ടി.കെ.മാധവന്:
പത്രപ്രവര്‍ത്തനം
മാനവികബോധത്തോടെ
ശ്രീ നാരായണഗുരുവിന്റെയും ഗാന്ധിജിയുടെയും ആദര്‍ശങ്ങളെ പിന്തുടര്ന്ന് ഇന്ത്യയുടെ ഉണര്‍വിനും ഉയര്‍ച്ചയ്ക്കുമായി മാനവികബോധത്തോടെ പത്രപ്രവര്‍ത്തനം നടത്തിയ ടി.കെ. മാധവന്റെ ‘ദേശാഭിമാനി’യിലെ ഓരോ വാര്‍ത്തയും ഓരോ മുഖപ്രസംഗവും നവോത്ഥാന ഇന്ത്യയുടെയും കേരളത്തിന്റെയും സൂക്ഷ്മമായചരിത്രം പഠിക്കാനും എഴുതാനും ആഗ്രഹിക്കുന്നവര്‍ക്കു വലിയൊരു അക്ഷയഖനിയാണ്. അതില്‍ നമ്മുടെ ഭൂതകാലം വജ്രകാന്തിയോടെ തിളങ്ങുന്നതു കാണാം.
തിരുവിതാംകൂറിലെ അധഃകൃതരുടെ വലിയ ശത്രു ആരായിരുന്നു? 1925ല്‍ ശ്രീമൂലം പ്രജാസഭയില്‍ എന്‍.കുമാരന് അവതരിപ്പിച്ച സഞ്ചാര സ്വാതന്ത്ര്യപ്രമേയം പരാജയപ്പെട്ടതിനെത്തുടര്‍ന്നു ടി.കെ. മാധവന് എഴുതിയ മുഖപ്രസംഗത്തില്‍ അതിനുള്ള ഉത്തരമുണ്ട്.
”തിരുവിതാംകൂറില്‍ അധഃകൃതരുടെ വലിയ ശത്രു അവരുടെ ഗവണ്മെന്റാണെന്നു നിയമസഭയിലെ സഞ്ചാര സ്വാതന്ത്ര്യ പ്രമേയം കൊണ്ട് എല്ലാവര്ക്കും ബോദ്ധ്യമായി. തിരുവിതാംകൂര്‍ ഗവണ്മെന്റ് പട്ടന്മാരുടെ ഗവണ്മെന്റെന്നു സ്പഷ്ടമായി. അധഃകൃതര്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത് ക്ഷേത്ര പ്രവേശനത്തിനാണെന്നും അത് അനുവദിച്ചുകൂടെന്നും നിയമസഭയില്‍ വെമ്പലോടുകൂടെ പ്രസംഗിച്ചതു ശ്രീ.സുബ്ബയ്യര്‍, കൃഷ്ണയ്യര്‍, കൃഷ്ണയ്യങ്കാര്‍ എന്നീ പട്ടന്മാരായിരുന്നു. ആകെക്കൂടി ആലോചിച്ചാല്‍ അഹിന്ദുക്കള്‍ക്കുള്ള സ്വാതന്ത്ര്യം പോലും അവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് അനുവദിച്ചു കൊടുക്കുന്നതില്‍ തടസ്സക്കാര്‍ പട്ടന്മാര് തന്നെയാണ്” ഇതേ മുഖപ്രസംഗത്തില്‍ തന്നെ സഞ്ചാര സ്വാതന്ത്ര്യപ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത പി. പരമേശ്വരന്റെ കുടില വൃത്തിയേയും ടി.കെ. പരാമര്‍ശിക്കുന്നുണ്ട്. ”ഇത്ര ചോറില്ലാത്ത ഒരു തല ഈ വയസ്സുകാലത്തു ചുമന്നു നടക്കാന്‍ മാത്രം മിസ്റ്റര്‍ പരമേശ്വരന് ജീവിച്ചിരിക്കുന്നതില്‍ ഞങ്ങള്‍ വ്യസനിക്കുന്നു” സ്ഥാനമാനങ്ങള്‍ക്കു വേണ്ടി സ്വന്തം പൗരാവകാശത്തെ നിഷേധിക്കുന്ന സമുദായദ്രോഹികളായ കുലംകുത്തികള്‍ ചത്തു തുലയേണ്ടതാണെന്ന്, അഹിംസാവാദികളായ ശ്രീനാരായണഗുരുവിന്റെയും ഗാന്ധിജിയുടെയും ഒരു അനുയായിക്കു പറയേണ്ടി വന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഗാന്ധിജിയും ചില സന്ദര്‍ഭങ്ങളില്‍ വാക്കിലും പ്രവൃത്തിയിലും ഹിംസ അവലംബിച്ചിട്ടുണ്ടല്ലോ.
തിരുവിതാംകൂറില്‍ മദ്യവര്‍ജ്ജനത്തിനു സംഘടിത രീതിയില്‍ ആദ്യശ്രമങ്ങള്‍ ചെയ്തത് ഈഴവ സമുദായമായിരുന്നു. ടി.കെ. മാധവനായിരുന്നു അതിനു നേതൃത്വം. 1096-ലെ ചതയദിനത്തില്‍ ഗുരു പുറപ്പെടുവിച്ച മദ്യം വിഷമാണ്, അതു ഉണ്ടാക്കരുത്, വില്‍ക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന സന്ദേശം അദ്ദേഹത്തിനു പ്രചോദനമായി. അതിനെത്തുടര്‍ന്നു തിരുവിതാംകൂറിലെ ഈഴവര്‍ മദ്യവ്യവസായം ഉപേക്ഷിക്കുന്നതിനും മദ്യപാനാസക്തി ജനതാമദ്ധ്യത്തില്‍ നിന്നു ഉന്മൂലനം ചെയ്യുന്നതിനും പ്രക്ഷോഭണം ആരംഭിച്ചു. എന്നാല്‍ ഈ സമരത്തെ വരേണ്യവര്‍ഗ്ഗം കണ്ടതു അസഹിഷ്ണുതയോടെയായിരുന്നു. ക്ഷേത്രപ്രവേശനവും ഇതരസമുദായങ്ങളുമായി സമത്വവും സമ്പാദിച്ചു സ്വാര്‍ത്ഥം നേടാനുള്ള യത്നമായിട്ടാണ് അവര്‍ അതിനെ വ്യാഖ്യാനിച്ചത്.
ഈഴവര്‍ എക്കാലത്തും ‘ചെത്തി’നടന്നാല്‍ മതിയെന്നു അനുശാസിക്കുകയും ആഗ്രഹിക്കുകയും ചെയ്തവരാണല്ലോ ഭരണവര്‍ഗ്ഗം. ‘ചെത്തു നിര്‍ത്തണം’ എന്നൊരു മുഖപ്രസംഗമുണ്ട്. അതില്‍ ഈഴവരും മറ്റു സമുദായക്കാരും കുടിക്കുന്ന കള്ളിന്റെ കണക്കും നാല്പതുലക്ഷം വരുന്ന തിരുവിതാംകൂറിലെ ഓരോ പ്രജയും ഒരു വര്‍ഷത്തില്‍ ഉപയോഗിക്കുന്ന കള്ളിന്റെ അളവും ചെത്തുകൊണ്ടുള്ള നേട്ടങ്ങള്‍ കൊയ്യുന്ന വിഭാഗവും കള്ളുചെത്തിനെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും തിരുവിതാംകൂറിലെ ആകെ ചെത്തുകാരുടെ എണ്ണവും ഈഴവര്‍ ചെത്ത് നിര്‍ത്തുമെന്നു ഭയന്നു ചെത്ത് തൊഴിലാക്കിയിട്ടില്ലാത്ത സമുദായങ്ങളില്‍ ചെത്തു പ്രചരിപ്പിക്കാന്‍ വേണ്ടി ക്രിസ്ത്യാനികള്‍, നായന്മാര്, പരവന്മാര്‍ മുതലായവര്‍ക്കു ചെത്തു പഠിക്കാനുള്ള സൗകര്യങ്ങള്‍ പെരിനാട്, പട്ടം, അയ്മനം മുതലായ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ഉണ്ടാക്കികൊടുത്തു വരുന്നതിനെപ്പറ്റിയുള്ള വിവരണവും മദ്യപാനിയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ഗവണ്മെന്റ് മതാഭിമാനിയുടെ ക്ഷേത്രപ്രവേശന സ്വാതന്ത്ര്യത്തെ ബഹുമാനിക്കാത്തതിന്റെ നെറികേടുമൊക്കെ വിശദമായി തന്നെ ടി.കെ. പറഞ്ഞുവയ്ക്കുന്നു. ഈഴവര്‍ ചെത്തു നിര്‍ത്തിയാലുണ്ടാകുന്ന അനന്തരഫലത്തെപ്പറ്റിയും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അതു ഈഴവര്‍ക്കു ധനനഷ്ടവും ധര്മ്മലാഭവും ഉണ്ടാക്കുമ്പോള്‍, മറ്റു സമുദായങ്ങള്‍ക്കു ധനലാഭവും ധര്മ്മലാഭവും ഉണ്ടാക്കുന്നു.
പത്രാധിപരെന്ന നിലയില്‍ കേരളത്തിനകത്തും പുറത്തും അക്കാലത്തു നടന്ന പ്രധാന സംഭവങ്ങളെപ്പറ്റിയും പൊതുപ്രശ്നങ്ങളെപ്പറ്റിയും സാമുദായിക സംഘടനകളെപ്പറ്റിയും മുഖപ്രസംഗങ്ങള്‍ ടി.കെ.എഴുതിയിരുന്നു. റഷ്യന്‍ വിപ്ലവവും ഒന്നാം ലോകമഹായുദ്ധവും ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയും ഖിലാഫത്ത് പ്രസ്ഥാനവും തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭവും മലബാര്‍ ലഹളയും കേരളീയ നായര്‍ സമാജവും യോഗക്ഷേമസഭയും ഗൗഢസാരസ്വത ബ്രാഹ്മണസമുദായവും പുലയ ക്രിസ്ത്യാനികളുടെ ധര്‍മ്മസങ്കടവും നാടാന്മാരുടെ അവകാശങ്ങളുമൊക്കെ അതില്‍പ്പെടും. അതുപോലെ പ്രശസ്തരും പ്രഗത്ഭമതികളായ വ്യക്തികളെപ്പറ്റിയും എഴുതിയിരുന്നു.
ഇന്നത്തെ പത്രവാര്‍ത്തകള്‍ നാളത്തെ ചരിത്രമാണെന്നു പറയാറുണ്ടല്ലോ. പക്ഷെ, അതില്‍ എത്രത്തോളം വസ്തുതയുണ്ടെന്നു കണ്ടെത്തുക ഒരു മഹാപ്രശ്നമാണ്. പത്രാധിപന്മാരുടെ നീതിബോധത്തെയും സത്യസന്ധതയെയും ആധാരമാക്കി നിര്‍ണയിക്കേണ്ട ഒരു കടമ്പയാണത്. ഏതായാലും വ്യാവസായിക യുഗത്തിലെ പ്രൊഫഷണലുകളായ പത്രാധിപന്മാരേക്കാള് നേരും നെറിയുമുള്ളവരായിരുന്നു, സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രതിബദ്ധതയോടെ പത്രപ്രവര്‍ത്തനം നടത്തിയ പഴയ തലമുറയിലെ പത്രാധിപന്മാര് എന്നു വിശ്വസിക്കാം. കള്ളനാണയങ്ങള്‍ അഥവാ ജാതി-മത-വര്‍ഗ്ഗഭേദ ചിന്തയോടെ വസ്തുതകളെ വികലമാക്കിയും വക്രീകരിച്ചും അവതരിപ്പിച്ചവര്‍ അവരിലും ഇല്ലാതില്ല. എന്നാല്‍ ശ്രീനാരായണഗുരുവിന്റെയും ഗാന്ധിജിയുടെയും ആദര്‍ശങ്ങളെ പിന്തുടര്ന്നു, ഇന്ത്യയുടെ ഉണര്‍വിനും ഉയര്‍ച്ചയ്ക്കുമായി മാനവികബോധത്തോടെ പത്രപ്രവര്‍ത്തനം നടത്തിയ ടി.കെ. മാധവന്റെ ‘ദേശാഭിമാനി’യിലെ ഓരോ വാര്‍ത്തയും ഓരോ മുഖപ്രസംഗവും നവോത്ഥാന ഇന്ത്യയുടെയും കേരളത്തിന്റെയും സൂക്ഷ്മമായചരിത്രം പഠിക്കാനും എഴുതാനും ആഗ്രഹിക്കുന്നവര്‍ക്കു വലിയൊരു അക്ഷയഖനിയാണ്. അതില്‍ നമ്മുടെ ഭൂതകാലം വജ്രകാന്തിയോടെ തിളങ്ങുന്നതു കാണാം.
9442185111