ദുരവസ്ഥ:
ഒരു മഹാവിപത്തിന്റെ പാഠാന്തരം

ലഹളയുടെ ഭൂതകാലപശ്ചാത്തലമോ ശരിതെറ്റുകളോ ഒന്നും കവിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതല്ലായിരുന്നു. കവിയുടെ ലക്ഷ്യം ലഹളയുടെ ന്യായാന്യായം ചര്‍ച്ചക്കെടുക്കുകയായിരുന്നില്ല. താന്‍ കേട്ടറിഞ്ഞ ഒരു വിഷയം താനുദ്ദേശിക്കുന്ന സാമൂഹിക പ്രശ്നം അവതരിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിക്കുക മാത്രമായിരുന്നു. . ദുരവസ്ഥയിലെ നായികയായ സാവിത്രി ചാത്തന്റെ കൂരയില്‍ ചെന്നുകയറുന്ന രംഗം മലയാളി ജീവിതത്തിന്റെ പുതിയൊരദ്ധ്യായമാണ്. മഹാകവി കുമാരനാശാന്റെ ജന്‍മദിനമാണ്
ഏപ്രില്‍ 12

ദൂരസ്ഥലികളിലേയ്ക്ക് കാവ്യദേവതയുമൊത്ത് യാത്ര ചെയ്ത കവിയാണ് കുമാരനാശാന്‍. ‘കാടും കായലുമിക്കടല്‍ത്തിരകളും സഹ്യാദ്രികൂടങ്ങളുമൊക്കെ ഇവിടെ ഉണ്ടായിരുന്നിട്ടും , അവയിലൊന്നും ശ്രദ്ധിക്കാതെ, വിന്ധ്യാടവിയിലേക്കും രേവാനദിയിലേക്കും, ഹൈമവതഭൂമിയിലേക്കും കവി ഇതിവൃത്തം തേടിപ്പോയി. ‘ ദൂരദേശങ്ങള്‍ പഥ്യമായിരുന്നത് പോലെ കാലദൂരങ്ങളിലും കവി അഭിരമിച്ചിരുന്നു. ‘പണ്ട് ‘, ‘ഏറെയായ്‌കൊല്ലം’ , രണ്ടായിരത്തഞ്ഞൂറാണ്ടോളമായി ‘, ‘മരുവിയവിടെ മുമ്പ്’, ‘ശാക്യജിനദേവന്‍ ധര്‍മ്മരശ്മി ചൊരിയുംനാളില്‍, ‘ മാമുനിയോടൊത്ത് ‘, എന്നിങ്ങനെ ഗതകാല സൂചകമായിട്ടാണ് ആശാന്റെ പ്രധാന കാവ്യങ്ങളെല്ലാം തുടങ്ങുന്നത് .

ഭൂതകാല കഥകള്‍ കവിക്ക് നല്‍കുന്ന ‘ഭാവനാപരികരം’ ദുരവസ്ഥയുടെ മുഖവുരയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു, ”ഭൂതകാലവും പരോക്ഷതയുമാണ് കവിതാചിത്രണത്തിന് പറ്റിയതായി പണ്ടുപണ്ടേ അറിയപ്പെടുന്നതും സ്‌പൃഹണീയവുമായ ഭിത്തികള്‍. രേഖയുടെയോ വര്‍ണ്ണത്തിന്റെയോ പല ന്യൂനതകളും അവ മറച്ചുകളയും; ഗുണങ്ങളെ ഉജ്ജ്വലമാക്കുകയും ചെയ്യും”. സര്‍ഗ്ഗാത്മകമായ സ്വാതന്ത്ര്യം കവികള്‍ക്ക് ലഭിക്കുന്നത് ഗതകാലകഥകള്‍ പറയുമ്പോഴാണ്. ലോകത്തെവിടെയും കവിഭാവന ഇതള്‍ വിടര്‍ത്തിയത് ഗതകാല കഥകള്‍ ആഖ്യാനം ചെയ്തുകൊണ്ടാണ്. മലയാളസാഹിത്യത്തില്‍ രാമകഥകളും കൃഷ്ണകഥകളും മാറിമാറി കടന്നുവരുന്നതായാണ് സാഹിത്യചരിത്രം പരിശോധിക്കുമ്പോള്‍ നാം കാണുന്നത്. ചിന്താവിഷ്ടയായ സീതയൊഴിച്ച് ആശാന്റെ മറ്റ് കൃതികളൊന്നും ഇതിഹാസ-പുരാണകഥകളിലേക്ക് പോകുന്നില്ല. എങ്കിലും ‘ഭൂതലഗതകഥകള്‍ ‘ എന്ന നിലയിലാണ് ആശാന്റെ പ്രമുഖകൃതികളെല്ലാം അവതീര്‍ണ്ണമായത്. പൂര്‍വ്വസൂരികളുടെ വഴിതന്നെയായിരുന്നു ആശാന്റെ വഴിയും. വര്‍ത്തമാനകാല കഥകളെ കഴിയുന്നത്ര ഒഴിവാക്കിത്തന്നെയാണ് ആശാനും മനുഷ്യകഥാനുഗായിയായത്

ഇതിനൊരപവാദമാണ് ദുരവസ്ഥ. തീര്‍ത്തും ആനുകാലികമായ ഒരു വിഷയമാണ് ദുരവസ്ഥയുടെ കഥാതന്തു. കേരളചരിത്രത്തിലെ സുപ്രധാനമായ ഒരു സംഭവം പശ്ചാത്തലമാക്കിയാണ് കാവ്യം തുടങ്ങുന്നത്. വര്‍ത്തമാനകാല ഇതിവൃത്തം സ്വീകരിക്കുമ്പോള്‍ കവികള്‍ക്ക് പൊതുവേ നേരിടേണ്ടിവരുന്ന പ്രയാസത്തെക്കുറിച്ച് മുഖവുരയില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു. ”വര്‍ത്തമാന കാലത്തും വായനക്കാരുടെ മുമ്പിലും നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയെന്നു മാത്രമല്ല, അവയെ കഴിയുന്നത്ര തന്മയത്വത്തോടുകൂടി വര്‍ണ്ണിപ്പാന്‍ ആശിച്ചുകൊണ്ടും രചിക്കപ്പെടുന്ന കവിതകളില്‍ സാരസ്യം പ്രയാസമാണെന്ന് പറയേണ്ടതില്ലല്ലോ”. സരസമായി കഥാതന്തുവിനെ ബന്ധിപ്പിക്കുവാന്‍ കഴിയാതെ വരുമ്പോഴുള്ള രസശൈഥില്യത്തെയും കവി ഭയന്നിരുന്നു. അതുകൊണ്ട് വിനയപൂര്‍വം ഇതുകൂടി കുറിച്ചു. ”ദുരവസ്ഥ എന്റെ മറ്റു കൃതികളെ അപേക്ഷിച്ച് വിലക്ഷണ രീതിയിലുള്ള ഒരു കാവ്യമാണ്”. കാവ്യത്തിന്റെ ശില്പഭദ്രതയെക്കുറിച്ച് മാത്രമല്ല കവി ആശങ്കപ്പെട്ടത്. ”സമുദായ പരിഷ്‌കരണവിഷയത്തില്‍ പ്രബലമായ അഭിപ്രായവ്യത്യാസമുള്ള സംഗതികളെ ലാക്കാക്കിയുമാകുന്നു ഈ കൃതി പുറപ്പെടുന്നത്”. അതുകൂടി വിലക്ഷണതയ്ക് ഹേതുവാകുമോ എന്നും ഭയന്നു. തുടര്‍ന്ന് പറയാന്‍ പോകുന്ന കാര്യങ്ങള്‍ മാര്‍ദ്ദവമില്ലാത്തവയാകുമോ എന്ന സന്ദേഹവും കവിയ്ക്കുണ്ടായിരുന്നു.

ഇത്രയെല്ലാം ആശങ്കകളോടുകൂടിയാണ് കുമാരനാശാന്‍ ‘ദുരവസ്ഥ’ രചിക്കുവാന്‍ ‘ഒരുമ്പെട്ടത്’. 1921ല്‍ നടന്ന ലഹളയെ ആശാന്‍ എങ്ങനെയാണു വീക്ഷിച്ചിരുന്നതെന്ന അന്വേഷണം കൃതിയെഴുതിയിട്ട് നൂറുകൊല്ലം തികഞ്ഞതിനു ശേഷം ആവശ്യമുണ്ടോ? ആവശ്യമുണ്ടെങ്കില്‍തന്നെ ദുരവസ്ഥയുടെ ലക്ഷ്യം എന്തായിരുന്നു? അത് മാപ്പിള ലഹളയില്‍ മനംനൊന്ത ഒരു ഹിന്ദുമത വിശ്വാസിയുടെ മുറവിളിയായിരുന്നോ? നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ജാതിവിഭാഗങ്ങളെ ഉത്തേജിതരാക്കി ഇസ്ലാമിന്റെ ഭീകരതക്കെതിരെ നടത്തിയ ആഹ്വാനമായിരുന്നോ? ഇതിന്റെയെല്ലാം ഉത്തരം കൃതിയില്‍നിന്നുതന്നെ കണ്ടെത്താവുന്നതാണ്.

കൃതിയുടെ രത്നചുരുക്കം ഇത്രമാത്രമാണ്. 1921ല്‍ ഏറനാട്ടില്‍ മാപ്പിളമാര്‍ ഹിന്ദുക്കളുടെ ഇല്ലങ്ങള്‍ ആക്രമിച്ചു, പലരേയും കൊലപ്പെടുത്തി. അന്തര്‍ജ്ജനങ്ങളെ ബലാത്സംഗം ചെയ്തു. ഒട്ടനവധിപ്പേരെ മതം മാറ്റി അള്ളാമതത്തില്‍ചേര്‍ത്തു. ഇക്കൂട്ടത്തില്‍ ഒരു മനയില്‍ നിന്നും പ്രാണനുംകൊണ്ടോടിയ സാവിത്രിയെന്ന യുവതിയായ ഒരു അന്തര്‍ജ്ജനം ഒരു പുലയച്ചാളയില്‍ അഭയംതേടി. അവിടെ ഉണ്ടായിരുന്ന ചാത്തന്‍ എന്ന യുവാവിന്റെ സംരക്ഷണയില്‍ കുറച്ചുമാസം പുലയച്ചാളയില്‍ തന്നെ കഴിഞ്ഞു. പുലയ യുവാവില്‍ ആകൃഷ്ടയായ അവള്‍ ആ യുവാവിനെ വരിച്ചു. ഭാവിയെക്കുറിച്ച് സ്വപ്നം കണ്ടുകൊണ്ട് നാള്‍ കഴിച്ചു.

കഥാബീജം ഇത്രമാത്രമേഉള്ളൂ. കഥ മറ്റൊരു വഴിക്കുതിരിക്കാമായിരുന്നു. ലഹളക്കാരില്‍ത്തന്നെ ചിലര്‍ ഇത്തരത്തില്‍ ഹൈന്ദവരെ രക്ഷിച്ചിരുന്നതായും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഏറെക്കുറെ തുലനാത്മകമായ രീതിയില്‍ കാവ്യശില്പം ബലപ്പെടുത്താമായിരുന്നു . ഇതൊന്നും ചെയ്യാതെ സാവിത്രിയെ ചാത്തന്റെ ചാളയില്‍ കൊണ്ടെത്തിച്ചതെന്തിനായിരുന്നു?

ജാതിജയിലിനു അകത്തേക്കും
പുറത്തേക്കും

ഇന്ന് പരക്കെ ചര്‍ച്ചചെയ്യുന്നത്പോലെ ലഹളയുടെ ഭൂതകാലപശ്ചാത്തലമോ ശരിതെറ്റുകളോ ഒന്നും കവിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതല്ലായിരുന്നു. കവിയുടെ ലക്ഷ്യം ലഹളയുടെ ന്യായാന്യായം ചര്‍ച്ചക്കെടുക്കുകയായിരുന്നില്ല. താന്‍ കേട്ടറിഞ്ഞ ഒരു വിഷയം താനുദ്ദേശിക്കുന്ന സാമൂഹിക പ്രശ്നം അവതരിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിക്കുക മാത്രമായിരുന്നു. . ദുരവസ്ഥയിലെ നായികയായ സാവിത്രി ചാത്തന്റെ കൂരയില്‍ ചെന്നുകയറുന്ന രംഗം മലയാളി ജീവിതത്തിന്റെ പുതിയൊരദ്ധ്യായമാണ്. അന്ന് വരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തത്. ഊടുവഴിഞരമ്പു താണ്ടി പാടവരമ്പും കടന്ന് അവള്‍ ചെന്നുകയറുന്നത് കവിയുടെ ഭാഷയില്‍ ജാതി ജയിലിലേയ്ക്കാണ്. വട്ടക്കുടയും വൃഷലിമാതംഗിയെരുടെ അകമ്പടിയും ഒന്നുമില്ലാതെ ഒരു കുഞ്ഞാത്തോലിനെ ജാതിക്കോട്ടയ്ക്കുളളിലേക്കാണ് ആശാന്‍ ആനയിച്ചത്.

ദുരവസ്ഥയുടെ തുടര്‍ച്ചയെന്നുതന്നെ കരുതാവുന്ന കൃതിയാണ് ചണ്ഡാലഭിക്ഷുകി. രണ്ടിനും ഇടയില്‍ അധികം കാലദൈര്‍ഘ്യമില്ല. ജാതിധ്വംസനം എന്ന ലക്ഷ്യത്തോടെ എഴുതിയ രണ്ടു കൃതികളാണ് ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും. ഒരേ നൂലില്‍ ബന്ധിച്ച രണ്ടു കൃതികള്‍. ‘അന്തണനെ ചമച്ചുള്ള കൈയല്ലോ ഹന്ത നിര്‍മ്മിച്ചു ചെറുമനേയും’, എന്നെഴുതിയതിനു ശേഷമാണ്, ‘ ചണ്ഡാലിതന്‍ മെയ് ദ്വിജന്റെ ബീജപിണ്ഡത്തിനൂഷരമാണോ? എന്നു തുടര്‍ന്നെഴുതിയത്. ഹിന്ദുമതത്തിനുള്ളില്‍ നിന്നുകൊണ്ട്തന്നെ ജാതി നിര്‍മാര്‍ജ്ജനം സാധ്യമെന്നു കരുതിയ കവിയാണ് ‘ദുരവസ്ഥ’ എഴുതിയത്. അതുകൊണ്ടാണ് ഒരു കുഞ്ഞാത്തോലിനെ ജാതിജീവിതത്തിന്റെ അപരത്വത്തിലേക്ക് പ്രവേശിപ്പിച്ചത്. ‘മതപരിവര്‍ത്തനരസവാദം’ എന്ന ലേഖനം അന്ന് ഈഴവര്‍ക്കിടയില്‍ നടന്ന മതപരിവര്‍ത്തന ഭ്രമത്തിന് എതിരായി ആശാന്‍ എഴുതിയതാണ്. സമുദായ പ്രവര്‍ത്തകനായ കുമാരനാശാന്റെ യുക്തിപൂര്‍വമായ ചിന്തയുടെ ഫലമായിരുന്നു ആ ലേഖനം. ഹിന്ദുമതത്തിനുള്ളില്‍ നിന്നുകൊണ്ട് ഹിന്ദുമതത്തിലെ ആചാരങ്ങളെ പരിഷ്‌ക്കരിക്കാം എന്ന വിശ്വാസമായിരുന്നു ആശാനുണ്ടായിരുന്നത്. ഇതേ വിശ്വാസം തന്നെയായിരുന്നു വൈക്കത്തുവച്ച് സനാതനികളുമായി വ്യര്‍ത്ഥചര്‍ച്ച നടത്തിയ മഹാത്മജിക്കും ഉണ്ടായിരുന്നത്. ആശാന്‍ ദുരവസ്ഥയില്‍ സ്വീകരിച്ച നിലപാടല്ല ചണ്ഡാലഭിക്ഷുകിയില്‍ സ്വീകരിച്ചത്. അതുകൊണ്ടാണ് മാതംഗിയെ കൃപാരസമോഹനനായ ആനന്ദഭിക്ഷുവിന്റെ പാദമുദ്രകള്‍ തേടിയലയിച്ച് ഒടുവില്‍ ജേതൃവനമെന്ന ജാതിരഹിതമായ പുണ്യഭൂമിയിലേക്ക് പറിച്ചുനട്ടത്. ഒരു നായികയെ ജാതിക്കോട്ടയിലേക്കും മറ്റൊരു നായികയെ ജാതിക്കോട്ടക്ക് പുറത്തേക്കും പറഞ്ഞുവിട്ടുകൊണ്ടാണ് കവി തന്റെ പരീക്ഷണത്തിന് ഒരുങ്ങിയത്.
(തുടരും)
9037286399

Author

Scroll to top
Close
Browse Categories