കോവിഡ് ദുരന്തകാലത്തെ മറികടക്കണം;

സ്‌കൂളുകളിലൂടെ

കുട്ടികളുടെ ബൗദ്ധികലോകം ഇന്റര്‍നെറ്റിനെ ചുറ്റിപ്പറ്റിയായി. അതിലൂടെ നഷ്ടമാകുന്നത് കുട്ടികളുടെ ഇടയിലെ പരസ്പര സൗഹൃദങ്ങളും ക്രിയാത്മകമായ ചര്‍ച്ചകളും ഒക്കെയാണ്. മെച്ചപ്പെട്ട പഠനാന്തരീക്ഷത്തിലൂടെ സജീവമായിരുന്ന ക്‌ളാസ് മുറികളും, ലൈബ്രറിയുമൊക്കെ കോവിഡാനന്തരം നിശബ്ദതയുടെ തുരുത്തുകളായി മാറിയോ?. വീട്ടില്‍ അടച്ചിരുന്ന രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ഭൂരിഭാഗം കുട്ടികളിലും അന്തര്‍മുഖത്വം പ്രകടമാണോ?

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നമ്മുടെ പള്ളിക്കൂടങ്ങള്‍ സജീവമായിരിക്കുന്നു. സ്‌കൂള്‍ തുറക്കുന്ന ജൂണില്‍ തന്നെ എഴുതണമെന്നുകരുതിയ ഈ ലേഖനം ഒരുമാസം വൈകിപ്പിച്ചത് മനഃപൂര്‍വ്വമാണ്. കോവിഡ് കാലത്തിന്റെ തിരുശേഷിപ്പുകള്‍ സ്‌കൂളുകളെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നുകൂടി പഠിക്കണമെന്ന തോന്നലിന്റെ ഭാഗം. ഒരു മാസത്തെ ചെറിയ നിരീക്ഷണം വലിയ തിരിച്ചറിവിലേക്കാണ് നമ്മെ എത്തിച്ചിരിക്കുന്നത്. സ്‌കൂളുകള്‍ മാറിയിരിക്കുന്നു, കുട്ടികളുടെ പഠനത്തോടും അദ്ധ്യാപകരോടുമുള്ള ആഭിമുഖ്യം മാറിയിരിക്കുന്നു, അധ്യാപകരുടെ രീതികള്‍ മാറിയിരിക്കുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, സാധാരണ ഒരു പത്തുവര്‍ഷം കൊണ്ടെങ്കിലും ഉണ്ടാകേണ്ട മാറ്റം ഈ രണ്ടുവര്‍ഷം നമ്മുടെ സ്‌കൂളുകളില്‍ ഉണ്ടായിട്ടുണ്ട്. അത് ഭൗതികമായ മാറ്റങ്ങളെക്കാള്‍ കുട്ടികളുടെയും, അദ്ധ്യാപകരുടെയും മാനസികതലങ്ങളില്‍ ഉള്ള മാറ്റങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

ഓണ്‍ലൈന്‍
ക്‌ളാസ്സുകള്‍

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ മാറ്റങ്ങളില്‍ ഏറ്റവും മുമ്പില്‍ ഓണ്‍ലൈന്‍ ക്‌ളാസ്സുകള്‍ വഴിയുണ്ടായ രൂപാന്തരമാണ്. വിദ്യാലയങ്ങള്‍ കോവിഡ് ഭീഷണിയില്‍ പൂട്ടിയപ്പോള്‍ ബദല്‍ മാര്‍ഗ്ഗമായി ഉയര്‍ന്നുവന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം പിന്നീട് സാര്‍വ്വത്രികമായപ്പോള്‍ ഇന്ന് വിദ്യാലയങ്ങള്‍ വെറും ബദല്‍ മാര്‍ഗ്ഗമായി കുട്ടികള്‍ കാണാന്‍ തുടങ്ങിയെന്നതാണ് ഏറ്റവും വലിയ മാറ്റവും, അത്രതന്നെ ഈ രംഗത്തെ മൂല്യച്യുതിയ്ക്കും കാരണമാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തോടെ കുട്ടികളില്‍ ഉണ്ടായ മാറ്റങ്ങള്‍ വീട്ടിലിരുന്നുമാത്രം പഠിച്ചതുകൊണ്ടുള്ള മാറ്റങ്ങളല്ല. ഓണ്‍ലൈന്‍ ക്ലാസ്സിനുമപ്പുറം ഇന്റര്‍നെറ്റിലൂടെ അവരുടെ ലോകം തന്നെ വിശാലമായതിന്റെകൂടി മാറ്റങ്ങളാണ്.


കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ മാറ്റങ്ങളില്‍ ഏറ്റവും മുമ്പില്‍ ഓണ്‍ലൈന്‍ ക്ളാസ്സുകള്‍ വഴിയുണ്ടായ രൂപാന്തരമാണ്. വിദ്യാലയങ്ങള്‍ കോവിഡ് ഭീഷണിയില്‍ പൂട്ടിയപ്പോള്‍ ബദല്‍ മാര്‍ഗ്ഗമായി ഉയര്‍ന്നുവന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം പിന്നീട് സാര്‍വ്വത്രികമായപ്പോള്‍ ഇന്ന് വിദ്യാലയങ്ങള്‍ വെറും ബദല്‍ മാര്‍ഗ്ഗമായി കുട്ടികള്‍ കാണാന്‍ തുടങ്ങിയെന്നതാണ് ഏറ്റവും വലിയ മാറ്റവും, അത്രതന്നെ ഈ രംഗത്തെ മൂല്യച്യുതിയ്ക്കും കാരണമാക്കിയിരിക്കുന്നത്.

മൊബൈല്‍ ഫോണുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷം കുട്ടികളുടെ ഇടയിലേക്ക് വിരുന്നുവന്ന തോഴനായിരുന്നു. രക്ഷകര്‍ത്താക്കളുടെ പൂര്‍ണ്ണസമ്മതത്തോടെ ഇത്രയേറെ സ്വതന്ത്രമായി ഇടപെടാന്‍ ലോകത്തെ എല്ലാമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ഇന്റര്‍നെറ്റും പേറിനില്‍ക്കുന്ന ഇങ്ങനെയൊരു സുഹൃത്തിന്റെ കയ്യില്‍ മക്കളെ പൂര്‍ണമായും വിട്ടുകൊടുക്കുകയാണ് രക്ഷകര്‍ത്താക്കള്‍ ചെയ്തത്. എന്നാല്‍ അങ്ങനെയൊരു സുഹൃത്തുമായി വിശാലമായൊരു മായികലോകത്തേക്കാണ് കുട്ടികള്‍ എത്തിപ്പെട്ടത്. അവരുടെ ആവശ്യങ്ങള്‍ക്കുള്ളതെല്ലാം അവിടെയുണ്ടായിരുന്നു. എന്തിലേക്കും ഏതിലേക്കും മനസ്സുടക്കുന്ന, ആര്‍ക്കും വശീകരിക്കാവുന്ന ഒരു പ്രായത്തില്‍ അങ്ങനെയൊരു മായാലോകത്തെത്താന്‍ കഴിഞ്ഞ കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് തെറ്റും ശരിയും തിരിച്ചറിയാതെ പോയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവരെ അവരെ സംബന്ധിച്ച് അവര്‍ക്ക് ഉണ്ടായ മാറ്റങ്ങള്‍ അവര്‍ സ്വയം തിരിച്ചറിയപ്പെടുന്നില്ല. എന്നാല്‍ സമൂഹത്തെ സംബന്ധിച്ച് അത് ഏറെ പ്രകടവുമാണ്.

കുട്ടികളുടെ മാനസികനിലയിലെ സന്തുലിതാ വസ്ഥപോലും ഏറെക്കുറെ ഈ ഓണ്‍ലൈന്‍ കാലം നഷ്ടപ്പെടുത്തിയിട്ടുണ്ട്. കേവലം ക്‌ളാസ്സുകളും, പുസ്തകങ്ങളും, കൂട്ടുകാരും, അദ്ധ്യാപകരുമാരുമൊക്കെയുള്ള ലോകത്തു ജീവിച്ചിരുന്ന കുട്ടികളുടെ ലോകം ഇപ്പോള്‍ വളരെ വിശാലമായിരിക്കുന്നു. സാമൂഹിക നിലവാരത്തിലുള്ള വിശാലതയാണ് കൈവരിച്ചതെന്ന് പറയാനാവില്ല. പകരം, പ്രായത്തില്‍ കവിഞ്ഞ കപടപക്വതയിലേക്കുള്ള ഒരു പാലമായി കുട്ടികളുടെയിടയില്‍ ഇന്റര്‍നെറ്റ് മാറുകയായിരുന്നു.

കോവിഡ് മൂലം നിശ്ചലമായ സര്‍വ്വമേഖലകളില്‍ നിന്നും വിടുതല്‍ ലക്ഷ്യമിടുമ്പോള്‍ അവ സ്‌കൂളുകളിലൂടെ തിരിച്ചുപിടിക്കുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. സ്‌കൂളുകളിലെ സ്തംഭനാവസ്ഥയെപ്പറ്റി നാം ചര്‍ച്ചചെയ്യുമ്പോളും, ഈ സ്തംഭനാവസ്ഥ ഒഴിവാക്കേണ്ടത് സ്‌കൂളുകള്‍ വഴിയാവണമെന്ന ലക്ഷ്യമാണ് നമുക്കുണ്ടാവേണ്ടത്.

ഇതെങ്ങനെയാണ് സ്‌കൂളുകളില്‍ ഇനി പ്രതിഫലിക്കുവാന്‍ പോകുന്നതെന്നത് പ്രസക്തമായ കാര്യമാണ്. ഒന്നാമത് കുട്ടികളുടെ ബൗദ്ധികലോകം ഇന്റര്‍നെറ്റിനെ ചുറ്റിപ്പറ്റി ആയിരിക്കുന്നു. അതിലൂടെ നഷ്ടമാകുന്നത് കുട്ടികളുടെ ഇടയിലെ പരസ്പര സൗഹൃദങ്ങളും ക്രിയാത്മകമായ ചര്‍ച്ചകളും ഒക്കെയാണ്. മെച്ചപ്പെട്ട പഠനാന്തരീക്ഷത്തിലൂടെ സജീവമായിരുന്ന ക്‌ളാസ് മുറികളും, ലൈബ്രറിയുമൊക്കെ കോവിഡാനന്തരം നിശബ്ദതയുടെ തുരുത്തുകളായി മാറിയിരിക്കുന്നു. വിദ്യാര്‍ഥികള്‍ അവരിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു. വീട്ടില്‍ അടച്ചിരുന്ന രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം ഭൂരിഭാഗം കുട്ടികളിലും അന്തര്‍മുഖത്വം പ്രകടമായിരിക്കുന്നു. അനാവശ്യമായി ദേഷ്യം വരിക, പെട്ടെന്ന് വികാരാധീനരാവുക, എന്നിങ്ങനെ ഒറ്റപ്പെട്ട മനസ്സുമായി ആരോടും മനസ്സുതുറക്കാതെ അവരിലേക്ക് മാത്രമായി ചുരുങ്ങി മുന്നോട്ടുപോകുകയാണ് കുട്ടികള്‍. പഠനത്തിനും, അറിവുസമ്പാദനത്തിനും പൂര്‍ണ്ണമായും ഇന്റര്‍നെറ്റിന്റെ ആശ്രയത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു.

അധ്യാപകരോടുള്ള ഊഷ്മളമായ ബന്ധവും മനോഭാവമാണ് ഓണ്‍ലൈന്‍ അധ്യയനത്തോടെ നഷ്ടപ്പെട്ട മറ്റൊരുകാര്യം. യൂട്യൂബില്‍ കാണുന്ന അസംഖ്യം ഓണ്‍ലൈന്‍ ക്ലാസ്സുകളിലെ മുഖങ്ങളില്‍ നിന്ന് അവര്‍ ഇപ്പോള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന അദ്ധ്യാപകരിലേക്ക് വലിയ ദൂരം കണ്ടെത്താന്‍ കുട്ടികള്‍ക്ക് കഴിയുന്നില്ല. ജോലിയുടെ ഭാഗമായി പാഠഭാഗങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാള്‍ എന്നതിനപ്പുറം അദ്ധ്യാപകര്‍ക്ക് ഇന്ന് കുട്ടികള്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. അവര്‍ ഇന്റര്‍നെറ്റില്‍ കണ്ടുകൂട്ടിയ സിനിമകളിലെയും, ഷോര്‍ട്ട് ഫിലിമിലെയും സുന്ദരിയും കുട്ടികളുടെ ആരാധനാപാത്രവുമായ അദ്ധ്യാപിക എന്നതിനപ്പുറം ഒരു ടീച്ചര്‍ക്ക് നല്‍കേണ്ട ബഹുമാനം നല്‍കുവാന്‍ കുട്ടികള്‍ക്ക് കഴിയുന്നില്ല. ഇപ്പോള്‍ ഓരോ സ്‌കൂളിലെയും അദ്ധ്യാപികമാരോട് ഇതേപ്പറ്റി ചോദിച്ചാല്‍ പരാതിപ്പെട്ടിയുടെ മൂടികള്‍ വെളുക്കേ തുറക്കുന്നതുകാണാം. ഇതൊക്കെ കോവിഡിനും, ഇന്റര്‍നെറ്റിനുമൊക്കെ മുമ്പും ഉണ്ടായിരുന്നതല്ലേ എന്ന മറുചോദ്യം ഉണ്ടായേക്കാം. ഉണ്ടായിരുന്നിരിക്കാം; പക്ഷേ കോവിഡ് കാലത്തുണ്ടായ മാറ്റങ്ങള്‍ ഇതിനെ തീര്‍ച്ചയായും സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

കുട്ടികളുടെ കണ്ണുകളിലൂടെയും
കാണണം.

വിദ്യാര്‍ഥികള്‍ മുതിര്‍ന്നവരെ സംബന്ധിച്ച് ചെറിയ കുട്ടികളാണ്. അവര്‍ മുതിര്‍ന്നവരുടെ മാനറിസങ്ങള്‍ കാണിക്കുമെങ്കിലും ആത്യന്തികമായി അവര്‍ വെറും കുട്ടികള്‍ തന്നെയാണ്. അവരുടെ പ്രായത്തിന്റെ പ്രത്യേകതകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ആര്‍ക്കും, ഏതുരീതിയില്‍ നയിക്കുവാനും, സ്വാധീനിക്കുവാനും വഴിതിരിച്ചുവിടുവാനും കഴിയുന്ന പ്രായമാണ് അവരുടേത്. അവര്‍ സ്വയം ഉണ്ടാക്കിവച്ച വിപത്തല്ല കോവിഡ്. ആ ഒരു അവസ്ഥയില്‍ അവരെ കാലം കൊണ്ടെത്തിച്ചതാണ്. അതുകൊണ്ടുതന്നെ അവരില്‍ ഉണ്ടായ മാറ്റങ്ങള്‍ക്ക് ഒരര്‍ത്ഥത്തില്‍ മുതിര്‍ന്നവരായ, അവരുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഓരോരുത്തരും ഉത്തരവാദികളാണ്. ഈ മാറ്റങ്ങളൊക്കെ അവരില്‍ ഉണ്ടായതിനൊക്കെ പിന്നില്‍ കൃത്യമായ കാര്യകാരണങ്ങള്‍ ഉണ്ട്. അത് അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും മനസിലാക്കേണ്ടതുണ്ട്. ഇവിടെ മുമ്പ് ചര്‍ച്ചചെയ്ത മൊബൈല്‍ അടിമത്വം പോലും അവരറിയാതെ അവരില്‍ ഉണ്ടാക്കിയത് നമ്മുടെ അധ്യയനരീതിയാണ്. അതില്‍നിന്നും വിടുതല്‍ നേടുവാനും നാം അവരെ സഹായിച്ചേ മതിയാകൂ. അവരുടെ കൂടി കണ്ണുകളിലൂടെ നാം ഈ മാറ്റത്തെയൊക്കെ കാണുവാനും, അവരെ മനസിലാക്കി അവരെ ചേര്‍ത്തുനിര്‍ത്തുവാനും നാം തയ്യാറാവണം.

അധ്യാപകരെ സംബന്ധിച്ച് ഇത് അവരുടെ അധ്യയനജീവിതത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടം തന്നെയാണ്. കഴിവുതെളിയിക്കാനും, ഒരു അധ്യാപകന്റെ/അധ്യാപികയുടെ സാമൂഹിക ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുവാനും കിട്ടുന്ന സുവര്‍ണ്ണാവസരം. കുട്ടികള്‍ ആകെ മാറിപ്പോയി, ഇനി ഞങ്ങള്‍ എന്തുചെയ്യാനാണ് എന്ന ചിന്താഗതി അധ്യാപകര്‍ ഉപേക്ഷിക്കണം

അദ്ധ്യാപകരുടെ
മനോഭാവം മാറണം

അദ്ധ്യാപകരെ സംബന്ധിച്ച് ഇത് അവരുടെ അധ്യയനജീവിതത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടം തന്നെയാണ്. കഴിവുതെളിയിക്കാനും, ഒരു അദ്ധ്യാപകന്റെ/അദ്ധ്യാപികയുടെ സാമൂഹിക ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുവാനും കിട്ടുന്ന സുവര്‍ണ്ണാവസരം. കുട്ടികള്‍ ആകെ മാറിപ്പോയി, ഇനി ഞങ്ങള്‍ എന്തുചെയ്യാനാണ് എന്ന ചിന്താഗതി അദ്ധ്യാപകര്‍ ഉപേക്ഷിക്കണം. കോവിഡ് കാലത്തേ കുട്ടികളിലുണ്ടായ മോശപ്പെട്ടതും, തെറ്റായതുമായ മാറ്റങ്ങള്‍ തിരികെ കൊണ്ടുവരേണ്ടത് അദ്ധ്യാപകരുടെ ഉത്തരവാദിത്തമാണ്. അദ്ധ്യാപകര്‍ക്കേ അതിന് കഴിയുകയുള്ളൂ. ഒരുപക്ഷേ, എല്ലാവരെയും അത്തരത്തില്‍ മാറ്റുവാന്‍ കഴിഞ്ഞെന്നുവരില്ല. എങ്കിലും അദ്ധ്യാപകരുടെ ഇടപെടലുകള്‍ കൊണ്ട് മാത്രം മാറ്റം സിദ്ധിക്കാന്‍ കഴിയുന്ന കുട്ടികള്‍ ഉണ്ടാവും. അവരെയെങ്കിലും നേരായവഴിയില്‍ നടത്തുവാന്‍ അദ്ധ്യാപകരുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞെന്നുവരാം.

കുട്ടികള്‍ സര്‍വ്വതും
തകര്‍ന്നവരോ?

വീടുകളിലും ചില ഒറ്റപ്പെട്ട
തുരുത്തുകള്‍

കേരളത്തിലെ കുട്ടികളുടെ രക്ഷിതാക്കള്‍ താരതമ്യേന വിദ്യാഭ്യാസമുള്ളവരും, കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ അങ്ങേയറ്റം ശുഷ്‌കാന്തിയുള്ളവരുമാണ്. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ സ്വകാര്യവിദ്യാലയങ്ങളുടെ എണ്ണവും, അവിടുത്തെ കുട്ടികളുടെ ബാഹുല്യവും മറ്റേതൊരു സംസ്ഥാനത്തെയും പിന്നിലാക്കുന്നത്. സ്‌കൂളുകള്‍ തുറന്നതോടെ വീട്ടില്‍ അടച്ചിരുന്ന മക്കള്‍ സ്‌കൂളുകളിലേക്ക് പോയെന്ന സമാധാനം രക്ഷിതാക്കള്‍ക്കുണ്ടാവും. എന്നാല്‍ കുട്ടികള്‍ക്കൊപ്പം തന്നെ രക്ഷകര്‍ത്താക്കളും സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗത്തിലേക്ക് കൂടുതലായി മാറിയെന്ന പഠനങ്ങള്‍ ആശങ്കാവഹമാണ്. അതായത്, കുട്ടികള്‍ക്കൊപ്പം രക്ഷകര്‍ത്താക്കളും ഇന്ന് അവരവരുടെ ക്‌ളാസ്സുകളിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ മെമ്പര്‍മാരാണ്. അതിലൂടെ കേരളത്തിലെ വീട്ടമ്മമാരുടെ മൊബൈല്‍ സാക്ഷരതയും ഏതാണ്ട് നൂറുശതമായിരിക്കുകയാണ്. ഇത്തരത്തില്‍ രക്ഷകര്‍ത്താക്കളും ഇന്റര്‍നെറ്റിന്റെ സ്വീകാര്യതയിലേക്ക് മാറുന്നതോടെ വീടുകളില്‍ ചില ഒറ്റപ്പെട്ട തുരുത്തുകള്‍ രൂപംകൊള്ളുന്നു. പരസ്പരം സംസാരിക്കുവാനും, ആശങ്കകളും ആഗ്രഹങ്ങളും പങ്കുവെക്കുവാനും അവസരമില്ലാതെവരികയും ചെയ്യുന്നു. മേല്‍സൂചിപ്പിച്ചതരത്തില്‍ സ്‌കൂളുകളില്‍ ഒറ്റപ്പെട്ടുകഴിഞ്ഞ കുട്ടികള്‍ക്ക് വീടുകളിലും ഒരു ആശ്രയം ഇല്ലാതെവരുമ്പോള്‍ അവരുടെ ആശ്രയത്വം വീടിനുപുറത്തേക്ക് വ്യാപിക്കുന്നു. ഇത് അവരെ കുഴപ്പങ്ങളില്‍ ചെന്നെത്തിക്കുന്നു.
സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ അല്‍പ്പം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും മൊബൈല്‍ ഫോണിനോടുള്ള ആശ്രയത്വം കുട്ടികളും രക്ഷകര്‍ത്താക്കളും കുറയ്‌ക്കേണ്ടതുണ്ട്. വീട് തന്നെയാണ് ആദ്യത്തെ കളരി. അതിനാല്‍ ആദ്യാക്ഷരങ്ങള്‍ തന്നെ തെറ്റിപ്പോകാന്‍ നമ്മള്‍ ഇടവരുത്തരുത്.

ഇവിടെ കോവിഡ് കാലത്തിനിപ്പുറം സ്‌കൂളുകളിലും, കുട്ടികളിലും ഉണ്ടായ മാറ്റങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ അവയില്‍ സിംഹഭാഗവും കുട്ടികളിലെ കുഴപ്പങ്ങള്‍ ചര്‍ച്ചചെയ്യുന്നത് സ്വാഭാവികം മാത്രം. എന്നാല്‍, കുട്ടികളെ അത്തരത്തില്‍ അടച്ചാക്ഷേപിക്കുവാന്‍ ലേഖകന്‍ ശ്രമിക്കുകയല്ല. ഇപ്പോളും മൂല്യങ്ങള്‍ സൂക്ഷിക്കുന്ന കുട്ടികള്‍ നമുക്കുചുറ്റിനുമുണ്ട്. അവര്‍ സ്‌കൂളുകളെ ഈ രണ്ടാംവരവിലും പൂര്‍വ്വാധികം സജീവമാക്കുന്നുമുണ്ട്. എന്നിരുന്നാലും, കാലം കുട്ടികളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ തുലാസില്‍ അളക്കുമ്പോള്‍ അവയില്‍ മോശപ്പെട്ടവയാണ് കൂടുതലെന്നത് തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ അധ്യാപകരുടെയും, രക്ഷാകര്‍ത്താക്കളുടെയും ഒക്കെ ജാഗ്രത ആ വഴിയില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഇനിയും അവര്‍ക്ക് നന്മയിലേക്ക് മടങ്ങുവാന്‍ അവസരങ്ങളുണ്ട്. അതിനവര്‍ മനസുകൊണ്ട് തയ്യാറാവണമെന്നുമാത്രം.

മാറണം,
സ്‌കൂളുകളിലൂടെ

കോവിഡ് മൂലം നിശ്ചലമായ സര്‍വ്വമേഖലകളില്‍ നിന്നും വിടുതല്‍ ലക്ഷ്യമിടുമ്പോള്‍ അവ സ്‌കൂളുകളിലൂടെ തിരിച്ചുപിടിക്കുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. സ്‌കൂളുകളിലെ സ്തംഭനാവസ്ഥയെപ്പറ്റി നാം ചര്‍ച്ചചെയ്യുമ്പോളും, ഈ സ്തംഭനാവസ്ഥ ഒഴിവാക്കേണ്ടത് സ്‌കൂളുകള്‍ വഴിയാവണമെന്ന ലക്ഷ്യമാണ് നമുക്കുണ്ടാവേണ്ടത്. അതിലേക്കുള്ള വഴിമരുന്നിടുവാനുള്ള യോഗം തീര്‍ച്ചയായും അദ്ധ്യാപകര്‍ക്കാണ്. ഭാവിയുടെ തലമുറയെ വാര്‍ത്തെടുക്കേണ്ട ഉത്തരവാദിത്തം പേറേണ്ടവരാണ് അദ്ധ്യാപകര്‍. കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ സമൂഹത്തിലുണ്ടാക്കിയ നല്ല മാറ്റങ്ങളെ തുടരുവാനും, മോശം മാറ്റങ്ങളെ തിരികെ മാറ്റിയെടുക്കുവാനും ഉള്ള ശ്രമം സ്‌കൂളുകളില്‍ നിന്നും ആരംഭിക്കണം. കാരണം ഒരു സ്‌കൂള്‍ എന്നത് ആ നാടിന്റെ ദര്‍പ്പണമാണ്. സ്‌കൂളുകളിലുണ്ടാവുന്ന മാറ്റങ്ങള്‍ മെല്ലെമെല്ലെ ആ സമൂഹത്തില്‍ ആകമാനം പടരുകയാണ് ചെയ്യുന്നത്. ഈ കോവിഡ് കാലത്തിന്റെ നിര്‍മ്മിതികളും സ്‌കൂളുകളിലൂടെ പുനര്‍നിര്‍മ്മിക്കുവാന്‍ ഉയര്‍ന്നുവരുന്ന ഓരോ ശ്രമങ്ങളെയും സമൂഹവും, സര്‍ക്കാരും നിര്‍ലോഭമായ പിന്തുണ നല്‍കി വിജയിപ്പിക്കേണ്ടതുമുണ്ട്.

Author

Scroll to top
Close
Browse Categories