പൊന്നോമനകളെ പഠിപ്പിക്കുക,
സ്നേഹത്തിന്റെ ഭാഷ
ശില്പി തന്റെ കയ്യില്‍ ലഭിച്ച കളിമണ്ണുകൊണ്ട് ഒരു മനോഹരരൂപം സൃഷ്ടിക്കുന്നതുപോലെയാണ് സ്നേഹവും ശിക്ഷണവും കരുതലും നല്കി മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ നല്ല മനുഷ്യരാക്കി വളര്‍ത്തിയെടുക്കുന്നത്. കുട്ടിക്കാലത്തെ അനുഭവങ്ങളും വീടുകളിലെ ആരോഗ്യപരമായ അന്തരീക്ഷവും മാതാപിതാക്കള്‍ വളര്‍ത്തുന്ന രീതിയുമൊക്കെ കുട്ടിയുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള ആശയവിനിമയവും കുട്ടികള്‍ക്കു നല്കുന്ന മാനസിക പിന്തുണയും നിര്‍ണായകമാണ്.മുന്‍കാലത്തെ അപേക്ഷിച്ച് വഴിതെറ്റാനുള്ള സാഹചര്യങ്ങള്‍ ഈ കാലത്തെ കുട്ടികള്‍ക്കു വളരെ കൂടുതലാണ് . ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ നിങ്ങളുടെ സ്നേഹത്തിന്റെ ഭാഷ അവരെ സഹായിക്കും. മാത്രമല്ല ബാല്യത്തില്‍ അവര്‍ക്ക് മാതാപിതാക്കളില്‍ നിന്നു ഉണ്ടാകുന്ന സ്നേഹവും കരുതലും അവരെ നല്ല മനുഷ്യരാക്കി വളര്‍ത്തുകയും ചെയ്യും
പ്രിയ മാധവ്
അടിച്ചു വളര്‍ത്തിയാല്‍ കുട്ടികള്‍ കൂടുതല്‍ നന്നാകുമോ? അടിച്ചു വളര്ത്തലുകളെക്കാള് സ്നേഹപൂര്‍ണമായ തിരുത്തലുകളും ശാസനകളുമാണ് കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്, ഇത് കുഞ്ഞുങ്ങളെ കൂടുതല്‍ നല്ല വ്യക്തികളാക്കും. കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്ക് സമൂഹം മാറിയപ്പോള്‍ കുട്ടികളെ വളര്‍ത്തല്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മാതാപിതാക്കളെ സംബന്ധിച്ച് വലിയ ഉത്തരവാദിത്വമായി മാറി. വളര്‍ന്നു വരുന്ന പ്രായത്തില്‍ കുഞ്ഞിന്റെ സ്വഭാവവും സാഹചര്യവും മനസിലാക്കി വേണം കുട്ടികളോട് ഇടപെടേണ്ടത്. ഒരു വീട്ടില്‍ തന്നെ ഒന്നില്‍ അധികം കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ സ്വഭാവവും വ്യത്യസ്തമാകാം. അത് അറിഞ്ഞു വേണം അവര്‍ക്ക് ശാസനയും ശിക്ഷണവും നല്കാന്.
സ്നേഹത്തിനു മുന്പില് കീഴടങ്ങാത്തവര്‍ ഇല്ല. എങ്കിലും കുട്ടികള്‍ക്ക് കൗതുകവും ആകാംക്ഷയും മുതിര്‍ന്നവരെ അപേക്ഷിച്ചു വളരെ കൂടുതല്‍ ആണ്. അവര്‍ ചെയ്യുന്ന കുരുത്തക്കേടുകള്‍ക്കു പിന്നില്‍ അവരുടെ ഈ പ്രത്യേകതകള്‍ ആണോ കാരണം എന്ന് അന്വേഷിക്കണം. അങ്ങനെയെങ്കില്‍ അവരുടെ സംശയം എന്താണ് എന്ന് കണ്ടെത്തി പരിഹരിക്കാം. എന്നിട്ടും ആവര്‍ത്തിക്കുന്ന കുസൃതികളോ അനുസരണക്കേടുകളോ ആണെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള ഒരു കാര്യം നിഷേധിച്ചുകൊണ്ടു തെറ്റു ആവര്‍ത്തിക്കരുത് എന്നു പറഞ്ഞു മനസിലാക്കാം. അത് കാര്ട്ടൂണ്കാണലോ, ചോക്ലേറ്റോ എന്തുമാകാം. കുഞ്ഞിന്റെ ഈ പ്രവര്‍ത്തികളും അനുസരണക്കേടുകളും അമ്മയെ വിഷമിപ്പിച്ചു എന്നു പിണങ്ങിയും സങ്കടപ്പെട്ടും പറയാം. അമ്മക്ക് അല്ലെങ്കില്‍ അച്ഛന് സങ്കടം ഉണ്ടാക്കുന്ന കാര്യമാണ് ചെയ്യുന്നത് എന്ന ചിന്ത നിങ്ങള്‍ എതിര്‍ക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കും. എന്നാല്‍ കുട്ടികള്‍ അങ്ങനെ ചിന്തിക്കണം എങ്കില്‍ ആദ്യം നിങ്ങള്‍ അവരുടെ നല്ല കൂട്ടുകാരാകണം. അവരുമായി നല്ല സൗഹൃദം സ്ഥാപിക്കുന്നത്തിലൂടെ നിങ്ങള്‍ക്ക് അവരുടെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരാകാം.അതു വളര്‍ന്നു വരുന്ന പ്രായത്തില്വരെ തെറ്റായ കൂട്ടുകെട്ടുകളില്‍ നിന്നും അകന്നു നില്ക്കാന് സഹായിക്കും.
സ്നേഹത്തോടെ എത്ര ശാസിച്ചാലും അനുസരിക്കാത്ത കുട്ടികള്‍ ഉണ്ടാകും. അവര്‍ക്ക് പൊതുവെ കാര്യങ്ങള്‍ സ്വയം അറിഞ്ഞു പഠിക്കുന്നതിനാവും താല്‍പ്പര്യം. തീയില്‍ തൊട്ടാല്‍ പൊള്ളുമെന്നു നമ്മള് എത്ര പറഞ്ഞാലും ഈ സ്വഭാവമുള്ള കുഞ്ഞുങ്ങള്‍ക്ക് അതു മനസ്സിലാക്കാനും തിരിച്ചറിയാനും അംഗീകരിക്കാനും ബുദ്ധിമുട്ട് ഉണ്ടാകും. ഇവര്‍ക്ക് സ്വയം കാര്യങ്ങള്‍ മനസിലാക്കാനായിരിക്കും കൂടുതല്‍ താല്പര്യം. അവരുടെ ആ സ്വഭാവം തിരിച്ചറിഞ്ഞും ഉള്‍ക്കൊണ്ടും അവസരോചിതമായി ഇടപെട്ടു കൊണ്ട് അവരെ പിന്തുണക്കുകയും തിരുത്തുകയുമാണ് മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടത്. ഈ സ്വഭാവമുള്ള കുട്ടികളെ ഏതു കാര്യങ്ങള്‍ക്കും എതിര്‍ക്കാന്‍ നിന്നാല്‍ വളരുന്നതനുസരിച്ചു അവര്‍ മാതാപിതാക്കളെ കൂടുതല്‍ എതിര്‍ക്കാന്‍ തുടങ്ങും.ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ട്.
- പണ്ടുകാലങ്ങളിലൊക്കെ മക്കള്‍ മാതാപിതാക്കളോട് ഭയത്തോടെ ആയിരുന്നു ഇടപെട്ടിരുന്നത്. ഇന്ന് മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം സുഹൃത്തുക്കളെ പോലെയാണ്. മക്കള്‍ മാതാപിതാക്കളെ അനുസരിക്കുന്നത് ഭയംകൊണ്ട് ആകരുത്. അതു സ്നേഹം കൊണ്ടാവണം. അങ്ങനെയെങ്കില്‍ നിങ്ങളുടെ പേരന്റിങ്ങ് പാതി വിജയിച്ചു എന്നു പറയാം.
- വളര്‍ന്നുവരുന്ന ഒരു കുഞ്ഞിന്റെ ഏറ്റവും വലിയ ഹീറോയും ആശ്രയവുമൊക്കെ അവരുടെ മാതാപിതാക്കള്‍ ആണ്. കുഞ്ഞുങ്ങള്‍ ഈ ലോകത്തു ഏറ്റവും വിശ്വസിക്കുന്നതും മാതാപിതാക്കളെ തന്നെ. അവരുടെ വിശ്വാസം നിലനിര്‍ത്തുക. ഒപ്പം ഒരു തെറ്റ് ചെയ്താല്‍ ഒരിക്കലും അവരുടെ പിന്തുണ കിട്ടില്ല എന്ന ബോധവും കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കുക.
- ഏതു പ്രതിസന്ധിഘട്ടത്തിലും മാതാപിതാക്കള്‍ ഒപ്പം ഉണ്ടാകും എന്ന ധൈര്യം കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കണം. ഇതു കുഞ്ഞുങ്ങളില്‍ മാതാപിതാക്കളോടും കുടുംബത്തോടും ഉള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുകയും അതു സമൂഹത്തെ നേരിടാന്‍ അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുക ചെയ്യും.
- സ്നേഹമാണ്കുട്ടികള്ക്ക് നല്കാന് പറ്റുന്ന ഏറ്റവും നല്ല പാഠവും അനുഭവവും. സ്നേഹ പൂര്‍ണമായ ശാസനയും നിയന്ത്രണവും അവരെ എടുത്തുചാട്ടങ്ങളില്‍ നിന്നും തെറ്റായ കൂട്ടുകളില്നിന്നും അകറ്റി നിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല കുടുംബത്തോടുള്ള സ്നേഹവും വര്‍ധിപ്പിക്കും.
- ഭയപ്പെടുത്തിയും ശാരീരികമായി വേദനിപ്പിച്ചും എപ്പോഴും ശകാരിച്ചും അവരെ അനുസരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ ഉള്ളില്‍ വാശിയും ദേഷ്യവും വളരും.
- കുട്ടികളെ ശകാരിക്കും മുന്‍പ് കുഞ്ഞിന്റെ ഭാഗത്തു നിന്നുകൂടി ചിന്തിച്ചശേഷം വേണം അവരെ താക്കീതു ചെയ്യാന്‍. കുട്ടികളെ വഴക്കു പറയുമ്പോള്‍ അവരുടെ ഹൃദയത്തിനു വേദനിക്കാത്ത തരത്തില്‍ എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായി മനസിലാകുന്ന തരത്തില്‍ പറയുക