പുരോഗമനമോ പുരോഗ’മൗന’മോ?

ഇസ്ലാം മതസംഘടനയായ സമസ്തയുടെ വേദിയില്‍ ഒരു പതിനാറുകാരി നേരിട്ട അപമാനം കേരള മനഃസാക്ഷിയെ തെല്ലൊന്നുമല്ല ഞെട്ടിക്കേണ്ടിയിരുന്നത്. എന്നാല്‍ ആ വിഷയത്തില്‍ വിവിധ മേഖലകളില്‍ നിന്നുണ്ടായ ആദ്യ പ്രതികരണം തണുപ്പന്‍ മട്ടിലായിരുന്നു. ദൃശ്യമാധ്യമ രംഗത്തെ ഏതാനും ചാനലുകള്‍ മാത്രമാണ് ആദ്യദിനം തന്നെ ഈ വിഷയം ചര്‍ച്ചയ്ക്കെടുത്തത്. തമസ്‌കരിക്കാനാവാത്ത വിധം വളര്‍ന്നപ്പോള്‍ മാത്രമാണ് മറ്റു ചാനലുകള്‍ ആ വിഷയമെടുക്കാന്‍ തയ്യാറായത്.

വിവാദമായ മലപ്പുറത്തെ സമസ്തയുടെ അവാര്‍ഡ് ദാനം

സ്ത്രീപക്ഷ നിലപാടുകാര്‍ അനേകമുള്ള പുരോഗ മന പൊതുസമൂഹമാണ് കേരളത്തിന്റേത് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.സ്ത്രീകള്‍ക്കും പൊതുസമൂഹത്തില്‍ പുരുഷന്മാര്‍ക്കു തുല്യമായ അവകാശങ്ങള്‍ ഉണ്ടാകണമെന്ന നിര്‍ബന്ധം സംസ്ഥാന രൂപീകരണത്തിനു മുന്‍പുതന്നെ ഉണ്ടായിട്ടുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരിച്ച എട്ടുപേരില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നു. ആധുനിക കേരളത്തില്‍ സ്ത്രീപക്ഷ ചിന്ത രൂപീകരിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ രാഷ്ട്രീയ കക്ഷികള്‍ നയിച്ച സര്‍ക്കാരുകള്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. അതിലേക്കായി സാംസ്‌കാരിക, സാഹിത്യ, സാമുദായിക, മാധ്യമരംഗത്ത് പ്രവര്‍ത്തിച്ച പലരും ഒരു ചാലകശക്തിയെന്നോണംനിലകൊണ്ടിട്ടുമുണ്ട്.

എന്നാല്‍ ഇന്നത്തെ കേരള സമൂഹത്തില്‍ അനുദിനം വര്‍ധിച്ചു വരുന്ന മതാധിഷ്ഠിത ചിന്തയും ന്യൂനപക്ഷ പ്രീണനവും സ്ത്രീപക്ഷ വിഷയങ്ങളില്‍ പോലും പലരുടെയും പ്രതികരണങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഭൂരിപക്ഷ സമുദായത്തിലെ തെറ്റുകളെ വിമര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്ന രോഷം പലപ്പോഴും ന്യൂനപക്ഷ സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉണ്ടാകുന്നില്ല.

സമസ്താ വിവാദം

ഇസ്ലാം മതസംഘടനയായ സമസ്തയുടെ വേദിയില്‍ ഒരു പതിനാറുകാരി നേരിട്ട അപമാനം കേരള മനഃസാക്ഷിയെ തെല്ലൊന്നുമല്ല ഞെട്ടിക്കേണ്ടിയിരുന്നത്. എന്നാല്‍ ആ വിഷയത്തില്‍ വിവിധ മേഖലകളില്‍ നിന്നുണ്ടായ ആദ്യ പ്രതികരണം തണുപ്പന്‍ മട്ടിലായിരുന്നു. ദൃശ്യമാധ്യമ രംഗത്തെ ഏതാനും ചാനലുകള്‍ മാത്രമാണ് ആദ്യദിനം തന്നെ ഈ വിഷയം ചര്‍ച്ചയ്ക്കെടുത്തത്. തമസ്‌കരിക്കാനാവാത്ത വിധം വളര്‍ന്നപ്പോള്‍ മാത്രമാണ് മറ്റു ചാനലുകള്‍ ആ വിഷയമെടുക്കാന്‍ തയ്യാറായത്. വിഷയം ചര്‍ച്ച ചെയ്യാന്‍ചാനലുകള്‍ തയ്യാറായതില്‍ അത്ഭുതം രേഖപ്പെടുത്തിയ പ്രേക്ഷക അഭിപ്രായങ്ങള്‍ ആയിരുന്നു സമൂഹമാധ്യമങ്ങള്‍ നിറയെ.

രാഷ്ട്രീയ നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സാഹിത്യരംഗത്തുള്ളവര്‍ എന്നിവരില്‍ ചെറിയൊരു വിഭാഗം മാത്രമാണ് വിഷയത്തെ അപലപിച്ചത്. പ്രധാന രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചശേഷം മാത്രമാണ് പ്രതികരിച്ചത്. പ്രതികരണത്തില്‍ മതത്തിന്റെയോ മതസംഘടനയുടെയോ പേരുപോലും പറയാതിരിക്കാന്‍ ശ്രദ്ധിച്ചവരും ഉണ്ടായിരുന്നു.പുരുഷ നേതാക്കള്‍ക്കെതിരെ ആരോപണം ഉണ്ടായപ്പോള്‍ കൃത്യമായ പരാതിപരിഹാര നടപടികള്‍ സ്വീകരിക്കാതെ വാദിയെ പ്രതിയാക്കി ഹരിതാ കമ്മിറ്റിയെ മൊത്തത്തില്‍ അസാധുവാക്കിയ മുസ്ലിം ലീഗില്‍ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാനാണ്. എന്നാല്‍ സമസ്ത ലീഗുമായി അടുപ്പം സൂക്ഷിക്കുന്നു എന്നു പറയുന്നവര്‍ രാഷ്ട്രീയമായ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ പോലും ഈ അവസരത്തെ ഉപയോഗിച്ചില്ല എന്നോര്‍ക്കണം.

സമസ്താ വിവാദത്തില്‍ അപമാനിക്കപ്പെട്ടത് ഒരു മൈനറാണ്, പെണ്‍കുട്ടിയാണ്; നേരിട്ടത് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുതന്നെയുള്ള അപമാനമാണ്. അവള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ വേദിയിലോ സദസ്സിലോ ഒരാളും തയ്യാറായില്ല. വേദിയില്‍ ഉണ്ടായിരുന്ന മുസ്ലിംലീഗ് നേതാവ് ഉള്‍പ്പടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത, സംരക്ഷണം ലഭിക്കേണ്ട ഒരു പെണ്‍കുട്ടി ഒരു പരസ്യവേദിയില്‍ അപമാനം നേരിട്ടപ്പോള്‍ അവള്‍ക്കു വേണ്ടി ശബ്ദം പൊന്താത്ത ഏതൊരാള്‍ക്ക് ഇനി സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കാന്‍ ധാര്‍മ്മികമായ അവകാശം അവശേഷിക്കും? ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 509 പ്രകാരം പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റമാണ് അവിടെ നടന്നത്. എന്നിട്ടും പൊലീസ് കാട്ടിയ മൗനം അമ്പരപ്പിക്കുന്നതാണ്.

മതാധിഷ്ഠിത രാഷ്ട്രീയം

ഇസ്ലാം മതത്തില്‍ സ്ത്രീകള്‍ പരസ്യവേദികളില്‍ വരാന്‍ പാടില്ലെന്നുണ്ടോ? അങ്ങനെയൊരു ‘മതനിഷ്ഠ’ നിലനില്‍ക്കുന്നുണ്ടോ?പരസ്യവേദികളിലെ സ്ത്രീകളുടെ വിലക്ക് സമസ്തയെന്ന മതസംഘടനയുടെ മാത്രം തീരുമാനമല്ലേ?അതിനു മതത്തിന്റെയോ ഭരണഘടനയുടെയോ പരിരക്ഷ എങ്ങനെ ലഭിക്കും?അഥവാ അത് മതപരമായിരുന്നെങ്കില്‍ ഇന്നാട്ടില്‍ എങ്ങനെ മതവിശ്വാസികളായ മുസ്ലിം സ്ത്രീകള്‍ പൊതുരംഗത്തും ഭരണരംഗത്തും വന്നു?

മുന്‍പും സമസ്താ നേതാക്കള്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അര്‍ഹിച്ച രീതിയില്‍ വിമര്‍ശിക്കപ്പെടാതെ പോയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂര്‍ബിനാ റഷീദിനെ ലീഗ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചപ്പോള്‍, ഒരു വനിതാ സ്ഥാനാര്‍ത്ഥി ഉണ്ടാകേണ്ട ആവശ്യമില്ലെന്ന് സമസ്താ നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.മുസ്ലിം സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും പൊതുരംഗത്തു വരുന്നതും മതനിഷേധമാണെന്ന് പറഞ്ഞ വേറെയും നേതാക്കളും പണ്ഡിതരും ഉണ്ടായിട്ടുണ്ട്. സ്ത്രീസംവരണം ഉള്ളപ്പോള്‍ മാത്രമേ സ്ത്രീ സ്ഥാനാര്‍ത്ഥിയാവേണ്ടതുള്ളൂ എന്ന പിന്തിരിപ്പന്‍ നിലപാടുകാര്‍ പറയുന്നതുതന്നെ പുരുഷന് അയോഗ്യതയുള്ളപ്പോള്‍ അവന്റെ പകരക്കാരി മാത്രമാണ് സ്ത്രീ എന്നാണ്.അതില്പരം സ്ത്രീവിരുദ്ധതയുണ്ടോ, ലിംഗ അസമത്വവും അനീതിയുമുണ്ടോ?

പുരോഗ’മൗനം’

ഏതു സംഘടന ആയാലും ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായ തീരുമാനങ്ങളും അഭിപ്രായങ്ങളും അസാധുവാണ്. അതുകൊണ്ടുതന്നെ സമസ്താ മതപണ്ഡിതന്റെ ”സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ?” എന്ന ചോദ്യവും അസാധുവാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് പോസ്റ്ററില്‍ വനിതാ സ്ഥാനാര്‍ത്ഥിയുടെ ചിത്രത്തിനു പകരം ഭര്‍ത്താവിന്റെ ചിത്രം കൊടുക്കുന്ന സാധാരണക്കാരും പ്രത്യക്ഷത്തില്‍ തന്നെ ഇത്തരം അസാധുവായ ചോദ്യങ്ങളെ അംഗീകരിക്കുന്നു എന്നതാണ് ദുഃഖകരമായ സാമൂഹ്യ യാഥാര്‍ത്ഥ്യം.

ഇങ്ങനെ സ്ത്രീവിരുദ്ധവും, ലിംഗ അനീതിയും നിറഞ്ഞ അസാധുവായ ഒരു പ്രസ്താവനയെ എതിര്‍ക്കാന്‍ സമൂഹത്തില്‍ പലരും മടിക്കുന്നു എന്നതാണ് ഖേദകരം. വിമര്‍ശിച്ചാല്‍ ആ വിമര്‍ശനം മതനിന്ദയാകുമോ എന്നും സംഘടിത സ്വഭാവമുള്ള വോട്ട് ബാങ്കിനെ അത് ബാധിക്കുമോ എന്നുമൊക്കെയുള്ള ചിന്തയാണ് ഇക്കൂട്ടരെ ഭരിക്കുന്നത്. മതപരവും രാഷ്ട്രീയവുമായ വിമര്‍ശനം പ്രതികൂലമായി ബാധിച്ചേക്കുമെന്നതിനാല്‍ പുരോഗമനത്തിനു പകരം പുരോഗ’മൗന’മാണ് നല്ലതെന്ന് ഇവര്‍ കരുതുന്നു. ആ മൗനം അങ്ങേയറ്റം ആപത്കരവുമാണ്.മൃദുസമീപനം സ്വീകരിക്കുന്ന പലരും തങ്ങളുടെ വിമര്‍ശനം സമസ്തയെന്ന സംഘടനയിലേക്കോ അവരുടെ അസാധുവായ ‘തീരുമാന’ത്തിലേക്കോ എത്തിക്കാതെ കേവലം ആ മതപണ്ഡിതനില്‍ അത് ഒതുക്കുന്നതും ഇതേ കാരണത്താലാണ്.

സെലക്ടീവായി മാത്രം പുരോഗമനം പറയുന്നവര്‍ക്കും ഒരു പെണ്‍കുട്ടിയുടെ അഭിമാനസംരക്ഷണത്തിനായി ശബ്ദമുയര്‍ത്താന്‍ ഭയപ്പെടുന്നവര്‍ക്കും അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ യാതൊരു പ്രാധാന്യവും പൊതുസമൂഹം കല്പിച്ചു നല്‍കാന്‍ പാടില്ല.രാഷ്ട്രീയമോ മതമോ പ്രഥമ പരിഗണന ആയശേഷം ഇക്കൂട്ടര്‍ നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ക്ക് കേരളസമൂഹത്തിന്റെ പിന്നാമ്പുറത്തെ ചവറ്റുകൊട്ടയിലാവണം സ്ഥാനം.

Author

Scroll to top
Close
Browse Categories