അഷ്ടമുടിക്കായലില്‍
ഓളങ്ങള്‍ അടങ്ങുന്നില്ല
കുടിയിരുത്തപ്പെടാത്ത ആത്മാക്കള്‍ക്ക് ശ്രാദ്ധമൂട്ടി ആത്മജനങ്ങള്‍ മടങ്ങുമ്പോഴും എല്ലാവരും സ്വയം ചോദിക്കുന്ന ചോദ്യം – ദുരന്തത്തിന്റെ യഥാര്‍ത്ഥകാരണം എന്താണ് ? ട്രെയിന്‍ മറിയുവാന്‍ കാരണം ചുഴലിക്കാറ്റ് (ടൊര്‍ണാഡോ) ആണ് എന്ന റെയില്‍വേ സേഫ്റ്റി കമ്മീഷണറിന്റെ നിഗമനം തള്ളിക്കളഞ്ഞ് സത്യസന്ധവും സമഗ്രവുമായ ഒരു അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. അപകട കാരണത്തെപ്പറ്റി അന്ന് പല നിഗമനങ്ങളും ഉയര്‍ന്നു വന്നിരുന്നു.
യഥാര്‍ത്ഥകാരണം
എന്ത്
പെരുമണ്‍ റെയില്‍വേ പാലത്തിന് അല്‍പം ദൂരെ ഫിഷ്‌പ്ലേറ്റുകള്‍ മാറുന്നതിനിടയിലാണ് ഐലന്റ് എക്‌സ്പ്രസ് കടന്നുവന്നതെന്നും, ഫിഷ്‌പ്ലേറ്റ് ഇളകിയതിനാല്‍ ഉയര്‍ന്നു നിന്ന പാളത്തിന്റെ ഭാഗത്ത് ട്രെയിന്‍തട്ടി പാളം തെറ്റുകയായിരുന്നുവെന്നും, റെയില്‍വേയുടെ ഉയര്‍ന്ന മുന്‍ ഉദ്യോഗസ്ഥന്മാര്‍ സൂചിപ്പിക്കുന്നു. അതിവേഗത്തില്‍ വന്ന ട്രെയിന്‍ പാലത്തിലെത്തിച്ചേര്‍ന്നപ്പോള്‍ ഡ്രൈവര്‍ എഞ്ചിന്‍ പെട്ടെന്ന് ബ്രേക്കിട്ടത് തീവണ്ടി മറിയുവാന്‍ കാരണമായെന്നും വാദമുണ്ട്. അപകടം നടന്ന ദിവസം ട്രെയിന്‍ വന്ന വഴിയില്‍ റെയില്‍വേപാളത്തിനു സമീപം ഡൈനാമോ ബെല്‍റ്റുകള്‍ പൊട്ടിക്കിടക്കുന്നതായി കണ്ടതായി കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശിയും, കൊല്ലം സെന്റ് ജോസഫ് സ്‌കൂള്‍ അദ്ധ്യാപകനുമായിരുന്ന തങ്കച്ചന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു. അമിതവേഗത്തില്‍ ട്രെയിന്‍ ഓടുമ്പോള്‍ മാത്രമേ ഇത് പൊട്ടി വീഴു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
കൂവി വിളിച്ച് പെരുമണ്‍ റെയില്‍പാലത്തിലൂടെ തീവണ്ടി പായവെ, അഷ്ടമുടിക്കായലോളങ്ങള്‍ ഒരു കുടന്ന പൂക്കള്‍ ഏറ്റുവാങ്ങി. കൊല്ലം ജില്ലയിലെ പെരുമണ്‍ തീവണ്ടി ദുരന്തത്തിന്റെ 34-ാം വാര്‍ഷിക ദിനാചരണം ആരവങ്ങളില്ലാതെ ജൂലൈ 8-ാം തീയതി കടന്നുപോയി.
”കരാള ദുരന്തം കൈയ്യൊപ്പിട്ട പെരുമണില്‍ എന്തേ ഇനിയുമൊരു ദുരന്തസ്മാരകം ഉയരാത്തത്?” അകാലത്തില്‍ മരണം കൊത്തിയെടുത്ത 105 ജീവിതങ്ങള്‍ ചോദിക്കുന്നു. ”മറന്നുവോ ഞങ്ങളെ…” 1988 ജൂലൈ 8-ാം തീയതി മദ്ധ്യാഹ്നത്തില്‍ നടന്ന ദുരന്തത്തിൽ മരണപ്പെട്ടവരുടെ സ്മരണയ്ക്കായ് സ്മൃതിപീഠം ഒരുക്കാമെന്നു പറഞ്ഞ വാക്ക് റെയില്‍വേ അധികാരികള്‍ മറന്നുവോ… മരണമടഞ്ഞവരുടെ ബന്ധുക്കളും ആശ്രിതരും എല്ലാവര്‍ഷവും ആത്മബലിക്ക് പെരുമണിലെത്തുക പതിവാണ്. സ്മാരകം എന്ന വാക്കു പാലിക്കുവാന്‍ തന്നെ ബന്ധപ്പെട്ട റെയില്‍വേ അധികാരികള്‍ക്ക് ആയിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന താല്‍ക്കാലിക സ്മാരകം പാത ഇരട്ടിപ്പിക്കല്‍ നടപടികൾക്കായി പൊളിച്ചു മാറ്റി. അതിനുപകരം സ്ഥാപിച്ച സ്മാരകം അവഗണനയുടെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കാലഹരണപ്പെട്ടു കിടക്കുന്നു. ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ താല്‍ക്കാലിക സ്മാരകത്തിനു പകരം മരിക്കാത്ത ഒരു ഓര്‍മ്മ പോലെ ശാശ്വതമായ ഒരു സ്മൃതിമണ്ഡപം തീര്‍ക്കണമെന്നത് ഇപ്പോഴും പെരുമണിന്റെ മനസ് നിറഞ്ഞ താല്‍പര്യമാണ്. ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഇതിനൊരു പരിഹാരം ആരായുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഒപ്പം ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേര്‍ന്നുകൊണ്ട് ഇത്തരം ദുരന്തം സമീപഭാവിയില്‍ എങ്ങും ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.