പനിച്ച് വിറച്ച്
കേരളം
തടയാം ചെള്ള് പനി
ജൂൺ മാസം മാത്രം സംസ്ഥാനത്ത് പനി ബാധിച്ചത് മൂന്ന് ലക്ഷത്തോളം പേർക്ക്. വൈറൽ , ഡെങ്കി, എലിപ്പനി, മലേറിയ തുടങ്ങി പലവിധത്തിലാണ് പനി പടരുന്നത്. . ഒപ്പം ചെള്ള് പനിയും. എറണാകുളം, മലപ്പുറം.തിരുവനന്തപുരംജില്ലകളിൽ പ്രത്യേകിച്ച് .അപകടകാരിയായ ചെള്ള്പനിയെ (സ്‌ക്രബ് ടൈഫസ്) കുറിച്ച്.
പലവിധം പനി നാടെങ്ങും പകരുകയാണ്.2019ല്‍ ചെള്ള് പനി മൂലം ഒരു മരണം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു കഴിഞ്ഞ മാസങ്ങളില്‍ തിരുവനന്തപുരം ജില്ലയില്‍ രണ്ട് മരണം അടുത്തടുത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ജനങ്ങളില്‍ ഉത്കണ്ഠ കൂടി
2015-ല്‍ ആയിരത്തിലധികം കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും 15 മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ശരിയായ അവബോധവും പ്രതിരോധവും ഉണ്ടെങ്കിൽ ഇതിനെ നിഷ്പ്രയാസം നിയന്ത്രിക്കാവുന്നതേയുള്ളു.
എലി, മുയല്‍, അണ്ണാന്‍ തുടങ്ങി ശ്വാന വര്‍ഗ്ഗ ജന്തുക്കളില്‍ കാണുന്ന ചെള്ള്, ചെറിയ പ്രാണി തുടങ്ങിയവ വഴി പകരുന്ന ഒരു കൂട്ടം ബാക്ടീരിയ മൂലമുണ്ടാകുന്ന പനികളാണ് ചെള്ള് പനി അഥവാ റീക്കറ്റ്‌സിയൽ സൂനോസിസ് എന്ന് അറിയപ്പെടുന്ന പനികള്‍. റിക്കറ്റ്‌സിയന്‍ വിഭാഗത്തില്‍ പെടുന്ന ബാക്ടീരിയ മൂലമുള്ള ഇവ മാരകമല്ലാത്തതിനാല്‍ പലപ്പോഴും തിരിച്ചറിയാതെ പോവുന്നു. പൊടുന്നനെ ഉണ്ടാകുന്ന പനികളില്‍ ഒരു നല്ല ശതമാനം ഇവയില്‍ പെടുന്നു. ചെള്ള് പരത്തുന്ന രോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നതാണ് റീക്കറ്റ്‌സിയൽ പനികള്‍. ടൈഫ് തരത്തില്‍പ്പെട്ടതെന്നും സ്‌പോട്ടഡ് ഫീവര്‍ എ തരത്തില്‍പ്പെട്ടതെന്നും രണ്ട് തരങ്ങളായി ഇതിനെ വിഭജിച്ചിട്ടുണ്ട്. ആദ്യ വിഭാഗത്തില്‍പ്പെട്ട എലിച്ചെള്ളില്‍ നിന്നും പരക്കുന്നതും എലിച്ചെള്ളില്‍ ബാക്ടീരിയ പെറ്റ് പെരുകുന്നതുമായ സ്‌ക്രബ് ടൈഫസ് ഏറ്റവും വ്യാപകമായി കണ്ടുവരുന്നതിനാല്‍ അതിനെ കുറിച്ച് കൂടുതല്‍ വിവരിക്കാം.
ലോകവ്യാപകമായി കണ്ടുവരുന്ന ഈ രോഗം കിഴക്ക് ജപ്പാന്‍വരേയും തെക്ക് ചൈന, ഫിലിപ്പെന്‍സ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലും പടിഞ്ഞാറ് ഇന്ത്യ, പാകിസ്ഥാന്‍, അഫ് ഗാനിസ്ഥാന്‍ വരേയും വടക്ക് റഷ്യവരേയും കൂടുതലായി കണ്ടുവരുന്നു. വനം വെട്ടി നശിപ്പിച്ച് കൃഷിയിടങ്ങളായി മാറ്റി അവിടെ ജോലി ചെയ്യുന്ന കര്‍ഷകരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഇന്ത്യയില്‍ സാധാരണക്കാരില്‍ രണ്ട് ശതമാനം വരെ ആള്‍ക്കാരുടെ രക്തത്തില്‍ ഇതിന്റെ രോഗാണു സാന്നിദ്ധ്യത്തിന്റെ തെളിവുകള്‍ ഉള്ളപ്പോള്‍ ഇന്തോനേഷ്യയില്‍ 40% വരെയാണ് രോഗാണുവിന്റെ സാന്നിദ്ധ്യത്തിന്റെ തെളിവുകള്‍.
രോഗഹേതു
റിക്കറ്റേഷ്യ ഡുറ്റ് സുഗാമുഷി എന്ന തരം ബാക്ടീരിയയാണ് രോഗഹേതു. ഇതിന്റെ അനവധി തരങ്ങള്‍ രോഗമുണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. ട്രോംബിക്കുലിഡ് മൈറ്റ് എന്ന ചെള്ളാണ് ഇതിന്റെ യഥാര്‍ത്ഥ രോഗവാഹകർ. ഇതിന്റെ നിംഫല്‍ രൂപവും വളര്‍ന്ന രൂപവും പ്രകൃതിയില്‍ സ്വതന്ത്രമായി ജീവിക്കുന്നവയാണ്. ലാര്‍വല്‍ രൂപമാണ് കശേരുക്കളായ ജന്തുക്കളെ കടിക്കുന്നതും രോഗാണു അവയുടെ ശരീരത്തില്‍ പ്രവേശിക്കുന്നതിന് കാരണമാകുന്നതും. ലാര്‍വൽ രൂപം രോഗാണുവിന്റെ സംഭരണിയായും വാഹകരായും തലമുറകളിലേയ്ക്ക് വ്യാപിക്കുന്നതിനും വഴിയൊരുക്കുന്നതിനു സഹായകമാകുന്നു. എലി വര്‍ഗ്ഗങ്ങളിലേയ്ക്കും മനുഷ്യരിലേയ്ക്കും രോഗം പരത്തുന്നത് ഈ ലാര്‍വൽരൂപമാണ്. .
രോഗനിര്‍ണ്ണയം
സാധാരണ നടത്താറുള്ള രക്തപരിശോധന അത്രഫലപ്രദമാവില്ല. അനുകൂല സാഹചര്യത്തിലുള്ള പ്രത്യേക രോഗലക്ഷണങ്ങള്‍ തന്നെയാണ് രോഗനിര്‍ണ്ണയത്തിന് ഏറെ സഹായകരം. വീല്‍ഫെലിക്‌സ് റിയാക്ഷന്‍ എന്ന രക്തപരിശോധന ചിലപ്പോള്‍ ഗുണം ചെയ്‌തേക്കും. ചികിത്സ യോടുള്ള പ്രതികരണവും രോഗനിശ്ചയത്തിനു സഹായകരമാകും. മലേറിയ, ടൈഫോയിഡ്, മെനഞ്ചൈറ്റിസ്, എലിപ്പനി എന്നിവയ്ക്കു സമാനസ്വഭാവമുള്ള കാര്യവും ഓര്‍ക്കണം.
ചികിത്സവും പ്രതിരോധവും
ടെട്രാസൈക്ലിന്‍ എന്ന ആന്റിബയോട്ടിക്കാണ് ഏറ്റവും ഉത്തമമായ ഔഷധം. 500എം.ജി. മരുന്ന് 6 മണിക്കൂര്‍ ഇടവിട്ട് ഏഴ് ദിവസം കഴിക്കണം. ക്ലോറാംഫെനിക്കോളും ഇതേ ഡോസില്‍ ഗുണം ചെയ്യും. ഡോക്‌സീസൈക്ലിന്‍ എന്ന ഔഷധം 200 എംജി ഒറ്റ പ്രാവശ്യം നല്‍കിയാലും നല്ല പ്രയോജനം ലഭിക്കും. രോഗം തിരിച്ചു വരാതിരിക്കാനായി 2-3 ദിവസം ഇതു തുടരാം.
ജീവിതചക്രം
രോഗബാധയുള്ള ചെള്ളിന്റെ ലാര്‍വയിലൂടെ കടി ഏല്‍ക്കുന്നതു മൂലമാണ് രോഗമുണ്ടാകുന്നത്. ജീവിതചക്രം ഇങ്ങനെ ചിത്രീകരിക്കാം.
ചെള്ള് – എലിവര്‍ഗ്ഗജന്തുക്കള്‍ – ചെള്ള്-എലിവര്‍ഗ്ഗങ്ങള്‍ (ലാര്‍വ)-മനുഷ്യന്‍
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. കടിയേറ്റ് സാധാരണയായി 10-12 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കും. ചിലപ്പോള്‍ ഇത് ആറ് മുതല്‍ 21 ദിവസം വരെ ആകാം.
രോഗലക്ഷണങ്ങള്‍
പൊടുന്നനെയുണ്ടാകുന്ന കടുത്ത പനിയാണ് ആദ്യ ലക്ഷണം. 104-105 ഡിഗ്രി വരെ പനിയും കുളിരും, കടുത്ത തലവേദന, പ്രത്യേകിച്ച് നേത്രഗോളങ്ങള്‍ക്ക് പിന്നിലെ വേദന, കടുത്ത ക്ഷീണം, ഉന്മേഷമില്ലായ്മ, തളര്‍ച്ച, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ആദ്യ ദിവസങ്ങളില്‍ ഉണ്ടാകാം. 5 മുതല്‍ 7 ദിവസങ്ങള്‍ക്ക് ഉള്ളില്‍ ശരീരം ആസകലം ചുവന്നു തടിച്ച പൊങ്ങുന്നതോടൊപ്പം ലസികാ ഗ്രന്ഥികളുടെ വീക്കവും ഉണ്ടാകും. 14-70 ദിവസത്തോടെ തടിച്ചു പൊങ്ങല്‍ അപ്രത്യക്ഷമാകും. 12-18 ദിവസം കൊണ്ട് പനി താഴ്ന്ന് തുടങ്ങുകയും, കടുത്ത ചുമ ന്യൂമോണിയയുടെ ലക്ഷണങ്ങളായ ശ്വാസം മുട്ടല്‍ ,ശ്വാസം വലിക്കുമ്പോഴുണ്ടാകുന്ന സൂചി കുത്തുന്നതു പോലുള്ള നെഞ്ചുവേദന, കടുത്ത പനിയും കുളിരും, ബോധക്ഷയം, കേള്‍വി ഇല്ലായ്മകള്‍ എന്നിവ രോഗത്തിന്റെ സങ്കീര്‍ണ്ണതകളിലേയ്ക്കുള്ള പോക്ക് സൂചിപ്പിക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനമാന്ദ്യം, വൃക്കകളുടെ പ്രവര്‍ത്തനതകരാറ്, രക്തസ്രാവം എന്നിവ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിലേയ്ക്ക് നയിക്കാം. ചെള്ളിന്റെ കടിയേറ്റ ഭാഗത്ത് ആഴത്തിലുള്ള വ്രണം ഉണ്ടാകുകയും അത് കറുത്ത് പൊറ്റപിടിച്ച് അടഞ്ഞിരിക്കുന്നതുമാണ് ഈ രോഗത്തെ തിരിച്ചറിയാനുളള ഒരു പ്രത്യേക ലക്ഷണം.
പ്രതിരോധം
എലി നശീകരണമാണ് പ്രതിരോധത്തിന് ഏറ്റവും പ്രധാനം. എലി വളരാന്‍ പ്രയോജനപ്പെടുന്ന അവസരങ്ങള്‍ ഒഴിവാക്കണം. ലിന്‍ഡേന്‍, ക്ലോര്‍ഡേന്‍ എന്നിവ തളിക്കുന്നത് ചെള്ളിന്റെ സാന്നിദ്ധ്യം ഇല്ലാതാക്കും. രോഗസാദ്ധ്യതയുള്ളവര്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ ചെള്ള് നശീകരണ രാസവസ്തുക്കളായ ബെന്‍സൈല്‍ ബെന്‍സോയേറ്റ് തളിക്കുന്നതും ചെള്ള് അകറ്റുന്ന രാസവസ്തുക്കളായ ഡൈഈതൈല്‍ ടൊളുമൈഡ് രോഗസാദ്ധ്യതയുള്ള തൊലിപ്പുറത്തേയ്ക്ക് തേയ്ക്കുന്നതും രോഗം വരാതിരിയ്ക്കാന്‍ സഹായിക്കുന്ന നടപടികളാണ്. പ്രതിരോധ കുത്തിവെയ്പ്പുകള്‍ ഒന്നും ഇതുവരെ ലഭ്യമല്ല.