കഥയിലെ മൗലികത
വിവിധഘടകങ്ങള്‍ ഏകശിലാരൂപം പോലെ നിലകൊളളുകയും അതേസമയം ഓരോന്നിനും വേറിട്ട അസ്തിത്വം ഉണ്ടായിരിക്കുകയും ചെയ്യുക എന്നത് കഥയുടെ സവിശേഷതയ്ക്ക് ഉത്തമനിദര്‍ശനമാണ്. മാധവിക്കുട്ടി, സക്കറിയ..എന്നിങ്ങനെ മലയാള കഥയിലെ ഗിരിശൃംഗങ്ങളില്‍ ഏറെയും ഈ വിധത്തില്‍ കഥയുടെ ആകമാനമായ പൂര്‍ണ്ണതയ്ക്കൊപ്പം വേറിട്ട അംശങ്ങളൂടെ പണിക്കുറ്റത്തിലും ശ്രദ്ധ ചെലുത്തിയവരാണ്. പ്രമേയസ്വീകരണത്തിലും ശില്പ്പത്തിലും ഭാഷയിലും പാത്രനിര്‍മ്മിതിയിലും ദര്ശനത്തിലുമെല്ലാം അവര്‍ ചെലുത്തിയ അവധാനത നമ്മുടെ അഭിജാതമായ കഥനപാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളാണ്.
മൗലികത എന്ന പദം തന്നെ ഏറെ സങ്കീര്‍ണ്ണവും ദുരൂഹവുമാണ്. അടിസ്ഥാനപരമായി അങ്ങനെയൊന്നില്ലെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ആഖ്യാനം ചെയ്യപ്പെടാത്ത ജീവിതസന്ദര്‍ഭങ്ങളോ വികാരങ്ങളോ അത്യപൂര്‍വമാണ്. എന്നാല്‍ കണ്ടും കേട്ടും അനുഭവിച്ചും ചിരപരിചിതമായ അവസ്ഥാന്തരങ്ങളെ മറ്റൊരു വിധത്തിലും വിതാനത്തിലും പ്രതിഷ്ഠിച്ചുകൊണ്ടും ആലേഖനം ചെയ്യപ്പെടുമ്പോള്‍ അതുവരെ ഉത്ഭൂതമായതില് നിന്ന് പാടെ വ്യത്യസ്തമായ അനുഭൂതിയുണരുന്നു. നൂതനമെന്ന് തോന്നിപ്പിക്കലാണിവിടെ സംഭവിക്കുന്നത്. അഥവാ പരിചിതമായ അവസ്ഥാന്തരങ്ങളില്‍ നിന്ന് തീര്‍ത്തും വേറിട്ട നൂതനമായ ഉള്‍ക്കാഴ്ചകള്‍ കടഞ്ഞെടുക്കപ്പെടുകയാണ്. ഇക്കാര്യത്തിന് ഇങ്ങനെയും ഒരു മുഖമോ എന്ന ചിന്ത വായനക്കാരനിലുണര്ത്താന് ഇത്തരം കഥകള്‍ക്ക് കഴിയും. ചന്ദ്രമതിയുടെ പ്രസിദ്ധമായ ആദ്യരാത്രി ലൈംഗികത, നന്മതിന്മകള്, മൂല്യവിചാരം, സദാചാരസങ്കല്‍പ്പം എന്നിവയെ മറ്റൊരു തലത്തില്‍ നിന്ന് പുനര്‍നിര്‍ണ്ണയിക്കുന്ന രചനയാണ്.
കളളനായ മനുഷ്യന് ഒരു മോഷണശ്രമത്തിന് കൂട്ടാളിയായി സ്വന്തം മകനെയും കൊണ്ടുപോവുകയാണ്. ധാരാളം സ്വര്ണ്ണാഭരണങ്ങളുളള നവദമ്പതികളുടെ വീടാണ് ലക്ഷ്യം. മോഷണശ്രമത്തിനിടയില്‍ രണ്ടുപേരും രണ്ട് ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുകള്‍ നിലയില്‍ തപ്പിത്തിരിഞ്ഞ് ഒന്നും കിട്ടാതെ ഒന്നാംനിലയില്‍ തിരിച്ചെത്തിയ അച്ഛന് കാണുന്നത് മകന് നവദമ്പതികള്‍ ഉറങ്ങുന്ന മുറിയിലേക്ക് കീഹോളിലൂടെ നോക്കുന്നതാണ്. അവന് എന്താണ് ഇത്ര ആകാംക്ഷയോടെ ശ്രദ്ധിക്കുന്നതെന്ന് പിന്നില്‍ നിന്ന് പിതാവ് നിരീക്ഷിക്കുന്നു. അഴിച്ചുവച്ച സ്വര്‍ണ്ണാഭരണങ്ങളിലല്ല അവന്റെ ശ്രദ്ധ.
പെട്ടെന്ന് കള്ളനിലെ പിതാവ് ഉണരുന്നു. അയാള്‍ മകനെ ശാസിച്ചും തല്ലിയും വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നു. മോഷണശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു. വ്യാഖ്യാനങ്ങളില്ലാതെ സ്വയം സംവദിക്കുന്ന ആശയതലമാണ് കഥയുടേത്. എന്നിരിക്കിലും വിവിധങ്ങളായ ധ്വനികളിലേക്ക് വളരുന്ന ഈ കഥ സവിശേഷമായ ആഖ്യാനം കൊണ്ടും ലളിതസമ്പുഷ്ടമായ ഭാഷ കൊണ്ടും നമ്മുടെ ശ്രദ്ധ പിടിച്ചടക്കുന്നു.
കള്ളന്മാരുടെയും ആദ്യരാത്രികളുടെയും സ്ത്രീപുരുഷബന്ധങ്ങളുടെയും പിതൃപുത്രബന്ധത്തിന്റെയും ഒട്ടനവധി കഥകള്‍ മുന്‍പ് പലരും പലവിധത്തില്‍ പറഞ്ഞു പോയിട്ടുണ്ട്. ഈ കഥയില്‍ ഇത്തരം പലതരം ഘടകങ്ങളെ നൂതനമായ ഇഴയടുപ്പത്തോടെ ഉള്‍ച്ചേര്‍ത്ത് തീര്‍ത്തും വിഭിന്നമായ ആശയതലവും ചിന്താധാരയും സൃഷ്ടിച്ചെടുത്തിരിക്കുകയാണ്.
മോഷണം നൈതികതയ്ക്ക് വിരുദ്ധമായ ഒരു പ്രക്രിയയാണ്. എന്നാല്‍ അത് ജീവസന്ധാരണമാര്ഗമാക്കിയ കളളന് തെറ്റാണെന്നറിഞ്ഞു കൊണ്ട് തന്നെ മകനെയും ആ വഴിയിലേക്ക് നയിക്കുകയാണ്. അതേസമയം മകന് സദാചാരവിരുദ്ധമായ ഒരു അവസ്ഥയിലേക്ക് എത്തിപ്പെടാന്‍ അത് കാരണമാവുന്നുവെന്ന തോന്നലില്‍ അയാള്‍ ലക്ഷ്യം മറന്ന് പലായനം ചെയ്യുന്നു.
ലൈംഗികത ഇവിടെ ഒരേ സമയം അനുഗ്രഹവും ശാപവുമാവുകയാണ്. മോഷണത്തേക്കാള്‍ നീചമാണോ ഒളിഞ്ഞുനോട്ടം എന്ന സന്ദേഹവും ഈ കഥ പങ്ക് വയ്ക്കുന്നുണ്ട്. ഭാരതീയ മൂല്യസങ്കല്പ്പങ്ങള് ലൈംഗികതയെ എങ്ങനെ നോക്കി കാണുന്നു എന്നത് സംബന്ധിച്ച ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് കഥ. മോഷണത്തെ മൂല്യവിരുദ്ധമായി കാണാന്‍ കഴിയാത്ത കളളന് ലൈംഗികത അതിന് കാരണഭൂതമായിത്തീരുന്നു എന്ന വൈരുദ്ധ്യവും കഥ മുന്നോട്ട് വയ്ക്കുന്നു.
ഏകതാനമായ ഒരു ആശയത്തിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നില്ല കഥ. പല വിധ ചിന്തകളിലേക്ക് നയിക്കാനും ജീവിതത്തിന്റെയും മനുഷ്യമനോഭാവത്തിന്റെയും സൂക്ഷ്മവ്യതിയാനങ്ങളെ കഥ എന്ന രൂപത്തിലൂടെ എത്രത്തോളം കലാപരമായി ആവിഷ്കരിക്കാമെന്ന് കൂടി ഈ കഥ കാണിച്ചു തരുന്നു.
ഈ തരത്തില്‍ പ്രസ്താവ്യയോഗ്യമായ നിരവധി രചനകള്‍ മലയാള സാഹിത്യത്തിലുണ്ട്. അത് ഒരു ലേഖനത്തിന്റെ പരിധിയില്‍ ഒതുങ്ങുന്നതുമല്ല.
തകഴിയുടെ വെളളപ്പൊക്കത്തില്‍ പ്രളയകാലത്ത് ജീവന് രക്ഷിക്കാനുളള ആഗ്രഹം മൂലം മുങ്ങിപ്പോകാത്ത ഒരു വീടിന് പുറത്ത് കയറിയിരുന്ന് ആകുലതയോടെ വര്‍ത്തമാനകാലാവസ്ഥയെ നോക്കി കാണുന്ന ഒരു നായയുടെ കഥയാണ്.
ജീവിതത്തിനും മരണത്തിനുമിടയിലെ സൂക്ഷ്മതലത്തിലൂടെയാണ് അതിന്റെ സഞ്ചാരം. ദുരന്താത്മകതയ്ക്കൊപ്പം പ്രതീക്ഷാനിര്ഭരതയും അവനെ നയിക്കുന്നു. അതേസമയം ജീവിതത്തിന്റെ അനിശ്ചിതത്വവും നൈമിഷികതയും അവനെ വേട്ടയാടുന്നുമുണ്ട്. രക്ഷപ്പെടലിനെക്കുറിച്ചുളള നേര്‍ത്ത പ്രതീക്ഷയും ജീവിതാഭിമുഖ്യവും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യങ്ങള്ക്കിടയിലുള്ള നിമിഷങ്ങളിലൂടെയാണ് കഥ വളര്‍ന്ന് വികസിക്കുന്നത്. മനുഷ്യാവസ്ഥയുടെ അടിസ്ഥാനഭാവത്തെ കലാത്മകമായി അഭിവ്യഞ്ജിപ്പിക്കാനുളള സാര്‍ത്ഥകമായ ശ്രമങ്ങളിലൊന്നാണ് ഈ കഥ. അത് ഒരു നായയുടെ അവസ്ഥയിലൂടെയും പ്രതികരണങ്ങളിലൂടെയും നിര്‍വഹിക്കപ്പെടുന്നു എന്ന സവിശേഷതയും ഈ കഥയ്ക്കുണ്ട്.
മലയാളത്തില്‍ മൗലികതയുള്ള കഥനവൈഭവം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച എഴുത്തുകാരുടെ എണ്ണം തുലോം പരിമിതമാണ്. സക്കറിയയും പുനത്തില്‍ കുഞ്ഞബ്ദുള്ളയും അക്കൂട്ടത്തില്‍ മുന്‍നിരയില്‍ നില്ക്കുന്ന കഥാകാരന്മാരാണ്. സേതു(ദൂത്) , മുകുന്ദന്(രാധ രാധ മാത്രം),എം.പി.നാരായണപിളള(മുരുകന് എന്ന പാമ്പാട്ടി, ജോര്‍ജ് ആറാമന്റെ കോടതി) തുടങ്ങി ഒട്ടനവധി പേരുകള്‍ ഇനിയും പരാമര്ശിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു കണക്കെടുപ്പ് ഈ ലേഖനത്തിന്റെ പരിഗണനാ വിഷയമല്ലാത്തതുകൊണ്ട് അതിലേക്ക് കടക്കുന്നില്ലെന്ന് മാത്രം. കഥാരചനയുടെ സൗന്ദര്യശാസ്ത്രപരമായ വിശകലനങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ ഉപയുക്തമായ ഘടകങ്ങള്‍ സമര്‍ത്ഥിക്കാനും ഉദാഹരിക്കാനും മാത്രമാണ് ചില കഥകള്‍ പരാമര്‍ശിച്ചുപോകുന്നത്.
പുതുകഥയിലും വിസ്മയിപ്പിക്കുന്ന ഒട്ടനവധി ശബ്ദങ്ങള്‍ ഇനിയും ബാക്കിയുണ്ട്.
സന്തോഷ് ഏച്ചിക്കാനം (കൊമാല) ഇ.സന്തോഷ്കുമാര്‍ (നാരകങ്ങളുടെ ഉപമ) എസ്. ഹരീഷ് (അപ്പന്, മോദസ്ഥിതനായങ്ങ് വസിപ്പൂമല പോലെ) എന്നിവരൊക്കെ പ്രതീക്ഷയുടെ വന്മരങ്ങളാണ്.
തൊട്ടുമുന്‍ തലമുറയിലെ കെ.ആര്.മീര (മോഹമഞ്ഞ, കരിനീല, മച്ചകത്തെ തച്ചന്) സുഭാഷ്ചന്ദ്രന് (പറുദീസാ നഷ്ടം, തല്പ്പം) എന്നിവരെല്ലാം തന്നെ മലയാള കഥയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായകമായ ഏടുകളാണ്.
എസ്.ആര്.ലാല്‍, അര്‍ഷാദ് ബത്തേരി, സോക്രട്ടീസ് വാലത്ത്, അമല്‍, വി.ഷിനിലാല്‍, ടി.അരുണ്‍കുമാര്‍, ശ്രീകണ്ഠന് കരിക്കകം…എന്നിങ്ങനെ ഒട്ടനവധി ശബ്ദങ്ങള്‍ വേറെയുമുണ്ട്. ഗ്രേസി, എ.എസ്.പ്രിയ, കെ.രേഖ തുടങ്ങിയ എഴുത്തുകാരും മലയാള കഥയില്‍ തനത് ഇടം സൃഷ്ടിച്ചവരാണ്.
എസ്.ഹരീഷിന്റെ മോദസ്ഥിതന്‍ ലോകത്തിന് മുന്നില്‍ മലയാളത്തിന് അന്തസോടെ ഉയര്ത്തിക്കാട്ടാവുന്നത്ര ശ്രേഷ്ഠ രചനയാണ്.
പുറമെ എത്രയൊക്കെ പുരോഗമനം ഭാവിക്കുമ്പോഴും ജാതിബോധം സമൂഹ മനസിനെ എത്ര കണ്ട് ആഴത്തിലും വിപരീതമായും സ്വാധീനിച്ചിരിക്കുന്നു എന്ന അന്വേഷണത്തെ കലാത്മകമായി ആവിഷ്കരിക്കുകയാണ് മോദസ്ഥിതനായങ്ങ്…എന്ന കഥയില്‍ എസ്.ഹരീഷ്. രണ്ട് വിഭിന്നജാതിയില് പെട്ട സ്ത്രീപുരുഷന്മാരുടെ പ്രണയവിവാഹത്തിന് ഇരുകുടുംബങ്ങളും പച്ചക്കൊടി കാട്ടുകയും പരസ്പരം ഒന്നിക്കുന്നതായി ഭാവിക്കുമ്പോഴും സവര്ണ്ണമനോഭാവമുള്ള ആണ്‍കൂട്ടരും അവര്ണ്ണമനോഭാവമുള്ള പെണ്‍കൂട്ടരും അവരുടെ ഭാവചലനങ്ങളിലും ആചാരങ്ങളിലും സംഭാഷണങ്ങളില്‍ പോലും ദീക്ഷിക്കുന്ന സാംസ്കാരിക വ്യതിയാനങ്ങള്‍ കഥാകൃത്ത് ധ്വന്വാത്മകമായി വരഞ്ഞിടുന്നു. ചില അമൂര്ത്തസൂചനകളിലൂടെ ഹരീഷ് എല്ലാം ആനുഷികംഗമായി ധ്വനിപ്പിക്കുകയാണ്. പറയാതെ പറയുക എന്ന കഥനസാധ്യതയിലേക്കുളള അനന്യമായ കാല്‍വയ്പാണ് ഈ കഥ. കുറച്ച് വാക്കുകള്‍ കൊണ്ട് കൂടുതല്‍ ധ്വനിപ്പിക്കാനും ലളിതമായ പദാവലികള്‍ കൊണ്ട് അത്യന്തം സങ്കീര്‍ണ്ണവും ഗൗരവപൂര്‍ണ്ണവുമായ അവസ്ഥാന്തരങ്ങള്‍ ആലേഖനം ചെയ്യാനുമുള്ള സവിശേഷ പാടവം ഹരീഷ് പ്രകടിപ്പിക്കുന്നു.
ഇ.സന്തോഷ്കുമാറിന്റെ നാരകങ്ങളുടെ ഉപമയാവട്ടെ ഖനനം ചെയ്തെടുക്കാനാ വാത്ത വിധം ഒരുപാട് അര്‍ത്ഥങ്ങളും ആഴങ്ങളും ഒളിപ്പിച്ചു വച്ച മഹത്തരമായ രചനയാണ്. വസ്തുക്കള്‍ ഖനനം ചെയ്തെടുക്കുന്ന ഒരാളിലൂടെയാണ് കഥ സഞ്ചരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
സ്ത്രീയുടെ അമര്‍ത്തിവച്ച കാമനകള്‍ അറിയാതെ തലനീട്ടുന്നതിന്റെ സൂക്ഷ്മാഖ്യാനമായ കരിനീലയില്‍ കെ.ആര്.മീര പ്രകടിപ്പിക്കുന്ന കയ്യൊതുക്കവും കയ്യടക്കവും ആകര്‍ഷകമാണ്. മിതത്വം പാലിച്ചുകൊണ്ട് തന്നെ വിശദാംശങ്ങളിലുളള അതീവശ്രദ്ധയും മികച്ച കഥനത്തിന്റെ സവിശേഷ മാതൃകകളിലൊന്നാണ്.
കാമം മനുഷ്യന്റെ അടിസ്ഥാന വാസനകളില്‍ ഒന്നാണ്. അതിന് സ്ത്രീപുരുഷഭേദമില്ല. ജൈവശാസ്ത്രപരമായ ത്വര എന്ന നിലയില്‍ അനിഷേധ്യമായ ഒന്നിനെ ഭാരതീയസംസ്കാരത്തിന്റെ മൂല്യവിചാരങ്ങളും സദാചാരസങ്കല്പ്പങ്ങളും അടക്കിവയ്ക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതില്‍ നിന്നുള്ള മോചനത്തിനും ബഹിര്‍ഗമനത്തിനും കൊതിക്കുന്ന അതൃപ്തവും അസ്വസ്ഥപൂര്ണ്ണവുമായ മനസിന്റെ തിരയിളക്കങ്ങള്‍ സര്‍പ്പം എന്ന പ്രതീകത്തിന്റെ സമര്‍ത്ഥമായ വിനിയോഗത്തിലൂടെ മീര കലാത്മകമായും സൗന്ദര്യാത്മകമായും സാധിച്ചെടുത്തിരിക്കുന്നു. കപടമൂല്യവിചാരങ്ങളുടെ ഭാരം കഥാകാരിയെ അലട്ടുന്നില്ല. അവര്‍ തികഞ്ഞ സത്യസന്ധതയോടെ ധ്വനിസാന്ദ്രമായി ഒരു പ്രത്യേക അവസ്ഥാ വിശേഷത്തെ കഥ എന്ന മഹത്തായ മാധ്യമത്തിലൂടെ അടയാളപ്പെടുത്തുകയാണ്. അതില്‍ അവര്‍ അസാമാന്യമായ വിജയം കൈവരിക്കുകയും ചെയ്യുന്നു.
കഥയും പാത്രസൃഷ്ടിയും
പാത്രസൃഷ്ടിക്ക് നോവലിലെന്ന പോലെ കഥയിലും നിര്‍ണ്ണായക പ്രാധാന്യമുണ്ട്. ചുരുങ്ങിയ വാക്കുകളിലൂടെ നേര്‍ത്ത സൂചനകളിലൂടെ പാത്രവ്യക്തിത്വം വരഞ്ഞിടുക എന്നത് ഏറെ ശ്രമകരവും അതേസമയം അനായാസമായി നിര്‍വഹിക്കപ്പെടേണ്ടതുമാണ്. വെള്ളപ്പൊക്കത്തിലെ നായയും വിശ്വവിഖ്യാതമായ മൂക്കിലെ മൂക്കനും കാരൂരിന്റെ പൊതിച്ചോറിലെ അധ്യാപകനും പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുമെല്ലാം ഈ വിധത്തില്‍ നിത്യശോഭയോടെ തിളങ്ങി നില്ക്കുന്ന കഥാപാത്രങ്ങളാണ്. എന്നാല്‍ നോവല്‍ കഥാപാത്രങ്ങള്‍ പോലുള്ള ജനകീയത ഇവര്‍ക്കുണ്ടോ എന്നത് ചിന്തനീയമാണ്. അതില്‍ പരിതപിച്ചിട്ടു കാര്യമില്ല താനും. കാരണം കഥയെ സംബന്ധിച്ച് അതിന്റെ ഉപരിഘടകങ്ങളേക്കാള് പരമപ്രധാനമായിട്ടുളളത് ആകത്തുക തന്നെയാണ്. നോവലില്‍ കഥാഭൂമികയും പാത്രസൃഷ്ടിയും ഭാഷയും ശില്‍പ്പവുമെല്ലാം പ്രത്യേകമായി ചര്ച്ചക്കെടുക്കുമ്പോള് കഥ അതിന്റെ ആകമാനമുള്ള രൂപഭാവങ്ങള്‍ കൊണ്ട് അനുവാചകനെ എത്രത്തോളം ആഴത്തില്‍ വൈകാരികമായും ബൗദ്ധികമായും സ്വാധീനിച്ചു എന്ന അന്വേഷണത്തിനാണ് പ്രാധാന്യം.
ബൗദ്ധികമായ എന്ന പ്രയോഗം തെറ്റിദ്ധരിക്കപ്പെടാനിടയുണ്ട്. ധൈഷണിക വ്യായാമങ്ങള്‍ക്ക് പ്രസക്തിയുളള ഒന്നല്ല കഥ. അത് ഭാവാത്മകത എന്ന വലിയ ഗുണം പേറുന്ന വൈകാരിക നിബദ്ധമായ ഒരു കലാരൂപമാണ്. തത്ത്വചിന്താപരമായ തലങ്ങള്‍ അതിന്റെ ആന്തരികതയില്‍ സമര്‍ത്ഥമായി വിലയം പ്രാപിക്കപ്പെടുകയോ നിഗൂഹനം ചെയ്യപ്പെടുകയോ ചെയ്യേണ്ടതാണ്. കഥയുടെ പ്രത്യക്ഷരൂപം എപ്പോഴും ഭാവസാന്ദ്രമാവണം.
നിയന്ത്രിത വൈകാരികതയാണ് കഥയ്ക്ക് കലാത്മകതയും സൗന്ദര്യപരതയും പ്രദാനം ചെയ്യുന്നത് എന്ന വാദം നിലനില്ക്കുമ്പോള് തന്നെ എന്‍.മോഹനന് തന്റെ സവിശേഷമായ കഥനശൈലിയിലൂടെ ഇതിനും മാറ്റം കൊണ്ടുവന്നു. അനുഭവതലസ്പര്ശിയാണ് അദ്ദേഹത്തിന്റെ രചനകളില്‍ ഏറെയും . തീവ്രവൈകാരികത തുടിച്ചുനില്ക്കുന്ന ആഖ്യാനസമീപനം. ഒരു ആഖ്യായികയിലെന്ന പോലെ അസംഖ്യം കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ഉള്‍പ്പിരിവുകളും ദൈര്ഘ്യവുമുളളതാണ് അദ്ദേഹത്തിന്റെ കഥകള്‍. എന്നാല്‍ മലയാള കഥയുടെ അഭിജാത പാരമ്പര്യത്തോട് ചേര്‍ത്തുവയ്ക്കാന്‍ യോഗ്യതയുളളവയായി ആ രചനകള്‍ ഇന്നും പരിഗണിക്കപ്പെടുന്നു.
ആഖ്യാനം ദുരൂഹവും ദുര്‍ഗ്രാഹ്യവും ഗൂഢാത്മകവുമാക്കുന്നതാണ് ഗൗരവപൂര്‍ണ്ണമായ കഥയുടെ ലക്ഷണമെന്ന് വൃഥാ ശാഠ്യം പിടിക്കുന്നവരുണ്ട്. ദുരൂഹത സൃഷ്ടാവിന്റെ മനസിലേ പാടുള്ളുവെന്നും പ്രതിപാദനം ക്ളിഷ്ടത പാടെ ഒഴിവാക്കി ലളിതസുഭഗമാക്കിയതു കൊണ്ട് കഥയുടെ ആന്തരഗൗരവവും സൗന്ദര്യവും നഷ്ടമാകുന്നില്ലെന്ന് ചെക്കോവ് ഉള്‍പ്പെടെ വിശ്വസാഹിത്യത്തിലെ മഹാരഥന്മാരും കാരൂരും ബഷീറും തകഴിയും എം.ടിയും പത്മനാഭനും അടങ്ങുന്ന നമ്മുടെ പൂര്‍വസൂരികളും ബോധ്യപ്പെടുത്തിയിട്ടുണ്ട്.
വിവിധ ഘടകങ്ങളുടെ സമന്വയം
വിവിധഘടകങ്ങള്‍ ഏകശിലാരൂപം പോലെ നിലകൊളളുകയും അതേസമയം ഓരോന്നിനും വേറിട്ട അസ്തിത്വം ഉണ്ടായിരിക്കുകയും ചെയ്യുക എന്നത് കഥയുടെ സവിശേഷതയ്ക്ക് ഉത്തമനിദര്‍ശനമാണ്. മാധവിക്കുട്ടി, സക്കറിയ..എന്നിങ്ങനെ മലയാള കഥയിലെ ഗിരിശൃംഗങ്ങളില്‍ ഏറെയും ഈ വിധത്തില്‍ കഥയുടെ ആകമാനമായ പൂര്‍ണ്ണതയ്ക്കൊപ്പം വേറിട്ട അംശങ്ങളൂടെ പണിക്കുറ്റത്തിലും ശ്രദ്ധ ചെലുത്തിയവരാണ്. പ്രമേയസ്വീകരണത്തിലും ശില്പ്പത്തിലും ഭാഷയിലും പാത്രനിര്‍മ്മിതിയിലും ദര്ശനത്തിലുമെല്ലാം അവര്‍ ചെലുത്തിയ അവധാനത നമ്മുടെ അഭിജാതമായ കഥനപാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളാണ്.
ആശയം, ദര്‍ശനം, ഉള്‍ക്കാഴ്ച, ഭാഷ, ഏകാഗ്രത, ധ്വനിസാന്ദ്രത, രൂപശില്‍പ്പം/ ഘടന, പരിണാമഗുപ്തി, താളം, ലയം ,ഭാവാത്മകത, പദങ്ങളുടെ തിരഞ്ഞെടുപ്പ്, ഇമേജറികള്‍, പാത്രസൃഷ്ടി, അന്തരീക്ഷ സൃഷ്ടി, സംഭാഷണങ്ങള്‍, നറേഷന്, അനുക്രമായ വികാസപരിണാമങ്ങള്‍, സൂക്ഷ്മതലങ്ങള്‍, വിശദാംശങ്ങള്‍, ഗൂഢാത്മകത, അപൂര്‍ണ്ണത, മിതത്വം, കയ്യൊതുക്കം എന്നിങ്ങനെ കഥയെ കഥയാക്കുന്ന സമസ്ത ഘടകങ്ങളുടെയും ജൈവസംശ്ലേഷണത്തിലാണ് കഥ എന്ന കലാരൂപം സാര്‍ത്ഥകമാവുന്നത്.
അടിസ്ഥാനപരമായി കഥയുടെ സൗന്ദര്യം പതിയിരിക്കുന്നത് അതിന്റെ ഗൂഢാത്മകതയിലും ധ്വനിസാന്ദ്രതയിലുമാണ്. മുദ്രാവാക്യം പോലെയോ നോട്ടീസ് പോലെയോ എല്ലാം വെളിവാക്കുന്നതല്ല കല. ധ്വന്വാത്മകതയുടെ സാധ്യതകള്‍ ഉപയോഗിച്ചു തന്നെ അനുവാചകന് മുന്നില്‍ വ്യക്തമായ ചിത്രം വരയ്ക്കാനുളള അപാരശേഷി കഥ എന്ന കലാരൂപത്തിനുണ്ട്.
എസ്.ഹരീഷ് , ഇ.സന്തോഷ്കുമാര്‍ എന്നിവര്‍ ഇത്തരം സാധ്യതകളുടെ സഫലമായ ആവിഷ്കാരത്തിലൂടെ കഥനകലയെ പൂര്‍ണ്ണതയോട് അടുപ്പിക്കാന്‍ ശ്രമിച്ച സമകാലീന ഉദാഹരണങ്ങളാണ്.
മലയാള കഥ കേവലവളര്ച്ചയ്ക്കപ്പുറം സര്‍ഗ്ഗാത്മകമായ ഒരു കുതിച്ചുചാട്ടത്തിന്റെ പാതയിലാണെന്ന് ഇത്തരം ഉദാഹരണങ്ങള്‍ മൂന്‍നിര്‍ത്തി നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും.