധ അടിത്തറ എന്നീ വിഷയങ്ങളിലാണ് പുതിയ പുസ്തകങ്ങള്‍.ഗുരു, അംബേദ് കര്‍, സഹോദരന്‍ എന്നിവരെ കുറിച്ചുള്ള രചനകളും ഇംഗ്ലീഷിലും മലയാളത്തിലുമായുണ്ട്.)

Author

Scroll to top
Close
Browse Categories