അറിവിന്റെ നിറമായ കാരുണ്യം
ഗുരുവിന്റെ രചനകളെല്ലാം മനുഷ്യചേതനയെ ഉണര്‍ത്തുന്നവയാണ്. മതാചാരബന്ധിതമല്ലാത്ത, ശാസ്ത്രബോധത്തിന്റെ അടിത്തറയിലാണ് ഗുരുവിന്റെ അദ്വൈതസിദ്ധാന്തം ഉറപ്പിച്ചിരിക്കുന്നത്. മതനിരാകരണമോ മതവിമര്‍ശനമോ ഗുരുവിന്റെ വഴികളല്ല. ക്രിസ്തുമതത്തിലെ ദീനാനുകമ്പയും സ്‌നേഹവും മഹാനായ മുഹമ്മദ് നബി മുന്നോട്ടു വച്ച സാഹോദര്യവും ഗുരുവിന്റെ കൃതികളിലാകമാനം നിറഞ്ഞു നിന്നു. പക്ഷേ ഗുരുവില്‍, ഈ സ്‌നേഹവും സാഹോദര്യഗുണവുമൊന്നും മനുഷ്യരില്‍ മാത്രം ഒതുങ്ങുന്നവയല്ല. അഖിലത്തിലും ഇവയെ ദര്‍ശിക്കണമെന്നാണ് ഗുരു നമ്മെ പഠിപ്പിക്കുന്നത്. ‘ആകവെ അറിയുന്നവനാ’ണ് ‘അതിരറ്റസുഖം’ ലഭിക്കുന്നതെന്ന് ഗുരു പറയുന്നു.
ഗുരുവിന്റെ ആധ്യാത്മിക ജീവിതം സ്വധര്‍മ്മനിര്‍വഹണത്തിനൊരിക്കലും ഒരു തടസ്സമായിരുന്നില്ല. അരുവിപ്പുറത്തു തപസു ചെയ്തിരുന്ന കാലത്തും, ഗൂഢാവബോധത്തിന്റെ നവ്യാനുഭൂതികള്‍ തന്റെ ജീവിതസരണിയെ അത്യന്തം ദുര്‍ഘടമാക്കിയിരുന്നപ്പോഴും ജിജ്ഞാസുക്കള്‍ക്ക് ശിക്ഷണം നല്‍കുന്നതിന് ഗുരുവിനുള്ള സഹജമായ താല്‍പ്പര്യം ഒട്ടും മങ്ങിയിരുന്നില്ല. അധ്യയനം ചെയ്യിക്കുക എന്നത് ഗുരുവിന്റെ ജീവിതത്തിലുടനീളം നീണ്ടു നിന്ന പ്രഥമപ്രധാനമായ താല്‍പ്പര്യമായിരുന്നു. ഗുരു എവിടെയായിരുന്നാലും അവിടെയെല്ലാം ജിജ്ഞാസുക്കളായ യുവാക്കന്മാര്‍ ശ്രദ്ധാപൂര്‍വം പദാന്തികത്തിലിരുന്ന് ഏതെങ്കിലും ഗഹനമായ ഗ്രന്ഥങ്ങള്‍ ഉരുവിടുന്നതും അവയുടെ സാരാംശം അറിവാനായി ഗുരുവിനോടപേക്ഷിക്കുന്നതും പതിവായിരുന്നു. ഗുരുവിന്റെ ധ്യാനനീലിമയാര്‍ന്ന മനസ്സിന്റെ കോണില്‍ നിന്നും അനുദ്വേഗകരമായി വന്നുകൊണ്ടിരുന്ന സാന്ദ്രമധുരമര്‍മരങ്ങള്‍ എപ്പോഴും പുതിയ വെളിച്ചം പരത്തുന്ന, ഏറ്റവും പുതിയ ആശയങ്ങളായിട്ടാണ് അവയെ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുള്ള ധന്യാത്മക്കള്‍ക്കനുഭവപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഗുരുവിന്റെ മനസ്സില്‍ സദാ വിളയാടിക്കൊണ്ടിരുന്ന ബുദ്ധിപരമായ ഒരുണര്‍വ് ശിഷ്യന്മാര്‍ക്കും അനുഭവപ്പെട്ടിരുന്നു. ഈ സൂക്ഷ്മമായ സ്വാധീനം അനേകം യുവാക്കള്‍ക്ക് ജീവിതത്തിന്റെ നൂതനമേഖലകളില്‍ വിശ്വാസപൂര്‍വം മുന്നേറുവാനുള്ള ധീരതയാര്‍ജ്ജിച്ചുകൊടുത്തു.
അനേകവര്‍ഷങ്ങളുടെ സുദീര്‍ഘമായ തപസുകൊണ്ട് ആര്‍ജ്ജിച്ച സീമയില്ലാത്ത ശക്തിയില്‍ അധിഷ്ഠിതമായിത്തീര്‍ന്ന ഗുരുവിന്റെ മുമ്പില്‍ കാലത്തിന്റെ അതിരുകളെല്ലാം ലോപിച്ചു പോയി. തമ്മില്‍ പിണഞ്ഞു കിടക്കുന്ന സംവത്സരങ്ങളില്‍ ഒതുങ്ങാത്ത സുദീര്‍ഘമായ ആധ്യാത്മിക പാരമ്പര്യം സംക്ഷിപ്തമായി, നിത്യവര്‍ത്തമാനത്തിന്റെ സുസംഘടിതമായ ഒരു തുഷാരബിന്ദുവില്‍ പ്രതിബിംബിക്കുന്നതുപോലെ അവിടുത്തെ വിചാരധാരയുടെ കേന്ദ്രബിന്ദുവില്‍ ഒതുങ്ങിക്കൂടുന്നു.
ശ്രീനാരായണഗുരുവിന്റെ വാക്കുകളില്‍ സമഗ്രചിന്തയുടെ ചൈതന്യമുറ്റ സീമകളുണ്ട്. അവ മനുഷ്യന്റെ വൃഷ്ടിഗതവും സമഷ്ടിഗതവുമായ സന്തുഷ്ടിയിലാണ് ഉറപ്പു കണ്ടെത്തുന്നത്. വാസ്തവത്തില്‍ ഒരു ഗുരുവിലുള്ള ഗുരുത്വം, മനുഷ്യരാശിയുടെ മുഴുവന്‍ ക്ഷേമത്തിലുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യത്തിലും സാര്‍വത്രികമായ മാനുഷിക മൂല്യങ്ങള്‍ കണ്ടെത്താന്‍ മനുഷ്യരെ കെല്‍പ്പുള്ളവരാക്കിത്തീര്‍ക്കുക എന്ന സ്വധര്‍മ്മനിര്‍വഹണത്തിലുമാണ് അടങ്ങിയിരിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ ഗുരുവെന്നു വിളിക്കപ്പെടാന്‍ അര്‍ഹരായവരെല്ലാം ജഗദ്ഗുരുക്കന്മാരാണ്. അത്തരമൊരു ജഗദ്ഗുരു തന്റെ സമകാലികരുടെ കണ്ണില്‍ വെറുമൊരു എളിയവനായി തോന്നിയേക്കാം. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തെ അവര്‍ നിന്ദിച്ചെന്നുവരാം. എന്നാല്‍ അദ്ദേഹം ധ്യാനാത്മകമായ മൗനരഹസ്യത്തിന്റെ ദീപശിഖയുമേന്തി മുന്നോട്ടു പോകുക തന്നെ ചെയ്യും. ആ ദീപശിഖ, സങ്കുചിതമായ എല്ലാ വിഭാഗീയതകളുടെയും അതിര്‍വരമ്പുകളെ തട്ടിമാറ്റിക്കൊണ്ട്, സഹോദര്യ മനുഷ്യനോടും അയല്‍ക്കാരോടും കൈകോര്‍ത്തുപിടിച്ച് ഭേദഭാവനകളെല്ലാം കൈവെടിഞ്ഞ്, മനുഷ്യരുടെയിടയില്‍ മനുഷ്യനെന്നവണ്ണം സുധീരമായൊരു സാഹസികതയോടുകൂടി ഇറങ്ങിച്ചെല്ലാന്‍ നമ്മെ സഹായിക്കുന്ന ചൈതന്യവത്തായൊരു തത്വദര്‍ശനത്തിന്റെ വെളിച്ചം എങ്ങും പരത്തുന്നതായും കാണാം. അക്കാരണത്താല്‍ ഗുരുവോതിയ അദ്വൈതവേദാന്തം ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടുന്നതില്‍ നിന്നു തടിതപ്പുവാനുള്ള ഒരു പലായനവാദമല്ല. നേരേ മറിച്ച്, മാനവക്ഷേമത്തെ ഉറപ്പുവരുത്തുന്നതിന് അനിവാര്യമായ ശക്തിയുടെ പ്രഭവസ്ഥാനവുമാണ്.
ഗുരുവിന്റെ ഈശ്വരസങ്കല്പം
ജീവന്റെ ഉദയം മുതല്‍ പ്രകൃതിയിലേക്കുള്ള മടക്കം വരെ നമ്മെ നയിക്കുന്ന ‘അറിവി’ന്റെ നിറവായ കാരുണ്യമാണ് ശ്രീനാരായണഗുരുവിന്റെ ഈശ്വരസങ്കല്‍പ്പം. ഗുരുവിന്റെ ‘കരുണ’ ഒന്നുകൊണ്ടുമാത്രമാണ് പ്രപഞ്ചാനുഭവവും സ്വാത്മാനുഭവവും ഒരറിവില്‍ സംഭവിക്കുന്ന അറിവിന്റെ ക്രിയാത്മകതയായി നാം അറിയുന്നത്. ഈ അനുകമ്പ-കാരുണ്യം വ്യക്തമാക്കുവാനാണ് അനുകമ്പാദശകവും ജീവകാരുണ്യ പഞ്ചകവും ഗുരു രചിച്ചത്.
ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര നല്‍കുകുള്ളില്‍
നിന്‍ തിരുമെയ് വിട്ടകലാതചിന്തയും
ഇവിടെ ദൈവത്തെ കരുണാകരാ എന്നാണ് ഗുരു അഭിസംബോധന ചെയ്തിരിക്കുന്നത്. ഒരു വശത്ത് ഉറുമ്പിനെപ്പോലും നോവിക്കാതിരിക്കുന്ന അനുകമ്പയും മറുവശത്ത് ഒരു നിമിഷം പോലും കരുണാകരനില്‍ നിന്ന് അകലാത്ത ചിന്തയും ഒരേ സമയം സംഭവിക്കണം. കാരണം ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. ഈശ്വരഭക്തിയും അനുകമ്പയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെയാണ്. ഇത്തരത്തില്‍ കാരുണ്യമൂര്‍ത്തിയായ ദൈവമാണ് ഗുരുവിന്റെ ഈശ്വരന്‍. ഉച്ചനീചത്വങ്ങളും ഭേദചിന്തയും മായയില്‍ ബന്ധിതമാണ്. ഈ മായയെ നീക്കി സായൂജ്യം ഉണ്ടാകണമെങ്കില്‍ ഭഗവാന്റെ കൃപ തന്നെ വേണം. ഈ സായൂജ്യമുണ്ടാകുന്ന അദ്വൈതിക്കുണ്ടാകുന്ന ആനന്ദം സകലചരാചരങ്ങള്‍ക്കും അനുഭവപ്രദമാകുന്നു.
ഗുരുവിന്റെ രചനകളെല്ലാം മനുഷ്യചേതനയെ ഉണര്‍ത്തുന്നവയാണ്. മതാചാരബന്ധിതമല്ലാത്ത, ശാസ്ത്രബോധത്തിന്റെ അടിത്തറയിലാണ് ഗുരുവിന്റെ അദ്വൈതസിദ്ധാന്തം ഉറപ്പിച്ചിരിക്കുന്നത്. മതനിരാകരണമോ മതവിമര്‍ശനമോ ഗുരുവിന്റെ വഴികളല്ല. ക്രിസ്തുമതത്തിലെ ദീനാനുകമ്പയും സ്‌നേഹവും മഹാനായ മുഹമ്മദ് നബി മുന്നോട്ടു വച്ച സാഹോദര്യവും ഗുരുവിന്റെ കൃതികളിലാകമാനം നിറഞ്ഞു നിന്നു. പക്ഷേ ഗുരുവില്‍, ഈ സ്‌നേഹവും സാഹോദര്യഗുണവുമൊന്നും മനുഷ്യരില്‍ മാത്രം ഒതുങ്ങുന്നവയല്ല. അഖിലത്തിലും ഇവയെ ദര്‍ശിക്കണമെന്നാണ് ഗുരു നമ്മെ പഠിപ്പിക്കുന്നത്. ‘ആകവെ അറിയുന്നവനാ’ണ് ‘അതിരറ്റസുഖം’ ലഭിക്കുന്നതെന്ന് ഗുരു പറയുന്നു. ഇവിടെയാണ് ഗുരുവിന്റെ അഖണ്ഡവിവേകശക്തി തെളിഞ്ഞു കാണുന്നത്. ഇതിനെയാണ് നാം ജീവിതത്തില്‍ മുറുകെപ്പിടിക്കേണ്ടത്. ആത്മാന്വേഷണത്തിന് മതങ്ങളുടെ ആവശ്യമില്ല എന്ന ബോധമാണ് ഏതു മതവിശ്വാസിക്കും നമ്മുടെ ശിഷ്യത്വം സ്വീകരിക്കാമെന്ന് ഗുരു പറഞ്ഞത്.ഗുരു തുറന്നു തന്ന അറിവിന്റെ മഹാപ്രപഞ്ചമാണ് ഈശ്വരചിന്തയ്ക്കും യുക്തിചിന്തയ്ക്കും കരുത്തായ ആത്മബോധം.
എന്താണ് കർമ്മം?
മനുഷ്യന്റെ എല്ലാ ഭൗതികകര്‍മങ്ങളും അത് ബിംബാരാധനയാകട്ടെ, ചെങ്കൊടിയേന്തിയ ഇങ്ക്വിലാബ് സിന്ദാബാദ് വിളിയാകട്ടെ, എല്ലാം മനുഷ്യന്‍ ആത്മസുഖത്തിനായ് സദാ ചെയ്തുപോരുന്ന കര്‍മ്മത്തിന്റെ രണ്ടുതലങ്ങള്‍ മാത്രം. ഇവിടെ ക്ഷേത്രത്തിലെ ബിംബവും ചെങ്കൊടിയും രണ്ട് ചിഹ്നങ്ങള്‍ മാത്രം. രണ്ടിനേയും രണ്ട് തലത്തില്‍ അംഗീകരിക്കേണ്ടതുണ്ട്. ഒന്ന് ‘അപ്പം’ തുല്യമായി വീതിച്ചെടുത്ത് സമത്വലോകത്തിലേയ്ക്കുള്ള യാത്രയെങ്കില്‍, മറ്റൊന്ന് മനസ്സിന്റെ വിശപ്പുമാറ്റാനുള്ള മനുഷ്യകര്‍മ്മമാണ്. എന്നാല്‍ ഗുരുവിന്റെ കര്‍മ്മദര്‍ശനം ഭൗതികതയുടെ പരിധിക്കുള്ളില്‍ മാത്രം ഒതുക്കാവുന്നതല്ല.
ഗുരു പറയുന്നു,
ആത്മൈവമായയാകര്‍മ-
കരോതീതി ബഹുരൂപദൃക്
ആത്മാവിലടങ്ങിയിരിക്കുന്ന മായയാകുന്ന സര്‍ഗവൈഭവ ശക്തിയാല്‍ നിരന്തരം കര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ആത്മാവിന്റെ ഭാഗമായിരിക്കുന്ന നമ്മിലും ഈ സര്‍ഗവൈഭവത്താല്‍ നിരന്തരം കര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ നമ്മുടെ എല്ലാ കര്‍മവും അകവെയുള്ള കര്‍മ്മത്തിലടങ്ങിപ്പോകും. കര്‍മവും കര്‍ത്താവുമെല്ലാം ഒരു സത്യത്തിലടങ്ങിപ്പോകും. ആത്മോപദേശശതകം (56)ല്‍ പറയുന്നു.
കടലിലെഴുതിരപോലെ കായമോരോ-
ന്നുടനുടനേറിയുയര്‍ന്നമര്‍ന്നിടുന്നു;
മൂടിവിതിനെങ്ങിതു, ഹന്ത മൂലസംവിത്-
കടലിലജസ്രവമുള്ള കര്‍മ്മമത്രേ!
മൂലസംവിത് കടലില്‍ അഥവാ അറിവാകുന്ന മഹാസാഗരത്തില്‍ ഉണ്ടാകുന്ന ഒരു ചെറിയ തിരയിളക്കമാണ് ഓരോരുത്തരുടെയും ജനനം. അത് അല്‍പ്പ സമയം ഉരുണ്ടുമറിയും. അതാണ് ജീവിതം. ഈ ഉരുണ്ടുമറിച്ചിലിനിടയില്‍ നാം ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം അറിവില്‍ നടക്കുന്ന കളി അഥവാ തിരുവിളയാടല്‍ മാത്രമാണ്. ജനനവും ജീവിതവും മരണവുമെല്ലാം സംവിത് കടലില്‍, അതിന്റെ സര്‍ഗ്ഗവൈഭവത്താല്‍ നടക്കുന്ന കര്‍മ്മമാണ്. ഇതിന് ആദിയുമന്തവുമില്ല. ഇങ്ങനെയിതെല്ലാം പ്രകടമാകുമ്പോഴും അതില്‍ പരമാര്‍ത്ഥത്തിലുള്ള ഉണ്മ അറിവിന്റേതുമാത്രമാണ്. ആ ഉണ്മയെ വാക്കുകള്‍ കൊണ്ട് വെളിപ്പെടുത്താനാകില്ല. ഈ മഹാത്മാവിന്റെ ജീവിതത്തില്‍, സത്യത്തെത്തന്നെ ഭക്ഷ്യപേയങ്ങളായി സ്വീകരിച്ച ജ്ഞാനിയുടേയും, അഹര്‍ന്നിശം അപരനുവേണ്ടി പ്രയത്‌നം ചെയ്യുന്ന കൃപാലുവിന്റെയും ആത്മാവിന്റെ ആനന്ദമാധുരി പാടിപ്പുകഴ്ത്തുന്ന ഋഷിവര്യന്റെയും മനോജ്ഞമായ ജീവിതങ്ങള്‍ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു.